Saturday, April 21, 2007

നരേന്ദ്രമോഡിയുടെ പ്രസംഗം ദേശാഭിമാനി കേട്ടത്‌ ഇങ്ങനെ!

നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്ത വിധമാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. പച്ചക്കള്ളങ്ങള്‍ കൊണ്ട്‌ സമ്പന്നമാണത്‌. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വമെഴുതിച്ചേര്‍ത്ത വരികള്‍ ധാരാളം.

ചില വരികള്‍ക്കുള്ള പ്രതികരണങ്ങളും താഴെ ചേര്‍ത്തിട്ടുണ്ട്‌. മറ്റു പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതെങ്ങനെ എന്ന്‌ നേരത്തേ ഒരു പോസ്റ്റില്‍ കൊടുത്തിരുന്നു.

എന്തെഴുതിവിട്ടാലും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന മാദ്ധ്യമഭീമന്മാരുടെ അഹങ്കാരത്തിന്‌ കാലം നല്‍കുന്ന മറുപടിയാണ്‌ സ്വതന്ത്ര ബ്ലോഗുകള്‍ എന്ന്‌ വീണ്ടും തെളിയിച്ചുകൊണ്ട്‌, മോഡിയുടെ പ്രസംഗം വള്ളിപുള്ളി വിടാതെ കാണാപ്പുറത്ത്‌ കൊടുത്തിട്ടുണ്ട്‌.

-----------------------
(തലക്കെട്ട്‌)

'വര്‍ഗ്ഗീയ വിഷം ചീറ്റി മോഡി പോയി' എന്ന ഒരൊറ്റ പരാമര്‍ശം മതി ദേശാഭിമാനി വാര്‍ത്തകളുടെ മുഴുവന്‍ വിശ്വാസ്യതയും ഒറ്റ നിമിഷം കൊണ്ടു തകര്‍ന്നടിഞ്ഞു താഴെ വീഴാന്‍.

തികച്ചും തെറ്റാണ്‌ ആ വാചകം.

സത്യത്തില്‍, 'വര്‍ഗ്ഗീയവിഷം ചീറ്റി മോഡി പോകുക'യല്ല - മോഡിയുടെ വിഷത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ 'ചീറ്റിപ്പോകുക'യാണുണ്ടായത്‌.

ഈ റിപ്പോര്‍ട്ടില്‍, രണ്ടാമത്തെ ഖണ്ഡികയൊഴിച്ച്‌ ബാക്കിയെല്ലാം വളരെ നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നതാണെന്നു വ്യക്തമാണ്‌. മോഡിയുടെ പ്രസംഗത്തേക്കുറിച്ചുള്ള തങ്ങളുടെ മുന്‍വിധികള്‍ തെറ്റിപ്പോയി എന്നു മനസ്സിലാക്കിയ മറ്റു പത്രലേഖകര്‍ തങ്ങളുടെ നിരാശ പല രീതിയില്‍ പ്രകടിപ്പിക്കുകയാണുണ്ടായത്‌. എന്നാല്‍ ദേശാഭിമാനിയാകട്ടേ, വേദിയില്‍ എന്തു പറഞ്ഞാലും വേണ്ടില്ല - തങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച മട്ടു തന്നെ എഴുതും എന്നൊരു ധാര്‍ഷ്ട്യം കാണിച്ചതുപോലെ തോന്നി.

'വര്‍ഗ്ഗീയ വിഷം ചീറ്റി'യെന്നും മറ്റും പച്ചയ്ക്ക്‌ എഴുതാന്‍ മടികാണിക്കാതിരുന്നത്‌ പരിഹാസ്യമായിപ്പോയെന്ന തരത്തില്‍ പത്രലോകത്തു പൊതുവിലൊരു വര്‍ത്തമാനമുണ്ടായിരുന്നു. ദേശാഭിമാനിയുടെ ഈ 'വിഷപരാമര്‍ശ'ത്തെ, മറ്റൊരു ദിവസത്തെ പത്രത്തില്‍ മാതൃഭൂമി കണക്കറ്റു കളിയാക്കിയിട്ടുമുണ്ട്‌. ഇവിടെ വന്നിട്ട്‌ ആരെങ്കിലും വര്‍ഗ്ഗീയവിഷം ചീറ്റി എന്നത്‌ സത്യമാണെങ്കില്‍, അവരെ പിടികൂടി അറസ്റ്റ്‌ ചെയ്യാന്‍ കഴിയാതിരുന്നത്‌ കൊടിയേരിയുടെ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടല്ലേ എന്നവര്‍ ചോദിക്കുന്നു. വേറെ ഒരൊറ്റ പത്രത്തിലും ഇങ്ങനെയൊരു വാര്‍ത്ത വരാതിരുന്നതിനു കാരണം അവര്‍ക്കൊന്നും ഹിന്ദി വശമില്ലാത്തതാവും എന്നും പറഞ്ഞ്‌ പരിഹസിക്കുന്നുമുണ്ട്‌ മാതൃഭൂമി.

-----------------------
(1, 2, 3) കനത്തപ്രതിഷേധത്തിനിടെ ഇന്ത്യകണ്ട ഏടവും വലിയ വംശഹത്യയുടെ സൂത്രധാരനും ഫാസിസ്റ്റ്‌........

1 - 'കനത്ത പ്രതിഷേധത്തിനിടെ' എന്നതിനുശേഷം ഒരു കോമ വേണം എന്നത്‌ നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍, (ഇന്ത്യ) കണ്ടത്‌ പ്രതിഷേധത്തിനിടെയാണ്‌ എന്ന അര്‍ത്ഥമാണു വരുന്നത്‌. ആദ്യവിശേഷണം അവസാനത്തേക്കു മാറ്റുക എന്നതാണ്‌ കുറച്ചുകൂടി നല്ല രീതി. (ഇന്ത്യ കണ്ട .....യുമായ നരേന്ദ്ര മോഡി, കനത്ത പ്രതിഷേധത്തിനിടെ....)

