Wednesday, August 8, 2007

ഓര്‍മ്മകളുണ്ടായിരിക്കണം, മദനി സാഹിബ്‌!

വളരെ വിലപ്പെട്ട ചില ചരിത്രരേഖകളാണ്‌ 'മാദ്ധ്യമപ്പഴമ'യില്‍ നിന്നു പകര്‍ത്തി 'സിന്‍-ഇന്‍ഡിക്കേറ്റ്‌ ' ഇത്തവണ അവതരിപ്പിക്കുന്നത്‌. ജയില്‍മോചിതനായ മദനിയെ സ്വീകരിച്ചാനയിക്കാന്‍ മത്സരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കും, വിവേചനശേഷി ഇനിയും നഷ്ടപ്പെടാതെ അവശേഷിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു പക്ഷേ അവഗണിക്കാനാവാത്ത ചിലത്‌.

* * * * * * * * *
മദനി മോചിതനായതു നന്നായി - പലതുകൊണ്ടും.

ജയില്‍ ജീവിതം അദ്ദേഹത്തിന്‌ പക്വതയും മാനസാന്തരവും ഉണ്ടാക്കിയിരിക്കുന്നുവെന്നു കേട്ടതും നന്നായി - പലതുകൊണ്ടും.

'പൗര'സ്വീകരണത്തിന്‌ അദ്ദേഹത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി കൈപിടിച്ചാനയിക്കുന്നു. സാംസ്കാരികവകുപ്പു മന്ത്രി "മദനി സാഹിബിനെ ഹൃദയം കൊണ്ട്‌ ആലിംഗനം ചെയ്ത്‌" വികാര വായ്പോടെ പ്രസംഗിക്കുന്നു. നല്ലത്‌.

പക്ഷേ, മൊത്തം ശുഭവാര്‍ത്തകള്‍ക്കിടയില്‍ കല്ലുകടിയായി മാതൃഭൂമിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വാര്‍ത്ത കിടന്നു. അത്‌ ഇങ്ങനെ. (ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മറ്റൊരു വിൻഡോയിൽ വലുതായി തുറന്നു വരും)
ശിക്ഷിക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിനായി ശ്രമിക്കുമെന്നോ?
ഒറ്റവാക്കില്‍പ്പറഞ്ഞാല്‍...........മനസ്സിലായില്ല!

യഥാര്‍ത്ഥ പ്രതികളെ പിടികൂടി ശിക്ഷിച്ചു - പക്ഷേ മദനിക്കു പങ്കില്ല - അതു കൊണ്ടു വെറുതെ വിട്ടു എന്നു വിശ്വസിക്കാനൊരുങ്ങിയവര്‍ക്കൊരു തിരിച്ചടിയായിപ്പോയി അത്‌. അപ്പോള്‍ മദനി പറയുന്നതെന്താണ്‌? താന്‍ മാത്രമല്ല, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികളും നിരപരാധികളാണ്‌ - അവരെയും വിട്ടയക്കണം എന്നാണോ?

സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ബാഷയെ മദനി ഫോണ്‍ വിളിച്ചതിന്റെ തെളിവു മാത്രമാണല്ലോ പ്രധാനമായും കിട്ടിയിരുന്നത്‌. അത്‌ താന്‍ നടത്തിയിരുന്ന മാസികയായ "മുസ്ലിം റിവ്യൂ"വിനു വേണ്ടി ഒരു അഭിമുഖം ചോദിച്ച്‌ വിളിച്ചതാണ്‌ - അല്ലാതെ സ്ഫോടന പദ്ധതിയുടെ ആസൂത്രണമല്ല ചര്‍ച്ച ചെയ്തത്‌ എന്നായിരുന്നു മറുവാദവും. പലരും അതെല്ലാം വിശ്വസിച്ചതായിരുന്നു...

"കോയമ്പത്തൂര്‍ സ്ഫോടനം നടത്തിയത്‌ ""നമ്മള്‍" തന്നെയാണ്‌ - അതില്‍ അഭിമാനിക്കുകയാണു വേണ്ടത്‌" എന്ന മട്ടില്‍ അച്ചടിച്ചു വിടാന്‍ മടികാണിക്കാതിരുന്നൊരു മാസികയാണ്‌ മുകളില്‍പ്പറഞ്ഞ 'മുസ്ലിം റിവ്യൂ'. അതു വായിച്ചു ഞെട്ടിയപ്പോഴും മദനിക്കതില്‍ നേരിട്ടു പങ്കില്ല എന്നു കരുതിയിരുന്നതാണ്‌. മദനിയുടെ അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ "കുട്ടികള്‍" പ്രസിദ്ധീകരണം തുടര്‍ന്നു വന്ന കാലത്തായിരുന്നു ആ വാചകം വന്നത്‌ എന്നതുകൊണ്ട്‌.

