Wednesday, January 30, 2008

മാതൃഭൂമി പത്രം നിര്‍ത്തലാക്കുന്നു?

തലക്കെട്ടു വായിച്ചു ഞെട്ടി! ഇല്ലെന്നുണ്ടോ?

ക്ഷമിക്കണം - സംഗതി സത്യമല്ല.

യഥാര്‍ത്ഥ വാര്‍ത്ത ദാ താഴെപ്പറയും വിധമായിരുന്നു.

പത്രനടത്തിപ്പിലെ പ്രാരാബ്ധങ്ങള്‍

"ഇന്ന്‌ ഉജ്ജ്വലമായ പത്രപ്രവര്‍ത്തനപാരമ്പര്യമുള്‍ക്കൊള്ളുന്നവരായി മാറിയിട്ടുള്ള ധാരാളം പത്രങ്ങള്‍ക്കു ജന്മം നല്‍കിയിട്ടുള്ള നാടാണു നമ്മുടേത്‌. എന്നാല്‍, ഭാരതം എന്ന നമ്മുടെ മാതൃഭൂമി, 'പത്രം നിര്‍ത്തലാക്കുന്നു' എന്ന വാര്‍ത്തയ്ക്കും പഞ്ഞമില്ലാത്തൊരു നാടാണ്‌ എന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്‌. ഏറ്റവുമൊടുവില്‍ കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച്‌, പതിറ്റാണ്ടുകളുടെ പഴക്കമുള്ള 'നാഷണല്‍ ഹെറാള്‍'ഡും അടച്ചുപൂട്ടപ്പെടാന്‍ പോകുകയാണ്‌. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ്‌ ജവഹര്‍ലാല്‍ നെഹൃ ആരംഭിച്ച പത്രമാണിത്‌."

ഈ വാചകങ്ങളിലെ അനാവശ്യ വലിച്ചുനീട്ടലുകള്‍ പലതും ഒഴിവാക്കപ്പെടേണ്ടതാണ്‌. എന്നാല്‍, ആലോചനാശേഷിയോ അപകടചിന്തയോ കൂടാതെ, തികച്ചും നിരുത്തരവാദപരമായി അതിനെയാരെങ്കിലും എഡിറ്റു ചെയ്യുന്നതായി വെറുതെയൊന്നു സങ്കല്‍പ്പിച്ചു നോക്കിയതാണ്‌. ഒടുവിലത്‌ അച്ചടിച്ചു വരുമ്പോള്‍ പലയിടവും മുറിഞ്ഞ്‌ താഴെപ്പറയും വിധം ആയിപ്പോയാലോ?

"മാതൃഭൂമി പത്രം നിര്‍ത്തലാക്കുന്നു. ജവഹര്‍ലാല്‍ നെഹൃ ആരംഭിച്ച പത്രമാണിത്‌."

ഞാനാണ്‌ അതിന്റെ മൂലരൂപം എഴുതിയ ഹതഭാഗ്യനെങ്കില്‍, വീണിടത്തു നിന്ന്‌ എപ്പോള്‍ ബോധം തെളിഞ്ഞ്‌ എണീക്കുന്നോ ആ നിമിഷം പത്രമാപ്പീസില്‍ നിന്ന്‌ ജീവനും കൊണ്ട്‌ ഓടിയിറങ്ങിപ്പോകും. മുടി വെട്ടി സുന്ദരനാകാം എന്നു വിചാരിക്കുന്നവന്റെ മൂക്കങ്ങു മുറിച്ചു കളഞ്ഞാലോ!

* * * * * *

ഇന്നലത്തെ (2008 ജനുവരി 29) മാതൃഭൂമിയില്‍ ഒരു വാര്‍ത്ത കിടക്കുന്നു. തലക്കെട്ടു വായിച്ചു ഞെട്ടിപ്പോയി.

സംവരണം നിര്‍ത്തലാക്കും - ബി.ജെ.പി. !!!

ശരിക്കും അന്തം വിട്ടു പോയി!

പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ വനിതാപ്രാതിനിധ്യം ഉറപ്പു വരുത്താന്‍ 33% സംവരണം ഏര്‍പ്പെടുത്താനും, അതിനായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാനും വിപ്ലവകരമായ തീരുമാനമെടുത്ത അതേ ദിവസം തന്നെയാണ്‌ ഇത്തരമൊരു വാര്‍ത്ത വരുന്നത്‌ എന്നത്‌ ആശയക്കുഴപ്പം ഇരട്ടിപ്പിച്ചു. ദരിദ്ര പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുത്തിട്ടുള്ള കാര്യകര്‍ത്താക്കന്മാരുടെ എണ്ണമറ്റ നിര ഓര്‍ത്തു പോയി. അധികാരത്തിന്റെ ഏഴയലത്തെത്താതിരുന്ന പഴയകാലത്തും അവശവിഭാഗങ്ങളുടെയിടയില്‍പ്പോയി ജീവിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ ചരിത്രം ഓര്‍ത്തു പോയി. പട്ടികവിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും നിന്ന്‌ ഉയര്‍ന്നു വന്നിട്ടുള്ള നേതാക്കളുടെ ചരിത്രം ഓര്‍ത്തു പോയി.

നോക്കിയപ്പോഴാണ്‌ - തലക്കെട്ടില്‍ മാത്രമേ പിഴവുള്ളൂ. വാര്‍ത്തയില്‍, 'മതാടിസ്ഥാനത്തിലുള്ള' സംവരണങ്ങളെയാണ്‌ എതിര്‍ക്കുന്നത്‌ എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. മറ്റു പത്രങ്ങള്‍ തലക്കെട്ടിലും കൃത്യമായിത്തന്നെയാണു നല്‍കിയിരിക്കുന്നത്‌.
ഇതുപണ്ട്‌ 'കോടതി പുകവലി നിരോധിച്ചു' എന്ന വാര്‍ത്ത പോലെയായിപ്പോയി. പുകവലി നിരോധിച്ചെങ്കില്‍പ്പിന്നെ സിഗരറ്റ്‌ നിര്‍മ്മാണം കുറ്റകരമായി മാറില്ലേ? ഫാക്ടറികള്‍ അടച്ചുപൂട്ടാത്തതെന്താണ്‌?

"പൊതുസ്ഥലങ്ങളില്‍" (മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍) പുകവലിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. സ്വന്തം വീട്ടില്‍ അടച്ചു പൂട്ടിയിരുന്ന്‌ ആവോളം പുകവലിച്ചാലും ആരും അറസ്റ്റു ചെയ്യാന്‍ പോകുന്നില്ല (ജീവന്‍ ബാക്കിയുണ്ടെങ്കില്‍, ആത്മഹത്യാശ്രമത്തിന്റെ പേരില്‍ ചാര്‍ജു ചെയ്യപ്പെട്ടേക്കാമെന്നല്ലാതെ).

ഇവിടെ 'പൊതുസ്ഥലങ്ങളില്‍' എന്ന ‘prefix‘ കൂടാതെ പുകവലി നിരോധനത്തേക്കുറിച്ച്‌ എഴുതിയ സകല പത്രങ്ങളും വലിയ തെറ്റാണ്‌ ചെയ്തത്‌. 'മതാടിസ്ഥാനത്തിലുള്ള' എന്ന prefix കൂടാതെ സംവരണത്തേക്കുറിച്ചു പറയുന്നതും വലിയ തെറ്റു തന്നെ. സാരമായ അര്‍ത്ഥവ്യത്യാസമാണ്‌ അതുണ്ടാക്കുന്നത്‌.

* * * * * *

സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ മതത്തെ മാത്രം മാനദണ്ഡമാക്കുന്നത്‌ ശരിയല്ലെന്നുള്ളത്‌ യഥാര്‍ത്ഥത്തില്‍ ബി.ജെ.പി.യുടെ മാത്രമല്ല - യാഥാര്‍ത്ഥ്യബോധവും ചിന്താശേഷിയുമുള്ള ഏതൊരാളുടെയും അഭിപ്രായമാവാനേ തരമുള്ളൂ. ഇതൊക്കെ തുറന്നു പറയാന്‍ ബി.ജെ.പി. മാത്രം ധൈര്യം കാണിക്കുന്നു - മറ്റുള്ളവര്‍ അതു മൂടി വച്ച്‌ വോട്ടുപിടുത്തം തുടരുന്നു. അത്രയേയുള്ളൂ വ്യത്യാസം.

കോണ്‍ഗ്രസ്‌ ഒറ്റയ്ക്കെന്നോണം ഭരിക്കുന്ന വലിയ സംസ്ഥാനം എന്നു പറയാന്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത്‌ ആന്ധ്രാപ്രദേശ്‌ മാത്രമേയുള്ളൂ. അവിടെ അധികാരമേറി ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന്‌ മുസ്ലീങ്ങള്‍ക്ക്‌ കണ്ണുമടച്ച്‌ 5% സംവരണമേര്‍പ്പെടുത്തുക എന്നതായിരുന്നു!