2 - ഇന്ത്യ കണ്ട 'ഏറ്റവും വലിയ' വംശഹത്യഎന്നൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പല കലാപങ്ങളും മനസ്സില്‍ വരും. ഏതു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണെങ്കിലും ശരി - കലാപങ്ങളുടെ വലിപ്പച്ചെറുപ്പം കണക്കാക്കാന്‍ ശ്രമിക്കുന്നത്‌ ദു:ഖകരവും ക്രൂരവുമാണ്‌. എന്നാല്‍പോലും ഈ 'ഏറ്റവും വലിയ' എന്ന പ്രയോഗത്തിലൂടെ ദേശാഭിമാനി അതിനു നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും? വിഭജനാനന്തര കലാപങ്ങള്‍ മറക്കാം. പക്ഷേ കുറഞ്ഞപക്ഷം സിഖ്‌ വിരുദ്ധ കലാപമെങ്കിലും കാണാതിരിക്കുന്നതെങ്ങനെ? ഗുജറാത്തില്‍ മുസ്ലീങ്ങളും ഹിന്ദുക്കളുമായി മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടിയോളം സിഖുകാര്‍ (അവര്‍ മാത്രം) കൊല്ലപ്പെട്ട ആ കലാപം "തീരെ ചെറിയ"താവുന്നതും ഗുജറാത്ത്‌ "ഏറ്റവും വലിയ"താവുന്നതും ഏതു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാലാണ്‌?

വളരെ എളുപ്പമാണതു കണ്ടു പിടിക്കാന്‍. ആ കലാപത്തിന്റെ പേരില്‍ ദേശാഭിമാനിക്ക്‌ ബി.ജെ.പി.യെ കുറ്റപ്പെടുത്തി ഭര്‍ത്സിക്കാനാവില്ല. ന്യൂനപക്ഷങ്ങളില്‍ത്തന്നെ ന്യൂനപക്ഷമായ സിഖുകാര്‍ക്കു വേണ്ടി ദു:ഖിക്കേണ്ട യാതൊരാവശ്യവും ദേശാഭിമാനിക്കില്ല. അല്ലെങ്കില്‍ത്തന്നെ, പഞ്ചാബില്‍ ഇത്തവണ ബി.ജെ.പി. നിര്‍ത്തിയ 23 സ്ഥാനാര്‍ത്ഥികളില്‍ 19 പേരെയും ജയിപ്പിച്ചു വിട്ടവരാണു സിഖുകാര്‍. അവരോടു ദയ തോന്നണമെങ്കില്‍ ഒന്നു കൂടി ആലോചിക്കേണ്ടി വരും. ഗുജറാത്തു തന്നെ ഏറ്റവും വലുത്‌. അസ്വാസ്ഥ്യജനകങ്ങളും അപ്രിയ സത്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുന്നതുമായ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനൊരുങ്ങുന്ന മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ കടക്കൂ പുറത്ത്‌!

3 - (സൂത്രധാരന്‍) - കൂട്ടക്കൊല "ആസൂത്രണം" നടത്തിയത്‌ മോഡിയാണ്‌ എന്ന ഒരു പരാമര്‍ശം പ്രചരിപ്പിക്കുന്നത്‌ ഡി.വൈ.എഫ്‌.ഐ, എന്‍.ഡി.എഫ്‌ എന്നിവ പോലെയുള്ള സംഘടനകള്‍ മാത്രമാണ്‌. അവരുടെയിടയില്‍ത്തന്നെ അല്‍പമെങ്കിലും ചിന്താശേഷിയുള്ളവര്‍ അതു വിശ്വസിക്കുമെന്നു കരുതുക പ്രയാസം.

ഇസ്രത്ത്‌ എന്ന പെണ്‍കുട്ടിയെ ഗുജറാത്ത്‌ പോലീസ്‌ തട്ടിക്കൊണ്ടുപോയി അവളുടെ മേല്‍ ആയുധങ്ങള്‍ ചേര്‍ത്തുവച്ചതിനു ശേഷം പാക്ക്‌ പൗരന്മാരായ ഭീകരന്മാരോടൊപ്പം ഇരുത്തി വെടിവച്ചു കൊന്നതാണ്‌(!!!) - അത്‌ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ്‌(!?!) എന്നൊക്കെപ്പോലും കേള്‍ക്കേണ്ടി വരുന്ന ഒരു നാട്ടില്‍ - അത്തരം പ്രചാരണങ്ങള്‍ പോലും വിശ്വസിക്കാന്‍ ആള്‍ക്കാരുണ്ടാകുന്ന നാട്ടില്‍ - കലാപത്തിന്റെ സൂത്രധാരന്‍ അവിടുത്തെ മുഖ്യമന്ത്രിയാണ്‌ എന്നു കേട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

(നിരന്തര പ്രചാരണം നടത്തിയിട്ടും ഈ 'സൂത്രധാരന്‍' പ്രയോഗം എന്തു കൊണ്ട്‌ ഭൂരിഭാഗം ജനങ്ങളും അവിശ്വസിക്കുന്നു എന്നത്‌ - കെ. ഇ. എന്നും കെ. എന്‍. പണിക്കരുമൊക്കെ പലപ്പോഴും ലേഖനങ്ങളിലൂടെ ദു:ഖം പ്രകടിപ്പിച്ചു കാണാറുള്ള ആ അവിശ്വാസത്തിന്റെ കാരണം മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കാന്‍ ശ്രമിക്കാം)

-----------------------
(4) 'വര്‍ഗ്ഗീയ വിഷം ചീറ്റ'ലിനേപ്പറ്റി മുകളില്‍ പറഞ്ഞു കഴിഞ്ഞു.

