Monday, March 31, 2008

കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?

ആമുഖം

ദേശീയതലത്തില്‍ത്തന്നെ ശക്തമായി അപലപിക്കപ്പെടുകയും മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മറ്റൊരു തീരാക്കളങ്കമുണ്ടാക്കുകയും ചെയ്ത കണ്ണൂര്‍ കലാപവുമായി ബന്ധമുള്ളതായിരുന്നു കഴിഞ്ഞരണ്ടു പോസ്റ്റുകളും. കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തി നോക്കിയ വിഫലശ്രമം അവര്‍ക്കുകൂടുതല്‍ കളങ്കമുണ്ടാക്കിയതിന്റെ വിശദാംശങ്ങളും കലാപസൃഷ്ടിയുടെ തെളിവുകളുമായിരുന്നു ഒന്നില്‍. പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ കല്ലുവച്ച നുണകളെഴുതി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു പരിഹാസ്യരായതിനേക്കുറിച്ചായിരുന്നു മറ്റൊന്നില്‍. ഈ പോസ്റ്റിനെ അവയുടെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്‌.

ഭാഗം - ഒന്ന്‌

മാദ്ധ്യമങ്ങളിലെ അധാര്‍മ്മികപ്രവണതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ടാണ്‌ ഈ ബ്ലോഗിന്‌ "സിന്‍ - ഇന്‍ഡിക്കേറ്റ്‌ " എന്നൊരു പേരു നല്‍കിയിരിക്കുന്നത്‌.

അവിശ്വസനീയമായ ഒരു വാര്‍ത്ത കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടു. മാദ്ധ്യമമാണോ അതോ മറ്റുള്ളവരാണോ ചെയ്തിരിക്കുന്നത്‌ എന്നു വ്യക്തമല്ലാത്ത ഒരു കൊടിയപാപം ഉള്‍ക്കൊള്ളുന്ന ഒരെണ്ണം.

മലയാളിസമൂഹത്തിനൊന്നടങ്കം - അവരില്‍ത്തന്നെ മുസ്ലീം സമൂഹത്തിനു പ്രത്യേകിച്ചും - അങ്ങേയറ്റം ആക്ഷേപകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു അതില്‍. അതു പ്രസിദ്ധീകരിച്ചിരിക്കുന്നതാകട്ടെ ഒരു മുസ്ലിം സംഘടനയുടെ മുഖപത്രത്തില്‍! എഴുതിയിരിക്കുന്നതാകട്ടെ ഒരു മുസ്ലിം ലേഖകന്‍! ആ പരാമര്‍ശത്തിനെതിരെ ഇതുവരെ ആരും പ്രതികരിച്ചു കാണുന്നുമില്ല!!!

* * * * *

'മാധ്യമ'മാണു പത്രം. 'ഹാഷിം എളമരം' എന്നൊരാളുടെ ഒരു റിപ്പോര്‍ട്ട്‌ - "സമുദായസ്വാധീനത്തിന്‌ മുസ്‌ലിംലീഗ്‌ പുതുവഴി തേടുന്നു" എന്നു തലക്കെട്ട്‌. മുസ്ലീം പ്രീണനത്തിനായി സി.പി.എം. പല പൊടിക്കൈകളും ഉപയോഗിച്ച്‌ കയ്യടി നേടുമ്പോള്‍, തങ്ങളുടെ വിദ്യകള്‍ ഫലിക്കാതെ വരുന്നതില്‍ മുസ്ലിം ലീഗ്‌ നേതൃത്വം ആശയക്കുഴപ്പത്തിലാണ്‌ എന്നതാണ്‌ റിപ്പോര്‍ട്ടിന്റെ സാരം.

അതിലെ ഒരു ഭാഗം ഇങ്ങനെ!

മാറാട്‌ പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ അയഞ്ഞ നിലപാടു സ്വീകരിച്ചെന്നു വച്ച്‌ അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെയല്ലാതെ 'മുസ്ലിം സമൂഹം' എന്തിനു കയ്യടിക്കണം എന്നുള്ള സംശയം മാറ്റിവയ്ക്കുകയാണ്‌. ഇറാഖ്‌/പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചാല്‍ കേരളത്തില്‍ വോട്ടു നേടാന്‍ കഴിയുമോ എന്നതിനേപ്പറ്റിയും ഒന്നും ചോദിക്കാനില്ല. സംശയമുണരുന്നതു മുഴുവന്‍ അതിനു രണ്ടിനും നടുക്കുള്ള വാചകത്തേക്കുറിച്ചാണ്‌.

"കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ തങ്ങളുടേത്‌ ശക്തമായ ഫാസിസ്റ്റു വിരുദ്ധ നിലപാടാണെന്നു പ്രചരിപ്പിക്കാനും അതുവഴി ന്യൂനപക്ഷങ്ങളുടെ അനുകമ്പ പിടിച്ചു പറ്റാനും സി.പി.എം. നടത്തിയ ശ്രമം ഏറെക്കുറെ വിജയം കണ്ടതായി പാര്‍ട്ടി കരുതുന്നു".

!!!???

കയ്യില്‍ നുള്ളി നോക്കേണ്ടി വന്നു - ആ കണ്ടതു മിഥ്യയല്ലെന്ന്‌ ഉറപ്പു വരുത്തുവാന്‍.

ഒരിക്കലും നിസാരമായി വായിച്ചു തള്ളാവുന്ന ഒരു വാചകമല്ല അത്‌. മറിച്ച്‌, ഉത്തരവാദിത്തബോധമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അതീവഗൗരവത്തെ കാണേണ്ട ഒന്നാണ്‌.

മാര്‍ക്സിസ്റ്റുകള്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളുടെ പേരില്‍ - അവര്‍ക്കു മാത്രം മനസ്സിലാകുന്ന മൃഗീയന്യായീകരണങ്ങളുയര്‍ത്തി - അവര്‍ക്കു മാത്രം കഴിയുന്നത്ര വന്യമായ സന്നാഹങ്ങളൊരുക്കിയാണ്‌ കണ്ണൂരില്‍ ഈയിടെ അഞ്ചുപേരെ വെട്ടിക്കൊന്നത്‌. അതിലുമധികം പേരെ ജീവച്ഛവമാക്കിയിട്ടിരിക്കുന്നതും. സി.പി.എം. നടപ്പാക്കിയ ആ കൂട്ടക്കൊലയ്ക്കു ന്യായീകരണമുണ്ടെന്നു വിശ്വസിക്കുവാന്‍ അന്ധമായ മാര്‍ക്സിസ്റ്റ്‌ അനുഭാവമോ അല്ലെങ്കില്‍ അതിലും അന്ധമായ സംഘവിരോധമോ ഉള്ളവര്‍ക്കല്ലാതെ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല.

അത്‌ തദ്ദേശീയരായ ചില പ്രവര്‍ത്തകരുടെ മാത്രം ചെയ്തിയാണോ അതോ പാര്‍ട്ടി തന്നെ നേരിട്ടു നടപ്പാക്കിയ പരിപാടിയാണോ എന്നു സംശയിച്ചിരുന്നവര്‍ക്ക്‌ പാര്‍ട്ടിനേതൃത്വം തന്നെ വിശദീകരണം നല്‍കിയിരുന്നു. ഇരിട്ടിയില്‍ നടന്ന പൊതുയോഗത്തില്‍വച്ച്‌ ജില്ലാസെക്രട്ടറി ജനങ്ങള്‍ക്ക്‌ "സമാധാനസന്ദേശം" കൈമാറിയത്‌ ഇങ്ങനെ.

"കണ്ണൂരില്‍ 65% ആളുകളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ്‌ ഈ പാര്‍ട്ടി. ഇത്‌ ബലവാന്റെ പാര്‍ട്ടിയാണ്‌. പാര്‍ട്ടി തീരുമാനിച്ച്‌ നടപ്പിലാക്കിയ "ജനകീയ പ്രതിരോധം"(!) തന്നെയാണ്‌ കണ്ണൂരിലുണ്ടായത്‌. കഴിഞ്ഞമാസം ഇരുപത്തിനാലാം തീയതി ഞങ്ങളത്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു."!!!!!!

ഇനിയും കൊല്ലാന്‍ മടിക്കില്ലെന്നും ഇതെല്ലാം പാര്‍ട്ടി നയത്തിന്റെ ഭാഗമാണെന്നും സമര്‍ത്ഥിച്ചുകൊണ്ടുള്ള ഉശിരന്‍ പ്രസംഗം!

ഏതൊരു കുറ്റാന്വേഷകനും ആദ്യം ചെയ്യുന്നത്‌ കുറ്റകൃത്യത്തിനുള്ള പ്രേരണ എന്തായിരുന്നിരിക്കണം എന്നു ചിന്തിക്കുക എന്നതാണ്‌.

ഒന്നാമത്തേയും രണ്ടാമത്തേയും കലാപം തുടങ്ങിവയ്ക്കുകയും - പെട്ടെന്നു പടര്‍ത്തുകയും - ചില ബ്ലോഗര്‍മാര്‍‍ ചിന്തിക്കുന്നതുപോലെ പറഞ്ഞാല്‍ 'വിജയിപ്പിക്കുകയും' ചെയ്തതു സി.പി.എമ്മാണ്‌. "സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ട്‌ അവരുടെ പ്രവര്‍ത്തനം അമര്‍ച്ചചെയ്യാന്‍ അവസരമുണ്ടാക്കി അതു മുതലെടുക്കുക" എന്നതു മാത്രമായിരുന്നു ഇതുവരെ പ്രേരണയായി പരസ്യമായി ആരോപിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ - മാധ്യമം വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത്‌ അതിനു പിന്നില്‍ മറ്റു ചില പ്രേരണാഘടകങ്ങള്‍കൂടിയുണ്ടെന്നാണ്‌ - അത്‌ കുറച്ചു നാളായി സി.പി.എം. അനുവര്‍ത്തിച്ചു വരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിന്റെ ആക്രമണോത്സുകമായ - അപകടകരമായ - വശം കൂടിയാണെന്നാണ്‌!

പാര്‍ട്ടിയുടെയോ - പത്രത്തിന്റെയോ - അതോ ലേഖകന്റെ മാത്രമോ - ആരുടെ നിലപാടാണ്‌ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌ എന്നുറപ്പില്ല. ആരായാലും ശരി - അവര്‍ ഇവിടുത്തെ മുസ്ലീം സമൂഹത്തിനു മുമ്പാകെ മാത്രമല്ല - ഈ രാജ്യത്തെ ജനങ്ങളുടെ മൊത്തം മുമ്പാകെ എത്രയും പെട്ടെന്നു മാപ്പു പറയുകയാണു വേണ്ടത്‌.

പാര്‍ട്ടി നിലപാടിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതു സത്യം തന്നെയാണെങ്കില്‍ - ഇതിനെ വളരെ ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടിവരും.

എന്താണാ വാചകത്തിന്റെ അര്‍ത്ഥം? എന്തുപ്രചാരണമാണു വിജയിപ്പിക്കാനായത്‌? "ഇതാ ഇതുകണ്ടോ - ഞങ്ങളുടേത്‌ "ശക്തമായ" ഫാസിസ്റ്റു വിരുദ്ധനിലപാടാണ്‌ - സംശയമുണ്ടെങ്കില്‍ നോക്കിക്കോളൂ - ഞങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കുന്നതു ശ്രദ്ധിച്ചു കണ്ടുകൊള്ളുക" എന്നു പറഞ്ഞുകൊണ്ടാവുമോ അപ്പോള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിയത്‌?

ഫാസിസ്റ്റു വിരുദ്ധത എത്രമാത്രം ശക്തമാണെന്നതിന്റെ അളവുകോലെന്താണ്‌? ഫാസിസ്റ്റുകള്‍ എന്ന ലേബല്‍ ചാര്‍ത്തി - എത്രയധികം നുണകള്‍ ഒരു ദിവസം തന്നെ പറഞ്ഞ്‌ - എത്രയധികം പേരെ ഒരു ദിവസം വകവരുത്തുന്നു - എന്നതോ? വിരുദ്ധതയ്ക്ക്‌ ഇത്രയ്ക്കു "ശക്തി" ഇല്ലായിരുന്നുവെങ്കില്‍, കുറേപ്പേരുടെയെങ്കിലും കഴുത്തു രക്ഷിക്കാന്‍ കഴിയുമായിരുന്നുവോ? കുറഞ്ഞപക്ഷം ആ മിണ്ടാപ്രാണികളുടെയെങ്കിലും?

ഒരു സംഘടനാശ്രേണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവിശേഷണം ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത്‌ തങ്ങളുടെ മാദ്ധ്യമങ്ങള്‍ മുഖാന്തിരം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുക. വന്ദ്യവയോധികരടക്കമുള്ള അവര്‍ ഒന്നടങ്കം മരണാര്‍ഹരാണ്‌ എന്നൊരു പൈശാചികചിന്ത കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തുക. അവരെ ഉപദ്രവിക്കുന്നവര്‍ ആദരിക്കപ്പെടണം എന്നൊരു തോന്നല്‍ മര്യാദക്കാരുടെ മനസ്സില്‍ക്കൂടി അടിച്ചേല്‍പ്പിക്കുക. എന്നിട്ട്‌ മനുഷ്യബുദ്ധിക്കു നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തി കുറേപ്പേരെ വെട്ടിയരിയുക. ഇതൊക്കെയാണ്‌ ന്യൂനപക്ഷങ്ങളുടെ "അനുകമ്പ"(!) പിടിച്ചു പറ്റാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്‌ എന്നു വരുമോ?

ഇതൊക്കെയാണ്‌ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്‌ കൂടുതല്‍ വോട്ടു നേടാനുള്ള തന്ത്രങ്ങള്‍ എന്നു വരുമോ?

ഇതൊക്കെയാണോ "കയ്യടി" നേടാനുള്ള മാര്‍ഗ്ഗം?

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേക്കുറിച്ചാണോ അതോ തീവ്രവാദിസംഘടനയേക്കുറിച്ചാണോ ഈ കേള്‍ക്കുന്നതെല്ലാം എന്നുപോലും തിരിച്ചറിയാനാകാതെ വരുന്ന അവസ്ഥ.

എന്തായാലും, രക്തപ്പുഴയൊഴുക്കിക്കാണിച്ചു പ്രീതിപ്പെടുത്താവുന്ന കൂട്ടരേപ്പോലെ ഒരു സമുദായത്തിനെ ചിത്രീകരിച്ചതു വഴി ഇവിടെ മാര്‍ക്സിസ്റ്റുകള്‍ കാണിച്ചതു കൊടിയ സമുദായദ്രോഹമെന്നതിലപ്പുറം, കടുത്ത ദേശദ്രോഹവും കൂടിയാണെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയും എന്നു സംശയിക്കാവുന്ന ഒരു മാദ്ധ്യമത്തില്‍ - ഒരു ആരോപണം എന്ന നിലയില്‍ മാത്രമാണ്‌ ഈ വാര്‍ത്തവന്നിരുന്നതെങ്കില്‍, ഇത്തരമൊരു ഹീനശ്രമത്തിന്റെ പേരില്‍ ആ പ്രസിദ്ധീകരണത്തെ പഴിക്കുകയായിരുന്നു ചെയ്യാമായിരുന്നത്‌. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രമാണു പറഞ്ഞിരിക്കുന്നത്‌. അവരാണെങ്കില്‍ സമുദായത്തിലേതന്നെ കുറേപ്പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടു തനും. പാര്‍ട്ടിയില്‍ നിന്നോ സമുദായത്തില്‍നിന്നോ ആരും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതായി കാണുന്നുമില്ല. അപ്പോള്‍, ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നു തന്നെ വേണമോ വിചാരിക്കാന്‍?

അതെയെങ്കില്‍, ഇതൊക്കെയാണ്‌ ഇവിടുത്തെ "മതേതര"പ്രസ്ഥാനങ്ങളുടെ ഒരു ശൈലി എന്നു തന്നെ മനസ്സിലാക്കേണ്ടി വരും. മുഹമ്മദ്‌ ഫസല്‍ എന്നൊരാളെ വധിച്ചശേഷം അതിന്റെ കുറ്റം മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിക്കൊണ്ട്‌ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വര്‍ഗ്ഗീയസംഘര്‍ഷത്തിനു പ്രേരണ നല്‍കിയതും ആ ശൈലിയുടെ ഭാഗം തന്നെയാവണം. ഇവിടെയിപ്പോള്‍ പറയാവുന്ന ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്‌.

സമാധാനസമ്മേളനങ്ങളില്‍ സംഘത്തെ പ്രതിനിധീകരിക്കാറുള്ള ആളെത്തന്നെ വെട്ടിവീഴ്ത്തിക്കൊണ്ട്‌ - എന്താണു തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ടായിരുന്നു മാര്‍ക്സിസ്റ്റുകള്‍ രണ്ടാം കലാപത്തിനു തുടക്കമിട്ടത്‌. തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കകം മറ്റ്‌ എട്ടുപേരേക്കൂടി. അന്നു രാത്രി തത്ക്കാലം അവധികൊടുത്ത്‌ അടുത്തദിവസങ്ങളില്‍ വീണ്ടും.

എല്ലാം കഴിഞ്ഞ്‌ - 'കൊള്ളാം - തോല്‍പ്പിച്ചു' എന്നൊരു അഹങ്കാരം ജോക്കര്‍ എന്ന ബ്ലോഗറേപ്പോലുള്ളവര്‍ നടത്തിക്കഴിഞ്ഞ്‌ - ദേശവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനു ശേഷം - എല്ലാമവസാനിച്ചു എന്നു ജനം കരുതിയതിനുശേഷം - എന്തിന്‌ സമാധാനചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉറപ്പു ലഭിച്ചതിനുശേഷം പോലും - പതിവുപോലെ ഉറപ്പുകള്‍ നഗ്നമായി ലംഘിച്ച്‌ വ്യത്യസ്ത സംഭവങ്ങളിലായി ഏഴുപേരെക്കൂടി ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നു. ഇനിയും കൊല്ലാന്‍ മടിക്കില്ലെന്ന വ്യക്തമായ ഭീഷണിയുള്‍ക്കൊള്ളുന്ന മട്ടില്‍ പ്രസംഗിക്കുന്നു.

ഇത്രയുമെല്ലാം ചെയ്തിട്ട്‌ - ഇനിയും കഴിഞ്ഞില്ല എന്ന മട്ടില്‍ - ഒരു വശത്ത്‌ ആര്‍ത്തിയോടെയെന്നമട്ടില്‍ ചോദിക്കുകയാണ്‌ :-

"എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ പ്രകടനം? ഇത്രയും അദ്ധ്വാനിച്ചതു വെറുതെയാക്കരുതേ. ഇനി ഞങ്ങളോടല്‍പം "അനുകമ്പ" പ്രകടിപ്പിച്ചുകൂടേ? ഒരു വോട്ടു തരാനുള്ള ദയ കാണിച്ചുകൂടേ? മതം - ഫാസിസ്റ്റ്‌ - മറക്കരുത്‌ നമ്മുടെ ചിഹ്നം!"