കിടപ്പാടമോ കഞ്ഞിവെള്ളമോ സഹായിക്കാന്‍ ആളുകളോ ഇല്ലാതെ പരമദരിദ്രനായ ഒരാള്‍ ആത്മഹത്യ ചെയ്യുകയും അയാളുടെ മകള്‍ ജോലിക്കപേക്ഷിക്കുകയും ചെയ്യുമ്പോള്‍ 'മതം വേറെയാണ്‌' എന്ന കാരണം കാട്ടി പുറത്താക്കപ്പെടുന്നെങ്കില്‍, ഒരു പക്ഷേ അവള്‍ അതു വിധി എന്നു കരുതി സമാധാനിച്ചു എന്നു വരും. എന്നാല്‍, സര്‍ക്കാരിന്റെ 'നയങ്ങള്‍' മൂലം ആ അവസരം ഹൈദ്രാബാദ്‌ നിസാമിന്റെ കൊച്ചുമകള്‍ക്ക്‌ കിട്ടുന്നെങ്കില്‍, എവിടെയോ എന്തൊക്കെയോ പിഴവുകളുണ്ടെന്ന്‌ ഏതൊരാളും ചിന്തിച്ചുപോകും. ജനങ്ങള്‍ക്ക്‌ 'അരുത്‌' എന്നു പറയാന്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാത്രമേ അവസരം ലഭിക്കൂ എന്നതുകൊണ്ട്‌ സുപ്രീം കോടതി നേരിട്ടിടപെടേണ്ടി വന്നു അക്കാര്യത്തില്‍.

ഇത്തരം "ഭരണ"മൊക്കെ ശുദ്ധപോക്രിത്തരമാണെന്നു പോലും പറയേണ്ട - മതപരമായ വിവേചനം ഒരു കാര്യത്തിലും പാടില്ലെന്ന ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു മര്യാദാപൂര്‍വ്വം പറഞ്ഞാലും മതി - ഉടന്‍ ബി.ജെ.പി. വര്‍ഗീയമായി!

അങ്ങേയറ്റം ശാസനാപൂര്‍വ്വമായ വിധിപ്രഖാപനത്തിലൂടെ സുപ്രീം കോടതി ആ സംവരണ നീക്കം തടയുമ്പോള്‍, നിരാശയോടെ മറ്റു കുറുക്കുവഴികള്‍ തേടുകയും, രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ചില പ്രത്യേകമതവിഭാഗങ്ങളാണെന്നു പ്രഖ്യാപിക്കുകയും (അല്ലാതെ ഇവിടുത്തെ പട്ടിണിപ്പാവങ്ങളല്ല!), സൈന്യത്തില്‍പ്പോലും മതം തിരിച്ചു കണക്കെടുക്കാനുള്ള ഭയാനകമായ നീക്കം നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്‌ അങ്ങേയറ്റം മതേതരമായി!

മുസ്ലീം ഭൂരിപക്ഷപ്രദേശത്ത്‌ പെട്ടെന്നൊരു പാര്‍ട്ടി സമ്മേളനം തട്ടിക്കൂട്ടിയിട്ട്‌, മുസ്ലീമാണെന്ന ഒറ്റക്കാരണം അടിസ്ഥാനമാക്കി സംവരണം കൊടുക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍, ആ പുസ്തകം തന്നെയങ്ങു തിരുത്തിയെഴുതിക്കളയണമെന്നു മൈക്കു കെട്ടി വിളിച്ചു പറയാന്‍ നാണമില്ലാത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടി മതേതര(!)-പുരോഗമന(!)മാകുന്നു!

ജനങ്ങളുടെ വിവേചനശേഷിക്കു നേരെ നിരന്തരം കൊഞ്ഞനം കുത്തുന്ന സകല കൂസിസ്റ്റുകളുടെയും പരാജയമുറപ്പുവരുത്താനായി അമിതശക്തിയില്‍ അമര്‍ത്തുമ്പോള്‍ തകരാറിലായേക്കാവുന്ന ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ക്കു പകരം വയ്ക്കാനായി കുറേയെണ്ണം ഇപ്പോളേ നിര്‍മ്മിച്ചു വയ്ക്കുന്നതു നന്നാവും. മതാടിസ്ഥാനത്തില്‍ത്തന്നെയാവട്ടെ അതിന്റെ നിര്‍മ്മാണ കരാര്‍ ഉറപ്പിക്കുന്നതും.

* * * * * *

അതേക്കുറിച്ചൊക്കെ പറയാനാണെങ്കില്‍ ധാരാളമുണ്ട്‌. മാതൃഭൂമി വാര്‍ത്തയില്‍, ‘ബി.ജെ.പി. ഹിന്ദുത്വ അജണ്ടയിലേക്ക്‌ "തിരിച്ചു"പോകുന്നു‘ എന്നതും തെറ്റായ പ്രയോഗമാണ്‌. കാര്യങ്ങളേക്കുറിച്ചുള്ള അജ്ഞതയോ അതല്ലെങ്കില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമോ ആണ്‌ അത്തരം വരികള്‍ക്കു പിന്നില്‍. അവയേക്കുറിച്ചും കൂടുതല്‍ പറയാന്‍ തുനിയുന്നില്ല.

എന്നാല്‍, മറ്റൊരു തെറ്റു കടന്നു കൂടിയിട്ടുള്ളതു ചൂണ്ടിക്കാട്ടാതെ തരമില്ല.

ന്യൂനപക്ഷക്ഷേമ(പ്രീണന)പദ്ധതികള്‍ക്കായുള്ള ബജറ്റ്‌ വിഹിതം ഇരട്ടിയിലധികമായി കുത്തനെ വര്‍ദ്ധിച്ചപ്പോള്‍, പട്ടിക ജാതി/വര്‍ഗ്ഗങ്ങള്‍ക്കുള്ള നീക്കിയിരിപ്പ്‌ രണ്ടു ശതമാനം മാത്രമേ ഉള്ളൂ എന്നാണ്‌ മാതൃഭൂമി എഴുതിയത്‌. എന്നാല്‍, മറ്റു പത്രങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തതനുസരിച്ചാണെങ്കില്‍, അങ്ങനെയായിരുന്നില്ല ശ്രീ. രാജ്‌നാഥ്‌ സിംഗ്‌ പ്രസംഗിച്ചത്‌. പട്ടികവിഭാഗങ്ങള്‍ക്കായുള്ള വിഹിതം രണ്ടു ശതമാനം വെട്ടിക്കുറയ്ക്കപ്പെട്ടു എന്നാണ്‌ മറ്റുള്ളവര്‍ എഴുതിയത്‌. ശരിയും അതു തന്നെയാകാനാണിട.

വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്‌ തെറ്റായ റിപ്പോര്‍ട്ടിംഗിലൂടെ മാതൃഭൂമി ഇവിടെ മാറ്റി മറിച്ചത്‌. സംവരണാര്‍ഹതയേക്കുറിച്ചു പരാതികളില്ലാത്ത പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിരുന്ന പണം കവര്‍ന്നെടുത്തുകൊണ്ടാണ്‌ മതാടിസ്ഥാനത്തിലുള്ള സംവരണത്തിനു ചില പാര്‍ട്ടികള്‍ തുനിയുന്നത്‌ എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണത്‌.

അങ്ങേയറ്റം അപലപിക്കപ്പെടേണ്ട - എതിര്‍ക്കപ്പെടേണ്ട - ഒരു പ്രവണതയാണത്‌. അത്തരം നീക്കങ്ങളെ ആരെങ്കിലും പ്രതിരോധിക്കുന്നെങ്കില്‍ അതിനു പിന്തുണ കൊടുക്കുകയാണ്‌ സത്യത്തില്‍ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ചെയ്യേണ്ടത്‌.

* * * * * *
വാല്‍ക്കഷണം:-

തെറ്റു സംഭവിച്ചാല്‍ അത്‌ തുറന്നംഗീകരിച്ച്‌ തിരുത്താന്‍ തയ്യാറാകുക എന്നതൊരു അന്തസ്സു തന്നെയാണ്‌, ആ അന്തസ്സ്‌ മാതൃഭൂമി ഇന്നും കാത്തുസൂക്ഷിക്കുന്നതായി കാണാറുണ്ട്‌. ഇന്നലെ (ചൊവ്വാഴ്ച) സംഭവിച്ച ഈ ദോഷം, പക്ഷേ, അടുത്ത 'ചൊവ്വാദോഷം' പംക്തിയില്‍ തലകാണിക്കുമെന്നു വിശ്വസിക്കാന്‍ യാതൊരു ന്യായവുമില്ല. ഇതൊക്കെ ചൂണ്ടിക്കാണിക്കാന്‍ ആരു താല്‍പര്യപ്പെടുന്നു എന്നതു തന്നെ പ്രശ്നം. ബ്ലോഗുകള്‍ പോലെയുള്ള പുത്തന്‍ പ്രതികരണവേദികള്‍ കൂടി നിരന്തരം ശ്രദ്ധിക്കാനും, സ്വമേധയാ തിരുത്തലുകള്‍ വരുത്തി മാറ്റങ്ങളുള്‍ക്കൊണ്ടു മുന്നോട്ടു പോകുവാനുമുള്ള നിലവാരത്തിലേക്ക്‌ ഒരു പക്ഷേ മാതൃഭൂമി ഇതിനകം എത്തിക്കഴിഞ്ഞിരിക്കാനും മതി. കാത്തിരുന്നു കാണുക തന്നെ.