അതിനു ശേഷം അടുത്ത ലക്കം കാശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം മുഖചിത്രമാക്കി പ്രസിദ്ധീകരിച്ചു. അതോടെ പോലീസ്‌ അച്ചുകൂടം അടച്ചുപൂട്ടി മുദ്ര വച്ചു. അതൊക്കെ കണ്ടപ്പോഴും 'പോട്ടെ' എന്നു വച്ചു. മദനി അപ്പോള്‍ ജയിലിലാണല്ലോ. ആവേശം കയറി നിന്ന കുട്ടികള്‍ നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. ശിക്ഷയും അവര്‍ക്കു മാത്രം.

അങ്ങനെ പരമാവധി ആനുകൂല്യം നല്‍കി മനസ്സിലെങ്കിലും മദനിയെ കുറ്റവിമുക്തനാക്കി സങ്കല്‍പിച്ചവരെല്ലാം വീണ്ടും സംശയിക്കുകയാണ്‌. അപ്പോള്‍, ബാഷയടക്കമുള്ള മറ്റു കൂട്ടു പ്രതികളെയെല്ലാം "നമ്മുടെ ആളുകള്‍" ആയാണോ മദനി ഇപ്പോഴും കാണുന്നത്‌? അവരെയും വെറുടെ വിടണമെന്നാണോ?

അങ്ങനെയാണെങ്കില്‍.....

മദനിയുടെ തുടര്‍ന്നുള്ള അത്തരം പരിശ്രമങ്ങള്‍ക്കും കേരള ആഭ്യന്തരമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയുമൊക്കെ പിന്തുണയും സഹകരണവുമുണ്ടാവുമോ?

ഉണ്ടാവാനാണു സാദ്ധ്യത.

മദനിക്കെതിരെ ഇപ്പോഴും നിലനില്‍ക്കുന്ന കേസുകളിലെല്ലാം വാദി സ്ഥാനത്തു നില്‍ക്കുന്ന കേരള പോലീസിന്റെ തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി! സ്വന്തം കാര്യത്തില്‍ താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്‌ തമിഴ്‌നാടു പോലീസിന്റെ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവേണ്ട യാതൊരു കാര്യമില്ലല്ലോ. സഹായിക്കാതിരിക്കില്ല.

അങ്ങനെയാണെങ്കില്‍, അടുത്ത സംശയം....

കോടതിയോട്‌ ധാര്‍ഷ്ട്യത്തോടെയുള്ള സമീപനത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധി തന്നെയുള്ള മാര്‍ക്സിസ്റ്റു സമൂഹത്തിന്‌ ബാഷയടക്കമുള്ള മദനിയേതര പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ വിധിയോടുള്ള നിലപാടെന്താണ്‌? ആ വിധി അംഗീകരിക്കുന്നുവോ ഇല്ലയോ?

മദനിയുടെ ഇപ്പോഴത്തെ നിലപാടറിയില്ല. പക്ഷേ, മുന്‍നിലപാടുകളെന്തായിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌.

അത്‌, മുമ്പു പറഞ്ഞ 'മുസ്ലിം റിവ്യൂ' മാസികയില്‍, അറസ്റ്റുചെയ്യപ്പെടുന്നതിനു മുമ്പ്‌ മദനി 'ഓണററി ചീഫ്‌ എഡിറ്റ'റായി പ്രവര്‍ത്തിച്ചിരുന്ന കാലത്തു തന്നെ പ്രസിദ്ധീകരിച്ച ഒരു ലക്കത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌.