-----------------------
(5) "മതസ്പര്‍ദ്ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദുമഹാമേള"
എന്നത്‌ വളരെ വികലമായൊരു പ്രയോഗമായാണ്‌ എനിക്കു തോന്നിയത്‌. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ലക്ഷ്യങ്ങളേക്കുറിച്ചുമെല്ലാം തികഞ്ഞ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക്‌ സംഘം നടത്തുന്ന പരിപാടികളേക്കുറിച്ചും അതേ ആശയക്കുഴപ്പം ഉണ്ടാവുന്നതില്‍ അതിശയമില്ല.

-----------------------
(6) 'കൂട്ടകൊല'
എന്നല്ല - കൂട്ടക്കൊല എന്നാണ്‌ വേണ്ടത്‌. സന്ധി നിയമപ്രകാരം അവിടെ 'ക' ഇരട്ടിക്കുക തന്നെ വേണം.

-----------------------
(7) 'ഉത്തരവാദി'
എന്ന്‌ ഉപയോഗിച്ചിരിക്കുന്നത്‌ 'മറുപടി പറയാന്‍ ഉത്തരവാദിത്തമുള്ളയാള്‍' എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ശരിയും 'കാരണക്കാരന്‍' എന്ന അര്‍ത്ഥത്തിലാണെങ്കില്‍ തെറ്റുമാണ്.

-----------------------
(8) "ആര്‍. എസ്‌. എസ്‌. സ്ഥാപകന്‍ ഗോള്‍വള്‍ക്കറുടെ ജന്മശതാബ്ദി"!...

കണ്ണുകളെ വിശ്വസിക്കാനാവാതെ ഒരു ആറേഴു തവണ വായിച്ചു നോക്കി.

ഗോള്‍വള്‍ക്കറാണത്രേ ആര്‍. എസ്‌. എസ്‌ സ്ഥാപിച്ചത്‌!!

സംഘം സ്ഥാപിച്ചത്‌ ആരാണ്‌ - സംഘവും ഗോള്‍വള്‍ക്കറും തമ്മിലുള്ള ബന്ധമെന്താണ്‌ - എന്നൊക്കെപ്പോലും അറിയാത്ത ഏതെങ്കിലും യുവ എഴുത്തുകാരന്‍ പറ്റിച്ച പണിയാവണം. ഒരു പത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ എഡിറ്റര്‍ മാത്രം മനസ്സു വച്ചാല്‍ പോരാ. ഓരോ ലേഖകനും പ്രത്യേകം ശ്രദ്ധ വച്ചാലേ അതു സാധ്യമാകൂ.

(ഞാന്‍ അറിഞ്ഞിട്ടുള്ളത്‌ ഇങ്ങനെയാണ്‌ - തന്റെ വിദ്യാഭ്യാസകാലത്ത്‌, ഒരു സഹപാഠിയില്‍ നിന്നാണ്‌ ഗുരുജി ഗോള്‍വള്‍ക്കര്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തേക്കുറിച്ച്‌ കേള്‍ക്കുന്നതു തന്നെ! സ്ഥാപകന്‍ അദ്ദേഹമല്ലെന്നു വ്യക്തം!)

സംഘത്തേക്കുറിച്ച്‌ അല്‍പമെങ്കിലും അറിയാവുന്ന ഏതൊരാള്‍ക്കും പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണെന്നു വ്യക്തമാവുന്ന ചില ആരോപണങ്ങള്‍ പോലും പലരും സംഘത്തേക്കുറിച്ച്‌ ഉന്നയിച്ചു കാണാറുണ്ട്‌. അതൊക്കെ സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മനപൂര്‍വ്വം ചെയുന്നതാണെന്നാണ്‌ ഞാന്‍ ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ മനസ്സിലാവുന്നു - സംഘത്തേക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാത്തതു കൊണ്ടും കൂടിയാവണം അത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത്‌.

-----------------------
(9) ഏതാനും ആഴ്ചക
ളല്ല - ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടിയായിരുന്നു.

രാഷ്ട്രരക്ഷാ സഞ്ചലനം എന്ന പേരില്‍ കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നടത്തിയ റിലേ മാര്‍ച്ച്‌ പാസ്റ്റും അതിനു ശേഷം നടന്ന രാഷ്ട്രരക്ഷാസംഗമവും ആയിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചത്‌.

ഇനിയിപ്പോള്‍ 'ഇതിന്റെ പേരില്‍' എന്നു പറഞ്ഞിരിക്കുന്നത്‌ ഹിന്ദു മഹാമേളയുടേ കാര്യമാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍, ഏതാനും ആഴ്ചകള്‍ എന്നത്‌ ഏകദേശം ശരിയാണ്‌.

-----------------------
(10) വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന പരിപാടികള്‍ ...

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരായ പ്രമുഖവ്യക്തികള്‍ - ചില ഇടതു നേതാക്കളും മുസ്ലിം ചിന്തകരുമടക്കം - പങ്കെടുത്ത 'വൈചാരിക സദസ്സു'കളും ചര്‍ച്ചകളും സെമിനാറുകളുമൊക്കെയാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. അവയൊന്നും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നവയായിരുന്നില്ല. സംഘര്‍ഷം ഉണ്ടായിട്ടുണ്ടെങ്കില്‍, അത്‌ എന്തുകൊണ്ടുണ്ടായി, ആരു സൃഷ്ടിച്ചു എന്നൊക്കെ ലേഖകന്‌ അറിയാത്തതായിരിക്കില്ല.

-----------------------
(11) സ്വൈര്യ ജീവിതം തകരുമെന്ന നില വന്നു എന്നത്‌ ചിരിയുണര്‍ത്തുന്നു. 'ആരുടെ?' എന്ന ഒരു കുസൃതിച്ചോദ്യമാണ്‌ മനസ്സില്‍ വന്നത്‌.