Wednesday, January 23, 2008

BMS-ന്റെ വളര്‍ച്ചയും CITU-വിന്റെ തളര്‍ച്ചയും

ഭാരതത്തിലെ തൊഴിലാളി യൂണിയനുകളുടെ അംഗബലം സംബന്ധിച്ച്‌ കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിവന്ന പരിശോധന കഴിഞ്ഞു. അന്തിമറിപ്പോര്‍ട്ട്‌ പുറത്തു വരികയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ട്‌ വന്നപ്പോളും തങ്ങള്‍ തന്നെയാണ്‌ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്‌ എന്ന സന്തോഷഭാവത്തില്‍, ഇന്ത്യന്‍ എക്സ്‌പ്രസ്‌ ഒരു വാര്‍ത്ത നല്‍കിയിരിക്കുന്നു. ആവേശം കൊണ്ടാവണം, വാര്‍ത്ത ഒരല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്ന മട്ടിലായിപ്പോയി.

"BMS doubles membership in Communist Kerala" എന്നാണ്‌ വാര്‍ത്തയുടെ തലക്കെട്ട്‌.

തെരഞ്ഞെടുപ്പുകളില്‍ രണ്ടു മുന്നണികളെ 'മാറിമാറി തോല്‍പിക്കുന്ന' ചരിത്രമാണ്‌ കേരളത്തിനുള്ളത്‌ എന്നതു ശരിതന്നെ. അതിലൊരു മുന്നണി ഇടതുമുന്നണിയാണു താനും. എന്നു വച്ച്‌, ഒരു ബംഗാള്‍ - ത്രിപുര - ശൈലിയില്‍ ഒരു 'കമ്മ്യൂണിസ്റ്റ്‌ സംസ്ഥാനം' എന്നൊക്കെ വിളിക്കുന്നതു തെറ്റാവില്ലേ എന്നത്‌ സ്വാഭാവികമായ സംശയം. അതുകൊണ്ട്‌, തലക്കെട്ടു കണ്ടപ്പോള്‍ത്തന്നെ ലേഖകന്‍ മലയാളിയായിരിക്കില്ലെന്ന്‌ ഊഹിച്ചു. ഊഹം ശരിയായി.

ബി.എം.എസ്‌.-ന്റെ അംഗബലം 'ഇരട്ടിയായി' എന്നെഴുതിയതിലും സംശയം തോന്നി. മുമ്പു മുതല്‍ക്കേ അവര്‍ക്കിവിടെ നല്ല അംഗബലമുണ്ട്‌. അനുക്രമമായ വളര്‍ച്ചയാണവര്‍ കാണിച്ചുപോരുന്നതും. അപ്പോള്‍, ഒരു ഇരട്ടിപ്പ്‌ എന്നത്‌ സംഖ്യയില്‍ വലിയൊരു വ്യത്യാസമുണ്ടാക്കും. അതുകൊണ്ട്‌ അതു പ്രത്യേകം ശ്രദ്ധിക്കപ്പെടാതെയുമിരിക്കില്ല. ഏതൊക്കെ വര്‍ഷത്തിലെ കണക്കുകള്‍ വച്ചാണ്‌ താരതമ്യം ചെയ്തിരിക്കുന്നത്‌ എന്നറിഞ്ഞാലേ എക്സ്‌പ്രസിന്റെ നിരീക്ഷണം ശരിയോ എന്ന്‌ അറിയാന്‍ പറ്റൂ.

നോക്കിയപ്പോള്‍, വാര്‍ത്തയ്ക്കിടയില്‍ ഇങ്ങനെയൊരു വാചകം.
"The Bharatiya Mazdoor Sangh, a member of the Sangh Parivar, has managed to muster more than double the number of members (1.52 lakh) in the southern state than Congress' INTUC (71,289)"

ഇതാണ്‌ 'ഇരട്ടി'പ്പിനേപ്പറ്റി ആകെ പരാമര്‍ശിച്ചിരിക്കുന്ന വാചകം. കേരളത്തില്‍, കോണ്‍ഗ്രസിന്റെ INTUC-യ്ക്കുള്ളതിന്റെ ഇരട്ടിയിലധികം അംഗങ്ങള്‍ BMS-ന്‌ ഉണ്ട്‌ എന്നതു ശരിയാണ്‌. ഇതു മുമ്പേ തന്നെ അറിവുള്ളതുമാണ്‌. ഈയൊരു "ഇരട്ടിയിലധികം" പ്രയോഗമാണോ തലക്കെട്ടിലും ആശയക്കുഴപ്പമുണ്ടാക്കിയത്‌ എന്ന്‌ ഉറപ്പില്ല. ആണെങ്കില്‍, എത്ര ആലോചിക്കാതെയാണ്‌ പത്രങ്ങള്‍ തലക്കെട്ടുകളിടുന്നത്‌ - വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്‌ - എന്നൊക്കെയോര്‍ത്ത്‌ അത്ഭുതപ്പെടാതെ നിവൃത്തിയില്ല.

* * * * * * * * * *

വാര്‍ത്തയിലെ മറ്റു പ്രധാന വിവരങ്ങള്‍ ഇങ്ങനെ.

(1) ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനം എന്ന സ്ഥാനത്ത്‌ "ഭാരതീയ മസ്ദൂര്‍ സംഘം" (ബി.എം.എസ്‌) തുടരുന്നു.

(2) CPI(M)-ന്റെ CITU മൂന്നാം സ്ഥാനത്തു നിന്ന്‌ അഞ്ചാം സ്ഥാനത്തേയ്ക്കു തള്ളപ്പെട്ടു.

(3) CPI-യുടെ AITUC അഞ്ചാം സ്ഥാനത്തു നിന്ന്‌ മൂന്നാം സ്ഥാനത്തേയ്ക്ക്‌ ഉയര്‍ന്നു.

(4) AITUC-യും CITU-വും തമ്മില്‍ താരതമ്യം ചെയ്താല്‍, കേരളത്തിലും ബംഗാളിലും CITU-വാണ്‌ ബഹുദൂരം മുമ്പില്‍. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക്‌ തീരെ പ്രാതിനിധ്യമില്ലാത്തതിനാല്‍ മൊത്തം അംഗബലത്തില്‍ AITUC മുമ്പില്‍ വരുന്നു.

(5) ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ റെയില്‍വേ, പ്രമുഖ പൊതുമേഖലാസ്ഥാപനമായ "ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌" തുടങ്ങിയവയിലും ഇടതു യൂണിയനുകള്‍ക്കു മൊത്തം അടുത്തകാലത്ത്‌ ശക്തിക്ഷയം സംഭവിച്ചിട്ടുണ്ട്‌.

* * * * * * * * * *

ഒരു വര്‍ഷം മുമ്പ്‌, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടു പുറത്തു വന്നപ്പോള്‍, "The Hindu" എഴുതിയിരുന്നത്‌ ഇങ്ങനെയായിരുന്നു.
"The CITU has consolidated its position only in West Bengal, Kerala and Tripura and has not made much gain in the other States. It is believed that the CPI (M)'s different stands on policies in West Bengal and at the Centre have left its cadres confused."

* * * * * * * * * *

ബി.എം.എസ്‌.-ന്റെ കേരളത്തിലെ അംഗബലം 'അതിശയിപ്പിക്കുന്ന'താണെന്ന്‌ ലേഖകന്‍ എഴുതിപ്പോയത്‌, വാസ്തവത്തില്‍ അദ്ദേഹത്തിന്റെ അജ്ഞത മാത്രമാണു വെളിപ്പെടുത്തുന്നത്‌..
While CITU has slipped from the third place it occupied in 1989 to fifth place, a bigger surprise comes from Kerala.The Bharatiya Mazdoor Sangh,..........
ആദ്യഭാഗം ഒരു 'സര്‍പ്രൈസ്‌' ആയിത്തോന്നുന്നവര്‍ക്ക്‌ രണ്ടാം ഭാഗവും സര്‍പ്രൈസ്‌ ആയതില്‍ അതിശയിക്കേണ്ടതില്ല. എന്നാല്‍, 'ഫീല്‍ഡില്‍' എന്തു നടക്കുന്നുവെന്ന്‌ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ ഇതൊന്നും ഒരു വാര്‍ത്ത പോലുമല്ല എന്നതാണു വാസ്തവം.

കൊച്ചിയില്‍ ബി.എം.എസ്‌.-ന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'തൊഴിലാളി പഠനകേന്ദ്രം' നിലവില്‍ വരാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും മറച്ചു പിടിച്ചവരാണ്‌ ഇവിടുത്തെ പത്രങ്ങള്‍. യൂണിയന്‍ ഭേദങ്ങളില്ലാതെ സകല തൊഴിലാളികള്‍ക്കും ഗുണകരമായ ആ സംരംഭത്തേക്കുറിച്ച്‌ ഒരു വാക്കെഴുതാന്‍ തയ്യാറാകാതിരുന്നവര്‍ക്ക്‌ 'താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ' എന്ന മട്ടില്‍ കിട്ടുന്ന തിരിച്ചടികളാണ്‌ ഇത്തരം അബദ്ധപരാമര്‍ശങ്ങള്‍. തുടര്‍ച്ചയായ വാര്‍ത്താ തമസ്ക്കരണം കൊണ്ട്‌ വായനക്കാര്‍ മാത്രമല്ല, ലേഖകന്മാര്‍ തന്നെയും തെറ്റിദ്ധരിപ്പിക്കപ്പെട്ടുപോകും. ഒരു പക്ഷേ അതും തമസ്ക്കരണത്തിന്റെ ലക്‌‌ഷ്യങ്ങളിലൊന്നാവാം.