അത്‌ ദാ ഇങ്ങനെ...
അപ്പോള്‍ ഹിന്ദു പോലീസുകാരും ഹിന്ദു ന്യായാധിപന്മാരും അന്വേഷിച്ചാല്‍ എന്താകും എന്ന്‌ മദനിക്ക്‌ മുന്‍കൂട്ടി അറിയാമായിരുന്നു. "ബാഷ ബായി" എന്നു സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റു ചെയ്യുന്ന ചിത്രം പ്രതിഷേധപൂര്‍വ്വമെന്നോണം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. മാസികയുടെ വിശദാംശങ്ങള്‍ ചുവടെ.
അപ്പോള്‍ 'ബാഷബായി'യും കൂട്ടരും നിരപരാധികളാണെങ്കില്‍ പിന്നെ ആരാവും പ്രതികള്‍?

ആലോചിച്ചു വിഷമിക്കേണ്ട. മദനിയും കൂട്ടരും ചേര്‍ന്ന്‌ അതും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ അന്വേഷിച്ചു കണ്ടെത്തി അവതരിപ്പിച്ചു വച്ചിട്ടുണ്ട്‌. ആരും ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. വിശ്വാസം വരുന്നില്ലെങ്കില്‍, 1998 മാര്‍ച്ച്‌ ലക്കത്തിന്റെ മുഖചിത്രം നോക്കുക.
'കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍?' - ഉഗ്രനായിരിക്കുന്നു!

'തീ - ചോര - കണ്ണീര്‍ - ശവങ്ങള്‍' - സ്ഫോടനത്തിന്റെ ഭീകരത വര്‍ണ്ണിച്ചുകൊണ്ട്‌ കവര്‍ സ്റ്റോറി തുടങ്ങുന്നത്‌ ഇങ്ങനെ.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചും - അവയുടെ പ്രവര്‍ത്തന പദ്ധതികള്‍ - ലക്ഷ്യങ്ങള്‍ - എന്നിവയേക്കുറിച്ചുമെല്ലാം ഒരു പുല്‍ക്കൊടിയോളമെങ്കിലും അറിവുള്ളവര്‍ക്കെല്ലാം - കൊടിയ സംഘവിരോധികള്‍ക്കു പോലും ഒറ്റനോട്ടത്തില്‍ത്തന്നെ ശുദ്ധ അസംബന്ധമെന്നു തിരിച്ചറിയാവുന്ന ആരോപണങ്ങള്‍ കൊണ്ടു സമ്പന്നമാണ്‌ ആ ലേഖനം.

കമ്മ്യൂണിസ്റ്റുരചനകള്‍ ആവേശപൂര്‍വ്വം വായിക്കുന്നവരെയൊക്കെ ഇത്തരം ചില അസംബന്ധ ആരോപണങ്ങള്‍ കൊണ്ടൊക്കെ തൃപ്തിപ്പെടുത്താനാവും. പക്ഷേ മുസ്ലിം യുവാക്കളെ വികാരം കൊള്ളിച്ച്‌ തീവ്രചിന്തകളിലേയ്ക്കു തള്ളി വിടാനും ആയുധമണിയിക്കാനുമൊക്കെ അതു മതിയാവില്ല. അതിന്‌ കുറേക്കൂടി കടുത്ത നുണകള്‍ കൂടി - കല്ലു വച്ചവ പ്രത്യേകം തെരഞ്ഞെടുത്ത്‌ - തിളക്കം കൂട്ടി പ്രയോഗിക്കണം. സ്ഫോടനം കലാപം 'സൃഷ്ടിക്കാന്‍' ഹിന്ദുക്കള്‍ ചെയ്തതാണ്‌ - അവര്‍ മുസ്ലീങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്‌(!) - പോലീസുകാര്‍ മുസ്ലീങ്ങളെ 'മുന്‍പദ്ധതിപ്രകാരം' തെരഞ്ഞുപിടിച്ച്‌ അറസ്റ്റു ചെയ്തു - എന്നിട്ടു ബോംബെറിഞ്ഞു കൊന്നു. ആയിരത്തോളം മുസ്ലീങ്ങളെ അറസ്റ്റു ചെയ്തതില്‍ അഞ്ഞൂറോളം, പേരേ ജയിലുകളിലുള്ളൂ(!) - പള്ളികളില്‍ പോലീസ്‌ കയറി വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു - ചുട്ടു കരിച്ചു എന്നൊക്കെപ്പറഞ്ഞ്‌ കത്തിക്കയറുകയാണ്‌ മദനിയുടെ "സ്വന്തം ലേഖകന്‍". ഒരു ചെറിയ സാമ്പിള്‍ വെടിക്കെട്ടു കൂടി ഇതാ.
ലേഖനം അവസാനിക്കുന്ന ഭാഗം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നുണ്ട്‌. പോലീസുകാര്‍ ഹിന്ദുക്കളാണെങ്കില്‍ അന്വേഷണം എങ്ങനെ ശരിയാകും എന്ന്‌ ആശങ്കപ്പെടുന്നുണ്ട്‌ അവിടെ. അപ്പോള്‍ ഓരോരുത്തരും സ്വന്തം മതമനുസരിച്ചാണ്‌ പെരുമാറേണ്ടത്‌ എന്നു ലേഖകന്‍ കരുതുന്നുണ്ടെന്നു വ്യക്തം. മുസ്ലീം പോലീസുകാരായിരുന്നെങ്കില്‍ അന്വേഷണം തങ്ങള്‍ക്കനുകൂലമാകുമായിരുന്നുവെന്നും കരുതുന്നുണ്ടാവണം. എന്തൊരു കടുത്ത വര്‍ഗ്ഗീയ ചിന്തയാണിത്‌!