-----------------------
(12) മൂവായിരത്തഞ്ഞൂറോളം പോലീസുകാരെ നിയോഗിച്ചു എന്നത്‌ തങ്ങളുടെ വലിയ നേട്ടമായി ചിത്രീകരിച്ചിരിക്കുന്നത്‌ സഹതാപമുണര്‍ത്തുന്നു. ഇത്രയും പേര്‍ വേണ്ടി വന്നതില്‍ തങ്ങളുടെ പ്രസ്ഥാനത്തിന്‌ എന്തെങ്കിലും പങ്കുണ്ടോ എന്നതിനേപ്പറ്റി ഒരു ആത്മവിമര്‍ശനം നടത്തുന്നതു നന്നായിരിക്കും. തങ്ങള്‍ക്കല്ലായിരുന്നു ഇപ്പോള്‍ ഭരണമെങ്കില്‍, വിപ്ലവയുവജനസംഘടനകള്‍ എന്തെല്ലാം കുഴപ്പങ്ങള്‍ അന്നേ ദിവസം അഴിച്ചുവിടുമായിരുന്നുവെന്നും.

-----------------------
(13) കടുത്ത വര്‍ഗ്ഗിയ വിദ്വേഷം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു.!

കല്ലുവച്ച നുണയാണിത്‌.

സംഭവം നേരിട്ടു കാണാത്തവര്‍ മാത്രമേ ഇതൊക്കെ വായിച്ചേക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണയില്‍ ഇന്ന്‌ ഉടലെടുത്ത അബദ്ധമാവണം ഇത്‌. "ഭാരത്‌ മാതാ കീ ജയ്‌"-യും "വന്ദേ മാതര"വുമൊക്കെ "കടുത്ത വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കുന്നു"വെങ്കില്‍ നമ്മള്‍ വളരെ അധ:പതിച്ചിരിക്കുന്നു എന്ന്‌ ദു:ഖത്തോടെ പറയേണ്ടി വരും.

-----------------------
(14) മോഡി ഉള്‍പ്പെടെയുള്ളവര്‍ ഈ വിദ്വേഷം ആളിക്കത്തിച്ചു.

അത്ഭുതപ്പെട്ടുപോകുകയാണ്‌! ലേഖകന്റെ ധൈര്യം സമ്മതിച്ചുകൊടുക്കാതിരിക്കാനാവുന്നില്ല.

ഗുജറാത്തില്‍ സംഭവിച്ചു എന്ന മട്ടിലുള്ള പതിവു ഭര്‍ത്സനങ്ങള്‍ എഴുതുന്നതിന്‌ വലിയ മനോബലത്തിന്റെയൊന്നും ആവശ്യമില്ല. ആരും തന്നെ അതൊന്നും നേരിട്ടുപോയി പരിശോധിക്കാന്‍ പോണില്ലെന്നുറപ്പാണ്‌. പക്ഷേ ഇവിടെ, നമ്മുടെ നാട്ടില്‍, നാട്ടുകാരുടെ കണ്മുന്നില്‍ വച്ചു നടന്ന ഒരു കാര്യത്തേപ്പറ്റി ഇങ്ങനെയൊക്കെ എഴുതി അച്ചടിച്ചുവിടുകയെന്നാല്‍!

എന്തെഴുതിയാലും വിശ്വസിക്കുന്നവര്‍ - അല്ലെങ്കില്‍ - നുണയാണെന്നറിയാമെങ്കിലും സന്തോഷത്തോടെ വായിക്കുന്നവര്‍ എന്നൊക്കെയുള്ള നിലവാരത്തിലാണെന്നു തോന്നുന്നു ലേഖകന്‍ വായനക്കാരെ കാണുന്നത്‌.

പ്രസംഗത്തിലൂടെ മോഡി ആളിക്കത്തിച്ചത്‌ ആരോടെങ്കിലുമുള്ള വിദ്വേഷമാണെന്നു ഞാന്‍ കരുതുന്നില്ല. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഭിമാനബോധം ആളിക്കത്തിച്ചില്ലേ എന്നു ചോദിച്ചാല്‍ - ഉവ്വെന്നുറപ്പാണ്‌ - അവരുടെ പ്രതികരണങ്ങള്‍ ആതു തെളിയിച്ചിരുന്നു എന്നു സമ്മതിച്ചു തരേണ്ടി വരും.

14-നും 15-നും ഇടക്ക്‌ 'വംശഹത്യ ആസൂത്രണം ചെയ്ത്‌ നടപ്പാക്കി എന്നു പറയുന്നത്‌ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്‌.

-----------------------
(15) "മതേതര വിശ്വാസികള്‍" എന്ന പ്രയോഗം വളരെ ചിരിയുണര്‍ത്തുന്നതാണ്‌. മതേതരത്വം എന്നതിനോളം അര്‍ത്ഥം നഷ്ടപ്പെട്ടുപോയ മറ്റൊരു വാക്ക്‌ മലയാളത്തിലുണ്ടോ എന്നുപോലും സംശയിച്ചുപോകുന്നു.

-----------------------
(16) പ്രാസം ഒപ്പിച്ച്‌ 'നരമേധം നടത്തിയ നരേന്ദ്രമോഡി' എന്നൊക്കെ എഴുതിവിടുന്നത്‌ കൊള്ളാം. പക്ഷേ 'നരാധമന്‍' എന്നൊക്കെയുള്ള സംബോധനകള്‍ സംസ്കാരശൂന്യമാകയാല്‍ നിലവാരമുള്ള പത്രങ്ങള്‍ ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌. മുദ്രാവാക്യം വിളികളിലോ കവലപ്രസംഗങ്ങളിലോ തട്ടിവിടുന്നതുപോലെയല്ല ഉത്തരവാദിത്തമുള്ള ഒരു അച്ചടി മാദ്ധ്യമത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത്‌. എഴുതുന്നയാളിന്റെയും അതു പ്രസിദ്ധീകരിക്കുന്നയാളിന്റെയും സാംസ്ക്കാരിക നിലവാരം വെളിപ്പെടുത്തിക്കൊണ്ട്‌ അത്‌ വര്‍ഷങ്ങളോളം മായാതെ കിടക്കും.