* * * * * * * * * *

കോണ്‍ഗ്രസ്‌ യൂണിയന്റെ ഇരട്ടിയിലധികം അംഗങ്ങള്‍ ബി.എം.എസ്‌-ന്‌ ഉണ്ട്‌ എന്നത്‌ എന്തുകൊണ്ടു പ്രാധാന്യമര്‍ഹിക്കുന്നു എന്നതും ലേഖകന്‍ എടുത്തു പറയുന്നുണ്ട്‌. അതാണ്‌ കൂടുതല്‍ രസകരം.
This is significant since the BJP has never won a single Assembly seat in Kerala.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളേക്കുറിച്ചു മാത്രമല്ല - പതിനാലോളം കക്ഷികള്‍ ചേര്‍ന്ന്‌ ഇരു മുന്നണികളായി ഒരുമിച്ചു നിലകൊള്ളുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും ലേഖകന്‌ തീരെ അറിവില്ലെന്നു വ്യക്തം. കേന്ദ്രത്തില്‍ ഇപ്പോള്‍ ഔദ്യോഗികമായി നിലവിലുള്ള ഇടതു വലതു ബാന്ധവം രൂപപ്പെടുന്നതിനു വളരെ മുമ്പു തന്നെ കേരളത്തില്‍ ചിലയിടങ്ങളില്‍ അത്‌ രഹസ്യമായി (എന്നാല്‍ ഏതാണ്ട്‌ പരസ്യമായിത്തന്നെ) നിലവിലുണ്ടെന്നും, അതില്ലെങ്കില്‍ ആരംഭകാലം മുതല്‍ക്കേ മഞ്ചേശ്വരം ബി.ജെ.പി.യുടെ ഉറച്ച സീറ്റാണെന്നുമുള്ള വിവരം അദ്ദേഹത്തെ കൂടുതല്‍ അതിശയിപ്പിച്ചേക്കും. ഒന്നിച്ചു നിന്ന വിവിധ കക്ഷികളോട്‌ ഒറ്റയ്ക്കു പൊരുതിയിട്ടു പോലും, കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വേറെ രണ്ട്‌ അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തായിരുന്നു എന്നതറിഞ്ഞാല്‍ അദ്ദേഹം ഒരു പക്ഷേ മറിഞ്ഞു വീഴാനും മതി!

* * * * * * * * * *
വാല്‍ക്കഷണം:-

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന്‌ ഇവിടുത്തെ പത്രക്കാര്‍ക്ക്‌ ഇവിടെ കണ്ണുമടച്ചിരുന്ന്‌ എഴുതാമെങ്കില്‍, എന്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നമ്മേപ്പറ്റിയും അങ്ങനെയൊക്കെ എഴുതിക്കൂടാ?

ആരേക്കുറിച്ചാണോ നുണയെഴുതുന്നത്‌ അവരെ 'Enemy No. 1' ആയിക്കണ്ട്‌ നിഷേധാത്മക രാഷ്ട്രീയം കളിക്കുന്നവര്‍ക്ക്‌ കുറ്റം പറയുന്നതിലൂടെ കിട്ടുന്ന മനസുഖം. സത്യമറിയാവുന്നവര്‍ക്ക്‌ ഹാസ്യകോളങ്ങള്‍ മാതിരി അതൊക്കെ വായിച്ചു ചിരിക്കുന്നതിലുള്ള മനസുഖം. രണ്ടുകൂട്ടര്‍ക്കും നല്ലതെങ്കില്‍, ഇതൊക്കെ നല്ല പത്രപ്രവര്‍ത്തനം തന്നെ എന്നു സമ്മതിക്കേണ്ടി വരുമോ ദൈവമേ!

* * * * * * * * * *

അന്തിമ റിപ്പോര്‍ട്ടു സംബന്ധിച്ച പുതിയ വാര്‍ത്ത - 'ഇന്ത്യന്‍ എക്സ്പ്ര'സിലേത്‌ - ഇവിടെ.
BMS doubles membership in Communist Kerala

പ്രാഥമിക റിപ്പോര്‍ട്ടു സംബന്ധിച്ച പഴയ വാര്‍ത്ത - 'ദ ഹിന്ദു'വിലേത്‌ - ഇവിടെ.
Big rise in trade union membership

Friday, January 4, 2008

ഒറീസയില്‍ (2007 ഡിസംബറിൽ) എന്താണു സംഭവിച്ചത്‌?

"കത്തിയത്‌ ഒറീസയില്‍ - പുകമറ കേരളത്തിലും" എന്നു പറഞ്ഞുപോകുന്ന അവസ്ഥയാണിപ്പോള്‍!

വാര്‍ത്തകള്‍ വളരെയധികം "അരിച്ചെടുത്ത്‌", തങ്ങള്‍ക്കിഷ്ടമുള്ള നിറവും കലര്‍ത്തിയാണ്‌ മലയാളപത്രങ്ങള്‍ വില്‍പനയ്ക്കു വയ്ക്കുന്നതെന്നു വ്യക്തം. ഒറീസസംഭവങ്ങളില്‍, മലയാള പത്രങ്ങള്‍ മാത്രം വായിക്കുന്നവര്‍ക്കു ലഭിക്കുന്ന ചിത്രത്തേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ്‌ അന്യഭാഷാമാദ്ധ്യമങ്ങള്‍ കൂടി വായിച്ചാല്‍ ലഭിക്കുന്നത്‌. ആരാണു കള്ളം പറയുന്നത്‌ എന്നു മാത്രമേ ഇനി അറിയേണ്ടൂ.

ഇവിടെ, ഒറീസവാര്‍ത്തകളുടെ ഒരു വിശകലനത്തിനാണ്‌ ശ്രമിക്കുന്നത്‌. മലയാളവാര്‍ത്തകള്‍ക്കൊപ്പം IBN, NDTV, Times of India മുതലായവയിലെ വാര്‍ത്തകളും ചേര്‍ത്തു വച്ച്‌ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിനിടയില്‍, മലയാളപത്രങ്ങളുടെ കടുത്ത വര്‍ഗ്ഗീയപക്ഷപാതം വെളിപ്പെട്ടുവെന്നു വരും. ഒരു വശത്തെ വര്‍ഗ്ഗീയതയും അതു മറച്ചുപിടിക്കപ്പെടുന്നതും ചൂണ്ടിക്കാണിച്ച്‌ അതിനെ പ്രതിരോധിക്കുമ്പോള്‍ അത്‌ മറുവശത്തെ വര്‍ഗ്ഗീയതയായിത്തോന്നിയേക്കാമെന്നത്‌ സ്വാഭാവികമാണ്‌. മിണ്ടാതിരിക്കലാണു മതേതരത്വം എന്ന മൂഢവിശ്വാസം പേറുന്നവര്‍ക്കും ലോലഹൃദയര്‍ക്കും ഇപ്പോഴേ വായന നിര്‍ത്തി മടങ്ങാം.

* * * * * * * * * *
NEWS-ലേക്കു കടക്കുന്നതിനു മുമ്പ്‌ സ്വന്തം ചില VIEWS അവതരിപ്പിക്കേണ്ടതുണ്ട്‌.

ഒരു ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ഏകപക്ഷീയമായി - യാതൊരു പ്രകോപനവുമില്ലാതെ - ക്രൈസ്തവരെ ആക്രമിക്കുകയായിരുന്നു എന്നാണ്‌ മലയാള പത്രങ്ങള്‍ മത്സരിച്ചെഴുതിയത്‌. തികച്ചും തെറ്റാണിത്‌. മതപരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാർക്കും പരിവർത്തിതരല്ലാത്ത ഗിരിവര്‍ഗ്ഗക്കാർക്കുമിടയിൽ (പനാ/കുയി വിഭാഗങ്ങള്‍) സംവരണാനുകൂല്യങ്ങളേച്ചൊല്ലിയും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു ഇത്തവണ കണ്ടത്‌. മതപരിവര്‍ത്തനം സംഘര്‍ഷങ്ങള്‍ക്കു വഴി വയ്ക്കില്ല എന്നു വാദിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു വാസ്തവത്തില്‍ ഈ സംഭവം ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്‌. അല്ലാതെ ഏതെങ്കിലും ഹിന്ദു സംഘടനയെ കരിവാരിത്തേക്കാനല്ല.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം, ഹിന്ദുമതത്തിലല്ലാതെ മറ്റുള്ളവയില്‍ നിന്നുള്ളവരെ പട്ടിക"ജാതി"യായി കണക്കാക്കാനാവില്ല എന്ന ഉത്തരവുണ്ടായത്‌ 1950-ലായതു കൊണ്ട്‌ പ്രശ്നത്തിന്റെ ചരിത്രം അവിടെ നിന്നു തുടങ്ങുന്നുവെന്നു വേണം കരുതാന്‍. സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നതിനാല്‍ പലരും മതം‌മാറ്റത്തിന് വിമുഖത കാട്ടിയത്‌ - അതിനെ ചെറുക്കാനായി പരിവര്‍ത്തനക്കാര്‍ ബദല്‍ നീക്കങ്ങളാരംഭിച്ചത്‌ - അതു പലപ്പോഴും തര്‍ക്കങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കുമൊക്കെ എത്തിച്ചത്‌ - ഇത്തരം പ്രശ്നങ്ങളാരംഭിച്ചത്‌ ആദ്യത്തെ മിഷണറി പ്രവര്‍ത്തകന്‍ എന്ന്‌ ഒറീസയില്‍ കാലുകുത്തിയോ അന്നുമുതല്‍ക്കും.