ഇമ്മട്ടിലുള്ള പല വര്‍ഗ്ഗീയ ചിന്തകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചില്ലെങ്കില്‍ കലാപങ്ങളാവര്‍ത്തിക്കും എന്നു ഭീഷണിപ്പെടുത്തുന്നുമുണ്ട്‌ അവിടെ.

'ബോംബുകള്‍ നിര്‍മ്മിച്ചത്‌ "ഭൂരിപക്ഷ"മാണെന്നു തെളിഞ്ഞു' എന്ന്‌ പെട്ടെന്നൊരു പ്രഖ്യാപനം നടത്തിക്കളയുന്നുമുണ്ട്‌ അവിടെ. ലേഖനം അവസാനിക്കുന്നത്‌ ഇങ്ങനെ.

* * * * * * * * *

ഒന്നോര്‍ത്താല്‍, മദനിയെയോ അദ്ദേഹത്തിന്റെ ആളുകളെയോ മാത്രം കുറ്റപ്പെടുത്താനാവില്ല ഇവിടെ. ഇത്‌ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്‌. ആ കാഴ്ചപ്പാടുള്ളവരെല്ലാം ഇങ്ങനെയൊക്കെയേ പറയൂ. മെലഗാവ്‌ സ്ഫോടനങ്ങള്‍ക്കു ശേഷം ദല്‍ഹി ഇമാം പറഞ്ഞത്‌ "''I can say with authority that it is not any Muslim but the Shiv Sena, the RSS and the Vishwa Hindu Parishad who are responsible for the serial blasts in Mumbai." എന്നാണ്‌! കാശ്മീരിലെ ഭീകര സംഘടനകളേക്കുറിച്ചു സംശയമുയര്‍ന്നതില്‍ രോഷം കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂക്കത്തു വിരല്‍ വയ്ക്കാതിരിക്കുന്നതെങ്ങനെ?

പിന്നീട്‌ കുറച്ചു പ്രതികളെ തിരിച്ചറിഞ്ഞപ്പോള്‍ ആരുടെയും പ്രതികരണം കണ്ടില്ല. അവര്‍ നിരപരാധികളാണ്‌ - വംശീയ വിദ്വേഷം മൂലം പീഢിപ്പിക്കപ്പെടുന്നതാണ്‌ എന്ന പതിവു വാചകങ്ങളൊന്നും കണ്ടില്ല. കുറ്റവാളികളെ സമുദായത്തിനതീതമായി സമീപിക്കാന്‍ തയ്യാറാവുന്നതിന്റെ ശുഭസൂചനയാണതെങ്കില്‍ നന്നായിരുന്നു.