-----------------------
(17) ഇരു വിഭാഗം മതമൗലികവാദികള്‍ക്കും താക്കീതായത്രേ! അങ്ങനെ ഒരു വരിയെങ്കിലും ചേര്‍ക്കേണ്ടതുണ്ട്‌ എന്നറിയാനുള്ള ബുദ്ധിയുള്ളയാളാണ്‌ ലേഖകന്‍ എന്നത്‌ ശ്രദ്ധാര്‍ഹമാണ്‌.

മോഡിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ സംഘപ്രവര്‍ത്തകര്‍ എന്തെങ്കിലും 'സൃഷ്ടിക്കാന്‍' ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവ പ്രചാരണബോര്‍ഡുകളും വഴിയോരത്തുള്ള അലങ്കാരപ്പന്തലുകളുമൊക്കെയാവും.

-----------------------
(18) "കരിങ്കൊടികള്‍ നീക്കം ചെയ്യാന്‍ എസ്‌.പി.ജി.ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഡി.വൈ.എഫ്‌.ഐ.ക്കാര്‍ വഴങ്ങിയില്ല"
എന്നത്‌ ഏതോ മഹദ്‌കാര്യമെന്ന നിലയില്‍ അഭിമാനം കൊള്ളുന്നമട്ടിലാണ്‌ എഴുതിയിരിക്കുന്നത്‌!

നിയമലംഘനം, കോടതികളെപ്പോലും വെല്ലുവിളിക്കല്‍, നിയമപാലകര്‍ക്കും അധികാരികള്‍ക്കും നേരെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം എന്നിവയൊക്കെ തങ്ങളുടെ മുഖമുദ്രയായിത്തുടരുന്നതില്‍ വിഷമമില്ലെന്നു മാത്രമല്ല അഭിമാനിക്കുക കൂടി ചെയ്യുന്നു എന്നു വിളിച്ചോതുന്നു ഈ വാചകം.

-----------------------
(19) 'കപടമതേതരവാദികള്‍ എന്തൊക്കെ പറഞ്ഞാലും ഹിന്ദുത്വത്തില്‍ അധിഷ്ടിതമായേ ഞാന്‍ പ്രവര്‍ത്തിക്കൂ' എന്നു പറഞ്ഞു
എന്നെഴുതിയിരിക്കുന്നത്‌ തെറ്റാണ്‌. പലയിടത്തുനിന്നായി മുറിച്ചുകൂട്ടിയുണ്ടാക്കിയ ഒരു വാചകമാണിത്‌. ഇത്‌ ലേഖകന്റെ ചിന്തകളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ

-----------------------
(20) ഭരത്‌ ഗോപിയെ 'നടന്‍ ഗോപി' എന്നു വിശേഷിപ്പിച്ചു കാണുന്നത്‌ ആദ്യമായിട്ടാണ്‌. കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ക്ക്‌ സംഘാനുഭാവം ഉണ്ടാവുമ്പോള്‍ അതിനെ പരമാവധി മറച്ചുപിടിക്കാന്‍ ശ്രമിക്കാറുള്ളതിന്റെ ഭാഗമായാണെന്നു തോന്നുന്നു ഇതും.

-----------------------
(21)
ഗുജറാത്ത്‌ കൂട്ടക്കൊലയുടെ ‘ഉത്തരവാദി‘യായ എന്ന പ്രയോഗം ഇവിടെ തിരുത്തപ്പെട്ടിരിക്കുന്നു. ഇത്തവണ അത്‌ "മുഖ്യ ഉത്തരവാദി" എന്നായി മാറിയിട്ടുണ്ട്‌. അതായത്‌ മറ്റു ചിലര്‍ക്കു കൂടിയെങ്കിലും ഉത്തരവാദിത്തമുണ്ട്‌ എന്നര്‍ത്ഥം. അറിയാതെ സംഭവിച്ച കയ്യബദ്ധമാവാം. എന്തായാലും കലാപത്തിന്‌ ഉത്തരവാദി മോഡി (മാത്രം)അല്ല എന്ന്‌ പരോക്ഷമായെങ്കിലും സമ്മതിക്കുന്ന ഒരു വാചകം ആദ്യമായാണ്‌ ഒരു ഇടതുപക്ഷമാദ്ധ്യമത്തില്‍ വായിക്കുന്നത്‌. മോഡി എല്ലാം ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കി എന്നും മറ്റുമാണ്‌ ഇതുവരെ കേട്ടിരുന്നത്‌! നശിച്ച ആ കലാപം വിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത്‌ - ഗോധ്ര തീവയ്പു സംഭവം - അതു പോലും മോഡിയുടെ പദ്ധതിയായിരുന്നു(!) എന്നു വാദിച്ചുകളഞ്ഞ വിരുതന്മാര്‍ പോലും ഉണ്ട്‌.--

അസതോമാ സത്ഗമയ
തമസോമാ ജ്യോതിര്‍ഗമയ! - പ്രാര്‍ത്ഥന മാത്രം!

Monday, April 9, 2007

പൊളിയുന്നത്‌ വീടോ വിശ്വാസ്യതയോ?

‘അശ്വത്ഥാമാവ്‌ എന്ന ആന കൊല്ലപ്പെട്ടു‘ എന്നു പറഞ്ഞപ്പോള്‍, ആന എന്ന ഭാഗം ഒച്ചതാഴ്ത്തിപ്പറഞ്ഞത്‌ ദ്രോണരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. കഴിഞ്ഞ ദിവസം മംഗളം പത്രവും ഇത്തരമൊരു തന്ത്രം പയറ്റുകയുണ്ടായി. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍.