1956-ല്‍, പട്ടിക ജാതി/വര്‍ഗ്ഗ വിഭജനം ഉണ്ടായപ്പോള്‍ കുയി ഭാഷ സംസാരിക്കുന്ന പനാവര്‍ഗ്ഗക്കാര്‍ അബദ്ധത്തില്‍ പട്ടികജാതി ഗണത്തില്‍പെട്ടുപോയതാണെന്നും മറ്റുമുള്ള വാദം ഉയര്‍ത്തപ്പെട്ടത്‌ - അവരെ പട്ടിക വര്‍ഗ്ഗമായി പ്രഖ്യാപിക്കാന്‍ 1981-ല്‍ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി ഗിരിവര്‍ഗ്ഗക്കാര്‍ അതിനെ ചെറുത്തുപോന്നത്‌ - 2002-ല്‍ പ്രസിഡന്റിന്റെ ഉത്തരവുണ്ടായത്‌ തങ്ങള്‍ക്കനുകൂലമാണെന്ന്‌ പനാവിഭാഗം വാദിച്ചത്‌ - അങ്ങനെ പല സങ്കീര്‍ണ്ണഘടകങ്ങളും ഒത്തു ചേര്‍ന്ന ഒരു സാമൂഹ്യപരിസരത്തിലാണ്‌ ഇത്തവണ സംഘര്‍ഷമുണ്ടായത്‌. 2007 സെപ്‌റ്റംബറില്‍ പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ പനാവര്‍ഗ്ഗത്തിനു തിരിച്ചടിയായതാണ്‌ അടുത്തിടെ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും അവര്‍ നിയന്ത്രിച്ചിരുന്ന പനാവിഭാഗത്തിനും സ്ഥലത്തെ കോണ്‍ഗ്രസ്‌ എം.പി.യുടെയും മറ്റും പിന്‍ബലത്തില്‍ ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നത്‌ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തിരുന്നു.

‘‘വി.എച്ച്‌.പി.‘ ഏകപക്ഷീയമായി അക്രമം നടത്തി‘ എന്ന മട്ടിലുള്ള മലയാള റിപ്പോര്‍ട്ടുകളും തികച്ചും തെറ്റാണെന്നാണ്‌ മറ്റു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. കുയി വിഭാഗത്തിനെ അനുകൂലിച്ചത്‌ കുയി സമാജ സമന്വയ സമിതി (KSSS) ആണ്‌. അതില്‍ വി.എച്ച്‌.പി.ക്കാര്‍ മാത്രമല്ല ഉള്ളത്‌. മാത്രമല്ല അക്രമം ഒരിക്കലും ഏകപക്ഷീയമായിരുന്നില്ല താനും. ഇരുപക്ഷത്തു നിന്നും അക്രമമുണ്ടായിട്ടുണ്ട്‌. ക്രൈസ്തവര്‍ വന്‍തോതില്‍ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. കൊല്ലപ്പെട്ടവരില്‍ ഇതിനകം തിരിച്ചറിയപ്പെട്ടവരൊക്കെ ഹിന്ദുക്കളാണു താനും.

പത്രങ്ങള്‍ എന്തെഴുതി എന്നു നോക്കാം.

* * * * * * * * * *
(ഒന്ന്‌)
'ദീപിക' ഈ വിഷയത്തില്‍ എത്തരം റിപ്പോര്‍ട്ടിങ്ങായിരിക്കും നടത്തുക എന്ന്‌ നഴ്‌സറിക്കുട്ടികള്‍ക്കുപോലും ഊഹിക്കാം. എന്നാലും ഏതറ്റം വരെ പോകും എന്നറിയണമെങ്കില്‍ വായിച്ചു തന്നെ നോക്കണം.

"ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു. 'സ്വാമി ലക്ഷ്മണാനന്ദ സരസ്വതി'യുടെ നേതൃത്വത്തിലാണ്‌ അക്രമം അരങ്ങേറുന്നത്‌" എന്നാണ്‌ അവര്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്‌.

ഇവിടെ, നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാല്‍ 'മുമ്പില്‍ നിന്ന്‌ അടിക്കുക" എന്നു തന്നെയാണ്‌ ലളിതമായ അര്‍ത്ഥം. ആ 'അടിവീര'ന്റെ ഒരു ചിത്രം IBNlive-ല്‍ നിന്നു പകര്‍ത്തിയത്‌ താഴെ.
ഒരു പല്ലെങ്കിലും ഇപ്പോഴും ബാക്കിയുണ്ടാവുമോ എന്ന്‌ ന്യായമായും ആരും സംശയിച്ചുപോകുന്ന ആ വൃദ്ധസന്യാസിയുടെ പ്രായം = എണ്‍പതിനു മുകളില്‍!
അദ്ദേഹത്തേക്കുറിച്ച്‌ ഒന്നുമറിയാതെ, അങ്ങനെയൊരാളാണ്‌ അക്രമത്തിനു മുന്‍നിരയില്‍ നിന്നത്‌ എന്ന ദീപികവാര്‍ത്ത വിശ്വസിച്ചിരിക്കാവുന്ന വായനക്കാരുടെ എണ്ണം = എണ്ണാവുന്നതിലധികം!

* * * * * * * * * *
(രണ്ട്‌)
എണ്‍പതു കഴിഞ്ഞയാള്‍ അക്രമം നടത്തി എന്നു വാദിച്ചതു പോട്ടെ എന്നു വയ്ക്കാം. എന്നാല്‍, വാര്‍ത്ത നേരെ തലതിരിച്ച്‌ അവര്‍ വാദിയെ പ്രതിയാക്കിയാലോ?

ഇത്തവണ, ആദ്യത്തെ അടിവീഴുന്നത്‌ സ്വാമിയുടെ മുതുകത്താണ്‌ എന്നാണ്‌ കേരളത്തിനു വെളിയിലുള്ള മാദ്ധ്യമങ്ങള്‍ പറയുന്നത്‌. പ്രശ്നങ്ങള്‍ക്കു തുടക്കം കുറിച്ചത്‌ സ്വാമിയ്ക്കു നേരെ നടന്ന ഒരു ആക്രമണത്തില്‍ നിന്നാണ്‌.

നാല്‍പതു വര്‍ഷത്തോളമായി ആദിവാസിമേഖലയില്‍ ജീവിച്ച്‌ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന സ്വാമി, മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക്‌ തടസ്സമായിരുന്നു. ഇതിനുമുമ്പ്‌ ആറുതവണ വധശ്രമം ഉണ്ടായിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതു പരിമിതമായിരുന്നു. ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു വച്ച്‌ വീണ്ടും സ്വാമി ആക്രമിക്കപ്പെട്ടു. ഡ്രൈവര്‍ക്കും അംഗരക്ഷകനും ഗുരുതരമായ പരിക്കുകളേറ്റു. സ്വാമിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രൈസ്തവന്‍ - കോണ്‍ഗ്രസ്‌ എം.പി. - പനാ വിഭാഗത്തിനെ പിന്തുണച്ചിരുന്നയാള്‍ - മിഷണറിമാരുടെ വലം കൈ എന്നീ വിശേഷണങ്ങളെല്ലാം ഇണങ്ങുന്ന രാധാകാന്ത്‌ നായിക്കിന്റെ ആളുകളാണ്‌ ആക്രമണങ്ങള്‍ക്കു പിന്നില്‍ എന്നതു തിരിച്ചറിയപ്പെട്ടു. മതപരിവര്‍ത്തനശ്രമങ്ങള്‍ ആരംഭിച്ചകാലം തൊട്ടേ ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങള്‍ - സംവരണപ്രക്ഷോഭങ്ങളുടെ പേരില്‍ മൂര്‍ച്ഛിച്ചു നിന്നിരുന്നത്‌ - കൈവിട്ടു പോകാനും അത്‌ നേരിട്ടുള്ള അക്രമത്തിലേക്കു തിരിയാനും ആ പ്രകോപനം ധാരാളം മതിയായിരുന്നു.