"മതേതരത്വ"പ്രകടനം പൊടിപൊടിക്കുകയാണ്‌!

നടക്കട്ടെ.

ആ വാക്കിന്റെ അര്‍ത്ഥം ഇതിനകം നശിച്ചുകഴിഞ്ഞതുകൊണ്ട്‌ അങ്ങനെ അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ 'മാനവികത' സംബന്ധിച്ച അവകാശവാദങ്ങള്‍ തുടര്‍ന്നും പരിഹസിക്കപ്പെടുകതന്നെ ചെയ്യും. ആ വാക്കിനെ അര്‍ത്ഥം നശിപ്പിക്കാനായി ജനം ഇതുവരെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിട്ടില്ല തന്നെ.

* * * * * * * * *
ഭാഗം - രണ്ട്‌

മാര്‍ക്സിസ്റ്റുകളും മാദ്ധ്യമങ്ങളും - രണ്ടുകൂട്ടരും പറയുന്നതെന്തിനെയും അതിന്റെ വിശ്വാസ്യതയെ സംശയിച്ചുകൊണ്ടുമാത്രമേ ആളുകള്‍ സമീപിക്കൂ എന്നൊരവസ്ഥയായിട്ടുണ്ട്‌. അല്ലായിരുന്നുവെങ്കില്‍ത്തന്നെയും, 'അനുകമ്പ'യേപ്പറ്റിയുള്ള പത്രവാര്‍ത്ത ജനം വിശ്വസിക്കുമെന്നു തോന്നുന്നില്ല.

കണ്ണൂരില്‍ മാര്‍കിസ്റ്റുകള്‍ കാട്ടിക്കൂട്ടിയതിനെയൊക്കെ എന്തു 'വിരുദ്ധത' എന്ന ഓമനപ്പേരിട്ടുവിളിച്ചാലും ശരി - മുസ്ലീങ്ങള്‍ക്ക്‌ അതുമൂലം അവരോട്‌ അനുകമ്പയുണ്ടാകുമെന്നു പറയുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അങ്ങനെ കരുതുന്നത്‌ അവരെ അപമാനിക്കലാണ്. തങ്ങള്‍ “ചെറുത്തുനില്‍ക്കുകയായിരുന്നു“ എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നതു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവരല്ല ഇവിടുത്തെ മുസ്ലീങ്ങള്‍. മാര്‍ക്സിസ്റ്റുകള്‍ക്കു ഭൂരിപക്ഷമുള്ളിടത്ത്‌ അവര്‍ക്കു മുമ്പില്‍പ്പെട്ടുപോകുന്നവര്‍ ആരായിരുന്നാലും ശരി അവര്‍ക്ക്‌ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ നന്ദിഗ്രാമിലെ മുസ്ലീങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടതില്ല. കുറച്ചുനാളുകള്‍ക്കു മുമ്പ്‌ കണ്ണൂരില്‍ത്തന്നെ ഒരു സ്ത്രീയടക്കമുള്ള ഹജ്ജ്‌ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവവും ഓര്‍ത്തെടുക്കേണ്ടതില്ല. അങ്ങനെയൊക്കെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിനു പകരം വെറുതെ കണ്ണുതുറന്നു നാലുപാടും നോക്കിയാല്‍ത്തന്നെ മനസ്സിലാവുന്നതേയുള്ളൂ കാര്യങ്ങള്‍. മാര്‍ക്സിസ്റ്റുഭരണം വന്നതിനു ശേഷമുള്ള നാളുകളിലെ പത്രങ്ങള്‍ വായിച്ചാലും മതി.

അനുകമ്പയേക്കുറിച്ചു പറഞ്ഞത്‌ അവിശ്വസനീയമാണെങ്കിലും ആ വാര്‍ത്ത സൂചിപ്പിക്കുന്നതുപോലൊരു പരിശ്രമം പാര്‍ട്ടി നടത്തുന്നുണ്ട്‌‌ എന്നതു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അനുഭവപ്പെടുന്നുണ്ട്‌.

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നടത്തുന്ന സകലപ്രചാരണങ്ങളുടെയും മുഖ്യലക്ഷ്യം ന്യൂനപക്ഷങ്ങളെന്നറിയപ്പെടുന്നവരുടെ പിന്തുണ തേടലാണെന്ന്‌ പ്രത്യേകിച്ചാരും പറയേണ്ട കാര്യമില്ല. രാജ്യത്തിന്റെ വിവിധകോണുകളില്‍ അവിടുത്തെ പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ചു നടക്കുന്ന ഏതു കാര്യവും ഇപ്പോള്‍ കേരളത്തിലടക്കം 'ന്യൂനപക്ഷവിരുദ്ധഗൂഢനീക്കം' എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കാണുന്നു. ഇവിടെയാരോ 'വേട്ടയാടാന്‍(!?) തക്കം പാര്‍ത്തിരിക്കുകയാണ്‌' എന്നൊക്കെയുള്ള അസംബന്ധപ്രചാരണങ്ങള്‍ കുറേ നാളുകളായി നടന്നു വരികയാണ്‌. ആളുകളില്‍ പീഢിതബോധം വളര്‍ത്തുക - തങ്ങളാണ്‌ 'ന്യൂനപക്ഷസംരക്ഷകര്‍' എന്ന അവകാശവാദം അവസരം കിട്ടുമ്പോളെല്ലാം മുഴക്കുക - ഇതൊക്കെ ആ നയത്തിന്റെ ഭാഗം തന്നെയാണ്‌.

അതിനെയൊക്കെ കേവലമൊരു രാഷ്ട്രീയ തന്ത്രമായിക്കണ്ട്‌ അവഗണിക്കാമായിരുന്ന കാലം കഴിഞ്ഞുവെന്നാണ്‌ സമകാലീന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. മതവിഭാഗങ്ങളില്‍ ശതൃത വളര്‍ത്തുന്ന രീതിയിലുള്ള കള്ള പ്രചാരണങ്ങള്‍ നടത്തുകയും അണിയറയില്‍ അതു മുതലെടുക്കുകയും ചെയ്യുന്ന പ്രവണത അതിരു കടന്നിരിക്കുന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നു തുടങ്ങുന്നത്‌ അതുകൊണ്ടാണ്‌.

"ഫാസിസ്റ്റു വിരുദ്ധത" എന്ന പദമൊക്കെ മാര്‍ക്സിസ്റ്റുകള്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒന്നു മാത്രമാണ്‌. അറുപതുവര്‍ഷത്തിനു മുകളിലായി കേരളസമൂഹത്തിലെ വിവിധമേഖലകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട്‌ സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്തൊക്കെയാണ്‌ ഇത്രയും നാള്‍ ഇവിടെക്കണ്ട ഫാസിസം എന്നൊരുത്തരം പ്രതീക്ഷിക്കുന്ന അനേകമാളുകള്‍ അവരെ പിന്തുണയ്ക്കുന്നുമുണ്ട്‌. 40 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടങ്ങിവച്ചപ്പോള്‍ അതിനിരയായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന കൂലിപ്പണിക്കാരന്‍ മുതല്‍ അവസാനം കൊലചെയ്യപ്പെട്ട സുരേന്ദ്രന്‍ എന്ന വന്ദ്യവയോധികന്‍ വരെയുള്ളവര്‍ എങ്ങനെയാണു ഫാസിസ്റ്റുകളാകുന്നത്‌ എന്നും അവരെ കൊന്നാല്‍ ചില സമുദായത്തിലുള്ളവര്‍ കയ്യടിക്കും എന്ന അവകാശവാദം ശരിയാണോ എന്നും അറിയാന്‍ ഇവിടുത്തെ ജനത്തിനു താത്‌പര്യമുണ്ട്‌.

ഫാസിസ്റ്റുകള്‍ എന്നു മുദ്രചാര്‍ത്തുന്നവരെ കൊല്ലണമെന്നത്‌ അന്ധമായ ഒരു പ്രത്യയശാസ്ത്ര പാഠമാണെങ്കില്‍, അത്തരക്കാരോടു സൗഹൃദം പുലര്‍ത്തുന്നതെന്തിനാണെന്നു കൂടി മാര്‍കിസ്റ്റ്‌ അണികള്‍ സമൂഹത്തോടു പറയണം. മാര്‍കിസ്റ്റുകാരായ തന്റെ സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ച്‌ ചിരിച്ചുകൊണ്ടിറങ്ങിച്ചെന്ന ചിറ്റാരിപറമ്പില്‍ മഹേഷിനെ, സുഹൃദ്‌ബന്ധത്തിന്റെ മാര്‍ക്സിസ്റ്റ്‌ പാഠഭേദങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട്‌ വെട്ടിയരിഞ്ഞത്‌ ആരുടെയെങ്കിലും വോട്ടുമോഹിച്ചിട്ടാണോ എന്നും.

ഫാസിസം എന്നതിനൊപ്പം വര്‍ഗ്ഗീയം എന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ചരിത്രമുള്ള മുസ്ലിം സംഘടനകളുമായി പരസ്യബാന്ധവത്തിലേര്‍പ്പെടാന്‍ തീരെ മടിയില്ലാത്തതിന്റെ രഹസ്യവും വെളിപ്പെടുത്തണം. ഏതെങ്കിലുമൊരു മുസ്ലീമിനെ കുറ്റപ്പെടുത്തേണ്ടിവന്നേക്കാവുന്ന സാഹചര്യങ്ങളിലെല്ലാം ഒഴിഞ്ഞുമാറുകയോ ഓടിരക്ഷപെടുകയോ ചെയ്യുന്നത്‌ എന്തിനെ 'പ്രതിരോധിക്കാ'നാണെന്നും.

ഇതൊക്കെ കേവലം കപടമതേതരത്വമോ വര്‍ഗ്ഗീയപ്രീണനമോ അല്ല. അവ രണ്ടിന്റേയും ദൂഷ്യഫലങ്ങള്‍ പരോക്ഷമായാണ്‌ - പതുക്കെപ്പതുക്കെയാണ്‌ - സമൂഹത്തെ നശിപ്പിക്കുക. എന്നാല്‍ - ഇതു രണ്ടിനേയും പ്രായോഗികതലത്തിലേക്കു കൊണ്ടുവരുന്നതിനിടയില്‍ ആക്രമണോത്സുകത കടന്നുവരികയും ചോരപുരളുകയും ചെയ്യുമ്പോളുണ്ടാകുന്ന അവസ്ഥാവിശേഷമാണ്‌ കൂസിസമെന്ന്‌ അറിയപ്പെടുന്നത്‌. ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്‌ കൂസിസത്തിന്റെ ബീഭത്സതയാണ്‌. കൂസിസം ഒരു രാജ്യത്തെ നശിപ്പിക്കുന്നത്‌ പ്രത്യക്ഷത്തില്‍ത്തന്നെയാണ്‌. വളരെ വേഗത്തിലുമാണ്‌. അപകടകരമായ കൂസിസ്റ്റുപ്രവണതകള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ വിഴുങ്ങിക്കഴിഞ്ഞു എന്നു തന്നെയാണ്‌ തുടര്‍ച്ചയായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്‌.

തങ്ങളുടെ 'വിരുദ്ധതയുടെ ശക്തി' തെളിയിക്കാനായി സി.പി.എം. നടത്തിയ വീരകൃത്യങ്ങളുടെ വിശദാംശങ്ങള്‍ " http://blogs.ibibo.com/cpmkillkerala/CPM-ATTCK-VIDEO.html " എന്ന സൈറ്റിലുണ്ട്‌. രണ്ടാം കലാപം തുടങ്ങിവയ്ക്കാനായി അവര്‍ ആദ്യം തെരഞ്ഞെടുത്ത ഇരയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ അടക്കം ആ പേജിന്റെ താഴ്‌ഭാഗത്തുകൊടുത്തിട്ടുണ്ട്‌. മനപ്പൂര്‍വ്വമാണ്‌ ഇതൊരു ലിങ്കായി കൊടുക്കാത്തത്‌. അറിയാതെ ക്ലിക്കു ചെയ്തുപോകുന്നവരുണ്ടെങ്കില്‍ - അവരുടെ കൂട്ടത്തില്‍ അത്രയ്ക്കു മനക്കട്ടിയോ മാര്‍ക്സിസ്റ്റുസ്നേഹമോ ഇല്ലാത്തവര്‍ക്ക്‌ ബോധക്ഷയമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്‌.

ഇതുപോലൊരു ലിങ്ക്‌ ഒരു വായനക്കാരന്‍ എന്റെ മുന്‍പോസ്റ്റില്‍ കമന്റായി ഇട്ടപ്പോള്‍ അതു നീക്കം ചെയ്തിരുന്നു. പക്ഷേ ഇവിടെ ഈ ലിങ്കു നിര്‍ദ്ദേശിച്ചത്‌ മാര്‍ക്സിസ്റ്റുകളും മാധ്യമം പത്രവും ചേര്‍ന്നാണ്‌. അതവിടെത്തന്നെ കിടക്കട്ടെ. മനക്കട്ടിയുള്ള മുസ്ലീങ്ങള്‍ അതുകണ്ടിട്ടു തീരുമാനിക്കട്ടെ - മാര്‍ക്സിസ്റ്റുകളോട്‌ തങ്ങള്‍ക്ക്‌ “അനുകമ്പ“യാണോ ഉണ്ടാവുന്നത്‌ എന്ന്‌.

അവര്‍ മാത്രമല്ല - മാര്‍ക്സിസ്റ്റുകളും അതു കാണട്ടെ. എന്നിട്ട്‌ അഭിമാനപൂര്‍വ്വം പാടട്ടെ.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന രോദനം
ചേതനയില്‍ നൂറുനൂറു കോള്‍മയിര്‍ വിടര്‍ത്തവേ
നോക്കുവിന്‍ സഖാക്കളേ - നമ്മള്‍ കൊന്ന രീതികള്‍!
ആളുകള്‍ തന്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍!
കൂസിസം.. .. ... കൂസിസം!

Monday, March 10, 2008

കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കണ്ണൂരിലെ സംഭവങ്ങളുടെ യഥാര്‍ത്ഥ പശ്ചാത്തലം വ്യക്തമാക്കുന്ന - ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എന്തുകൊണ്ടെല്ലാം പൊള്ളയാണ്‌ എന്ന്‌ തെളിവുകളടക്കം വിശദീകരിക്കുന്ന - വിശദമായ ഒരു റിപ്പോര്‍ട്ടായി ഇതിനെ കണക്കാക്കാം. നന്ദിഗ്രാമിനു ശേഷം ഭരണകൂടഭീകരതയുടെ അടുത്ത ഉദാഹരണമായി മാറി ദേശീയശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഈ കാര്യത്തില്‍, സത്യമെന്തെന്നറിഞ്ഞിരിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണെന്നു തന്നെ പറയാം. ഇതില്‍ അനുബന്ധമായിച്ചേര്‍ത്തിരിക്കുന്ന വാര്‍ത്തകളിലേതടക്കം ഓരോ വരിയും പ്രാധാന്യമുള്ളതാണെന്നു തോന്നിപ്പോകുന്നു.

* * * * *

കണ്ണൂരില്‍ അഞ്ചു ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ മൃതപ്രായരാകുകയും ചെയ്ത്‌ അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനെ മാര്‍ക്സിസ്റ്റു നേതൃത്വം അനുകൂലിക്കുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. എന്നാല്‍, അവയ്ക്കുള്ള ന്യായീകരണമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സത്യത്തിനു കടകവിരുദ്ധമാണ്‌. അവരുടെ വാദങ്ങള്‍ തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ ആവോളം തെളിവുകളുണ്ട്‌. അവയില്‍ ചിലതെങ്കിലും തുറന്നു വച്ച്‌ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കാനിടയുണ്ട്‌. അടുത്തതവണ ആരായിരിക്കും ഇരകള്‍ എന്നു പറയാനാവില്ല. 'ഈ കൊലപാതകങ്ങള്‍ക്കു ജനപിന്തുണയുണ്ട്‌'(!!!!!) എന്നു ധ്വനിപ്പിച്ചുകൊണ്ടുപോലും എഴുതാന്‍ പാര്‍ട്ടി പത്രം ധൈര്യം കാണിക്കുമ്പോള്‍ പ്രത്യേകിച്ചും.

(ഓരോ കുറ്റവാളിയേയും പക്ഷഭേദമില്ലാതെ എടുത്തു പറഞ്ഞ്‌ എതിര്‍ത്തുകൊണ്ടും സകല അക്രമങ്ങളെയും അപലപിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങള്‍ അനവധി വന്നു കഴിഞ്ഞു. എല്ലാവരേയും “ഒരുപോലെ”എതിര്‍ക്കാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നതിനിടയില്‍ മറഞ്ഞുപോകരുതാത്ത ചില സത്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്‌. ഇവിടെ ഏതെങ്കിലുമൊരു അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനുള്ള ശ്രമമില്ല - നേരേ മറിച്ച്‌ - ന്യായീകരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ്. തുടങ്ങിവയ്ക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത കൂട്ടര്‍ മാത്രമാണ് - ‘അക്രമങ്ങള്‍ക്കു ജനപിന്തുണ‘യുണ്ടെന്നു വാദിച്ചത്‌. അവര്‍ മാത്രമാണ് ന്യായീകരണങ്ങള്‍ ഉന്നയിച്ചതും. സ്വാഭാവികമായും ആ ന്യായീകരണങ്ങള്‍ മാത്രമാണ് ഇവിടെ തെളിവുകളുപയോഗിച്ചു തകര്‍ക്കപ്പെടുന്നതും. )

* * * * *
സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശി, ആഭ്യന്തരമന്ത്രി ശ്രി. കൊടിയേരി ബാലകൃഷ്ണന്‍, ദേശീയതലത്തിലുള്ള നേതാവ്‌ പ്രകാശ്‌ കാരാട്ട്‌, ദേശാഭിമാനി പത്രം - എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നതിതൊക്കെയാണ്‌.

പാലക്കാട്ട്‌ രണ്ടും കണ്ണൂരില്‍ നാലും സി.പി.എമ്മുകാരെ "ബി.ജെ.പി." കൊന്നു (!?) അപ്പോളൊക്കെ "ഞങ്ങള്‍ "പരമാവധി സംയമനം പാലിച്ചു..

ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ കാണുന്നത്‌.


