* * * * * * * * *
മാര്‍ക്സിസ്റ്റുകാരും (അവരില്‍ത്തന്നെ ചിലര്‍ രഹസ്യമായി മറിച്ചു പറയുന്നുണ്ട്) അവരുടെ മാദ്ധ്യമങ്ങളും പറയുന്നത് ചങ്ങനാശേരിയിലെ അക്രമത്തില്‍ ഇടതുസംഘടനകള്‍ക്കു പങ്കില്ല എന്നാണ്. മറ്റുള്ള സകലരും പക്ഷഭേദമെന്യേ പറയുന്നതു നേരെ തിരിച്ചും. അറസ്റ്റുചെയ്ത് ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയരാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അവര്‍ രാഷ്ട്രീയ പകപോക്കലിനു വിധേയരാവുകയാണെന്നും യഥാര്‍ത്ഥപ്രതികളെ മാര്‍ക്സിസ്റ്റ് ഭരണകൂടം സംരക്ഷിക്കുന്നു എന്നും ശക്തമായ ആരോപണം ഉയര്‍ന്നിരിക്കുന്നു.
സംഭവം നടക്കുന്ന സ്ഥലത്തിന്റെ ഏഴയലത്ത് ഞാനുണ്ടായിരുന്നില്ല! യാതൊന്നും നേരിട്ടു കണ്ടിട്ടുമില്ല. പിന്നെ ഏതു വിശ്വസിക്കണം?
ഊഹം പറയാനാണെങ്കില്‍, സംഭവങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ദേശാഭിമാനിയൊഴിച്ചുള്ള മറ്റു പത്രങ്ങള്‍ പറയുന്നതു ശരിയാവാനാണു സാദ്ധ്യത. അവര്‍ക്കാര്‍ക്കും സംഘപരിവാറിനെ അനാവശ്യമായ പിന്തുണയ്ക്കേണ്ട ആവശ്യവുമില്ല - മാര്‍ക്സിസ്റ്റുകാരുടെ ഇതുവരെയുള്ള പ്രവൃത്തികളുമായി യോജിച്ചുപോകുന്നമട്ടൊരു ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതു താനും.
ഊഹിക്കുന്നതു ശരിയല്ല. അച്ചടി-ദൃശ്യമാദ്ധ്യമങ്ങളില്‍ നിന്നു കിട്ടുന്ന വിവരങ്ങളെ ആശ്രയിച്ച് ഒരു അഭിപ്രായം സ്വരൂപിക്കുകയേ നിവൃത്തിയുള്ളൂ.
സംഭവത്തിനു “ദൃക്സാക്ഷി“യായ പോലീസുകാരന്റെ സാക്ഷിമൊഴി ദേശാഭിമാനി അവതരിപ്പിച്ചിരുന്നു. അവര്‍ ഇപ്പോഴും മുറുകെപ്പിടിക്കുന്ന തെളിവ് അതാണ്. അതിലാണ് സംഭവത്തില്‍ SFI-യ്ക്കുള്ള പങ്ക് അവര്‍ വിശദീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ഇങ്ങനെ.
“കൂടി നിന്ന SFI പ്രവര്‍ത്തകര്‍“ എന്ന ഒരു പരാമര്‍ശം മാത്രമാണ് ദേശാഭിമാനിയിലെ ഇരുപതോളം വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്താനായത്. കൂട്ടം കൂടി നില്‍ക്കുന്നത് ഒരു തെറ്റല്ലെന്ന് ഞാന്‍ എവിടെയും വാദിക്കും.
നേരെ മറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ മറ്റു മാദ്ധ്യമങ്ങളിലുണ്ട്. SFI, DYFI, CITU തുടങ്ങിയ സംഘടനകളില്‍പ്പെട്ട അക്രമികള്‍ പോലിസിനെ ആക്രമിക്കുന്നതിനിടെ അവരുടെ അടിയേറ്റാണ് ASI വീണതെന്നും മറ്റുള്ളവര്‍ വളരെ ദൂരത്തായിരുന്നുവെന്നും അവര്‍ പറയുന്നു. പക്ഷേ ഇതു പോലെ ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. (അതേത്തുടര്‍ന്ന് കൊല്ലപ്പെട്ടേക്കാവുന്ന ആ സാക്ഷികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ലാത്തതു കൊണ്ടോ എന്തോ?. ഊഹം മാത്രമാണ്.)
ദൃശ്യമാദ്ധ്യമങ്ങളുടെ ശക്തി പക്ഷേ ഒന്നു വേറെ തന്നെയാണ്. അവിടെ ധാരാളം പേര് കണ്ണു തുറന്നു കണ്ട ചില പുറങ്ങളിലൊന്ന് താഴെക്കൊടുത്തിരിക്കുന്നു.