ദീപികയുടെ കഷ്ടകാലമെന്നു വേണം പറയാന്‍ - സ്വാമി കിടന്ന ആശുപത്രിയില്‍ ക്യാമറ നിരോധിച്ചിരുന്നില്ല. ചിത്രങ്ങള്‍ മറ്റു മാദ്ധ്യമങ്ങളില്‍ വരികയും ചെയ്തു. സ്വാമി “അക്രമം നയി“ച്ചെങ്കില്‍, ആശുപത്രിയിലെ ഉപകരണങ്ങളായിരുന്നു നശിപ്പിക്കപ്പെടുക.
ഇത്തവണ വധോദ്യമമായിരുന്നില്ല എന്നും, മറിച്ച്‌ നേരിട്ടുള്ള ആക്രമണത്തിലൂടെ പ്രകോപനം സൃഷ്ടിച്ച്‌ അക്രമത്തിലേക്കേത്തിക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം എന്നും പറയപ്പെടുന്നുണ്ട്‌. പ്രശ്നങ്ങളാരംഭിച്ചയുടന്‍ തന്നെ, ക്രൈസ്തവര്‍ക്കു മാത്രം പെട്ടെന്നെത്താന്‍ കഴിയുന്ന പ്രദേശങ്ങളിലെ മന്ദിരങ്ങള്‍ക്കും കേടുപാടുകളുണ്ടായതെങ്ങനെ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു. അതൊക്കെ കേവലം ഊഹാപോഹങ്ങളായി തള്ളിയാലും, സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പള്ളി പണിതതിന്റെ പേരില്‍ അവിടെ മുമ്പു തന്നെ ചില പ്രശ്നങ്ങള്‍ നിലവിലുണ്ട്‌ എന്ന വസ്തുത അവഗണിക്കാനാവില്ല . അക്കാര്യത്തിലും, സംവരണമേര്‍പ്പെടുത്തിയതിന്റെ കാര്യത്തിലും ചില നിഗൂഢരാഷ്ട്രീയതാല്‍പര്യങ്ങളുള്ളയാളാണ്‌ ശ്രീ. നായിക്‌. ഇതേക്കുറിച്ചൊന്നും, ചുരുങ്ങിയ പക്ഷം സ്വാമി ആക്രമിക്കപ്പെട്ടതാണ്‌ സംഘര്‍ഷത്തിന്നു വഴിമരുന്നിട്ടത്‌ എന്നതെങ്കിലും ഒന്നു സൂചിപ്പിക്കാന്‍ പോലും മലയാള പത്രങ്ങള്‍ മെനക്കെട്ടിരുന്നില്ല.

* * * * * * * * * *
(മൂന്ന്‌)
ആദ്യദിവസം തന്നെ 'ദേശാഭിമാനി'യും കൃത്യമായി അക്രമികളെ കണ്ടെത്തിയിരുന്നു. അവരുടെ അഭിപ്രായത്തില്‍, "സ്വാമി 'ലക്ഷ്മി നാരായണ'യാണ്‌ അക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌"! ഭാഗ്യം - ദീപികയേപ്പോലെ മുന്നിലല്ല - പിന്നിലാണ്‌ അവര്‍ സ്വാമിയെ നിര്‍ത്തിയത്‌, അത്രയും ആശ്വാസം.

അവര്‍ കണ്ടെത്തിയ പേരാണ്‌ അതില്‍ ശ്രദ്ധിക്കേണ്ടത്‌. വിചിത്രമാണത്‌. ലക്ഷ്മീ നാരായണ! അങ്ങനെയൊരു സ്വാമി ഒറീസയിലുള്ളതായി ആര്‍ക്കുമറിയില്ല. ആ പേര്‌ എവിടുന്നു കിട്ടിയോ എന്തോ? ഏതെങ്കിലും ദേവീസ്തുതിയില്‍ നിന്നോ മറ്റോ മോഷ്ടിച്ചതാവണം. അമ്മേ നാരായണ - ദേവീ നാരായണ - ലക്ഷ്മീ നാരായണ - ഭദ്രേ നാരായണ - ഇതിലൊരെണ്ണം കണ്ണുമടച്ചു തെരഞ്ഞെടുത്ത്‌ ഒരു 'സ്വാമി' എന്നു കൂടി ചേര്‍ത്ത്‌ വാര്‍ത്ത പടച്ചു വിട്ടതാവണം!

എവിടുന്നൊക്കെയോ എന്തൊക്കെയോ കേട്ട്‌ - യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ തോന്നിയ മട്ടില്‍ എഴുതിവിടുന്ന വെറുമൊരു പൈങ്കിളിപത്രത്തിന്റെ നിലവാരത്തിലാണ്‌ ആ പത്രം ഇപ്പോള്‍ ഓടുന്നത്‌ എന്നതിന്‌ ഇതില്‍പ്പരമൊരു ഉദാഹരണം വേണോ? മഞ്ഞപ്പത്രങ്ങള്‍ക്കുപോലും നാണക്കേടാണ്‌ ആ പത്രം എന്നു പറയാതെ വയ്യ.

* * * * * * * * * *
(നാല്‌)
ഇക്കണ്ട ഗിരിവര്‍ഗ്ഗക്കാര്‍ ഒന്നടങ്കം വിശ്വഹിന്ദു പരിഷത്തുകാരാണോ എന്നു വിവരമുള്ളവര്‍ ചോദിച്ചെങ്കിലോ എന്നു ഭയന്നിട്ടാണോ എന്നറിയില്ല - പിറ്റേ ദിവസം ദീപിക ഒരു ചെറിയ തിരുത്തു വരുത്തി. വി.എച്ച്‌.പി.യുടെ "പിന്തുണയോടെ"യാണ്‌ അക്രമം എന്നാക്കി മാറ്റി. സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത ഹിന്ദുക്കളും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിച്ചേക്കും എന്ന്‌ അംഗീകരിച്ച - ഒരു പക്ഷേ ആദ്യത്തെ - പത്രം!

* * * * * * * * * *
(അഞ്ച്‌)
മലയാളവാര്‍ത്തകളുടെ പൊതുവേയുള്ള ശൈലി ഇങ്ങനെയായിരുന്നു - സംഘപരിവാര്‍ കൃസ്ത്യാനികളെ ആക്രമിക്കുന്നു - ഒരാള്‍ കൊല്ലപ്പെട്ടു!

എന്നാല്‍, ബിഷപ്സ്‌ കോണ്‍ഫറന്‍സിന്റെ വക്താവ്‌ എന്നനിലയില്‍ ശ്രീ. ജോണ്‍ ദയല്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒരു ഇംഗ്ലീഷ്‌ പത്രത്തിലുണ്ട്‌. അത്‌ ഇങ്ങനെ.

Later, dozens of people from each community clashed, Dayal said. One person was killed, he added, but could not say if the dead man was a Hindu or Christian. Another 25 people were wounded, the Press Trust of India news agency said.

രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്നു വ്യക്തമാണ്‌. ഒന്ന്‌ - ആക്രമണം ഇരുപക്ഷത്തു നിന്നുമായിരുന്നു. രണ്ട്‌ - കല്ലേറില്‍ കൊല്ലപ്പെട്ടയാള്‍ ഹിന്ദുവായിക്കൂടെന്നില്ല.

മലയാളവാര്‍ത്തകള്‍ വായിച്ചു വികാരം കൊണ്ടവരെല്ലാം എത്രമാത്രം വിഡ്ഢികളാക്കപ്പെട്ടു!

* * * * * * * * * *
(ആറ്‌)
ഏകപക്ഷീയമായല്ല - ഇരു വശത്തു നിന്നും അക്രമമുണ്ടായി എന്നു വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്താ ശകലം:-
In Baliguda village, which is the ground zero in Kandhamal, nearly 3,000 people have become homeless following clashes between Hindus and Christians. The RDC said while relief camps in Christian-dominated pockets saw a surge of Hindu refugees, the Christians flooded camps set up in Hindu majority areas. He said some camps had people from both communities.

* * * * * * * * * *
(ഏഴ്‌)
ക്രൈസ്തവരാണ്‌ ആദ്യം പ്രശ്നമുണ്ടാക്കിയത്‌ എന്ന ആരോപണത്തേക്കുറിച്ചറിയണമെങ്കിലും ഇംഗ്ലീഷ്‌ പത്രം തന്നെ വായിക്കണം.
"There has been well planned attacks on the community and institutions and this has been causing a lot of anguish," Babu Joseph, spokesperson, CBCI concurs.

Hindus, on the other hand, have pointed out to the role of the Christians themselves. They say, the Christians were the ones to cast the first stone and that the Christians have also burnt homes of the Hindus.

* * * * * * * * * *
(എട്ട്‌)
അക്രമത്തിന്റെ ചില ദൃശ്യങ്ങള്‍ - മലയാളപത്രങ്ങളിലൊന്നും കാണാതിരുന്നത്‌ - താഴെ.
a mob allegedly set fire to several homes belonging to Hindus in Brahmanigaon area of the Kandhmal district in Orissa.

* * * * * * * * * *
(ഒമ്പത്‌)
അക്രമികളുടെ കയ്യില്‍ തോക്കും വെടിക്കോപ്പുകളുമുണ്ടായിരുന്നു എന്നറിയിക്കുന്ന ഒരു ഭാഗം ഇങ്ങനെ:-
..the situation turned explosive in Brahmanigaon after a Christians took out a rally that was opposed by Hindu organisations. Reports reaching Bhubaneswar said rallyists beat up rival groups forcing them to take refuge at the local police station. When the cops tried to intervene, the rallyists opened fire on them as well.