ഈ വാചകങ്ങളില്‍ ഒന്നില്‍പ്പോലും സത്യത്തിന്റെ കണികപോലുമില്ല.

ആ ന്യായീകരണങ്ങളൊക്കെ വായിക്കുന്നവര്‍ക്കു തോന്നുക ഇതാണ്‌. ബി.ജെ.പി. തുടരെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വീണ്ടും അത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ സി.പി.എമ്മുകാര്‍ "ചെറുത്തു നിന്നു". അതിനിടെ മറുവശത്തു നിന്നും ചിലര്‍ കൊല്ലപ്പെട്ടുപോയതാണ്‌!

നൂറുശതമാനം തെറ്റാണിത്‌. സംഭവങ്ങളെല്ലാം എല്ലാവരുമൊന്നും ക്രമത്തില്‍ ഓര്‍ത്തിരുന്നെന്നു വരില്ല എന്നു കരുതി, എന്തു നുണയും പറഞ്ഞു രക്ഷപെടാമെന്നു കരുതിക്കൂടാ.

രാഷ്ട്രീയകൊലപാതകം നടന്നാല്‍പ്പോലും പ്രതികളെ നിയമം കൊണ്ടു നേരിടുകയല്ലേ വേണ്ടത്‌ എന്ന ചോദ്യം ഉപേക്ഷിക്കാം. തിരിച്ചടിയുടെ രൂപത്തില്‍ "ചെറുത്തുനില്‍പ്പ്‌" ആകാം എന്നു സമ്മതിച്ചുകൊടുത്തേക്കാം. എന്നാല്‍പ്പോലും ഇവിടെ സി.പി.എമ്മിന്റെ പക്ഷത്തു യാതൊരു ന്യായവും കാണാന്‍ കഴിയില്ല.

സി.പി.എമ്മുകാര്‍ക്ക്‌ ബി.ജെ.പി,ക്കാരെ വ്യാപകമായി കൊന്നൊടുക്കി "പ്രതികാരം വീട്ടാന്‍" പ്രേരണ തോന്നേണ്ട ഒന്നും ഇവിടെ സംഭവിച്ചിരുന്നില്ല. ഇപ്പോളത്തെ സംഭവങ്ങളുടെ പിന്നില്‍ മറ്റു ചിലതാണ്‌. അത്‌ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

സംഘത്തിന്റെ ഒരു ഉന്നതനേതാവിനെ വെട്ടി വീഴ്‌ത്തിക്കൊണ്ട്‌ സി.പി.എം. തന്നെ തുടങ്ങിവച്ച്‌ അവര്‍ തന്നെ അതിവേഗം പടര്‍ത്തി മുന്നേറിയ ഈ കൊലപാതകപരമ്പര തീര്‍ച്ചയായും ഒരു "ചെറുത്തുനി"ല്‍പ്പൊന്നുമല്ല.

ഇതൊരു കലാപമാണ്‌. ഞെട്ടിപ്പിക്കുന്ന കലാപം.

രാഷ്ട്രീയ എതിരാളികളില്‍ കുറേപ്പേരെ പര‍മാവധി ഉന്‍മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം വച്ച്‌ - സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച്‌ സി.പി.എം. ആസൂത്രിതമായി നടത്തുന്ന കലാപം.

ഇതിനിരയായ ബി.ജെ.പി,ക്കാര്‍ ഇതു മുന്‍കൂട്ടി കണ്ടിരുന്നു. ഇത്‌ അപ്രതീക്ഷിതമല്ല - ധാരാളം തെളിവുകളുണ്ട്‌. ഇത്‌ കേവലം ഒരു രാഷ്ട്രീയ ആരോപണമല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണിതു പറയുന്നത്‌. പലതും പിന്നാലെ കൊടുത്തിട്ടുണ്ട്‌.

പെരുന്ന കോളേജില്‍ എ.എസ്‌.ഐ. അടിയേറ്റു മരിക്കാനിടയായ സംഭവം മുതലാണ്‌ ദേശാഭിമാനി ഒരു തരം "കണക്കെടുപ്പ്‌" ആരംഭിച്ചത്‌. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ യാതൊരു ന്യായവുമില്ലാത്ത പല സംഭവങ്ങളും അവര്‍ ആ അക്കൗണ്ടിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടിരുന്നു. അന്നു മുതല്‍ അവര്‍ "ദാ - സംഘപരിവാര്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നു" എന്ന മട്ടില്‍ അപ്‌‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒന്നൊഴിയാതെ അവയോരോന്നും അണികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. എല്ലാത്തിന്റെയും യഥാര്‍ത്ഥചിത്രം പിന്നാലെ കൊടുത്തിട്ടുണ്ട്‌.

കുറച്ചൊരു ഘട്ടം എത്തിയപ്പോളേക്കും, ഇത്‌ ഭാവിയില്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപത്തിന്റെ സമയത്ത്‌ ന്യായീകരണം തീര്‍ക്കാനാവും എന്നു സംശയിക്കപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ അതിപ്പോള്‍ സത്യമായി. "മാര്‍ക്സിസ്റ്റുകള്‍ പരമാവധി സംയമനം പാലിച്ചു - പക്ഷേ ഒടുവില്‍ "ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായി" എന്ന ഒരു ന്യായീകരണംകൊണ്ടു വന്നിട്ട്‌ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വെട്ടിവീഴ്‌ത്തി. ഇതെല്ലാം കണ്ണുമടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരായതിന്റെ പേരില്‍, പാര്‍ട്ടി അണികള്‍ പതിവുപോലെ വഞ്ചിതരാവുകയും ചെയ്തു,

* * * * * * * *

ചെറുത്തുനില്‍പ്പിനേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശരിയാണോ എന്നു നോക്കാം. ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഈ കലാപം ആരംഭിച്ചതു വരെയുള്ള കാലഘട്ടമെടുത്തു പരിശോധിക്കാം ആദ്യം.

കലാപത്തിനു മുമ്പുള്ള കാലഘട്ടം. (2006 മെയ്‌ മുതല്‍ 2008 മാര്‍ച്ച്‌ ആദ്യവാരം വരെ)

ആ കാലയളവില്‍, സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക്‌ തങ്ങളുടെ പതിനൊന്നു പ്രവര്‍ത്തകരുടെ ജീവനാണു നഷ്ടപ്പെട്ടത്‌!

ഇതില്‍ ഏഴു കൊലപാതകങ്ങളും നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരായിരുന്നു! മറ്റു ചിലതില്‍ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരോക്ഷബന്ധം ആരോപിക്കപ്പെടുന്നുമുണ്ട്‌.

അതില്‍ ചിലത്‌ അപ്രതീക്ഷിതമായ കൊലകളായിരുന്നു. മറ്റുള്ളവയുടെ കാര്യത്തിലും - ഒരിക്കല്‍പ്പോലും സായുധമായ ഒരു ആക്രമണം തുടങ്ങിവച്ചത്‌ സംഘമായിരുന്നില്ല താനും. നിസാരതര്‍ക്കങ്ങളും ഉരസലുകളും മറ്റും, ഒടുവില്‍ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ ആദ്യം കാണുന്ന ആര്‍.എസ്‌.എസുകാരനെ വെട്ടിക്കൊല്ലുന്നതില്‍ച്ചെന്ന്‌ അവസാനിക്കുകയായിരുന്നു.

പരോക്ഷമായ രണ്ടു കൊലകള്‍ കൂടി നടന്നിരുന്നു. തന്റെ മകനെ വെട്ടുന്നതു കണ്ട്‌ ഹൃദയം പൊട്ടി മരിച്ച വൃദ്ധയുടെ വാര്‍ത്ത ചുവടെ (ചിത്രത്തില്‍ ക്ലിക്കു ചെയ്യുക). ഇതില്‍, പോലീസിനെ ഉപയോഗിച്ചു കൊണ്ട്‌, കുറ്റം മറ്റു ചിലരില്‍ ചാര്‍ത്താന്‍ ശ്രമം നടന്നിരുന്നു. പിന്നീടാണ്‌ മാര്‍ക്സിസ്റ്റുബന്ധം തെളിഞ്ഞത്‌.

മാര്‍ക്സിസ്റ്റുകള്‍ നടത്തിയ മറ്റൊരു കൊലപാതകത്തിനുശേഷം നീറി നീറി മരിച്ച വൃദ്ധയുടെ വാര്‍ത്ത ഇവിടെ.
സി.പി.എമ്മിനു "ചെറുത്തുനില്‍ക്കാ"നാണ്‌ അത്രയും പേരെ കൊന്നു തള്ളിയത്‌ എന്നത്‌ ജനം വിശ്വസിക്കണമെന്നാണോ? സി.പി.എമ്മുകാരെ ആര്‍.എസ്‌.എസ്‌. എന്തുചെയ്തുവെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌? മേല്‍പ്പറഞ്ഞ ഈ കൊലപാതകങ്ങള്‍ നടന്നത്‌ സംഘം നടത്തിയ ഒരു ആക്രമണത്തിനിടയിലാണോ? വയസ്സായ സ്ത്രീകള്‍ ഹൃദയം പൊട്ടിമരിക്കുന്നത്‌ ആരുടെ ആക്രമണം കണ്ടിട്ടാണ്‌? ജനങ്ങളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കാമോ?

സി.പി.എമ്മുകാര്‍ 'പരമാവധി സംയമനം പാലിച്ചു' എന്നാണു പറയുന്നത്‌. ഇതാണു സംയമനത്തിന്റെ ശൈലിയെങ്കില്‍, അവര്‍ക്കു സംയമനം നഷ്ടപ്പെട്ടാല്‍ എങ്ങനെയായിരിക്കും പെരുമാറുക?

ശരി - ഇനിയിപ്പോള്‍ ഇതൊക്കെത്തന്നെയാണ്‌ ഈപ്പറയുന്ന "സംയമന"മെങ്കില്‍, തങ്ങള്‍ക്കൊപ്പം നിന്നുവെന്നതിന്റെ മാത്രം പേരില്‍ പ്രവര്‍ത്തകരും അവരുടെ അമ്മമാരുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ സംഘപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച വികാരം എന്തായിരിക്കണം? അതിനെയും നമുക്കു സംയമനമെന്നു വിളിക്കാമോ? അവരേയും നമുക്കൊന്ന്‌ അഭിനന്ദിക്കാമോ? ഇത്തരമൊരു ശിക്ഷയര്‍ഹിക്കുവാന്‍, മാര്‍ക്സിസ്റ്റുകളാല്‍ എതിര്‍ക്കപ്പെടുന്നുവെന്നതിനപ്പുറം എന്തു തെറ്റാണ്‌ അവര്‍ ചെയ്തിട്ടുള്ളത്‌? ആ ഒരു തെറ്റു തന്നെ ധാരാളമാണ്‌ എന്നാണെങ്കില്‍ - ഇവിടെന്താ നിയമവും കോടതിയുമൊന്നുമില്ലേ? മാര്‍ക്സിസ്റ്റു നേതാക്കള്‍ എന്നത്‌ കുറ്റവും ശിക്ഷയും പ്രഖ്യാപിക്കുന്ന കോടതിയും, അണികള്‍ എന്നത്‌ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍മാരുമാണ്‌ എന്നു വരുമോ?

ഈ സംഭവങ്ങളിലെല്ലാം - സംഘപ്രവര്‍ത്തകര്‍ നൂറ്റുക്കു നൂറു ശതമാനവും സംയമനം പാലിക്കുകയായിരുന്നോ എന്നു ചോദിച്ചാല്‍ - അല്ല. നിയമനടപടികള്‍ക്കും പ്രതിഷേധസമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും റോഡ്‌ ഉപരോധത്തിനുമെല്ലാം പുറമേ - രണ്ടു മൂന്നു സംഭവങ്ങളില്‍ പ്രത്യാക്രമണമുണ്ടായിട്ടുണ്ട്‌. അതും ന്യായീകരിക്കാവുന്നതല്ല. നമുക്ക്‌ അതിനെയും അപലപിക്കാം. ശക്തമായി അപലപിക്കാം. പക്ഷേ - അവ ഒരിക്കലും മാര്‍ക്സിസ്റ്റ്‌ അതിക്രമങ്ങളോട്‌ ഒരുതരത്തിലും താരതമ്യം ചെയ്യാവുന്നവയല്ല എന്നതു നാം മറച്ചു പിടിക്കേണ്ടതില്ല. പകല്‍ പോലെ വ്യക്തമാണത്‌. സംഘമല്ല ആക്രമണത്തിനു തുടക്കമിടുന്നത്‌ എന്നതും മറച്ചുപിടിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭൂരിഭാഗവും ഏകപക്ഷീയവും ബാക്കിയുള്ളവ തികച്ചും 'out of proportion'-ഉം ആയിരുന്നു. out of proportion by all means!.

* * * * * * * *
അതെല്ലാം മറക്കാം.

ഇനി, പെരുന്നയിലെ സംഭവം മുതലുള്ള കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം.

അന്നു മുതല്‍ക്കാണ്‌ ദേശാഭിമാനി തുടര്‍ച്ചയായി സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നത്‌. 'ഇതാ ആര്‍.എസ്‌.എസ്‌.കാര്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നിരിക്കുന്നു' എന്നൊരു കണക്കവതരിപ്പിച്ച്‌ അതിന്‌ പൊലിമ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ - ഇനി ഒരു ആക്രമണപരമ്പരയ്ക്കു സമയമായി എന്നൊരു തോന്നല്‍ അണികളുടെ മനസ്സില്‍ ഉറയ്ക്കുന്നതുപോലെ അങ്ങേയറ്റം പ്രകോപനപരമായ വാര്‍ത്തകളും വന്നിരുന്നു.

ആദ്യത്തെ സംഭവം എടുക്കാം.

പെരുന്ന കോളേജില്‍ പോലീസുകാരനെ ആര്‍.എസ്‌.എസ്‌. ആസൂത്രിതമായി(?) കൊലപ്പെടുത്തി എന്നാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി പറഞ്ഞത്‌ (പിന്നീടു തിരുത്താന്‍ നിര്‍ബന്ധിതനായി).

ദേശാഭിമാനി മാത്രമാണ്‌ അവിടെ എ.ബി.വി.പി.യുടെ മേല്‍ കണ്ണുമടച്ചു കുറ്റം ചാര്‍ത്തിയത്‌. മറ്റു പത്രങ്ങളെല്ലാം പറഞ്ഞതു നേരെ മറിച്ചാണ്‌ (അതൊക്കെ ഒരു ഗൂഢാലോചനയാണെന്നുപോലും ദേശാഭിമാനി വാദിച്ചു!). അതേക്കുറിച്ച്‌ ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ സ്ഥിതിക്ക്‌ ആവര്‍ത്തിക്കേണ്ടതില്ല. വാര്‍ത്തകളില്‍ നിന്ന്‌ ഒരേയൊരണ്ണം മാത്രം വായിക്കാമെന്നുണ്ടെങ്കില്‍ ഒന്ന്‌ ഇവിടെ.
ആരുകൊന്നു എന്നൊരു തര്‍ക്കം വേണ്ട. അതു കേവലം സാങ്കേതികതയാണ്‌. വിദ്യാര്‍ത്ഥിസംഘര്‍ഷത്തിനിടയിലാണ്‌ മരണമടഞ്ഞത്‌ എന്നതുകൊണ്ട്‌ - ആ അക്രമത്തില്‍ പങ്കെടുത്തവരെന്ന നിലയ്ക്ക്‌ - എസ്‌-എഫ്‌.ഐ.യ്ക്ക്‌ അതില്‍ കൂട്ടുത്തരവാദിത്തമുണ്ട്‌. ആരു തുടങ്ങിവച്ചു എന്നു കണ്ടെത്തി നമുക്ക്‌ ഒരാളില്‍ ഒതുക്കേണ്ട. കൂട്ടുത്തരവാദിത്തമായിക്കൊള്ളട്ടെ.

എന്തായാലും ശരി - എ.ബി.വി.പി.യെ മാത്രമേ പ്രതിക്കൂട്ടിലാക്കാവൂ എന്നു നിര്‍ബന്ധമാണെങ്കില്‍ത്തന്നെ, നിയമനടപടികള്‍ മാത്രമേ ആകാവൂ - ശരിയല്ലേ? ഉപദ്രവിക്കാനാണെങ്കില്‍ത്തന്നെ, പ്രതികളെന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ അനുഭവിച്ച പീഢനങ്ങള്‍ തന്നെ ധാരാളമാണ്‌ - ശരിയല്ലേ? എന്തായാലും - ആ സംഭവത്തിന്റെ പേരില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആദ്യസംഭവം ഒഴിവാക്കാം.

* * * * * * * *
രണ്ടാമത്തെ സംഭവം.

മലമ്പുഴയില്‍ രണ്ടു പേര്‍ കൊലചെയ്യപ്പെട്ടതാണ്‌ അടുത്തത്‌. ഇതാ ആര്‍.എസ്‌.എസ്‌. കൊലപാതപരമ്പര(?) തുടരുന്നു എന്ന്‌ ആക്രോശിച്ചു ദേശാഭിമാനി.

ആ വാര്‍ത്ത അങ്ങേയറ്റം അവിശ്വസനീയമായിരുന്നു. സംഘത്തിനു സാന്നിദ്ധ്യമുണ്ടെങ്കിലും, മാര്‍ക്സിസ്റ്റു കോട്ടകളിലൊന്നാണു മലമ്പുഴ. മുഖ്യമന്ത്രിയുടെ മണ്ഡലം. അവിടെ യാതൊരു പ്രകോപനവുമില്ലാതെ സംഘമോ ബി.ജെ.പി.യോ ഒരു രാഷ്ട്രീയകൊലപാതകം നടത്തുക എന്നത്‌ അത്ഭുതകരമായിത്തോന്നി.

ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യങ്ങള്‍ വെളിപ്പെട്ടു. അതൊരു രാഷ്ട്രീയ കൊലപാതകമേയായിരുന്നില്ല. കൃഷിത്തര്‍ക്കവും കുടുംബവഴക്കുകളുമൊക്കെയായിരുന്നു അതിനു പിന്നില്‍. പ്രതികളില്‍ കുറച്ചു പേര്‍ക്കു മാത്രമേ സംഘപരിവാറുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുള്ളൂ താനും. കൊല്ലപ്പെട്ടത്‌ മാര്‍ക്സിസ്റ്റുകളായതും പ്രതികളില്‍ ചിലര്‍ക്കു സംഘബന്ധമുള്ളതും കേവലം സാങ്കേതികത മാത്രമായിരുന്നു. ഭൂരിഭാഗം പേരും മാര്‍ക്സിസ്റ്റുകളായൊരു സ്ഥലത്തു നടന്ന കൊലപാതകത്തില്‍ മരണമടഞ്ഞത്‌ അവരില്‍പ്പെട്ടൊരാളാണ്‌ എന്നൊരു സ്വാഭാവികതയല്ലാതെ - ഇതില്‍ യാതൊരു രാഷ്ട്രീയവും അടങ്ങിയിരുന്നില്ല. അതിന്റെ പേരില്‍, ബി.ജെ.പി. നേതൃത്വമോ അല്ലെങ്കില്‍, കണ്ണൂരിലുള്ള അവരുടെ പ്രവര്‍ത്തകരോ മരണാര്‍ഹരാകുന്നില്ല. മനസാക്ഷിയുള്ളവരെ സംബന്ധിച്ചിടത്തോളം.