ഇന്ത്യ ലോകകപ്പില്‍ ബംഗ്ലാദേശിനോടു തോറ്റതിനുശേഷമുള്ള ആരാധകരുടെ പ്രതികരണം 'മംഗളം' മുന്‍പേജില്‍ത്തന്നെ കൊടുത്തത്‌ ഇങ്ങനെ.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ധോണിയുടെ വീടു തകര്‍ക്കുന്നു എന്നാണ്‌ അടിക്കുറിപ്പു പറയുന്നത്‌. ഭാരതീയ ജനതാപാര്‍ട്ടിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയാണ്‌ പൊതുവില്‍ യുവമോര്‍ച്ച എന്ന്‌ അറിയപ്പെടുന്നത്‌. അവരാണ്‌ ഈ കൃത്യം ചെയ്യുന്നത്‌ എന്നു തെളിയിക്കുന്ന എന്തെങ്കിലും ചിത്രത്തിലുണ്ടോ എന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ 'ജാ. യുവമോര്‍ച്ച' എന്നോ മറ്റോ എഴുതിയ, പച്ച നിറത്തിലുള്ള കൊടി കണ്ണില്‍പെട്ടത്‌. അന്നത്തെ ദേശീയമാദ്ധ്യമങ്ങള്‍ പരതി നോക്കി. ആക്രമണ വാര്‍ത്ത ശരിയാണ്‌. അതു ചെയ്തത്‌ ജാര്‍ഖണ്ഠ്‌ മുക്തി മോര്‍ച്ചയുടേ യുവജനവിഭാഗമായ ജാര്‍ഖണ്ഠ്‌ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്‌ എന്നേയുള്ളു വ്യത്യാസം.

'ജാര്‍ഖണ്ട്‌' എന്നത്‌ പതുക്കെപ്പോലും പറയാതെ പൂര്‍ണ്ണമായി ഒഴിവാക്കിയതിലൂടെ ബി.ജെ.പി.യെ ഒന്ന്‌ താറടിക്കാന്‍ കഴിഞ്ഞു. സത്യത്തില്‍, ബിജെ.പി. മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട ധോണിയ്ക്ക്‌ സമ്മാനിച്ചതായിരുന്നു ആ വീട്‌ (ചവിട്ടിന്റെ ഒരു കാരണവും അതാകാം). സത്യമെവിടെ നില്‍ക്കുന്നു - മംഗളം മുന്‍പേജില്‍ മലയാളികള്‍ക്കെത്തിച്ചു തന്ന വിവരമെവിടെ നില്‍ക്കുന്നു! പ്രമുഖ മലയാളപത്രങ്ങള്‍ ബിജെ.പി.യുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയെങ്കിലും ശരിയായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതു കണ്ടിട്ടേ മരിക്കൂ എന്ന്‌ ആരെങ്കിലും വാശി പിടിച്ചാല്‍ മിക്കവാറും ചിരഞ്ജീവിയായിപ്പോകുകയേയുള്ളൂ.

* * * * * * * * *

അതേ പത്രത്തിന്റെ തന്നെ ഉള്‍പ്പേജിലും ഒരു ചിത്രമുണ്ട്‌. ആരാധകരുടെ മറ്റൊരു പ്രതികരണം.അടിക്കുറിപ്പില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌ - ബി.ജെ.പി. പ്രവര്‍ത്തകരാണ്‌ ഇതു ചെയ്യുന്നതെന്ന്‌. ഒരാളുടെയും മുഖം പോലും ദൃശ്യമല്ലാത്ത ആ ചിത്രത്തിന്റെ മുക്കും മൂലയുമെല്ലാം അരിച്ചു പെറുക്കിയിട്ടും യാതൊന്നും കിട്ടിയില്ല - ആ ചിത്രത്തെ ബി.ജെ.പി.യുമായി ബന്ധിപ്പിക്കാന്‍. അവര്‍ മാത്രം ധരിക്കുന്ന വല്ലയിനം ചെരുപ്പുകളുമാണോ ദൃശ്യത്തിലുള്ളത്‌ എന്നൊക്കെ ലേഖകനു മാത്രമേ അറിയൂ. അല്ലെങ്കില്‍, അടിക്കുറിപ്പ്‌ അങ്ങനെ തന്നെ ഇടണം എന്നു തീരുമാനിച്ചതാരോ അയാള്‍ക്കും!

സാക്ഷിയെന്താ ഒറ്റക്കണ്ണനാണോ?

'പാപത്തിന്റെ ഫലം മരണമത്രേ‘ എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്ന - പാപവിമുക്തിയ്ക്കായി നമ്മെ ഒരുക്കുന്ന - പുരോഹിതന്മാരെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത വച്ചു തന്നെ തുടങ്ങാനാവുന്നത്‌ ‘സിന്‍- ഇന്‍ഡിക്കേറ്റിനെ’ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്..

ഓര്‍ത്തൊഡോക്സ്‌ സഭ നടത്തിയ സെക്രട്ടറിയറ്റ്‌ മാര്‍ച്ചിനിടയില്‍ സംഭവിച്ചതെന്ത്‌ എന്നുള്ളതാണു കാഴ്ച.

മനോരമ കാണുന്നത്‌ ഇങ്ങനെ.
ദേശാഭിമാനിയുടെ കാഴ്ച ഇങ്ങനെ.

ഗുണപാഠം:- ഇടങ്കണ്ണു കൊണ്ടു കണ്ടതും വലങ്കണ്ണു കൊണ്ടു കണ്ടതും ശരി തന്നെ. ഒന്നു കാണുമ്പോള്‍ മറ്റേ കണ്ണ്‌ അടച്ചു പിടിക്കേണ്ടി വരുന്നിടത്താണ്‌ കാഴ്ച പൂര്‍ണ്ണമല്ലാതായിപ്പോകുന്നത്‌. അത്‌ അവരുടെ കുറ്റമല്ല. രണ്ടു കണ്ണും തുറന്നു പിടിച്ചാല്‍ കാഴ്ച എങ്ങനെയിരിക്കും എന്ന്‌ മനസ്സിലാക്കി വായിക്കേണ്ടത്‌ നമ്മുടെ - വായനക്കാരുടെ മാത്രം കടമയാണെന്നോര്‍ക്കുക.

എന്തുകൊണ്ട്‌ മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌?

പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ ആകാമെന്നു വച്ചത്‌.