* * * * * * * * * *
(പത്ത്‌)
പോലീസ്‌ നടത്തിയ ഒരു വെടിവയ്പിനേക്കുറിച്ചുള്ള വാര്‍ത്ത താഴെ.
police fired on a group of Hindus who burnt a police station in Kandhamal district's Brahmangaon village. They said police failed to protect them after a group of Christians burned several Hindu homes in an apparent retaliation for attacks on churches, officials said.

* * * * * * * * * *
(പതിനൊന്ന്‌)
ക്രൈസ്തവര്‍ അക്രമം ഭയന്ന്‌ കാട്ടില്‍ ഒളിച്ചിരിക്കുകയാണെന്നൊക്കെയാണ്‌ ഇവിടെ പലരും മുറവിളിക്കുന്നതു കേട്ടത്‌. എന്നാല്‍ എന്‍.ഡി.ടി.വി. പറഞ്ഞത്‌ അവര്‍ സംഘടിച്ച്‌ കൊലയും കൊള്ളിവയ്പും നടത്തി എന്നാണ്‌.
On Thursday, Brahmanigaon, the epicenter of the anti-Christian violence that erupted on the 24th of December was in the line of fire yet again. But this time, the Hindus were at the receiving end. On Thursday, 27th of December, a 2000-strong mob invaded the village and set nearly 100 houses on fire. NDTV found a body on the village road, 36 hours after firing between the mob and the police took place.

* * * * * * * * * *
(പന്ത്രണ്ട്‌)
ഹിന്ദുക്കള്‍ ധാരാളം അക്രമത്തിനിരയാകുന്നുണ്ട്‌ എന്നത്‌ മിക്ക മലയാളമാദ്ധ്യമങ്ങളും മറച്ചു വച്ചപ്പോള്‍ - ഒരു കൂട്ടര്‍ മാത്രം അതു തുറന്നെഴുതാനുള്ള ധൈര്യം കാട്ടി. മാധ്യമം ദിനപത്രമാണത്‌.

ചില്ലിട്ടു സൂക്ഷിച്ചു വയ്ക്കേണ്ട വാര്‍ത്തയാണത്‌. "ഒറീസയില്‍ ഹിന്ദുക്കള്‍ക്കു നേരെയും വി.എച്ച്‌.പി. ആക്രമണം - ആയിരങ്ങള്‍ ഭവനരഹിതര്‍" എന്നവര്‍ തലക്കെട്ട്‌ ഇട്ടു കളഞ്ഞു!!!!!!!! മിഷണറിമാരുമായി സഹകരിക്കുന്നുവെന്നാരോപിച്ച്‌ പരിഷത്തുകാര്‍ ഹിന്ദുക്കളെ ആക്രമിക്കുകയാണത്രേ! മിക്ക മാധ്യമം വാര്‍ത്തകളിലും, 'വി.എച്ച്‌.പി.' എന്ന പേര്‌ പരമാവധി തവണ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറാകുന്ന വായനക്കാര്‍ മാത്രമേ ആ പത്രത്തിനുള്ളോ എന്ന്‌ അത്ഭുതപ്പെട്ടുപോകുന്നു!

മലയാളമാദ്ധ്യമരംഗം എത്ര ദുര്‍ഗന്ധം വമിപ്പിക്കുന്നതാണ്‌! ഇത്തരം വാര്‍ത്തകള്‍ വായിച്ചതിനു ശേഷം നാലുതവണയെങ്കിലും കുളിക്കാതെ ഒരു നല്ലകാര്യത്തിനിറങ്ങരുത്‌ എന്നല്ലാതെ എന്തു പറയാനാണ്‌?!

* * * * * * * * * *
(പതിമൂന്ന്‌)
ഒരാളെ പച്ചയ്ക്കു കത്തിക്കാന്‍ ശ്രമിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്ത IBN പ്രസിദ്ധീകരിച്ചിരുന്നു.
There have been reports of an attempt been made by a mob to burn alive one person at Adaba police station. He has reportedly sustained 50 per cent burn injuries and has been admitted in Berhampur hospital.

സംഘപരിവാര്‍ സംഘടനകളെ ആക്രമിക്കാന്‍ കിട്ടുന്ന ഒരൊറ്റ അവസരം പോലും വെറുതെ കളയില്ല എന്ന്‌ ഉറപ്പുള്ള IBN എന്തുകൊണ്ടാവും ഇതിങ്ങനെ വെറുമൊരു ഒറ്റവരിവാര്‍ത്തയാക്കിയത്‌ എന്നു സംശയിച്ചിരുന്നു. 'one person', 'he' എന്നൊന്നുമല്ല സാധാരണ കാണേണ്ടത്‌.

ഊഹം ശരിയായിരുന്നു എന്ന്‌ 'The pioneer'-ലെ വാര്‍ത്ത തെളിയിച്ചു.
In a shocking revelation, a victim of the communal violence at Kandhamal that erupted following the attack on Swami Laxmanananda Saraswati, Bhikari Charan Sethi stated that Christians forcibly dragged him to the outskirts of Brahmanigaon, poured diesel on him and set him ablaze.

Bhikari, 17, has been undergoing treatment at the MKCG Medical College since December 25. In his statement, Bhikari said on the fateful day, around seven to eight persons, all Christians, forcibly caught hold of him at Odiya Street around 11-12 pm while he was going to answer the nature's call at a pond located on the village outskirts. The group was led by one Thomas Naik, who has been involved in the disturbing activities, Bhikari stated.

പഴയ Berhampur- അതായത്‌ ഇപ്പോഴത്തെ Bramhapur - അവിടെത്തന്നെയാണ്‌ The Maharaja Krishna Chandra Gajapati Medical College & Hospital സ്ഥിതിചെയ്യുന്നത്‌. അപ്പോള്‍ രണ്ടു വാര്‍ത്തയിലും പറയുന്നത്‌ ഒരേ സംഭവം തന്നെയായിരിക്കണം. പേരുകളും വിശദവിവരങ്ങളുമടക്കം വിശദമായ വാര്‍ത്ത കൊടുക്കാന്‍ The Pioneer തയ്യാറായതില്‍ നിന്ന്‌, അത്‌ സത്യമാവാമെന്നു വേണം കരുതാന്‍.

* * * * * * * * * *
(പതിനാല്‌)
ഒറീസയിലെ ആര്‍ച്ച്‌ ബിഷപ്‌ റാഫേല്‍ ചീനാത്തിന്റെ വാക്കുകള്‍ മാധ്യമത്തിലുണ്ട്‌.

"സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ആക്രമിച്ചുവെന്ന വാര്‍ത്ത അധികൃതര്‍ മെനഞ്ഞെടുത്തതായിരുന്നു"

ഫോട്ടോയടക്കം ആ വാര്‍ത്ത പ്രസിദ്ധീകരിച്ച സകലമാദ്ധ്യമങ്ങളും, അധികൃതരുടെ 'മെനഞ്ഞെടുക്കല്‍' വിശ്വസിച്ചോ അല്ലെങ്കില്‍ മനപ്പൂര്‍വ്വമോ കള്ളം പറഞ്ഞതാവണം. അല്ലെങ്കില്‍ ബിഷപ്‌ - അതുമല്ലെങ്കില്‍ മാധ്യമം. ആരോ കള്ളം പറഞ്ഞിട്ടുണ്ടെന്നുറപ്പ്‌.

മനോരമ പറഞ്ഞിരിക്കുന്നതനുസരിച്ച്‌, ബിഷപ്‌ ആക്രമണവാര്‍ത്ത നിഷേധിച്ചിട്ടില്ല. മറിച്ച്‌ അതിനു പിന്നിലും ആസൂത്രണമുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്‌.

* * * * * * * * * *
(പതിനഞ്ച്‌)
ആക്രമണവാര്‍ത്ത സത്യമായിരുന്നുവെന്നു തന്നെയാണ്‌ പിന്നീടുള്ള ദേശാഭിമാനിയും വായിച്ചാല്‍ മനസ്സിലാകുന്നത്‌. അവരതു നിഷേധിച്ചിട്ടില്ല. പകരം, ആക്രമിച്ചതു 'വി.എച്ച്‌.പി."ക്കാര്‍ തന്നെ എന്ന മട്ടില്‍ ചില വാചകങ്ങള്‍ എറിഞ്ഞു നോക്കിയിട്ടുണ്ട്‌!

ചില ഹാസ്യകോളങ്ങളും ഇടയ്ക്കു വായിക്കുന്നതു നല്ലതാണ്‌ എന്നല്ലാതെ എന്തു പറയാന്‍?

* * * * * * * * * *
(പതിനാറ്‌)
‘മതപരിവര്‍ത്തനം നടന്നിട്ടില്ല - നടക്കുന്നുമില്ല‘ എന്നൊക്കെ ബിഷപ്‌ പറഞ്ഞതായിട്ടാണ്‌ ദീപികയില്‍ നിന്നും മറ്റും മനസ്സിലാകുന്നത്‌. ജനസംഖ്യ പരിശോധിച്ചാല്‍ അതു മനസ്സിലാകുമത്രേ.