വാര്‍ത്തകളിലൊന്ന്‌ താഴെ.
എന്നാല്‍, ഇവിടുത്തെ മാര്‍സ്ക്സിസ്റ്റു ഭരണകൂടം പോലീസ്‌ രേഖകളില്‍ മനപ്പൂര്‍വ്വം അതിനെയൊരു രാഷ്ട്രീയകൊലപാതകമാക്കി എഴുതിച്ചേര്‍ത്തു. സംഘബന്ധമുള്ള ആളുകളെ മാത്രം അറസ്റ്റു ചെയ്തിട്ട്‌ അതിനു വലിയ വാര്‍ത്താപ്രാധാന്യം കൊടുത്തു. ഇതിനു മുമ്പ്‌ ഒരു പെറ്റിക്കേസില്‍പ്പോലും പെട്ടിട്ടില്ലാതിരുന്ന അവരെ പിന്നീടു ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തു! ജാമ്യം ലഭിക്കാതിരിക്കാനുള്ള കുറുക്കുവഴിയായിരുന്നു അത്‌.

ഏതൊരാള്‍ക്കും മനസ്സിലാകും - ഇതു വ്യക്തമായ രാഷ്ട്രീയപകപോക്കലാണെന്ന്‌ - ഇതൊക്കെയാണ്‌ "ചെറുത്തുനില്‍പ്പ്‌" എന്നു വരുമോ?

എന്തായാലും, പാലക്കാടുണ്ടായ ഒരു കൃഷിത്തര്‍ക്കത്തിന്റെ പേരില്‍, കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(?) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കാം.

* * * * * * * *
മൂന്നാമത്തെ സംഭവം

ഇനിയുള്ളതെല്ലാം നടന്നതു കണ്ണൂരാണ്‌.

നവംബറില്‍, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ആദ്യകലാപം ആഴ്ചകള്‍ നീണ്ടു നിന്നിരുന്നു. അതിനിടെ, മാര്‍ക്സിസ്റ്റ്‌ അനുഭാവികളായിരുന്ന സുധീര്‍കുമാര്‍, പവിത്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഇത്‌ ‘രാഷ്ട്രീയകൊലപാതകം‘ എന്നു തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. അപലപനീയവുമാണ്.

എന്നാല്‍ - അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മൂന്നുമാസങ്ങള്‍ക്കുശേഷം “ചെറുത്തു നില്‍ക്കാം“ - തിരിച്ചടിക്കാം - ബി.ജെ.പി.ക്കാരെ കൊല്ലാം എന്നൊക്കെ ഒരു ന്യായീകരണം കൊണ്ടുവരാമെന്നാണോ? ഒരിക്കലും പറ്റില്ല. കാരണമുണ്ട്‌.

ഇപ്പോള്‍ നടക്കുന്നതുപോലെ തന്നെ, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടങ്ങിവച്ച മറ്റൊരു വലിയ അക്രമപരമ്പര ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞതിനിടെ നടന്ന സംഭവങ്ങള്‍ മാത്രമായിരുന്നു അവ. ആ അക്രമപരമ്പരയ്ക്കിടെ മാര്‍ക്സിസ്റ്റുകാരുടെ വെട്ടേറ്റ്‌ മൃതപ്രായരായിക്കിടന്ന ബി.ജെ.പി.ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല - ഒമ്പതായിരുന്നു. എല്ലാവരും തന്നെ ഗുരുതരാവസ്ഥയിലുമായിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടു മാത്രമാണു രക്ഷപെട്ടത്‌. പലരും ഇപ്പോളും ചികിത്സയിലാണ്‌. അവിടെയും ആദ്യത്തെ തുടര്‍ച്ചയായ നാലു വധശ്രമങ്ങള്‍ നടത്തിയതു മാര്‍ക്സിസ്റ്റുകളാണു താനും!

തലശ്ശേരി മേഖലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഘപ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റുകള്‍ കൊന്ന ഉത്തമന്‍ എന്നയാളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന അമ്മുവമ്മ എന്ന വൃദ്ധയേയും ബോംബെറിഞ്ഞുകൊന്നത് നാടിനെ നടുക്കിയിരുന്നു. ധര്‍മ്മടത്ത്‌ സുജേഷ്‌ - സുനില്‍ എന്നീ രണ്ടു പേരെ - സി.പി.എം. ബന്ധമുപേക്ഷിച്ച്‌ സംഘത്തില്‍ വന്നിരുന്നവരെ - ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്നു. പിന്നീട്‌ പടുവിലായിയില്‍ ഷാജി, മുഴപ്പിലങ്ങാട്‌ സൂരജ്‌ (അദ്ദേഹവും ഡി.വൈ.എഫ്‌.ഐ.യുടെ ഭാരവാഹിത്വം ഉപേക്ഷിച്ച്‌ സംഘത്തിലേക്കു വന്നയാളായിരുന്നു), മൂഴിക്കരയില്‍ പ്രേമന്‍, പാനൂരില്‍ വത്സരാജ്‌, കൂത്തുപറമ്പില്‍ പ്രമോദ്‌! ലിസ്റ്റു നീളുകയാണ്!

ഇവരിലാരും ഒരു സംഘര്‍ഷത്തേത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടവരല്ല. സംഘവിരോധം എന്ന ഒറ്റക്കാരണം മൂലം, സി.പി.എം. ഏകപക്ഷീയമായി നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇവയ്ക്കൊന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല താനും.

അതിനെല്ലാം ശേഷം, 2007 നവംബറില്‍, ആദ്യകലാപം സൃഷ്ടിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെയായിരുന്നു. മാഹിക്കടുത്ത്‌, നവംബര്‍ മൂന്നിന് ഷെറിന്‍ എന്ന സംഘപ്രവര്‍ത്തകനെ അമ്മയുടെ മുമ്പിലിട്ട്‌ വെട്ടി കയ്യും കാലും അരിഞ്ഞു. ഇന്ന്‌ പരസഹായം കൂടാതെ ജീവിക്കാനാവാത്ത നിലയില്‍ കഴിയുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന അമ്മ സി.പി.എം. അംഗം അംഗം മാത്രമല്ല - ജനാധിപത്യമഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തക കൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍! മകന്‍ സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ‍ആകൃഷ്ടനായി എന്നതാണവരുടെ കുറ്റം!

തൊട്ടുപിറ്റേ ദിവസം - നവംബര്‍ നാലിന് - കൊടക്കളം എന്ന സ്ഥലത്തു വച്ച്‌ ബൈക്കില്‍പ്പോകുകയായിരുന്ന രണ്ടു സംഘപ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു.

അതിന്റെയും പിറ്റേ ദിവസം - നവംബര്‍ അഞ്ചിന് - കൊളശ്ശേരിയില്‍ ഷാജി എന്ന ഓട്ടോറിക്ഷാഡ്രൈവറെ വെട്ടിക്കൊല്ലാറാക്കി. അദ്ദേഹത്തിന്റെ സംസാരശേഷി ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനു മുമ്പും അദ്ദേഹത്തിന്റെ ഓട്ടോ കത്തിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.

ഇത്രയും സംഭവങ്ങള്‍ - തുടര്‍ച്ചയായ കൊലപാതകങ്ങള്‍ - കൊലപാതകശ്രമങ്ങള്‍- എല്ലാം നടന്നിട്ടും - പ്രതികരിക്കാതിരുന്ന സംഘപ്രവര്‍ത്തകര്‍ ഒടുവില്‍ ആയുധമെടുത്തു. അവര്‍ നടത്തിയ തിരിച്ചടികള്‍ക്കിടയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്‌.

എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്‌. അങ്ങേയറ്റം ദു:ഖകരവുമാണ്‌. പക്ഷേ ഇതു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ തുടരെത്തുടരെ വാളിനിരയായിക്കൊണ്ടിരുന്നപ്പോളൊന്നും പ്രതികരിക്കാതിരുന്ന രാഷ്ട്രീയനേതൃത്വവും അധികാരികളുമൊക്കെ, അവര്‍ കേവലം ഒരു പ്രത്യാക്രമണം നടത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നെണീറ്റു എന്നതും കൌതുകകരമാണ്.

ഇപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടന്നതെന്താണ്? “സി.പി.എം. പരമാവധി സംയമനം പാലിച്ചു.. ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ നടക്കുന്ന‘തെന്ന്‌ !

സൂര്യന്‍ രാത്രിയിലും ചന്ദ്രന്‍ പകലുമാണ്‌ പ്രകാശിക്കുന്നതെന്നു പറയുന്നതുപോലെ, യാഥാര്‍ത്ഥ്യത്തെ നേരെ തലതിരിച്ചിട്ട്‌ പച്ചക്കള്ളമാക്കുന്നവരേക്കുറിച്ച്‌ എന്തു പറയാനാണ് ? കണ്ണുതുറന്നു നോക്കാന്‍ തയ്യാറുള്ളവര്‍ക്കു‌ മുഴുവന്‍ മനസ്സിലാകും - ആരാണ്‌ ഏകപക്ഷീയമായി ആക്രമിച്ചതെന്നും ആരാണു സംയമനം പാലിച്ചതെന്നും.

അക്കാലത്തു വന്ന വാര്‍ത്തകളിലൊന്ന്‌ ചുവടെ.
‘പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സി.പി.എമ്മും. പ്രതിരോധത്തിന്റെ പേരില്‍ ബി.ജെ.പി.യും‘ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ആ വാര്‍ത്തയില്‍ നിന്നു തന്നെ അറിയാം, മാര്‍ക്സിസ്റ്റ്‌ അവകാശവാദങ്ങളുടെ പൊള്ളത്തരം. വഴിയേ നടന്നു പോകുന്ന സംഘപ്രവര്‍ത്തകനെ കൊല്ലേണ്ടത്‌ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ പ്രത്യയശാസ്ത്രപരമായ ഒരു ബാദ്ധ്യതയായി‍ ചിലര്‍ മാറ്റിയെടുത്തിട്ടുണ്ട്‌. മറിച്ച്‌ സംഘപ്രവര്‍ത്തകര്‍ക്കാവട്ടെ - ഒരു പ്രതിരോധത്തിനായല്ലാതെ ആയുധമെടുക്കേണ്ട യാതൊരു സാഹചര്യവും അവിടെ നിലവിലില്ല.

അന്ന്‌, മാര്‍ക്സിസ്റ്റുകള്‍ ആരംഭിച്ച വെട്ടുപരമ്പരയില്‍ ഒമ്പതു സംഘപ്രവര്‍ത്തകര്‍ക്കും അഞ്ചു മാര്‍ക്സിസ്റ്റുകള്‍ക്കും വെട്ടേറ്റു. ഒടുവില്‍ - മരണമടഞ്ഞ രണ്ടുപേരും ഒരു പക്ഷത്തായിപ്പോയി എന്നത്‌ ദു:ഖകരമായ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലുള്ള കേവലമൊരു സാങ്കേതികത മാത്രമാണ്‌. 'നമ്മള്‍ കൂടുതലാളുകളെ വെട്ടിയിട്ടും ആരും മരിച്ചില്ലല്ലോ അവര്‍ വെട്ടിയപ്പോളല്ലേ മരിച്ചത്‌ ' എന്നു ചോദിച്ചുകൊണ്ട്‌ മാസങ്ങള്‍ക്കുശേഷം പ്രതികാരത്തിനൊരുങ്ങുന്നത്‌ എന്തു മാത്രം ക്രൂരതയാണ്‌? അതാണോ 'ചെറുത്തു നില്‍പ്പ്‌"? അപ്പോള്‍ അതുവരെ അവര്‍ ചെയ്തതോ? മറുപക്ഷത്തു മൃതപ്രായരായിക്കിടന്ന ഒമ്പതു പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ എന്തു വാദം ഉന്നയിക്കുമായിരുന്നു?

ഈയൊരു കാര്യത്തിലുമതെ - നിരന്തരമായ - അടുപ്പിച്ചടുപ്പിച്ചുള്ള ആക്രമണങ്ങളിലൂടെ എല്ലാം തുടങ്ങിവച്ച മാര്‍ക്സിസ്റ്റുകള്‍ക്ക്‌ - ഇതിന്റെ മാത്രം പേരില്‍ - അന്നത്തെ ഒമ്പതു പേരില്‍ നിങ്ങളുടെ ഭാഗത്തുനിന്ന്‌ ആരും മരിച്ചിരുന്നില്ലല്ലോ എന്ന കാരണം പറഞ്ഞ്‌ - മാസങ്ങള്‍ക്കു ശേഷം ബി.ജെ.പി.ക്കാരെ വീണ്ടും വെട്ടുന്നത്‌ “ചെറുത്തുനി“ല്‍പ്പാണെന്ന്‌ സ്വബോധമുള്ളവരാരും പറയില്ല. ഇവിടെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ആ വാക്കുപയോഗിക്കാന്‍ പോലും യാതൊരു അവകാശവുമില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കിയേ തീരൂ.

* * * * * * * *
നാലാമത്തെ സംഭവം

ധനേഷ്‌ എന്നയാള്‍ കൊല്ലപ്പെട്ടു.

ദേശാഭിമാനി സവര്‍ണ്ണ ചിത്രങ്ങളടക്കം വാര്‍ത്തകളിറക്കി. തങ്ങളുടെ അണികള്‍ക്കിടയില്‍ ബി.ജെ.പി.ക്കാരോടു മൊത്തത്തില്‍ അങ്ങേയറ്റം പകവളര്‍ത്തുന്ന തരത്തില്‍, തീവ്രവാദസ്വഭാവമുള്ള വാര്‍ത്തകളായിരുന്നു വന്നത്‌. പെരുന്നയിലെ പോലീസുകാരന്റേതടക്കം സകല പേരുകളും സംഘത്തിന്റെ തലയില്‍ വച്ച്‌ - 'ദാ ഇതുകണ്ടോ തുടര്‍ച്ചയായി ഇത്രപേര്‍' എന്നു വാദിച്ചു.

എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ അവരുടെ നേതൃത്വം വ്യക്തമാക്കി. മീന്‍കുന്ന്‌ എന്ന സ്ഥലത്തു സംഘശാഖ പോലുമില്ലെന്നും അങ്ങനെയൊക്കെ അവകാശപ്പെട്ടുകൊണ്ട്‌ ഈ കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കുന്നതു ഒരു ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഒരു വാര്‍ത്ത താഴെ.

മാര്‍ക്സിസ്റ്റ്‌ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്നും സംഘം പറഞ്ഞത്‌ അക്ഷരംപ്രതി ശരിയായിരുന്നുവെന്നും പോലീസ്‌ കണ്ടെത്തി. അതൊരു രാഷ്ട്രീയകൊലപാതകമേയായിരുന്നില്ല. പ്രതികള്‍ ഒന്നടങ്കം സംഘപ്രവര്‍ത്തകരല്ല താനും. വാര്‍ത്തകളിലൊന്ന്‌ താഴെ.
(ഇത്‌ മാര്‍ക്സിസ്റ്റുകള്‍ക്കൊരു തിരിച്ചടിയായി. പിന്നീട്‌ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിന്‌ ഇതിടയാക്കി)

നമ്മുടെ നാട്ടില്‍, ഓരോ പാര്‍ട്ടിയിലേയും ആളുകള്‍ ഓരോ തുരുത്തുകളിലായൊന്നുമല്ല താമസിക്കുന്നത്‌. സംഘപ്രവര്‍ത്തകരും മാര്‍ക്സിസ്റ്റുകളുമൊക്കെ ധാരാളം ഇടകലര്‍ന്നു ജീവിക്കുന്നുണ്ട്‌. അച്ഛന്‍ കമ്മ്യൂണിസ്റ്റും മകന്‍ ബി.ജെ.പി.യുമായ എത്രയോ വീടുകള്‍ പോലുമുണ്ട്‌. അവര്‍ക്കൊന്നും യാതൊരു പ്രശ്നവുമില്ല. തലശ്ശേരിയിലെയും മറ്റും സാഹചര്യം മറ്റിടങ്ങളിലില്ല. ഒരു നാട്ടില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍, പ്രതികള്‍ ഒരു പാര്‍ട്ടിയിലും മറുപക്ഷം മറ്റൊരു പാര്‍ട്ടിയിലും പെടുന്നവരാകാം. അത്‌ ഒരു കേവലം യാദൃച്ഛികത മാത്രമാണ്‌. പ്രതികളുടെ പാര്‍ട്ടി നേതൃത്വത്തിനെയോ അവരുടെ മറ്റ്‌ അണികളേയോ അതിനു കുറ്റപ്പെടുത്താനാവില്ല. അതിനു രാഷ്ട്രീയനിറം കൊടുക്കുന്നവര്‍ ഗൂഢോദ്ദേശ്യത്തോടെയല്ലാതെ അങ്ങനെ ചെയ്യില്ല.

ദേശാഭിമാനി അതാണു ചെയ്തത്‌. അതിനെയവര്‍ ഒരു ബി.ജെ.പി.- മാര്‍ക്സിസ്റ്റു പ്രശ്നമായി ചിത്രീകരിച്ചു. ദാ കണ്ടോ എണ്ണം വീണ്ടും കൂടി - എന്ന മട്ടില്‍ - നമുക്ക്‌ അവരെ കൊല്ലാം എന്നൊരു ന്യായീകരണമനോഭാവം വളരുന്ന മട്ടില്‍ - വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിച്ചു.

അഴീക്കോടു നടന്ന ഈയൊരു സംഭവത്തിന്റെ പേരിലുമതെ - തലശ്ശേരിയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നു കൊണ്ടു "പ്രതികാരം"(?) ചെയ്യേണ്ട യാതൊരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ' കാരണങ്ങളില്‍ നിന്ന്‌ ആ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

* * * * * * * *
അഞ്ചാമത്തെ സംഭവം

ഇപ്പോള്‍ നടക്കുന്ന കലാപത്തിനിടയാക്കിയ - എറ്റവും ഒടുവിലത്തെ സംഭവമാണിത്‌. ‘വീരപ്പന്‍’ എന്നറിയപ്പെട്ടിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ ജിജേഷ്‌ കൊല്ലപ്പെട്ടു.