മുസ്ലിം ജനസംഖ്യയില്‍ ലോകത്തു രണ്ടാമതു നില്‍ക്കുന്ന രാഷ്ട്രമാണ്‌ ഭാരതം. ലോകത്തു മറ്റൊരിടത്തും ലഭ്യമല്ലാത്ത പല സൗകര്യങ്ങളും - ആരാധനാ സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും സ്വീകാര്യതയുടെയും ആനുകൂല്യങ്ങളുടെയും കാര്യത്തിലടക്കം - അവര്‍ക്ക്‌ ഇവിടെ ലഭിക്കുന്നുമുണ്ട്‌ - തുടര്‍ന്നും ലഭിക്കുകയും ചെയ്യും. പല തലങ്ങളിലും ബഹുമുഖദര്‍ശനം പേറുന്നതും വൈവിദ്ധ്യമാര്‍ന്ന വിചാരധാരകള്‍ക്കു വിലങ്ങുകളില്ലാത്തതുമായ ഹിന്ദുത്വസംസ്കാരമാണ്‌ ഇവിടുത്തെ ജനങ്ങളുടെ സിരകളിലോടുന്നത്‌ എന്നതുതന്നെയാണതിനു മുഖ്യകാരണം. ഇവിടെ ആരെങ്കിലും മുസ്ലീങ്ങളെ 'ഉന്‍മൂലനം' ചെയ്യാന്‍ ശ്രമിക്കുകയാണ്‌ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതില്‍പ്പരം അസംബന്ധം വേറൊന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെന്നല്ല മറ്റേതൊരു ഭാരതീയസംഘടനയുമാകട്ടെ - അവയുടെ പ്രവര്‍ത്തനശൈലികളും പ്രത്യയശാസ്ത്ര നിരീക്ഷണങ്ങളും എത്ര മാത്രം അരിച്ചു പെറുക്കിയാലും അത്തരമൊരു കാഴ്ചപ്പാടു കാണാനാവില്ല. ചരിത്രപരമായ "മൈനോരിറ്റി കോംപ്ലക്സ്‌" മനസ്സില്‍ പേറുന്ന ചിലര്‍, മുസ്ലിം യുവാക്കളില്‍ അരക്ഷിതബോധം വളര്‍ത്തി നേട്ടം കൊയ്യേണ്ട ചിലര്‍, ഇതെല്ലാം മുതലെടുത്ത്‌ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നിരന്തരം ശ്രമിക്കുന്ന മറ്റു ചിലര്‍ - ഇവരുടെയൊക്കെ വാക്കുകളിലൂടെ മാത്രമാണ്‌ ഉന്‍മൂലനവാദം ഇവിടെ ജീവിക്കുന്നത്‌. ഗുജറാത്ത്‌ കലാപവും ബാബരി മസ്ജിദ്‌ ധ്വംസനവുമടക്കമുള്ള ഏതെല്ലാം സംഭവങ്ങളെടുത്തു പരിശോധിച്ചാലുംശരി - ഏതെല്ലാം പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും രചനകളുമെടുത്തു പരിശോധിച്ചാലും ശരി - മുകളില്‍പ്പറഞ്ഞത്‌ ഒരു നഗ്ന യാഥാര്‍ത്ഥ്യം തന്നെയാണ്‌. ഉന്മൂലനശ്രമം എന്നത്‌ തികഞ്ഞ കെട്ടുകഥയാണ്‌. "ഹിന്ദു രാഷ്ട്രം" എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്തെന്നറിയാത്തവരുടെ അജ്ഞത മുതലെടുക്കുകയാണ്‌ എല്ലാവരും.

ജയില്‍ വാസം മദനിക്ക്‌ നല്‍കിയ തിരിച്ചറിവുകളില്‍ ഏതെല്ലാം പെടും എന്നു വ്യക്തമല്ല. 'സംഘപരിവാര്‍ സംഘടനകള്‍ സ്ഫോടനങ്ങള്‍ നടത്തും(!) - എന്നിട്ട്‌ അതിന്റെ മറവില്‍ കലാപം നടത്തും(!!)' എന്നുള്ളതൊക്കെ ചിലരുടെ ആഗ്രഹം മാത്രമല്ലാതെ ഒരിക്കലും നടപ്പില്ലാത്ത കാര്യമാണെന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ നന്ന്‌...............

വാല്‍ക്കഷണം

മദനിയോട്‌ :-
എല്ലാവരോടും പൊറുത്തും അങ്ങോട്ടു ക്ഷമചോദിച്ചും നില്‍ക്കുന്ന ഈ വേളയില്‍ പഴയ അട്ടഹാസങ്ങളിലൊന്ന്‌ ഓര്‍മ്മിപ്പിച്ചത്‌ അസുഖകരമായിപ്പോയെങ്കില്‍ ക്ഷമിക്കുക. താങ്കള്‍ക്ക്‌ ഇതൊക്കെക്കൂടി ഓര്‍മ്മയിലുണ്ടായിരിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. മാനസാന്തരമുണ്ടായത്‌ താങ്കള്‍ക്കു മാത്രമാണല്ലോ. തെറ്റിദ്ധാരണകളിലൂടെ മനസ്സില്‍ വിഷചിന്തകള്‍ കയറിപ്പോയ പാവപ്പെട്ട കുറച്ചു മുസ്ലിം യുവാക്കള്‍ ഇപ്പോഴും അവശേഷിക്കുകയാണല്ലോ. അവരുടെ കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്‌ എന്നൊരു ഓര്‍മ്മപ്പെടുത്തലാണിത്‌.