----
(1)
----
'ഒന്നിലധികം പത്രങ്ങളില്‍ ഒരേപോലെ വാര്‍ത്തകള്‍ വരുന്നു' എന്നതാണത്രേ കേരളത്തില്‍ മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ ഉണ്ട്‌ എന്നതിന്റെ തെളിവ്‌! അപ്പോള്‍ വാര്‍ത്തകള്‍ വ്യത്യസ്തങ്ങളായേ തീരൂ - അതാണ്‌ സ്വാഭാവിക പത്രപ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നത്‌ എന്നാണല്ലോ.

എല്ലാവരും യഥാതഥമായ റിപ്പോര്‍ട്ടിംഗ്‌ നടത്തിയാല്‍ എല്ലാ പത്രങ്ങളിലും എല്ലാ വാര്‍ത്തകളും മിക്കവാറും ഒരേപോലെയല്ലേ വരേണ്ടത്‌ - വിശദാംശങ്ങളുടെ അളവിലല്ലേ വ്യത്യാസമുണ്ടാകാവൂ - എന്നത്‌ ന്യായമായൊരു സംശയം. ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ക്കിണങ്ങിയ വിധം "രൂപപ്പെടുത്തിയാണ്‌" വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ യാഥാര്‍ത്ഥ്യം. ഈ രൂപപ്പെടലുകള്‍ നിരീക്ഷിക്കുന്നത്‌ പണ്ടുതോട്ടേയുള്ളൊരു വിനോദമായിരുന്നു. വളരെ കൗതുകകരമാണത്‌. ചില നിരീക്ഷണങ്ങള്‍ കുറിച്ചിടാന്‍ ഒരു ബ്ലോഗുണ്ടാകുന്നത്‌ നല്ലതാണെന്ന്‌ തോന്നുന്നു.

----
(2)
----
ഈയിടെയായി പണത്തിന്‌ കുറച്ച്‌ ആവശ്യം നേരിടുന്നുണ്ട്‌.

ദൈവാനുഗ്രഹത്താല്‍, ഉള്ള ജോലി കൊണ്ട്‌ കുടുംബം പുലര്‍ത്താനൊക്കെ കഴിയുന്നുണ്ട്‌. അല്ലറ ചില്ലറ സാമൂഹ്യപ്രവര്‍ത്തനമൊക്കെയുള്ളതു മാത്രമാണ്‌ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട്‌ ഞെരുങ്ങിപ്പോകാറുള്ളത്‌.

നേരിട്ട്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കിലും, വല്ലപ്പോഴും സാമ്പത്തിക സഹായമെത്തിക്കാനെങ്കിലും ശ്രമിക്കാറുള്ള ചെറിയൊരു പ്രസ്ഥാനമുണ്ട്‌. മദ്ധ്യകേരളത്തില്‍ത്തന്നെയുള്ള - അനാഥരായ ആദിവാസി (വനവാസി?) കുട്ടികളെ സംരക്ഷിക്കുന്ന - അവര്‍ക്കു വിദ്യാഭ്യാസമൊക്കെ കൊടുക്കാനുദ്ദേശിച്ചുള്ള എളിയൊരു സംരംഭം. വലിയ തെറ്റില്ലാത്ത നിലയില്‍ പോകുകയായിരുന്നു ഇതു വരെ. അടുത്തയിടെ അവര്‍ക്കു വലിയ തിരിച്ചടി നേരിട്ടു - തങ്ങളുടെ പ്രധാന സ്പോണ്‍സര്‍ പിന്‍വാങ്ങിയതിലൂടെ .
ഇതു വരെ പണം പറ്റി പഠിച്ചു കൊണ്ടിരുന്ന പതിനഞ്ചോളം കുട്ടികള്‍ ഇനിയെങ്കിലും മതം മാറണമെന്നാണ്‌ സ്പോണ്‍സറുടെ പുതിയ വ്യവസ്ഥ. 'ഇതൊരു ചതിയായിപ്പോയല്ലോ' എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തിയത്രേ. 'ഞങ്ങള്‍ക്കു പണം അമേരിക്കയില്‍ നിന്നാണു വരുന്നത്‌. അവര്‍ തന്നില്ലെങ്കില്‍ ഞങ്ങളുടെ കയ്യിലില്ല. ഇനിയെങ്കിലും മതം മാറിയതിന്റെ തെളിവു കാണിച്ചു കൊടുത്തില്ലെങ്കില്‍ ഇനി പണം കിട്ടില്ലെന്നു മാത്രമല്ല - ഇതു വരെ തന്നതിന്റെ കണക്കു കാണിച്ചു ഞങ്ങള്‍ ബുദ്ധിമുട്ടിപ്പോകും' എന്നൊക്കെപ്പറഞ്ഞ്‌ അദ്ദേഹം ഒഴിവായി. "ഞങ്ങള്‍" എന്നു പറഞ്ഞതില്‍ നിന്ന്‌, കൂടെയാരൊക്കെയോ ഉണ്ടെന്നു മനസ്സിലായി. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം - പണത്തിന്‌ പണം തന്നെ വേണമല്ലോ. ആദി വാസി ക്ഷേമവകുപ്പില്‍ നിന്നും മറ്റും സംഘടിപ്പിക്കാവുന്ന സഹായങ്ങള്‍ക്കും പരിധിയുണ്ട്‌.

വല്ല ജോഷ്വാ പ്രോജക്റ്റിലൂടെയോ മറ്റോ ജീവിക്കുന്ന ഏതെങ്കിലും പാവമായിരുന്നിരിക്കണം ആ സ്പോണ്‍സര്‍. ഇവര്‍ ചേര്‍ന്ന്‌ അദ്ദേഹത്തിന്റെ കഞ്ഞികുടി കൂടി മുട്ടിക്കാതിരുന്നാല്‍ മതിയായിരുന്നു.