സംഘമാണ്‌ ഇതിനു പിന്നില്‍ എന്നാരോപിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ ഒട്ടും താമസിച്ചില്ല. എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്നു മാത്രമല്ല - സംഘബന്ധമുള്ളവരൊന്നും ഇതില്‍ യാതൊരു വിധത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ അവരുടെ നേതൃത്വം രംഗത്തു വന്നു. തങ്ങള്‍ക്കെതിരായ ഒരു ആരോപണം നിഷേധിക്കാനായി അവര്‍ ഒരു പത്രസമ്മേളനം വിളിക്കുന്നത്‌ ദശകങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഇതു വരെ നടക്കാതിരുന്നൊരു കാര്യമാണ്‌. അത്തരമൊരു പ്രഖ്യാപനമുണ്ടാകുന്നെങ്കില്‍ - അതു സത്യമാകാനേ വഴിയുള്ളൂവെന്നുവേണം കരുതാന്‍. സകല സാഹചര്യങ്ങളും അവരെ കുറ്റവിമുക്തമാക്കുന്നുണ്ട്‌. ഒരു വാര്‍ത്ത താഴെ.
രണ്ടു വര്‍ഷം മുമ്പ്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു ജിജേഷ്‌. സ്വാഭാവികമായും അതിന്റെ പ്രതികാരമായിരിക്കാം എന്നു സംശയമുണര്‍ന്നു. അവര്‍ അതു നിഷേധിച്ചു. പ്രതികളെ ഇനിയും തിരിച്ചറിയാനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ കഴിഞ്ഞിട്ടില്ല.

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഈ കൊലപാതകം സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കണമെന്നു വലിയ വാശിയുള്ളതായി കാണപ്പെട്ടു. പാര്‍ട്ടി ഓഫിസില്‍ നിന്ന്‌ പ്രതിപ്പട്ടിക തയ്യാറാക്കി പോലീസിനു നല്‍കപ്പെട്ടു. തലശേരി നഗരസഭാ കൗണ്‍സിലറായ ബി.ജെ.പി. അംഗമുള്‍പ്പെടെ - തങ്ങളുടെ രാഷ്ട്രീയ എതിരാളികളായി മാര്‍ക്സിസ്റ്റുകള്‍ കണക്കാക്കുന്നവരായിരുന്നു പട്ടികയില്‍ മുഴുവന്‍. എസ്‌. പി. മനോജ്‌ എബ്രഹാം പക്ഷേ ധീരനായിരുന്നു. അദ്ദേഹം ആ മാര്‍ക്സിസ്റ്റു ധാര്‍ഷ്ട്യത്തിനു വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രാഥമികാന്വേഷണത്തില്‍, സംഘത്തിനു കൊലയില്‍ പങ്കില്ല എന്നു വെളിപ്പെട്ടു.

മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ “പ്രതിപ്പട്ടിക“യിലുണ്ടായിരുന്നവര്‍ ആ സമയത്ത്‌ ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്‌ സജീവമായി ക്ഷേത്രപരിസരത്തുതന്നെ ഉണ്ടായിരുന്നു. നിരവധി പോലീസുകാര്‍ അതെല്ലാം കണ്ടിട്ടുള്ളതുമാണ്. നിരപരാധികളാണെന്നു പകല്‍ പോലെ വ്യക്തമായവരെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ മാത്രം അറസ്റ്റുചെയ്യാനാവില്ലെന്നു പറഞ്ഞുകൊണ്ട്‌ ആ പോലീസുദ്യോഗസ്ഥന്‍ മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ പ്രതിപ്പട്ടിക തള്ളിക്കളഞ്ഞു.

ഉടനടി അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു കളഞ്ഞു!

ഒരു വാര്‍ത്ത താഴെ.
ജനങ്ങളാകെ അമ്പരന്നുപോയ ആ സംഭവങ്ങളേക്കുറിച്ചുള്ള മറ്റൊരു വാര്‍ത്താശകലം താഴെ.ഈയൊരു സംഭവത്തിലുമതെ - യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ആരോപണത്തിന്റെ മാത്രം പേരില്‍ - സംഘമല്ല പ്രതിസ്ഥാനത്ത്‌ എന്നു കണ്ടെത്തിയ പോലീസിനെ ഒഴിവാക്കിക്കൊണ്ട്‌ - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മാത്രം തോന്നുന്ന ചില മൃഗീയന്യായീകരണങ്ങളുടെ പേരില്‍ - അവര്‍ക്ക്‌ കണ്ണില്‍ക്കണ്ട ബി.ജെ.പി.ക്കാരെ മുഴുവന്‍ കൊന്നുകൊണ്ടു "പ്രതികാരം"(?) ചെയ്യാന്‍ ആരും ലൈസന്‍സ്‌ കൊടുത്തിട്ടില്ല - ശരിയല്ലേ? 'ചെറുത്തുനി'ല്‍പ്പിനുള്ള കാരണങ്ങളില്‍ നിന്ന്‌ ഈ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

കഴിഞ്ഞു!

ബി.ജെ.പി.ക്കാരെ കൊന്നൊടുക്കാനുള്ള കാരണങ്ങളായിപ്പറഞ്ഞിരുന്ന നശിച്ച ന്യായീകരണങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുന്നു!

എവിടെ എന്തുസംഭവിച്ചാലും അതു സംഘപരിവാറിന്റെ തലയില്‍കെട്ടിവയ്ക്കുക എന്ന വൃത്തിഹീനമായ രാഷ്ട്രീയം ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്ര അജണ്ടകളുടെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍. മുഹമ്മദ്‌ ഫസല്‍ എന്നയാളെക്കൊന്നത്‌ തങ്ങള്‍ തന്നെയാണെന്നറിയാമായിരുന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ അതു സംഘത്തിന്റെ തലയില്‍ വച്ചു. എന്തിന്‌ - ഒരു ബി.ജെ.പി.ക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും - അതിന്റെ ഉത്തരവാദിത്തം അവര്‍ ബി.ജെ.പി.യുടെ തന്നെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു കളഞ്ഞിരുന്നു!!! മാര്‍ക്സിസ്റ്റുകള്‍ തന്നെയാണതു ചെയ്തത്‌ എന്ന്‌ അറിയാമായിരുന്നിട്ടും! (ആ കഥ ഇവിടെ കാണാം)

മാര്‍ക്സിസ്റ്റുകള്‍ പറയുന്നതിലെ ഒരു വാക്കുപോലും അവര്‍തന്നെയല്ലാതെ മറ്റാരും വിശ്വസിക്കാത്ത ഒരു സാഹചര്യത്തില്‍ - അവരുടെ നേതൃത്വത്തില്‍ അണികള്‍ക്കു തന്നെ അനുദിനം വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ - അത്തരം നുണകളുയര്‍ത്തി കലാപമുണ്ടാക്കി രക്ഷപെടാമെന്നു കരുതുന്നതു മൗഢ്യമാണ്‌.

ഇവിടെ അവര്‍ ചൂണ്ടിക്കാട്ടിയ ഒരൊറ്റ സംഭവം പോലും - ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ - ഒരൊറ്റ സംഭവം പോലും ഒരു 'ചെറുത്തു നില്‍പ്പിന്റെ' കഥയല്ല പറയുന്നത്‌. കണ്ണൂരിലേത്‌ ഒരിക്കലും ഒരു ചെറുത്തുനില്‍പ്പല്ല. നിയമം കയ്യിലെടുത്തുകൊണ്ട്‌ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ്‌ കൊലയാളി രാഷ്ട്രീയം - അവരുടെ ധാര്‍ഷ്ട്യം - അതു മാത്രമാണിത്‌.

* * * * * * * *
കലാപത്തിന്റെ നാള്‍വഴി

ജിജേഷ്‌ വധക്കേസില്‍ സംഘത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല എന്നു വരുന്നത്‌ മാര്‍ക്സിസ്റ്റുകള്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആ ഒരു അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

മനോജ്‌ എബ്രഹാം മാത്രമല്ല - മറ്റ്‌ ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടു. എന്തുവന്നാലും വേണ്ടില്ല - നിലവില്‍ തങ്ങള്‍ ഉന്നയിച്ച (അടിസ്ഥാനമില്ലാത്ത) ആരോപണങ്ങളുടെ ചുവടു പിടിച്ചു തന്നെ എത്രയും പെട്ടെന്ന്‌ ഒരു കലാപം നടത്താന്‍ സി.പി.എം. ഒരുക്കം കൂട്ടുകയാണെന്ന സൂചനകള്‍ അപ്പോളേക്കും കിട്ടിത്തുടങ്ങിയിരുന്നു.

തങ്ങളുടെ വിശ്വസ്തവിധേയരായുള്ളവരെ പോലീസ്‌ തലപ്പത്തു കൊണ്ടുവന്നത്‌ ഒരുക്കത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല - ജിജേഷ്‌ വധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന്‌ അവര്‍ ഉള്‍വലിയുകയും ചെയ്തു!!!!! വാര്‍ത്തകളിലൊന്ന്‌ ചുവടെ.
ജിജേഷ്‌ വധത്തിലെ യഥാര്‍ത്ഥപ്രതികള്‍ ഇപ്പോള്‍ പുറത്തു വന്നാല്‍ അത്‌ തങ്ങള്‍ക്കു പ്രശ്നമാകുമെന്ന്‌ മാര്‍ക്സിസ്റ്റുകള്‍ കരുതിയിരിക്കണം. അതു സംഘത്തിന്റെ തലയില്‍ വച്ചുകൊണ്ട്‌ - ഒരു "ചെറുത്തുനി"ല്‍പ്പാണെന്ന ന്യായീകരണമുണ്ടാക്കി ഒരു കലാപത്തിലൂടെ പരമാവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.

അതിനിടയ്ക്ക്‌ ശിവപുരം മേഖലയില്‍ എന്‍.ഡി.എഫ്‌. കൂടി ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഓഫീസ്‌ പോലും ആക്രമിക്കപ്പെട്ട്‌ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി അഭ്യൂഹമുണ്ടായിരുന്നു. ആ വാര്‍ത്തകളൊന്നും എന്തുകൊണ്ടോ അധികം പരസ്യമാകാതിരുന്നതുകൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. അപ്പോളൊക്കെ ഏതോ അജ്ഞാതകാരണത്താല്‍ സംയമനം പാലിച്ച മാര്‍ക്സിസ്റ്റുകള്‍ ഏതോ ഗൂഢോദ്ദേശത്താല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും അവരുടെ വസ്തുവകകളെയും മാത്രം ലക്ഷ്യം വയ്ക്കുന്നതായി കാണപ്പെട്ടു. വിദ്യാഭാരതിസ്കൂള്‍ ആക്രമിക്കപ്പെട്ട്‌ ഏതാണ്ട്‌ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി. ബി.ജെ.പി. പ്രവര്‍ത്തകരായ ഏതാണ്‌ മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ അപ്പോളൊന്നും, ഒരു പ്രത്യാക്രമണം സംഘടിപ്പിക്കപ്പെടുകയോ ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റുകാരന്റെ വീട്‌ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നില്ല.

വ്യക്തമായ ആസൂത്രണത്തോടെ ശക്തമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ വരാന്‍ പോകുന്നു എന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചു. പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ്‌ ഒരു പത്രസമ്മേളനത്തില്‍ അതേപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു. കോട്ടയത്തെ സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, പാര്‍ട്ടിയില്‍ കണ്ണൂര്‍ലോബിയുടെ അപ്രമാദിത്വം ഉറപ്പിച്ചതിനുശേഷം നടന്ന ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ബി.ജെ.പി.ക്ക്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌
അതിന്റെ പേരില്‍ - സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മറിച്ച്‌ പോലീസ്‌ സേന കൂടുതല്‍ ചുവപ്പണിയിക്കപ്പെടുകയാണുണ്ടായത്‌. ഒടുവില്‍, എല്ലാം ഭദ്രം - ഇനി തുടങ്ങാം എന്ന സ്ഥിതിയെത്തിയപ്പോള്‍ തലശ്ശേരി സ്റ്റാന്റില്‍ നിന്നു തന്നെ മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ടു. സംഘത്തിന്റെ ഒരു ഉന്നത സ്ഥാനം വഹിക്കുന്ന ശ്രീ. സുമേഷിനെ അവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അതിനുശേഷമുള്ള രണ്ടുമൂന്നുമണിക്കൂറിനുള്ളില്‍ രണ്ടുസംഘപ്രവര്‍ത്തകരേക്കൂടി പേരെകൂടി വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന്‌ പലയിടങ്ങളില്‍ നിന്നായി തുടരെത്തുടരെ ആറുപേരേക്കൂടി അവര്‍ വെട്ടി! ആദ്യദിവസം തന്നെ ഒമ്പതു സംഘപ്രവര്‍ത്തകരെയാണവര്‍ വെട്ടിയരിഞ്ഞത്‌. ഇതിനിടെ, ആദ്യത്തെ സംഭവത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഒരുവശത്ത്‌ സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതു പേരും മറുവശത്ത്‌ ഒരേയൊരാളും വെട്ടേറ്റു കിടക്കുമ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം ക്രൂരമായ അവകാശവാദം തുടങ്ങി. ഞങ്ങളിതാ "ചെറുത്തു നില്‍പ്പു തുടങ്ങി!!"

ജനം മൂക്കത്തു വിരല്‍ വച്ചുതുടങ്ങിയത്‌ അവിടം മുതലാണ്‌.

പിന്നീടുള്ള ദിവസങ്ങളിലും സംഘടിതവും ആസൂത്രിതവുമായ അനേകം ആക്രമണങ്ങളുണ്ടായി. അനവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അതിന്റെയെല്ലാം ഓമനപ്പേര്‌ ചെറുത്തുനില്‍പ്പ്‌ എന്നായിരുന്നു.

ഒടുവിലിപ്പോള്‍, അഞ്ച്‌ സംഘപ്രവര്‍ത്തകരും രണ്ട്‌ മാര്‍ക്സിസ്റ്റുകളും കൊല്ലപ്പെടുകയും ചെയ്ത്‌ അനേകം പേര്‍ മുറിവേറ്റു കിടക്കുന്ന യുദ്ധസമാനസാഹചര്യമാണുള്ളത്‌. മിണ്ടാപ്രാണികള്‍ പോലും ചെറുത്തുനില്‍പ്പില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടില്ല. ഒരു ബി.ജെ.പി. അനുഭാവിയുടെ വീട്ടിലെ പശുക്കുട്ടിയുടെ ജഡം ഇതുവരെ മറവു ചെയ്തിട്ടില്ല. കഴുത്തില്‍ വെട്ടു കൊണ്ട തള്ളപ്പശുവിന്റെയടുത്തേയ്ക്കു സമീപിക്കാന്‍ മൂനു ദിവസമായിട്ടും ഒരു മൃഗഡോക്ടര്‍ക്കു സാധിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന്‌ ആരെയൊക്കെയോ ചെറുത്തുനില്‍ക്കുകയാണ്‌!

" തല്‍ക്കാലം മനസ്സിനൊരാശ്വാസമായി - ചെറുത്തുനില്‍പ്പ്‌ ഇനി നിര്‍ത്താം" - എന്ന്‌ എപ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം തീരുമാനിക്കുന്നോ അപ്പോള്‍ കലാപമവസാനിക്കും. ബി.ജെ.പി. നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ ഒരു തരത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താനാവാത്ത ചില സംഭവങ്ങളുടെ പേരിലേക്ക്‌ ആ ചെറുത്തുനില്‍പ്പുകളെല്ലാം എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യും.

ആവശ്യത്തിനു പോലീസുണ്ടെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമാണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. എന്നാല്‍, പോലീസുണ്ടായിരുന്നത്‌ ബി.ജെ.പി.ക്കാര്‍ കൂടുതല്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ മാത്രമാണ്‌. മറ്റുള്ളിടങ്ങളില്‍ അക്രമികള്‍ യഥേഷ്ടം ആയുധങ്ങളുമായി വിഹരിച്ചു. ഇടയ്ക്ക്‌ അബദ്ധവശാല്‍ ആയുധങ്ങളുമായി പിടികൂടപ്പെട്ട മാര്‍ക്സിസ്റ്റുക്രിമിനല്‍ സംഘത്തെ ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവനുസരിച്ചു വിട്ടയച്ചു. ഇനിയെങ്കിലും കേന്ദ്രസേന എത്തിയാല്‍പ്പോലും നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ, ആയുധധാരികളായ മാര്‍ക്സിസ്റ്റുകള്‍ അവരെ തടഞ്ഞുവച്ചുകൂടായ്കയുമില്ല.

ആദ്യദിവസങ്ങളില്‍ 'കരുതല്‍ അറസ്റ്റു' നടത്തിയത്‌ ബി.ജെ.പി. നേതാക്കളെ മാത്രമാണ്‌. മറുവശത്താണെങ്കില്‍‌, മുമ്പു തന്നെ കൊലക്കുറ്റത്തിന്‌ തടങ്കലിലായിരുന്ന ചില സി.പി.എം. ക്രിമിനലുകള്‍ക്ക്‌ ആഭ്യന്തരവകുപ്പു നേരിട്ടിടപെട്ട്‌ പെട്ടെന്നു പരോള്‍ നല്‍കിയെന്നും അവരാണ്‌ കൊലപാതകപരമ്പര നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ്‌ ചൂണ്ടിക്കാട്ടപ്പെട്ടത്‌!. ഭരണകൂടഭീകരതയുടെ സമാനതകളില്ലാത്ത ഉദാഹരണങ്ങളായിരുന്നു നാലുചുറ്റും! സി.പി.എം.-ന്റെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്യാനുള്ള പോലീസ്‌ നീക്കം പലവിധത്തില്‍ തടസ്സപ്പെടുത്തി. റെയ്‌ഡുചെയ്യാനൊരുങ്ങുമ്പോള്‍ മീറ്റിങ്ങിനാണെന്നു പറഞ്ഞ്‌ വിളിച്ചുവരുത്തി. ഒരു തവണ റെയ്‌ഡ്‌ നടത്തിയ ഉദ്യോഗസ്ഥനെ ആ ചുമതലയില്‍ നിന്നു മാറ്റി. അതിനൊക്കെയിടയിലും ചില ധീരനീക്കങ്ങള്‍ നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയ്ക്കു നേരെ മാര്‍ക്സിസ്റ്റ്‌ അക്രമികള്‍ ബോംബാക്രമണം നടത്തി!