Hindusthan Times-ന്റെ ലിങ്ക്‌ Yahoo news-ല്‍ നിന്നു കിട്ടി. അവിടെ പറയുന്നത്‌ കണ്ഡമല്‍ ജില്ലയില്‍ മാത്രം ഒരുലക്ഷത്തിലേറെ ക്രിസ്ത്യാനികളുണ്ടെന്നാണ്‌.
Of over one lakh Christians in Kandhamal district, 60 per cent have converted from SCs and they are locally called Pana Christians.

The pioneer പറയുന്നതും ഏതാണ്ട്‌ അതിനോടടുത്തു വരുന്നു.
About 15 per cent of Kandhamal district's population (6.5 lakh) comprises Christians.

മതപരിവര്‍ത്തനം നടക്കുന്നില്ല എങ്കില്‍, ആ ജില്ലയില്‍ മാത്രമുള്ള ഈ ഒരുലക്ഷം പേര്‍ പുറത്തു നിന്നു വന്നവരാണോ എന്നതാണു ന്യായമായ ഒരു സംശയം. ആരോ കള്ളം പറയുന്നുണ്ട്‌. പത്രങ്ങള്‍ കള്ളമേ പറയൂ എന്നും പാതിരിമാര്‍ കള്ളം പറയില്ല എന്നുമാണ്‌ "വിദഗ്ദ്ധമതം". അത്തരം മതങ്ങളും പരിവര്‍ത്തനം ചെയ്യേണ്ട കാലമായോ എന്തോ?

* * * * * * * * * *
(പതിനേഴ്‌)
സംഭവത്തേക്കുറിച്ചുള്ള മിക്ക റിപ്പോര്‍ട്ടുകളും IBNlive അവസാനിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു.
This is not the first such incident of violence in Orissa and perhaps won‘t be the last one either.

അവര്‍ വെറുതെ പേടിപ്പിക്കുകയാണല്ലോ എന്നു കരുതി ഒരു ആശ്വാസം കിട്ടാനായി മലയാള വാര്‍ത്തകളിലേക്കു തിരിച്ചു വന്നു. അപ്പോള്‍, കേരള കത്തോലിക്കാ മെത്രാ സമിതി യോഗത്തേക്കുറിച്ചും, കെ.സി.ബി.സി.യുടെ ഭാരവാഹികളുടെ സംയുക്തപ്രസ്താവനയേക്കുറിച്ചുമുള്ള ദീപിക വാര്‍ത്തയില്‍ കണ്ടത്‌ ഇങ്ങനെ.
രക്തസാക്ഷികളുടെ രക്തത്താലും വിശ്വാസികളുടെ കൂട്ടായ്മയിലുമാണ്‌ സഭ വളര്‍ന്നിട്ടുള്ളത്‌. തീയില്‍ കുരുത്ത ക്രൈസ്തവ സമൂഹം വെയിലത്തു വാടിപ്പോകില്ല.“

കര്‍ത്താവേ! അപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ ഇറങ്ങിയിരിക്കുകയാണെന്നു സാരം.

ഒരു പള്ളി തന്നെ നേരിട്ടു നടത്തുന്ന ഒരു പത്രമാണ്‌ തുടര്‍ന്നു വായിച്ചത്‌. ഒറീസയിലെ 'പ്രേഷിത'പ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ അതില്‍ പറയുന്നുണ്ട്‌.

Scott Baldauf - The Christian Science Monitor - March 2005

Verghese is pastor of the Beersheba Church of God in Jhabua. He shows a recent video CD, produced by Indian Evangelical Team (IET) leader P.G. Varghis, which makes it clear that conversion, not development, is the priority.

For Verghese and others who believe the Apocalypse could come at any moment, there is little time to carry out the kind of slow, development-oriented missionary work that mainstream churches focus on.

In the video, Varghis proudly mentions that the IET's 1,775 missionaries "planted" 2,000 churches in India in just five years, and planned to reach a goal of 7,777 churches by the year 2010.

In recent years, North India has been a key region of focus by informal networks of Christian evangelical groups in the West, with some churches drawing up quotas for new churches built, gospel literature handed out, and new missionaries trained.

"Christians are being killed," Varghis admitted in the video, "But we are dedicated to build North India for Christ."

The video, which is narrated in English and is apparently aimed at a Western audience, makes an emotional appeal for funds, noting that it costs $3,000 to $6,000 to build a church, a cost that is far beyond the means of the mainly tribal population that IET hopes to convert.


വര്‍ഗ്ഗീസിനേപ്പോലെ ചിലര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നിടത്തോളം കാലം തീ പെട്ടെന്നൊന്നും അണയാന്‍ പോണില്ല എന്നു തന്നെ വേണം കരുതാന്‍.

കഷ്ടം!

ഗിരിവര്‍ഗ്ഗക്കാര്‍ അക്രമം നടത്തിയതിലൂടെ വെളിവാകുന്നത്‌ "സവര്‍ണ്ണ അസഹിഷ്ണുതയാണ്‌ - സവര്‍ണ്ണ മേധാവിത്വത്തിനുള്ള ശ്രമമാണ്‌" എന്നൊക്കെയുള്ള ചില പ്രസ്താവനകള്‍ ഇനിയും വന്നേക്കാമെന്നും, അതൊക്കെ കേട്ട്‌ അന്നും ചിരിക്കാം എന്നും ആശ്വസിക്കുക മാത്രമേ വഴിയുള്ളൂ.

* * * * * * * * * *
വാല്‍ക്കഷണം:-
ഒന്ന്‌ -
സത്യക്രിസ്ത്യാനികള്‍ പരക്കെ അക്രമം കാണിച്ചതായി വെളിപ്പെടുത്തിയ, മുകളില്‍ സൂചിപ്പിച്ച, ഇംഗ്ലീഷ്‌ പത്രങ്ങളില്‍ ഒന്നൊഴികെ എല്ലാം അറിയപ്പെടുന്ന 'സംഘപരിവാര്‍വിരുദ്ധ'മാദ്ധ്യമങ്ങളാണ്‌. ആ വാര്‍ത്തകളൊക്കെ തെറ്റാണ്‌ എന്ന്‌ ക്രൈസ്തവസഭാദ്ധ്യക്ഷന്മാര്‍ക്ക്‌ അഭിപ്രായമുണ്ടെങ്കില്‍, പ്രതിഷേധിക്കേണ്ടതും, മെഴുകുതിരി കത്തിച്ചു പിടിച്ച്‌ പ്രകടനം നടത്തേണ്ടതുമൊക്കെ പത്രമോഫീസുകളുടെ മുമ്പിലേക്കാണ്‌. പകരം, പലതും മറച്ചു വച്ച്‌ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണെങ്കില്‍, അക്രമങ്ങള്‍ ബോധപൂര്‍വ്വം ക്ഷണിച്ചു വരുത്തുകയായിരുന്നു എന്ന മട്ടിലുള്ള ആരോപണങ്ങള്‍ക്കു ബലം വയ്ക്കുകയേയുള്ളൂ.

രണ്ട്‌ -
ഒന്നോര്‍ത്താല്‍, ഇതിനേപ്പറ്റിയൊക്കെ ആലോചിച്ചും എഴുതിയും സമയം കളയുന്നവരോടു സഹതപിക്കണം. ഇതൊക്കെ എല്ലാവരും ചേര്‍ന്നു കൊണ്ട്‌ മനുഷ്യനെ 'വടിയാക്കുന്ന' പരിപാടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മതപരിവര്‍ത്തനക്കാര്‍ കാണിക്കുന്ന സകല പോക്രിത്തരത്തിനും സസന്തോഷം കുറ്റം ഏറ്റെടുത്തു തലയില്‍ വയ്ക്കാനായി ചില സംഘപരിവാറുകാര്‍. അതിനു പ്രത്യുപകാരമെന്നോണം, സംഘപരിവാറുകാര്‍ക്ക്‌ അനുദിനം അനുഭാവികളെ സൃഷ്ടിച്ചുകൊടുക്കാനായി പരിവര്‍ത്തനക്കാരും! ഇത്‌ ഒരുമാതിരി ഒത്തുകളിയാണ്‌! നിങ്ങളായി നിങ്ങളുടെ പാടായി. ഞങ്ങള്‍ക്കു വേറെ പണിയുണ്ട്‌.

--------------

പത്തുമാസങ്ങൾക്കു ശേഷം കൂട്ടിച്ചേർക്കുന്നത്‌:-

പിന്നീട്‌ സ്വാമി ലക്ഷ്മണാനന്ദസരസ്വതിക്കു നേരേ ഒരു വധശ്രമം കൂടി ഉണ്ടായി. അത്തവണ അദ്ദേഹം കൊല്ലപ്പെട്ടു. കുയികളുടെ ക്രോധം അണപൊട്ടുകയും ആദ്യത്തേതിലും രൂക്ഷമായ ഒരു കലാപത്തിന് അതു വഴിവയ്ക്കുകയും ചെയ്തു. ആ സംഭവങ്ങൾക്കു ശേഷം എഴുതിയ മറ്റൊരു പോസ്റ്റ്‌ ഇവിടെ:- ഒറീസയിലെ യാഥാർത്ഥ്യങ്ങളും ഒരു രഹസ്യാന്വേഷണറിപ്പോർട്ടും