സമാധാനപരമായി കൂട്ടം കൂടി നില്‍ക്കുകയായിരുന്നില്ല SFIക്കാര് ചെയ്തത്. പട്ടികക്കഷണങ്ങളും കയ്യിലേന്തി അക്രമാസക്തരായി നടക്കുകയായിരുന്നു. (പട്ടിക കൊണ്ടുള്ള അടിയേറ്റാണു മരണം എന്നത് യാദൃച്ഛികമാവണം!)അതൊന്നും മാത്യു എന്ന പോലീസുകാരന്റെ ശ്രദ്ധയില്‍ ഒരുപക്ഷേ പെടാഞ്ഞതാവാം. (ഒന്നോര്‍ത്താല്‍, പാവം അദ്ദേഹത്തെ എന്തിനു പറയുന്നു? അടുത്ത ജന്മത്തിലെങ്കിലും ആരുടെയും അടിമയായിട്ടല്ലാതെ ജീവിക്കാന്‍ കഴിയണമേ എന്നദ്ദേഹം മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ടാവണം)
ഇതേപ്പറ്റി എനിക്കു കൂടുതലൊന്നും പറയാനില്ല.
* * * * * * * * *
ചങ്ങനാശ്ശേരിയിലെ സംഭവത്തില്‍ നഗ്നമായ മാര്‍ക്സിസ്റ്റ് അതിക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഞാന്‍ മറുമൊഴിയില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു.
പണ്ടു മുതല്ക്കേ തന്നെ, ഞാന്‍ ഏതൊരു വിഷയത്തേക്കുറിച്ച് എഴുതിയാലും അത് രാഷ്ട്രീയസ്വയംസേവകസംഘത്തേക്കുറിച്ചുള്ള ഒരു പ്രശ്നോത്തരിയില്‍ച്ചെന്ന് അവസാനിക്കുന്നു എന്നു കാണാറുണ്ട്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ മതേതരമായ ചില തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ചിലര്‍ ചര്‍ച്ചയ്ക്കു വച്ചതിന്റെ ചൂടിലാവണം - ഗുജറാത്ത് എന്ന സ്ഥിരം ആയുധമെടുത്താണ് ചിലര്‍ പ്രതിരോധിക്കാനിറങ്ങിയത്. കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിന്റെയും അതിനെതിരെ പ്രതിരോധമുയരുന്നതിന്റെയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ (അതൊന്നും 2002-നു ശേഷമുള്ള കാര്യങ്ങളല്ല) ഗുജറാത്ത് എന്ന ശബ്ദം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത് രക്ഷപെടാനുള്ള തന്ത്രമായേ അനുഭവപ്പെട്ടുള്ളൂ.
അതിനിടയ്ക്കാണ് 'ജനശക്തിന്യൂസ്' അമ്പരപ്പിക്കുന്ന ഒരു നിരീക്ഷണം അവതരിപ്പിച്ചത്.
കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ 'ഗുജറാത്ത് ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു' എന്നായിരുന്നു അത്. അതുശരി - അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ - അങ്ങനെയെങ്കില്‍ ആ കൗശലക്കാരുടെ മുഖമൊന്നു കാണണമല്ലോ എന്നു കരുതി ഇന്നലെയും മിനിഞ്ഞാന്നുമൊക്കെയായി നടന്ന ചില പ്രതിഷേധസമരങ്ങളുടെ ചിത്രങ്ങള്‍ പരതി. ഒന്നു രണ്ടെണ്ണം താഴെ.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മഴയെ അവഗണിച്ച് ജാഥ നടത്തുന്നതായും കുത്തിയിരിക്കുന്നതായുമൊക്കെത്തോന്നി. പഴയതു പോലെ കണ്ണു പിടിക്കുന്നില്ല. ഇക്കണ്ട ജനമൊക്കെ ഇവിടെ ഗുജറാത്തുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാവണം. അവര്‍ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നവരാവണം. തികഞ്ഞ ഫാസിസ്റ്റുകളും.
എന്താണെന്നറിയില്ല - പൊട്ടിച്ചിരിക്കാന്‍ തോന്നി. ആകെപ്പാടെ തമാശ മൂഡു തോന്നിയപ്പോള്‍ കുറച്ചു കാര്‍ട്ടൂണുകളൊക്കെ എടുത്തു വായിച്ചു. അക്കൂട്ടത്തിലൊരെണ്ണം താഴെ.