അനേകം വാര്‍ത്തകളില്‍ ഒന്നു മാത്രം താഴെ.
വെട്ടേല്‍ക്കുന്നവരേയും കൊണ്ട്‌ ആശുപത്രിയില്‍ പോയാല്‍ മാത്രം മതിയെന്ന്‌! കലാപം നിയന്ത്രിക്കേണ്ട നിയമപാലകര്‍ക്കു കിട്ടിയ ഉത്തരവിന്റെ കാര്യമാണു പറയുന്നത്‌. കേരളം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ എവിടെയാണ്?

"ചെറുത്തുനില്‍പ്പ്‌" ഇപ്പോളും അഭംഗുരം തുടരുകയാണ്‌. ചെറുക്കുന്നത്‌ ആരായാലും വേണ്ടില്ല - ഇവിടെ ചെറുക്കപ്പെടുന്നത്‌ വ്യക്തികളോ പ്രസ്ഥാനങ്ങളോ അല്ല. ജനാധിപത്യമര്യാദകളാണ്‌. സത്യം പറയുകയെങ്കിലും ചെയ്യണം എന്ന മട്ടിലുള്ള അടിസ്ഥാന ധാര്‍മ്മികമൂല്യങ്ങളാണ്‌. ചിന്താശേഷിയോ പ്രതികരണശേഷിയോ ഇല്ലാത്ത ജനത്തിനുള്ള ശിക്ഷയായിക്കരുതേണ്ടി വരും ഇതിനെ. അത്തരത്തിലുള്ള ജനത്തിന്‌ എങ്ങനെ - എന്തിന്‌ - ഒരു ആധിപത്യം? ജനാധിപത്യം എന്നത്‌ ഇമ്മട്ടിലൊക്കെ 'പുരോഗമനപര'മാകുന്നു ഇവിടെ - ദൈവത്തിന്റെ സ്വന്തം നാട്ടില്‍!

* * * * * * *
സത്യത്തില്‍, ഇപ്പോള്‍ നടക്കുന്നതു തങ്ങളുടെ ചെറുത്തുനില്‍പ്പു മാത്രമാണെന്ന മാര്‍ക്സിസ്റ്റു വാദം പൊളിക്കാന്‍ ഇത്രയും നീണ്ട വിശദീകരണത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. നിസാരമായ ചില ചിന്തകള്‍ മാത്രം മതി.

ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ ഏകപക്ഷീയമായി മാര്‍ക്സിസ്റ്റുകളെ ആക്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ?

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഏറ്റവും സ്വാധീനവും സായുധനീക്കങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള കണ്ണൂരില്‍ത്തന്നെ അത്തരമൊരു "ഏകപക്ഷീയമായ" ആക്രമണത്തിന്‌ അവര്‍ മുതിരുമെന്നു കരുതാമോ?

ആഭ്യന്തരവകുപ്പും പോലീസും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കയ്യില്‍ - പ്രത്യേകിച്ചു കണ്ണൂര്‍ ലോബിയുടെ കയ്യില്‍ - എത്തിപ്പെടുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്‌?

മറ്റുള്ളവര്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യമനുവദിക്കാതെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക എന്ന മാര്‍ക്സിസ്റ്റു ശൈലിയുടെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങള്‍ കേരളത്തിന്റെ - പ്രത്യേകിച്ചു കണ്ണൂരിന്റെ ചരിത്രത്തില്‍ നിന്ന്‌ എടുക്കാവുന്നതല്ലേ?

ഇവിടെ - സത്യത്തില്‍ എങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. 'ചെറുത്തുനില്‍പ്പാ'ണെന്നു വാദിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കടക്കം അറിയാമത്‌. ഒരു പക്ഷേ, അണികള്‍ക്കിടയില്‍ ദേശാഭിമാനിയുടെ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതെങ്കിലും ശുദ്ധഹൃദയര്‍ മാത്രമാവും 'ചെറുത്തുനില്‍പ്പുവാദം" വിശ്വസിച്ചുപോയിട്ടുണ്ടാവുക.

ഒന്നുകൂടിയാലോചിച്ചാല്‍, ഇത്തരം ചോദ്യങ്ങളുടെ പോലും ആവശ്യമില്ല. ചെറുത്തുനില്‍പ്പൊന്നുമല്ല തങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം എന്ന്‌ മാര്‍ക്സിസ്റ്റു നേതൃത്വം തന്നെ വളരെ പണ്ടു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്‌മുറിയില്‍കയറി വെട്ടിക്കൊന്ന അന്നു വൈകിട്ടു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകനേക്കൂടി മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഭ്രാന്തമായ ഈ കൊലപാതകവാസനയേക്കുറിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഒരു മാര്‍ക്സിസ്റ്റു നേതാവു പറഞ്ഞതിങ്ങനെയാണ്‌.

"ഫാസിസ്റ്റുകളെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല".

ഇവിടെ 'ഫാസിസ്റ്റുകള്‍' എന്നത്‌ 'ബി.ജെ.പി.ക്കാര്‍' എന്നു തിരുത്തി വായിക്കുക. അത്തരമൊരു ലേബലിന്‌ എന്തടിസ്ഥാനമാണുള്ളത്‌ എന്നു ചോദിക്കരുത്‌. എന്തിന്റെ പേരിലായാലും ശരി - കുറേ മനുഷ്യരെ ഉന്‍മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ എന്താണധികാരം എന്നും ചോദിക്കരുത്‌. അവരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്‌. ബി.ജെ.പി.ക്കു പകരം മറ്റാരെങ്കിലുമാണ്‌ മാര്‍ക്സിസ്റ്റ്‌ അപ്രമാദിത്വത്തെയും അടിച്ചമര്‍ത്തലുകളെയും ചെറുക്കാന്‍ ശക്തിപ്രാപിച്ചുവരുന്നത്‌ എന്നുണ്ടെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും ലേബല്‍ ഉപയോഗിച്ചേനെ. പൊതുവില്‍പ്പറഞ്ഞാല്‍ - ആ വാചകം ഇങ്ങനെ തിരുത്തിവായിക്കാം.

"ഞങ്ങളുടെ എതിര്‍പക്ഷത്തുവരുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല"!

'മനുഷ്യനെ മയക്കുന്ന കറുപ്പ്‌' ചിലപ്പോളെങ്കിലും നല്ലതാണെന്നു തോന്നിപ്പോകുന്നു. ഇമ്മാതിരി അടിച്ചമര്‍ത്തലുകള്‍ ഒരു പരിധിവിട്ടുകഴിയുമ്പോള്‍ - കുറ്റബോധത്തിന്റെ ഒരു ചെറിയ തുടിപ്പെങ്കിലും മനസ്സിലുണ്ടാക്കും ആ കറുപ്പ്‌. ഇതിനേക്കാള്‍ ഭേദമാണ്‌ - എന്തുകൊണ്ടും!

* * * * * * * *
വാല്‍ക്കഷണങ്ങള്‍:-

പണ്ടൊരിക്കല്‍, മാര്‍ക്സിസ്റ്റുവാരികയായ "People's Democracy"-യുടെ ഒരു ലക്കത്തില്‍ കണ്ട ഒരു കാര്യം ഓര്‍ത്തുപോകുകയാണ്‌. ആന്ധ്രാപ്രദേശിലെ പഞ്ചായത്തെ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനത്തിന്റെ അവസാനഭാഗത്തുകണ്ട ചില വരികള്‍ ഇങ്ങനെയൊക്കെ:-

We lost 13 ZPTC and 64 MPTC seats comparing with the past elections......

....the results revealed our weakness in transforming our popularity into votes due to lack of party machinery in all places.

ലേഖനം അവസാനിപ്പിച്ചുകൊണ്ടുള്ള രണ്ടു വാചകങ്ങള്‍ ഇങ്ങനെയൊക്കെ.

It is clear that out party mass base is still weak. Only with the unleashing of militant struggles in a big way, our base will be strengthened.

പാര്‍ട്ടി നയം തന്നെ ഏതാണ്ട്‌ അങ്ങനെയൊക്കെയാണ്‌! പാര്‍ട്ടി വളര്‍ത്തുന്ന ശൈലി കൊള്ളാം. ഇഷ്ടം പോലെ വളരട്ടെ.

പക്ഷേ, പാര്‍ട്ടിബേസ്‌ അത്യാവശ്യം സ്ട്രോംഗ്‌ ആയിക്കഴിഞ്ഞിട്ടുള്ള സ്ഥലങ്ങളിലും "militant" രീതികളൊക്കെയാണ്‌ "unleash"ചെയ്യപ്പെടുന്നതെങ്കില്‍, "struggle" ചെയ്യുന്നത്‌ മറ്റുള്ളവരായിരിക്കും എന്നതാണൊരു വ്യത്യാസം.

* * * * *

'ചിന്ത' എന്നത്‌ ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - അത്യാവശ്യഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക്‌ എടുത്തുപയോഗിക്കാവുന്ന ഒരു ആയുധം കൂടിയാണ്‌.

* * * * *
അനുബന്ധപോസ്റ്റുകള്‍:-
(1) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(2) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!
(3) കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത

Thursday, March 6, 2008

കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!

ജനങ്ങള്‍ ചേരിതിരിഞ്ഞ്‌ ആക്രമിക്കുകയും അത്‌ കൊലപാതകങ്ങള്‍ക്ക്‌ ഇടയാക്കുകയും ചെയ്യുന്നൊരു സാഹചര്യത്തില്‍, തങ്ങളുടെ പക്ഷചിന്തകള്‍ തത്‌ക്കാലത്തേക്കു വെടിയുക എന്നതാണു പക്വമതികള്‍ ചെയ്യേണ്ടത്‌. പക്ഷം പിടിച്ചു സംസാരിക്കുന്നതൊഴിവാക്കുകയും തികഞ്ഞ സംയമനം പാലിക്കുകയും വേണം. അതു ചെയ്യാതെ വരുമ്പോളാണ്‌ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നത്‌. അതു കലാപമായാലും ശരി - രാഷ്ട്രീയ കൊലപാതകപരമ്പരയായാലും ശരി.

അപ്പോള്‍ മാദ്ധ്യമങ്ങളോ?

അവരാണ്‌ ഏറ്റവും ശ്രദ്ധിക്കേണ്ടത്‌. കാരണം - അവരിലൂടെയാണ്‌ വാര്‍ത്തകള്‍ പരക്കുന്നത്‌.

അവര്‍ മാന്യത പാലിക്കണം. അനാവശ്യമായ പൊലിമയോടെ വാര്‍ത്തകള്‍ നല്‍കരുത്‌. നുണകള്‍ ഒഴിവാക്കുകയും വേണം.

അതെ. മാദ്ധ്യമങ്ങള്‍ നുണകള്‍ ഒഴിവാക്കണം.

അവരതിനു തയ്യാറാകുന്നില്ലെങ്കില്‍, - "അതു നുണയാണ്‌ - വിശ്വസിക്കരുത്‌ "- എന്നതു ചൂണ്ടിക്കാട്ടാനും നമുക്കെന്തെങ്കിലും സംവിധാനം വേണം.

* * * * * * * * *
ഇത്തവണത്തെ ഇടതു ഗവണ്മെന്റ്‌ അധികാരമേറ്റെടുത്തതിനു ശേഷമുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളും അനുബന്ധ സംഭവങ്ങളും - ഒന്നൊഴിയാതെ - ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. അവയിലൊക്കെ, കാര്യങ്ങളുടെ കിടപ്പ്‌ എങ്ങനെയായിരുന്നുവെന്ന്‌ എനിക്കു നല്ല ബോദ്ധ്യമുണ്ട്‌. എന്റെ പക്ഷചിന്തകള്‍ക്കനുസരിച്ചുള്ള മുന്‍വിധികളോടെയല്ല - മറിച്ച്‌ തികച്ചും യുക്തിപരമായ കാര്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌ ഞാന്‍ നിലപാടുകള്‍ സ്വരൂപിച്ചിട്ടുള്ളത്‌. ആരു ചെയ്താലും ശരി - തെറ്റു തെറ്റാണെന്നു പറയാന്‍ എനിക്കു മടിക്കേണ്ടതില്ല.

ഇന്നലെ കണ്ണൂരില്‍ നടന്ന സംഭവങ്ങളേപ്പറ്റി ആദ്യം 'ദേശാഭിമാനി ലേറ്റ്‌ ന്യൂ'സില്‍ നിന്നാണ്‌ അറിഞ്ഞത്‌.

“സി.പി.എം. പ്രവര്‍ത്തകന്‍ രഞ്ജന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകന്‍ സുമേഷിനു പരിക്ക്‌. “

ആ വാര്‍ത്ത ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം - ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു വാര്‍ത്ത - സംഘമാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്‌ എന്നൊരു വാര്‍ത്ത കാണുന്നത്‌. അടുത്തിടെ ശ്രദ്ധിച്ചതിലും അതിനു മുമ്പു തന്നെ അറിയാവുന്നതുമായ സകല സംഭവങ്ങളിലും - ഒന്നൊഴിയാതെ - ഞാനാവര്‍ത്തിക്കട്ടെ - ഒന്നൊഴിയാതെ - മാര്‍ക്സിസ്റ്റുകാരായിരുന്നു ആദ്യം വെട്ടിക്കൊല്ലുകയോ അതിനു ശ്രമിക്കുകയോ ചെയ്തിരുന്നത്‌. അവരാണ്‌ ഏറ്റവും ആദ്യം നടത്തുന്നതും ഏറ്റവും കൂടുതല്‍ നടത്തുന്നതും. (ദേശാഭിമാനി അടുത്തിടെയായി അണികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന ചിത്രം തികച്ചും തെറ്റായിരുന്നുവെന്നതിന്‌ - ഒന്നൊഴിയാതെ എല്ലാ സംഭവത്തിലും - തെളിവുകളുണ്ട്‌. ചില വിശദാംശങ്ങള്‍ ഈ പോസ്റ്റിന്റെ അവസാനം നല്‍കിയിട്ടുണ്ട്‌)

സംഘത്തിന്റെ ചെയ്തികള്‍ എല്ലായ്പ്പോഴും തിരിച്ചടികള്‍ മാത്രമായിരുന്നു. എന്നു വച്ച്‌ അവ ന്യായീകരിക്കാമെന്നല്ല. പക്ഷേ - എല്ലാ തവണയും രണ്ടാമതു മാത്രമാണ്‌ അവര്‍ ആയുധമെടുത്തത്‌. മാത്രമല്ല - അവര്‍ക്കേറ്റ ആള്‍നാശത്തേക്കാള്‍ അങ്ങേയറ്റം കുറഞ്ഞ അളവില്‍ മാത്രമായിരുന്നു അവരുടെ പ്രത്യാക്രമണങ്ങള്‍. ഇതൊന്നും നാം മറച്ചുപിടിക്കേണ്ട ആവശ്യമില്ലല്ലോ. ഇതൊന്നും വെറുതെയങ്ങു പറഞ്ഞുപോകുന്നതല്ല. വാര്‍ത്തകള്‍ വിടാതെ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ നിരീക്ഷണമായിരുന്നു അത്‌. തെളിവുകളുണ്ട്‌. ധാരാളം.

സംഘം ഇപ്പോള്‍ അക്രമം നടത്തിയതു വളരെ മോശമായിപ്പോയെന്നു വിചാരിച്ചു ഞാന്‍. കഴിഞ്ഞയിടെ സി.പി.എമ്മും മറ്റൊരു സംഘടനയുമായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ അതുമായൊന്നും ബന്ധമില്ലാതിരുന്ന സംഘത്തെ അതിക്രൂരമായി പീഢിപ്പിച്ചിട്ടും സംയമനം പാലിച്ചതെല്ലാം ഇപ്പോള്‍ വെറുതെയായി.

സംഘം ആദ്യം ആക്രമിച്ചു എന്നു വന്നിരിക്കുന്നു!

അപ്പോളാണോര്‍ത്തത്‌ പത്രം ദേശാഭിമാനിയാണല്ലോ എന്ന്‌. അവര്‍ പക്ഷം പിടിച്ച്‌ എഴുതിയതാവുമോ എന്നറിയാന്‍ ദീപിക വായിച്ചു.

ദീപികയിലും അതു തന്നെയാണു പറഞ്ഞിരിക്കുന്നത്‌. സി.പി.എമ്മുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകന്‍ സുമേഷിനു വെട്ടേറ്റു.
മംഗളം വായിച്ചപ്പോള്‍ പക്ഷേ അത്ഭുതപ്പെട്ടു പോയി. ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകനു വെട്ടേറ്റതാണു വാര്‍ത്തയുടെ തലക്കെട്ടു തന്നെ! അതെങ്ങനെ ശരിയാകും? അപ്പോള്‍ - സി.പി.എമ്മുകാരന്റെ കൊലപാതകമോ?
അടിയില്‍പറഞ്ഞിട്ടുണ്ട്‌. വൈകിട്ട്‌ സി.പി.എമ്മുകാരനും വെട്ടേറ്റെന്ന്‌.

അതു ശരി! അപ്പോള്‍ അതാണു സംഭവം! ഇത്തവണയും - ഇത്തവണയും - ഇത്തവണയും - മാര്‍ക്സിസ്റ്റുകളാണ്‌ പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ ആദ്യവെട്ടു വെട്ടിയത്‌ അല്ലേ?

വേഗം മാതൃഭൂമി എടുത്തു.
അതെ. സത്യമതാണ്‌. മാര്‍ക്സിസ്റ്റുകളാണ്‌ പ്രശ്നം സൃഷ്ടിച്ചത്‌ - ആര്‍.എസ്‌.എസുകാരാണ്‌ ആദ്യം ആക്രമിക്കപ്പെട്ടത്‌ - എന്ന്‌ അവരും എഴുതിയിരിക്കുന്നു.
ഇല്ല - ഒന്നു കൂടി ഉറപ്പു വരുത്താം - ഉടന്‍ തന്നെ മനോരമ നോക്കി.
അവരും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു. മാര്‍ക്സിസ്റ്റുകള്‍ - മാര്‍ക്സിസ്റ്റുകളാണ്‌ എല്ലാത്തിനും തുടക്കമിട്ടത്‌. അവരാണ്‌ ആദ്യം വെട്ടിയത്‌.

ഇത്തവണയും കാര്യങ്ങള്‍ പഴയതുപോലെതന്നെ എന്നും - സംഘം വീണ്ടുമൊരിക്കല്‍കൂടി അക്രമത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു എന്നും ഞാന്‍ ഡയറിയില്‍ എഴുതി വച്ചു. ദേശാഭിമാനി മാത്രമല്ല - ഇത്തവണ ദീപികയും നുണ പറഞ്ഞുവെന്നും - ഒരുപക്ഷേ അബദ്ധം പറ്റിയതാവാമെന്നും കൂടി അതിനടിയില്‍ എഴുതിച്ചേര്‍ത്തു.