'എന്നാലും ഇതൊക്കെ ഇത്രയും കാലമായിട്ടും നിങ്ങള്‍ ഓര്‍ത്തിരുന്നല്ലോ' എന്ന്‌ അത്ഭുതവും വേണ്ട. ഇനിയും എന്തെല്ലാം ഓര്‍ത്തിരിക്കുന്നു! നിന്ദിതര്‍, പീഢിതര്‍, നിരാശ്രയര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ദലിതര്‍ - ഇവര്‍ക്കൊക്കെ ഓര്‍മ്മശക്തികൂടും. ഈപ്പറഞ്ഞവര്‍ക്കൊക്കെവേണ്ടി നിലകൊള്ളുമെന്നാണല്ലോ താങ്കളുടെ പ്രസ്ഥാനവും ഇപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങളുമൊക്കെ അവകാശപ്പെടുന്നത്‌. ഇക്കൂട്ടരൊക്കെ ഏതെങ്കിലും ചില മത-ജാതി വിഭാഗങ്ങളില്‍ മാത്രമേ ഉള്ളൂവെന്നും, ആ ജാതി-മതത്തില്‍പ്പെട്ടവരെല്ലാം ഈ വകഭേദത്തില്‍പ്പെടുന്നു എന്നുമുള്ള തെറ്റിദ്ധാരണ പേറുന്നിടത്തോളം കാലം നിങ്ങള്‍ക്കൊന്നും ഈ വേദനകള്‍ മനസ്സിലാകുമെന്നു തോന്നുന്നില്ല.

മറുവാദവുമായി വരാനൊരുങ്ങുന്ന മാര്‍ക്സിസ്റ്റുകാരോട്‌:-
തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുകയും വാക്കുകള്‍ക്കിടയില്‍ ഹിന്ദു എന്നെങ്ങാനും കടന്നു വന്നതു ശ്രദ്ധിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ മുന്നും പിന്നും ആലോചിക്കാതെ "ഫാസിസം, ഉന്‍മൂലനം" എന്നൊക്കെ ആക്രോശിച്ച്‌ ചാടിവീഴാറുള്ളവരേ,

നിങ്ങള്‍ക്കായി ചെറിയൊരു മുന്‍കൂര്‍ പാരിതോഷികം കരുതി വച്ചത്‌ താഴെ കൊടുത്തിരിക്കുന്നു. മുമ്പു പറഞ്ഞ മാസികയുടെ അതേ ലക്കത്തില്‍ നിന്നു തന്നെ പകര്‍ത്തിയത്‌.
'കമ്മ്യൂണിസത്തിന്റെ ചില വികൃതപകര്‍പ്പുകള്‍' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിച്ചു കാണുമല്ലോ. ഇനിപ്പറയട്ടെ - സംസാരത്തിനിടയില്‍ 'മതേതരത്വം' എന്ന പദം കടന്നു വരാതിരിക്കാന്‍ ഇനി മുതലെങ്കിലും ശ്രദ്ധിക്കുക. ഇതു വരെ പരിഹസിച്ചു ചുമയ്ക്കുകയും ചിരിക്കുകയും മാത്രം ചെയ്തിരുന്ന ജനം ഇനി ചിലപ്പോള്‍ കൂവിയാര്‍ത്തു ചിരിച്ചെന്നു വരും.

കളങ്കിത നേതൃത്വത്തിന്റെ പോക്കിലും മൊത്തത്തിലുള്ള മൂല്യച്യുതിയിലും ഇതിനകം തന്നെ മനം നൊന്തു കഴിയുന്ന ചില പ്രസ്ഥാന സ്നേഹികളെ ഇതു കൂടുതല്‍ വേദനിപ്പിച്ചേക്കുമെന്നതില്‍ മാപ്പ്‌. തിരിച്ചറിവിന്റെ ചില ഘട്ടങ്ങള്‍ വേദനാജനകം തന്നെയാണ്‌ - ദൗര്‍ഭാഗ്യവശാല്‍.