മതം മാറുന്നതില്‍ ആദ്യമൊക്കെ വിമുഖത കാട്ടിയ (എന്തുകൊണ്ടോ എന്തോ!) കുട്ടികള്‍, പിന്നീട്‌ അധികാരികള്‍ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയതോടെ വഴങ്ങിയെന്നാണ്‌ അറിഞ്ഞത്‌. വിശപ്പിന്റെ വിളി ദൈവവിളിയിലേക്കെത്തുന്നതും എത്തിക്കുന്നതും ലോകചരിത്രത്തില്‍ ഇത്‌ നടാടെയൊന്നുമല്ല.

ഞെട്ടിപ്പിക്കുന്നൊരു ചോദ്യം പക്ഷേ വളരെ വൈകി - ഈയിടെയാണ്‌ - മനസ്സിലുദിച്ചത്‌. ആ സ്പോണ്‍സര്‍ വീണ്ടും പിന്മാറില്ലെന്ന്‌ എന്താണുറപ്പ്‌? മതം മാറുന്നവരുടെ തുടര്‍സംരക്ഷണം ഉറപ്പു വരുത്തുന്ന എന്തെങ്കിലും പദ്ധതി ആ സ്പോണ്‍സറുടെ അമേരിക്കന്‍ വരുമാന സ്രോതസ്സിന്റെ പക്കലുണ്ടാവുമോ? ഇല്ലെങ്കില്‍? ധനസഹായമെന്നത്‌ മതം മാറ്റുന്നതിനുള്ള ഒരു പാരിതോഷികമെന്ന നിലയിലേയുള്ളൂ - സംരക്ഷണം അവരുടെ ബാദ്ധ്യതയല്ല എന്നു പറഞ്ഞ്‌ അവര്‍ കയ്യൊഴിഞ്ഞാല്‍?

ഒന്നും ചെയ്യാനില്ല!

"മാറിക്കഴിഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കൊരു മതമുണ്ട്‌ - അതിനു മുമ്പോ?" എന്നൊരു കീറാമുട്ടി ചോദ്യമോ അല്ലെങ്കില്‍ ഭൗതികവാദ സമസ്യകളേക്കുറിച്ചുള്ള ഒരു അവലോകനമോ ആ പാവം കുട്ടികളുടെ വിശപ്പടക്കാന്‍ പോകുന്നില്ല. അതിന്‌ ചോറോ കപ്പയോ ചേമ്പോ ഒക്കെത്തന്നെ വേണം. കാഞ്ച ഏലയ്യയുടെ പുസ്തകങ്ങള്‍ അവര്‍ക്കു നല്‍കിയിട്ടു കാര്യമില്ല. പള്ളിക്കൂടത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌ പാഠപുസ്തകങ്ങള്‍ തന്നെ വേണം.

പണം തന്നെയാണു പ്രശ്നം!

ജോഷ്വാ പ്രോജക്റ്റുകാരുടെ വകയല്ലാതെ വേറെയും പണം അമേരിക്കയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നുവെന്നാണ്‌ അടുത്തിടെ കേട്ടത്‌. ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്കാണ്‌ അത്‌ ലഭിക്കുന്നതത്രേ. ചില കാര്യങ്ങള്‍ തുറന്നെഴുതുന്നവര്‍ക്കു മാത്രം.

ഒരു ബ്ലോഗ്‌ തുടങ്ങി നോക്കുകയാണ്‌. ഏതെങ്കിലുമൊരു സായിപ്പിന്‌ ഇതിഷ്ടപ്പെടുകയാണെങ്കില്‍ - എന്നെയുമൊരു സിന്‍ഡിക്കേറ്റ്‌ മെംബറാക്കാന്‍ ദയകാണിച്ചാല്‍ - നൂറുശതമാനം ഉറപ്പ്‌ - അതു വഴി ലഭിക്കുന്ന വരുമാനം അഞ്ചു പൈസ കുറവില്ലാതെ ഞാനാ പാവം കുട്ടികള്‍ക്കു നല്‍കും. അമേരിക്കന്‍ പണം കൊണ്ട്‌ പഠനമാരംഭിച്ച ആ കുഞ്ഞുങ്ങള്‍, അമേരിക്കന്‍ പണം കൊണ്ടു തന്നെ അതു പൂര്‍ത്തിയാക്കട്ടെ! മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ ഗുരുവചനം.

വൈത്തോ:-
മാദ്ധ്യമങ്ങളുടെ പക്ഷങ്ങളും അവ വാര്‍ത്തകളെ സ്വാധീനിക്കുന്നതുമൊക്കെയാണല്ലോ വിഷയം. അല്ല സിന്‍-ഇന്‍ഡിക്കേറ്റേ - അപ്പോള്‍ നിനക്കൊരു പക്ഷമില്ലേ?

ഉവ്വല്ലോ. വലത്തും ഇടത്തും മതിയായി. ഇപ്പോള്‍ മദ്ധ്യപക്ഷമാണ്‌. ഇരുവശങ്ങളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും കുത്തുന്നവ ചൂണ്ടിക്കാണിക്കാനാണെങ്കില്‍ ഓരോ ദിവസവും നീണ്ട ഓരോ പോസ്റ്റുകള്‍ വീതം വേണ്ടിവരും. ഇന്ദ്രപ്രസ്ഥത്തിലേ മട്ടില്‍, രണ്ടു വശത്തു നിന്നും സംയുക്തമായി നടുക്കേയ്ക്കു കുത്തുന്ന കുത്തുകള്‍ - അതായത്‌ "ഭാ.ജ.പാ"ക്കാരന്മാര്‍ക്കു ജോലികൊടുക്കാന്‍ (പണി കൊടുക്കാന്‍ എന്നു നാടന്‍ മലയാളം) ഉദ്ദേശിച്ചുള്ള പ്രയോഗങ്ങള്‍ - അവയ്ക്കായിരിക്കും ഇവിടെ മുന്‍ഗണന കിട്ടുക. അതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? പഞ്ഞം കിടന്നാലും വേണ്ടില്ല - ദീപസ്തംഭം അത്ര മഹാ ആശ്ചര്യമൊന്നുമല്ല തന്നെ!