* * * * * * * * *
വാര്‍ത്തകള്‍ തുടര്‍ന്നും വന്നു കൊണ്ടിരുന്നു. ആകെ ഒരേയൊരു സി.പി.എമ്മുകാരന്‍ മാത്രമാണ്‌ ആക്രമിക്കപ്പെട്ടത്‌. എന്നാല്‍, രണ്ടു ആര്‍.എസ്‌.എസ്‌.കാര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. അഞ്ചു പേര്‍ ഏതു സമയവും മരിക്കാവുന്ന നിലയില്‍ കിടക്കുന്നു. മാരകമല്ലാത പരിക്കുകളോടെ രണ്ടുപേര്‍ വേരെയും.

പതിവുകള്‍ ഒന്നും തന്നെ തെറ്റുന്നില്ല എന്നു ഞാന്‍ രേഖപ്പെടുത്തി വച്ചു. സി.പി.എമ്മുകാര്‍ തുടക്കമിടുന്നു എന്നു മാത്രമല്ല - ഏറ്റവും രൂക്ഷമായ തോതില്‍ - ഏറ്റവും കൂടുതലാളുകളെ - വധിക്കുകയും ചെയ്യുന്നു എന്നു കൂടി എഴുതിച്ചേര്‍ത്തു.

പത്രത്താളുകള്‍ പിന്നിലേക്കു മറിച്ചു. അഞ്ചു ദിവസം മുമ്പത്തെ ഒരു വാര്‍ത്ത - പയനിയറില്‍ നിന്ന്‌. സി.പി.എം. വ്യാപകമായ അക്രമം ആസൂത്രണം ചെയ്യുന്നതായി സൂചന ലഭിച്ചതായി ബി.ജെ.പി. പ്രസിഡന്റു പറഞ്ഞിരിക്കുന്നു. ആ സൂചനകള്‍ ഇപ്പോള്‍ അക്ഷരം പ്രതി സത്യമായിരിക്കുന്നു.
മാര്‍ക്സിസ്റ്റുകള്‍ പറയുന്നിടത്തു നില്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസുകാരെ തുടരെ സ്ഥലം മാറ്റിയതു വെറുതെയായിരുന്നില്ല എന്നു വ്യക്തമായി. ഐ.ജി. ഹേമചന്ദ്രന്‍, എസ്‌.പി. മനോജ്‌, സി.ഐ. ബാലന്‍ - ഇവരെയെല്ലാം തുടരെത്തുടരെ സ്ഥലം മാറ്റിയതു വെറുതെയായിരുന്നില്ല എന്ന്‌ ഉറപ്പായി. പെട്ടെന്നൊരു ദിവസം - പ്രത്യേകിച്ചൊരു കാരണമൊന്നുമില്ലാതെ - മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ട്‌ - നിമിഷങ്ങള്‍ക്കകം പടര്‍ത്തി - ഒരു കലാപസദൃശ്യമായ സഹചര്യം സൃഷ്ടിച്ച്‌ ഏഴുപേരെ വെട്ടിയരിഞ്ഞത്‌ ആസൂത്രിതമല്ലെങ്കില്‍ പിന്നെയെന്താണ്‌? ഏതു സമയവും അങ്ങനെയൊന്നു പ്രതീക്ഷിച്ചു കരുതിയിരിക്കുകയായിരുന്നു ആര്‍.എസ്‌.എസ്‌.കാരും എന്നാണ്‌ അതിനിടയ്ക്ക്‌ ഒരു സി.പി.എമ്മുകാരന്റെ കൊലയും കൂടി നടന്നതു സൂചിപ്പിക്കുന്നത്‌.

* * * * * * * * *
ഓര്‍മ്മയുടെ താളുകള്‍ വീണ്ടും പുറകിലേക്കു മറിച്ചു.

രണ്ടു വര്‍ഷം മുമ്പ്‌ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ ഒരു എന്‍.ഡി.എഫുകാരനെ കൊലപ്പെടുത്തുന്നതില്‍ നിന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. അതിന്റെ ഉത്തരവാദിത്തവും പതിവുപോലെ സംഘത്തിന്റെ തലയില്‍ കെട്ടിവച്ചു. പതിവുപോലെ തന്നെ പിന്നീടു തെളിഞ്ഞു അതു മാര്‍ക്സിസ്റ്റുകള്‍ ചെയ്തതാണെന്ന്‌. ആ കേസിലെ പ്രതിയായിരുന്ന ജിജേഷിനെ കഴിഞ്ഞയിടെ ആരോ കൊലപ്പെടുത്തി. എന്‍.ഡി.എഫ്‌. പകരം വീട്ടിയതാണെന്നു കരുതപ്പെടുന്നു. ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരതു നിഷേധിച്ചിട്ടുമുണ്ട്‌ - ആരെയും പിടികൂടിയിട്ടുമില്ല.

ഇത്തവണയും പതിവുപോലെ ആരോപണം സംഘത്തിന്റെ തലയില്‍ വച്ചു. അവരെ പരക്കെ ആക്രമിച്ചു. സ്ഥാപങ്ങള്‍ക്കും മറ്റും ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. സംഘത്തിന്റെ ചില നേതാക്കളാണു പ്രതികളെന്നും പറഞ്ഞ്‌ മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ പ്രതിപ്പട്ടിക കണ്ണുമടച്ച്‌ അംഗീകരിക്കാതിരുന്നതിന്റെ പേരില്‍ പോലീസ്‌ ഉദ്യോഗസ്ഥരെ തുടരെ സ്ഥലം മാറ്റി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കാന്‍ മാത്രമായി ചരിത്രത്തിലാദ്യമായി സംഘം പത്രസമ്മേളനം വിളിച്ചു. പക്ഷേ, മാര്‍ക്സിസ്റ്റുകള്‍ തുടര്‍ന്നും സംഘത്തെ മാത്രം ലക്ഷ്യം വച്ചു. അതിനിടയ്ക്ക്‌ എന്‍.ഡി.എഫ്‌. ശിവപുരത്ത്‌ അക്രമം നടത്തി. മാര്‍ക്സിസ്റ്റുകള്‍ ആക്രമിക്കപ്പെട്ടു. തിരിച്ചൊന്നും ചെയ്യാന്‍ ശ്രമിക്കാതിരുന്ന മാര്‍ക്സിസ്റ്റുകള്‍ അതിലൊന്നും ഇടപെടാതെ നിന്നിരുന്ന ഹിന്ദുസംഘടനാ നേതാക്കളെ മാത്രം ലക്ഷ്യം വച്ചു. ഒടുവിലിതാ ഏഴുപേരെ കൊന്നും കൊല്ലാറാക്കിയും ഇട്ടിരിക്കുന്നു.

ഇതു വായിക്കുന്ന മാര്‍ക്സിസ്റ്റുസുഹൃത്തുക്കളോട്‌ എനിക്കൊരു അപേക്ഷയുണ്ട്‌. നിങ്ങള്‍ ദയവായി നിങ്ങളുടെ പക്ഷചിന്തകള്‍ മാറ്റിവച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ - മുകളിലെഴുതിയിരിക്കുന്നതില്‍ ഏതെങ്കിലും സത്യമല്ലാതുണ്ടോ എന്ന്‌? നാമെല്ലാം നേരിട്ടു കണ്ടറിഞ്ഞ വാര്‍ത്തകള്‍ മാത്രമല്ലേ ഇവിടെ പറഞ്ഞിരിക്കുന്നത്‌? സത്യം വ്യക്തമാകുന്ന മട്ടില്‍ - ചിത്രം വ്യക്തമാകുന്ന തരത്തില്‍ - അവയൊന്നു ക്രോഡീകരിച്ച്‌ അവതരിപ്പിച്ചു എന്നു മാത്രമല്ലേയുള്ളൂ?

നിങ്ങള്‍ക്കെന്നോടു വിരോധം തോന്നിയേക്കാം, പക്ഷേ ഞാനെന്തു ചെയ്യാനാണു സുഹൃത്തുക്കളേ. വാര്‍ത്തകള്‍ നിരന്തരം നിരീക്ഷിച്ച്‌ - അവയെ പിന്തുടര്‍ന്ന്‌ സത്യം കണ്ടു പിടിക്കുന്നത്‌ എന്റെ ശീലമായിപ്പോയി. അത്‌ അവസാനിപ്പിക്കണമെന്ന്‌ ദയവായി എന്നോടു പറയാതിരിക്കുക.

ദേശാഭിമാനി നിങ്ങള്‍ക്കു പറഞ്ഞു തന്നുകൊണ്ടിരിക്കുന്നതെന്താണ്‌? ആര്‍.എസ്‌.എസ്‌.കാര്‍ ചോരക്കൊതിയന്മാരാണ്‌ എന്നും അവരാണ്‌ അക്രമം നടത്തുന്നതെന്നുമാണ്‌ അവര്‍ വാദിക്കുന്നത്‌. തെറ്റാണു സുഹൃത്തുക്കളേ. തെറ്റാണ്‌.ആ പത്രം നിങ്ങളെ ചതിക്കുകയാണ്‌. മാര്‍ക്സിസ്റ്റ്‌ അക്രമങ്ങള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ ന്യായീകരണം ചമയ്ക്കാനാണവര്‍ ശ്രമിക്കുന്നത്‌. അങ്ങനെ നിങ്ങളുടെ മനസ്സില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്നതു തന്നെയാണു ലക്ഷ്യം. ചതിയില്‍ കുടുങ്ങാതിരിക്കുക. വാര്‍ത്തകള്‍ ആരും പിന്തുടരില്ല എന്ന ധൈര്യത്തില്‍ - ആളുകളുടെ മറവി അവര്‍ മുതലെടുക്കുകയാണ്‌. നിങ്ങള്‍ പ്രസ്ഥാനസ്നേഹികളായിരുന്നു കൊള്ളൂ. എന്നാല്‍ - ദയവായി - കളവു പറഞ്ഞുകൊണ്ടുള്ള അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക.

ആലോചിച്ചു നോക്കൂ. ഇപ്പോളുള്ള ഇടതുഗവണ്മെന്റ്‌ അധികാരമേറ്റതിനുശേഷമുള്ള ഒന്നരവര്‍ഷക്കാലത്തിനിടെ (2007 ഡിസംബര്‍ വരെയുള്ള കാലം) ജീവന്‍ നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ എണ്ണം പതിനൊന്ന്‌. അതില്‍ ഏഴുപേരെയും കൊലപ്പെടുത്തിയത്‌ മാര്‍ക്സിസ്റ്റുകള്‍. ബാക്കിയുള്ളവയില്‍ പരോക്ഷപിന്തുണ ആരോപിക്കപ്പെട്ടിരിക്കുന്നു.

മാര്‍ക്സിസ്റ്റുകള്‍ സംഘപ്രവര്‍ത്തകരെ ആക്രമിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോളും - അതിനുശേഷവുമായി ഹൃദയം പൊട്ടിമരിച്ച വൃദ്ധകളുടെ എണ്ണം രണ്ട്‌. പത്രവാര്‍ത്തകള്‍ ഇപ്പോളുമുണ്ടെന്റെ കയ്യില്‍. എന്തുപറഞ്ഞാലും തെളിവുകളോടെ പറയാനാണെനിക്കിഷ്ടം.

മുകളില്‍പ്പറഞ്ഞ കൊലപാതകങ്ങളില്‍ എല്ലാത്തവണയും മാര്‍ക്സിസ്റ്റുകളാണു പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്‌. അതില്‍ ബഹുഭൂരിപക്ഷത്തിനും സംഘപ്രവര്‍ത്തകര്‍ തിരിച്ചടിച്ചിട്ടു കൂടിയില്ല. ഭരണത്തിന്റെ ബലമാണ്‌ മാര്‍ക്സിസ്റ്റുകളെ അക്രമം തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നത്‌ ഉറപ്പല്ലെന്നുണ്ടോ സുഹൃത്തുക്കളേ? കമ്മ്യൂണിസ്റ്റു കോട്ടയായ കണ്ണൂരിലും മറ്റും സംഘമോ മറ്റാരെങ്കിലുമോ മാര്‍ക്സിസ്റ്റുകളെ ആദ്യം കടന്നാക്രമിച്ച്‌ ഒരു അക്രമപരമ്പരയ്ക്കു തുടക്കമിടുമെന്നു തോന്നുന്നുണ്ടോ? അത്‌ അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കില്ലേ?

ഈ കഴിഞ്ഞ ഏഴെട്ടു മാസത്തെ കാര്യമെടുത്താലും ശരി. സംഘം ഏകപക്ഷീയമായ കൊലപാതകങ്ങള്‍ നടത്തിയെന്നും മാര്‍ക്സിസ്റ്റുകള്‍ സംയമനം പാലിച്ചുവെന്നും മറ്റും ദേശാഭിമാനി പറയുന്നത്‌ നൂറുശതമാനം തെറ്റാണ്‌. നൂറില്‍ നൂറുശതമാനം തെറ്റ്‌. പാറായിയില്‍ പവിത്രനും മറ്റും കൊല്ലപ്പെട്ട കാര്യം ആവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍, അതു പറയുമ്പോള്‍ അവര്‍ മറച്ചു പിടിക്കുന്നൊരു കാര്യമുണ്ട്‌. മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ഒരു അക്രമപരമ്പര ഒരാഴ്ചയോളം പിന്നിട്ടഘട്ടത്തിലാന് ആ മരണങ്ങള്‍ ഉണ്ടായത്‌. ആ സമയത്ത്‌ മാര്‍ക്സിസ്റ്റുകളുടെ വെട്ടേറ്റ്‌ ഒമ്പത്‌ സംഘപ്രവര്‍ത്തകരാണ്‌ മരണാസന്നരായി കിടന്നിരുന്നത്‌(അഞ്ചു മാര്‍ക്സിസ്റ്റുകളും)!. അത്തവണയും ആദ്യം ചെയ്തതു മാര്‍ക്സിസ്റ്റുകളാണു താനും. അതിനിടയ്ക്കു നടന്ന രണ്ടു കൊലപാതകങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുമ്പോള്‍ - നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണു സുഹൃത്തുക്കളേ. നിങ്ങള്‍ വഞ്ചിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടുമ്പോള്‍, എന്നോടു തോന്നേണ്ടതു വിരോധമോ അതോ സൗഹൃദമോ എന്നു നിങ്ങള്‍ സ്വയം തീരുമാനിക്കുക.

അടുത്തിടെ, മാര്‍ക്സിസ്റ്റുകാരുടെ അക്രമപരമ്പരയേത്തുടര്‍ന്നല്ലാതെയും കൊലപാതകം നടന്ന - ബി.ജെ.പി.ക്കാര്‍ പ്രതികളായ രണ്ടേ രണ്ടു സംഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പാലക്കാട്‌ മലമ്പുഴയിലും - അഴീക്കോട്‌ മീന്‍കുന്നിലും. പക്ഷേ എന്തു ചെയ്യാം - അതു രണ്ടും - ഞാനാവര്‍ത്തിക്കുന്നു - അതു രണ്ടും - രാഷ്ട്രീയകൊലപാതകങ്ങളായിരുന്നില്ല എന്നും കുടുംബവഴക്കുകളും മറ്റും ആയിരുന്നു പ്രശ്നങ്ങള്‍ എന്നുമുള്ള വിവരങ്ങള്‍ വിശദാംശങ്ങള്‍ സഹിതം പുറത്തു വന്നു കഴിഞ്ഞു. പോലീസും അത്‌ അംഗീകരിച്ചു. ഇതിന്റെയെല്ലാം പത്രവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച്‌ ഞാനൊരു റിപ്പോര്‍ട്ട്‌ അവതരിപ്പിക്കണമെന്നാണെങ്കില്‍ അതുചെയ്യാം (വേണമെങ്കില്‍, എല്ലാ സംഭവങ്ങളിലും എന്താണു യഥാര്‍ത്ഥചിത്രം എന്നു വ്യക്തമാകുന്ന ഒരു പോസ്റ്റുമാവാം). എന്തിനാണതൊക്കെ? അതൊന്നുമില്ലാതെ തന്നെ, വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ക്കെല്ലാം അതൊക്കെ സ്വയം മനസ്സിലാക്കാവുന്നതേയുള്ളൂ.

ബി.ജെ.പി.യോ ആര്‍.എസ്‌.എസോ ആദ്യം മുന്നിട്ടിറങ്ങി കേരളത്തില്‍ രാഷ്ട്രീയകൊലപാതകം നടക്കുന്നൊരു സാഹചര്യമിവിടെയില്ലെന്നതു തീര്‍ച്ചയാണ്‌. പ്രത്യേകിച്ച്‌ - മാര്‍ക്സിസ്റ്റു കോട്ടകളില്‍ അങ്ങനെ നടക്കുന്നുവെന്നു വാദിക്കുന്നത്‌ കേവലം ബാലിശമാണ്‌. ഞാന്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ എന്തായാലും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്‌ കേവലം ഒരു സത്യം മാത്രമാണ്‌. ഇനി ഉണ്ടായാല്‍, അതൊരു വലിയ മാറ്റമാവും. അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ.

സംഘത്തിന്റെയോ ബി.ജെ.പി.യുടെയോ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും എന്തിനാണിങ്ങനെ അവരുടെ വക്കാലത്തു പിടിക്കുന്നത്‌ എന്നു നിങ്ങള്‍ക്കു ചോദിക്കാം. ഞാനീ സത്യങ്ങള്‍ പറയാതിരിക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അത്‌ എന്തുകൊണ്ടാണെന്നുമാണ്‌ എന്റെ മറുചോദ്യം. എനിക്ക്‌ സംഘപ്രസ്ഥാനങ്ങളോട്‌ അനുഭാവമുണ്ട്‌. സ്വാഭാവികമായും അവര്‍ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കും. അവരും അക്രമങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതു ഞാന്‍ നിഷേധിക്കുന്നില്ലല്ലോ. പക്ഷേ - ഒന്നൊഴിയാതെ എല്ലാക്കാര്യത്തിലുമതെ - അവരല്ല പ്രശ്നമുണ്ടാക്കുന്നത്‌ എന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ - മറ്റുള്ളവര്‍ അതു നേര്‍വിപരീതമായി അവതരിപ്പിച്ച്‌ പച്ചക്കള്ളം പറയുന്നു എന്നു വ്യക്തമാകുമ്പോള്‍ - അതു ചൂണ്ടിക്കാട്ടാന്‍ എന്നെ അനുവദിക്കുക. മാര്‍ക്സിസ്റ്റുകളാണ്‌ ഇതിനെല്ലാം പിന്നിലെ ന്യൂക്ലിയസ്‌ എന്നതും കേവലം യാഥാര്‍ത്ഥ്യം മാത്രമാണ്‌. ഭരണത്തിലെ മുഖ്യപങ്കാളികളും സഹോദരകമ്മ്യൂണിസ്റ്റുപ്രസ്ഥാനവുമായ സി.പി.ഐ.യുടെ പ്രവര്‍ത്തകരെപ്പോലും നിര്‍ദ്ദയം വെട്ടുന്ന മാര്‍ക്സിസ്റ്റുകളുടെ ചെയ്തികള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു വയ്ക്കേണ്ടത്‌ ഒരു പൗരന്റെ കടമയാണ്‌. ഭരണം കയ്യാളുന്നവര്‍ ഇതു നടത്തുമ്പോള്‍ - കേരളത്തെ മൊത്തം ബാധിക്കുന്ന ഒരു കാര്യമെന്ന നിലയില്‍ - ഇതു തുറന്നു കാട്ടേണ്ടത്‌ ഒരു സാമൂഹ്യപ്രതിബദ്ധതയാണ്‌. മാനവികത എന്നും ബഹുസ്വരസമൂഹം എന്നുമൊക്കെ ഇടയ്ക്കു പറയാറുള്ള നിങ്ങള്‍, ഈ സദുദ്യമത്തെ ദയവായി പിന്തുണയ്ക്കുക. പാര്‍ട്ടി പരിഗണനകളുടെ പേരില്‍ അതിനു സാദ്ധ്യമല്ലെങ്കില്‍, ഭര്‍ത്സിക്കാതെയെങ്കിലുമിരിക്കുക. ഇതൊരപേക്ഷയാണ്‌.

Wednesday, March 5, 2008

കണ്ണുപൊത്തിക്കോ - SFIക്കാര്‍ വരുന്നു!

ഒരു സംഭവം വാര്‍ത്താപ്രാധാന്യമുള്ളതാണോ അല്ലയോ എന്നത്‌ അനവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌‌. അതുപോലെ തന്നെ, അതൊരു വാര്‍ത്തയായി പ്രസിദ്ധീകരിക്കപ്പെട്ടാല്‍ത്തന്നെയും അതില്‍ ഏതെല്ലാം വിശാംശങ്ങള്‍ ഉള്‍പ്പെട്ടിരിക്കും എന്നതിനു പിന്നിലും പലരുടെ സ്വാധീനമുണ്ട്‌. റിപ്പോര്‍ട്ടര്‍, എഡിറ്റര്‍ തുടങ്ങിയവര്‍ പ്രത്യക്ഷത്തില്‍ അതിനെ സ്വാധീനിക്കുന്നു. പത്രത്തിന്റെ മാനേജ്‌മെന്റ്‌ - അതിന്റെ രാഷ്ട്രീയം - അവരുടെ ധൈര്യം - മുഖ്യവായനാസമൂഹം - അവരുടെ രാഷ്ട്രീയം - അവരുടെ പ്രതീക്ഷ - തുടങ്ങിയവ പരോക്ഷമായും.

* * * * * * *

ഇന്നലത്തെ ദീപികയില്‍ ഒരു ചെറിയ വാര്‍ത്ത കിടക്കുന്നു. കോളേജ്‌ യൂണിയന്‍ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച മൂന്ന്‌ എസ്‌.എഫ്‌.ഐ.ക്കാര്‍ പിടിയിലായത്രേ.
സംഭവം നടന്ന സ്ഥലം, അതിലുള്‍പ്പെട്ട ആളുകള്‍, പ്രതികളുടെ രാഷ്ട്രീയ പ്രസ്ഥാനം - ഇതിന്റെയെല്ലാം പേരുവിവരങ്ങള്‍ മാത്രമാണ്‌ പ്രധാനമായും വാര്‍ത്തയില്‍ നിന്നു ലഭിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റു ചില വിവരങ്ങള്‍ കൂടിയുള്ളത്‌ (മറ്റു പലയിടത്തു നിന്നായി വായിച്ചവ) വെറുതെയൊന്ന്‌ ലിസ്റ്റു ചെയ്തു നോക്കി. ഒരുപക്ഷേ മറ്റൊരു പത്രത്തിലാണെങ്കില്‍ പ്രസിദ്ധീകരിക്കപ്പെടുമായിരുന്നവ. അല്ലെങ്കില്‍, പുതുമയില്ലാത്തതുകൊണ്ട്‌ വാര്‍ത്താപ്രാധാന്യം നഷ്ടപ്പെട്ടവ.

(1) ആക്രമിക്കപ്പെട്ട ചെയര്‍മാന്‍ എ.ബി.വി.പി.യുടെ പ്രവര്‍ത്തകനാണ്‌.

(2) അടുത്തകാലത്തു മാത്രമാണ്‌ ശ്രീകൃഷ്ണ കോളേജില്‍ എസ്‌.എഫ്‌.ഐ.യുടെ ഏകാധിപത്യം അവസാനിക്കുകയും എ.ബി.വി.പി. സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തത്‌‌. ഇത്തവണയും, ചെയര്‍മാന്‍ സ്ഥാനമൊഴിച്ചു മറ്റുള്ളവ എസ്‌.എഫ്‌.ഐ.ക്കു തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു.

(3) ചെയര്‍മാന്‍ സ്ഥാനമേറ്റയുടന്‍ തന്നെ 'ഇതിന്റെ "ദൂഷ്യഫലങ്ങള്‍" നീ അനുഭവിക്കേണ്ടിവരും' എന്നു ഭീഷണിയുണ്ടായതായി പറയപ്പെടുന്നു.

(4) അദ്ദേഹത്തിന്‌ ജീവന്‍ തിരിച്ചു കിട്ടിയേക്കാമെങ്കിലും, ഒരു കണ്ണിന്‌ സമ്പൂര്‍ണ്ണമായി കാഴ്ചനഷ്ടപ്പെട്ടുകഴിഞ്ഞെന്നാണു സൂചന.

(5) കൊലപാതകം നടക്കുന്നുവെന്ന്‌ ഉറപ്പു വരുത്താനായി, ഇരയ്ക്ക്‌ സ്വരക്ഷയ്ക്കായി യാതൊന്നും ചെയ്യാന്‍ കഴിയാത്ത ഒരു സാഹചര്യത്തില്‍ - പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ്‌ ആക്രമിച്ചത്‌.

(6) കൊലയാളിസംഘത്തില്‍ ആയുധധാരികളായ പതിനഞ്ചോളം പേരുണ്ടായിരുന്നുവെന്നാണ്‌ മറ്റുകുട്ടികളുടെ മൊഴി. എന്നാല്‍ ആറുപേര്‍ മാത്രമാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. പോലീസിനു നല്‍കപ്പെട്ട പേരുകള്‍ യഥാര്‍ത്ഥപ്രതികളുടേതാണെന്ന്‌ യാതൊരു ഉറപ്പുമില്ല.

(7) സംഭവം നടന്നിട്ട്‌ കുറച്ചു ദിവസമായിരുന്നിട്ടും - പ്രതികളേക്കുറിച്ച്‌ വ്യക്തമായ സൂചനയുണ്ടായിരുന്നിട്ടും - ഇപ്പോള്‍ മാത്രമാണ്‌ അറസ്റ്റു നടന്നത്‌.

(8) പെട്ടെന്നുണ്ടായ അറസ്റ്റിനു പിന്നിലെ ചേതോവികാരം വ്യക്തമല്ല. ഈ പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ബി.ജെ.പി. തീരുമാനമെടുത്തതിന്റെ തൊട്ടുപിറകെയാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ യാദൃച്ഛികതയാവാം.

ഇതെഴുതുന്നയാളോ ഇതു വായിക്കുന്നവരില്‍ ബഹുഭൂരിപക്ഷമോ, ശ്രീകൃഷ്ണാകോളേജിനേക്കുറിച്ച്‌ ആധികാരികമായി സംസാരിക്കാന്‍ മാത്രമുള്ള അറിവുള്ളവരല്ല. എന്നാല്‍, ലഭ്യമായ വിവരങ്ങള്‍ വച്ച്‌ അവിടുത്തെ സാഹചര്യങ്ങളുടെ ഒരു ഏകദേശചിത്രം ലഭിക്കാന്‍ വലിയ അറിവൊന്നും വേണ്ട എന്നതാണു സത്യം. വിദേശത്തുപോയി പഠിക്കുക എന്നതൊക്കെ മിക്കവാറും ചില രാഷ്ട്രീയക്കാരുടെ മക്കള്‍ക്കൊക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്‌. സാധാരണക്കാരുടെ മക്കളൊക്കെ ഇവിടെ കേരളത്തില്‍ത്തന്നെയാണു പഠിച്ചു വളര്‍ന്നത്‌. എസ്‌.എഫ്‌.ഐ.യുടെ അക്രമരാഷ്ട്രീയവും അസഹിഷ്ണുതയും കണ്ടും കേട്ടും തന്നെ. ഇതുപോലെ എത്രയെത്ര - എത്രയെത്ര - സംഭവങ്ങള്‍!

* * * * * * *

എസ്‌. എഫ്‌. ഐ.ക്കാര്‍ക്ക്‌ മറ്റൊരാളുടെ കണ്ണു തകര്‍ക്കാന്‍ അവര്‍ക്കെതിരെ മത്സരിച്ചുജയിച്ചു എന്ന വൈരാഗ്യമൊന്നും വേണമെന്നില്ല എന്നതാണു വാസ്തവം. എന്തിന്‌ - അതില്‍ ലിംഗഭേദം പോലുമില്ല. വിദ്യാര്‍ത്ഥിപരിഷത്തിനെ അനുകൂലിച്ചുവെന്നതിന്റെ ഒറ്റ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിക്കു തന്റെ കാഴ്ച ബലികൊടുക്കേണ്ടി വന്ന ഒരു വാര്‍ത്ത - മുമ്പ്‌ ദീപികയില്‍ത്തന്നെ വന്നത്‌ ചുവടെ.
സാംസ്കാരികനായകര്‍ - ബുദ്ധിജീവികള്‍ എന്നൊക്കെ അറിയപ്പെടുന്നവരൊന്നും ഇതില്‍ പ്രതികരിക്കാതിരുന്നതില്‍ ദീപിക അമര്‍ഷം പ്രകടിപ്പിച്ചു കാണുന്നു. പക്ഷേ അതില്‍ വലിയ കഥയില്ലെന്നാണു തോന്നുന്നത്‌. ഇരട്ടത്താപ്പിന്റെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങളില്‍ കേവലം ഒന്നുമാത്രമാണല്ലോ ഇത്‌. 'സാംസ്കാരികനായകര്‍' എന്ന പദവി പാര്‍ട്ടിവേദികളിലും പ്രസിദ്ധീകരണങ്ങളിലുമല്ലാതെ, സാധാരണക്കാരുടെ മനസ്സിന്റെ ഏഴയലത്തുപോലും പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ ഇക്കാര്യത്തിലൊക്കെ പ്രതികരിച്ചെങ്കില്‍ മാത്രമല്ലേ അതൊരു വാര്‍ത്തയാകുന്നുള്ളൂ?

* * * * * * *

ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെല്ലാം, മറ്റു പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുത, ധാര്‍ഷ്ട്യം, കണ്ണില്‍ച്ചോരയില്ലായ്മ, സഹജമായ അക്രമവാസന എന്നിവ മാത്രമായിരുന്നു പ്രവര്‍ത്തിക്കുന്നതെങ്കില്‍, അതവരുടെ പ്രത്യേകതമാത്രമായി കണക്കാക്കി ജനങ്ങള്‍ക്കു മുന്‍കരുതലെടുക്കാമായിരുന്നു. എന്നാല്‍, അപകടകരമായ മറ്റൊരു വശംകൂടി ഇതിനുണ്ട്‌. പാര്‍ട്ടി നേതൃത്വവും ഭരണകൂടവും തങ്ങളെ സംരക്ഷിച്ചുകൊള്ളും എന്ന ആത്മവിശ്വാസവും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കുന്നുണ്ട്‌ എന്നതാണ്‌ ആ വസ്തുത. അന്വേഷണം അട്ടിമറിക്കുന്നതിലെ എന്തെങ്കിലും കൈപ്പിഴ മൂലം അഥവാ ശിക്ഷിക്കപ്പെട്ടാലും ശരി - പാര്‍ട്ടി എന്തു വിലയും നല്‍കി രക്ഷിക്കുമെന്നവര്‍ കരുതുന്നു. അതിനു ശേഷം തങ്ങള്‍ക്കു വീരോചിത സ്വീകരണങ്ങളും മറ്റും ലഭിക്കുമെന്നും, മന്ത്രിമാര്‍ പോലും തങ്ങളുടെ പദവിയും ഉത്തരവാദിത്തവും മറന്ന്‌ ഓടിയെത്തി ഹാരാര്‍പ്പണം നടത്തുമെന്നും മറ്റുമുള്ള സ്വപ്നങ്ങളും വഴിതെറ്റിച്ചുകൂടായ്കയില്ല. ആലോചനാശേഷി കുറഞ്ഞ പ്രായമാവുമ്പോള്‍, മനസ്സുകളില്‍ വിഷം കുത്തിവയ്ക്കാന്‍ വളരെയെളുപ്പമാണ്‌.

പാവകളേക്കൊണ്ട്‌ അഭ്യാസപ്രകടനം നടത്തിക്കുവാനായി തിരശീലയ്ക്കു പിന്നില്‍ നിന്ന്‌ ചരടുവലിക്കുന്നവര്‍, ലാഭനഷ്ടക്കണക്കുകളേക്കുറിച്ച്‌ വ്യക്തമായ ബോധമുള്ളവരാണ്‌. നിരന്തരമായ - ക്രൂരമായ - ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍, എന്നെങ്കിലുമൊക്കെ ഒരു തിരിച്ചടി ഉണ്ടാവാതിരിക്കില്ലെന്ന്‌ അവര്‍ക്കു വ്യക്തമായി അറിയാം. പ്രശ്നങ്ങള്‍ രൂക്ഷമാകുകയും അതിനിടയില്‍ തങ്ങളുടെ കൂട്ടത്തില്‍നിന്ന്‌ ഒരു രക്തസാക്ഷിയെ ലഭിക്കുകയും ചെയ്താല്‍ അത്രയും സന്തോഷം. അടുത്ത സംസ്ഥാനസമ്മേളനത്തിന്‌ പതാകജാഥയാരംഭിക്കാന്‍ ഒരു സ്മൃതിമണ്ഡപം കൂടി പണിതുയര്‍ത്താം. അതിന്റെ പണിക്കായി പാട്ടപ്പിരിവു നടത്തി ലക്ഷങ്ങള്‍ മുതല്‍ക്കൂട്ടുകയുമാവാം.

ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പരതിച്ചെന്നാല്‍ - പ്രത്യയശാസ്ത്രപ്രതിബദ്ധതയില്‍ത്തന്നെയാണ്‌ ഒടുവില്‍ച്ചെന്നു തട്ടി നില്‍ക്കുക. പ്രത്യയശാസ്ത്രപുസ്തകങ്ങളുടെ ഏതു താളുകളിലാണാവോ ഇത്തരം ബലപ്രയോഗത്തിനൊക്കെ പ്രേരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌? എന്തായാലും, ഒരു ഭാഷാനിഘണ്ടുവിന്റെ ആദ്യാക്ഷരം മുതല്‍ അവസാനം വരെ പരതിയാലും, "മാനവികത" എന്നതിന്‌ ഇത്തരമൊരു അര്‍ത്ഥം കൊടുത്തിട്ടുണ്ടാവില്ലെന്നു തീര്‍ച്ച.

മറ്റൊരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്ന ഒരൊറ്റ കുറ്റത്തിന്റെ പേരില്‍ കുട്ടികളുടെ കണ്ണു കുത്തിപ്പൊട്ടിക്കലാണ്‌ "മാനവികത" എന്നു വരുമോ? അങ്ങനെയാണെങ്കില്‍, 'രാക്ഷസീയത'യുടെ അര്‍ത്ഥം എന്തായിരിക്കും പോലും?

തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അതു 'ജനാധിപത്യ'മാണെന്ന ധാര്‍ഷ്ട്യപ്രഖ്യാപനം. മറ്റുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ ജനവിധി അംഗീകരിക്കാതെ, ആയുധമുപയോഗിച്ചു തന്നെ കൊന്നൊടുക്കുക. ഇതൊക്കെയാണ്‌ ഒരു 'ജനാധിപത്യ'പ്രസ്ഥാന(???!)ത്തിന്റെ ലക്ഷണങ്ങള്‍ എന്നു വരുമോ?

യഥാര്‍ത്ഥജനാധിപത്യസങ്കല്‍പങ്ങളും മാര്‍ക്സിസ്റ്റ്‌ അജണ്ടകളും - ഇവ രണ്ടും ഉത്തര/ദക്ഷിണധൃവങ്ങള്‍ പോലെ, ഒരിക്കലും ചേരാതെ രണ്ടറ്റത്തുമാത്രം നില്‍ക്കുന്നവയാണെന്ന്‌ അറിയാത്തവരുണ്ടെന്നു വരുമോ?

മനുഷ്യത്വത്തിന്റെ യുഗത്തില്‍ നിന്ന്‌ കാട്ടാളയുഗത്തിലേക്കു തിരിച്ചുപോകാന്‍ നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നവരാണ്‌ 'പുരോഗമന'ചിന്ത(???!)യുടെ വക്താക്കള്‍ എന്നു വരുമോ?

ആളുകളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു നേടാവുന്ന വിജയങ്ങള്‍ക്ക്‌ എന്നും ഒരു പരിധിയുണ്ട്‌. ഒരു ഘട്ടത്തില്‍ വച്ച്‌ കാലം തിരിച്ചടി നല്‍കിത്തുടങ്ങാതിരിക്കില്ല. അത്‌ ഇവിടെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പുറംകാഴ്ചയും അകക്കാഴ്ചയും രണ്ടാണെന്നു തിരിച്ചറിയാതെ ആയുധപ്രയോഗം തുടര്‍ന്നുകൊണ്ടിരിക്കുന്നവര്‍ പരാജയങ്ങളില്‍ നിന്നു പരാജയങ്ങളിലേക്ക്‌ തുടര്‍ന്നും കൂപ്പു കുത്തുകയേയുള്ളു. ഒരോ പുറംകണ്ണ്‌ കുത്തിപ്പൊട്ടിക്കുമ്പോളും നൂറുകണക്കിന്‌ അകം കണ്ണുകള്‍ വേറെ തുറക്കപ്പെടുകയാണെന്നു തിരിച്ചറിയാത്തവര്‍ അര്‍ഹിക്കുന്ന പരാജയങ്ങള്‍!