Monday, April 9, 2007

പൊളിയുന്നത്‌ വീടോ വിശ്വാസ്യതയോ?

‘അശ്വത്ഥാമാവ്‌ എന്ന ആന കൊല്ലപ്പെട്ടു‘ എന്നു പറഞ്ഞപ്പോള്‍, ആന എന്ന ഭാഗം ഒച്ചതാഴ്ത്തിപ്പറഞ്ഞത്‌ ദ്രോണരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. കഴിഞ്ഞ ദിവസം മംഗളം പത്രവും ഇത്തരമൊരു തന്ത്രം പയറ്റുകയുണ്ടായി. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍.

ഇന്ത്യ ലോകകപ്പില്‍ ബംഗ്ലാദേശിനോടു തോറ്റതിനുശേഷമുള്ള ആരാധകരുടെ പ്രതികരണം 'മംഗളം' മുന്‍പേജില്‍ത്തന്നെ കൊടുത്തത്‌ ഇങ്ങനെ.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ധോണിയുടെ വീടു തകര്‍ക്കുന്നു എന്നാണ്‌ അടിക്കുറിപ്പു പറയുന്നത്‌. ഭാരതീയ ജനതാപാര്‍ട്ടിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചയാണ്‌ പൊതുവില്‍ യുവമോര്‍ച്ച എന്ന്‌ അറിയപ്പെടുന്നത്‌. അവരാണ്‌ ഈ കൃത്യം ചെയ്യുന്നത്‌ എന്നു തെളിയിക്കുന്ന എന്തെങ്കിലും ചിത്രത്തിലുണ്ടോ എന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ 'ജാ. യുവമോര്‍ച്ച' എന്നോ മറ്റോ എഴുതിയ, പച്ച നിറത്തിലുള്ള കൊടി കണ്ണില്‍പെട്ടത്‌. അന്നത്തെ ദേശീയമാദ്ധ്യമങ്ങള്‍ പരതി നോക്കി. ആക്രമണ വാര്‍ത്ത ശരിയാണ്‌. അതു ചെയ്തത്‌ ജാര്‍ഖണ്ഠ്‌ മുക്തി മോര്‍ച്ചയുടേ യുവജനവിഭാഗമായ ജാര്‍ഖണ്ഠ്‌ യുവമോര്‍ച്ച പ്രവര്‍ത്തകരാണ്‌ എന്നേയുള്ളു വ്യത്യാസം.

'ജാര്‍ഖണ്ട്‌' എന്നത്‌ പതുക്കെപ്പോലും പറയാതെ പൂര്‍ണ്ണമായി ഒഴിവാക്കിയതിലൂടെ ബി.ജെ.പി.യെ ഒന്ന്‌ താറടിക്കാന്‍ കഴിഞ്ഞു. സത്യത്തില്‍, ബിജെ.പി. മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട ധോണിയ്ക്ക്‌ സമ്മാനിച്ചതായിരുന്നു ആ വീട്‌ (ചവിട്ടിന്റെ ഒരു കാരണവും അതാകാം). സത്യമെവിടെ നില്‍ക്കുന്നു - മംഗളം മുന്‍പേജില്‍ മലയാളികള്‍ക്കെത്തിച്ചു തന്ന വിവരമെവിടെ നില്‍ക്കുന്നു! പ്രമുഖ മലയാളപത്രങ്ങള്‍ ബിജെ.പി.യുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയെങ്കിലും ശരിയായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതു കണ്ടിട്ടേ മരിക്കൂ എന്ന്‌ ആരെങ്കിലും വാശി പിടിച്ചാല്‍ മിക്കവാറും ചിരഞ്ജീവിയായിപ്പോകുകയേയുള്ളൂ.

* * * * * * * * *

അതേ പത്രത്തിന്റെ തന്നെ ഉള്‍പ്പേജിലും ഒരു ചിത്രമുണ്ട്‌. ആരാധകരുടെ മറ്റൊരു പ്രതികരണം.അടിക്കുറിപ്പില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌ - ബി.ജെ.പി. പ്രവര്‍ത്തകരാണ്‌ ഇതു ചെയ്യുന്നതെന്ന്‌. ഒരാളുടെയും മുഖം പോലും ദൃശ്യമല്ലാത്ത ആ ചിത്രത്തിന്റെ മുക്കും മൂലയുമെല്ലാം അരിച്ചു പെറുക്കിയിട്ടും യാതൊന്നും കിട്ടിയില്ല - ആ ചിത്രത്തെ ബി.ജെ.പി.യുമായി ബന്ധിപ്പിക്കാന്‍. അവര്‍ മാത്രം ധരിക്കുന്ന വല്ലയിനം ചെരുപ്പുകളുമാണോ ദൃശ്യത്തിലുള്ളത്‌ എന്നൊക്കെ ലേഖകനു മാത്രമേ അറിയൂ. അല്ലെങ്കില്‍, അടിക്കുറിപ്പ്‌ അങ്ങനെ തന്നെ ഇടണം എന്നു തീരുമാനിച്ചതാരോ അയാള്‍ക്കും!

9 comments:

Unknown said...

‘അശ്വത്ഥാമാവ്‌ എന്ന ആന കൊല്ലപ്പെട്ടു‘ എന്നു പറഞ്ഞപ്പോള്‍, ആന എന്ന ഭാഗം ഒച്ചതാഴ്ത്തിപ്പറഞ്ഞത്‌ ദ്രോണരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു. കഴിഞ്ഞ ദിവസം മംഗളം പത്രവും ഇത്തരമൊരു തന്ത്രം പയറ്റുകയുണ്ടായി. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍. യുദ്ധം ഇത്‌ ആരെ തോല്‍പിക്കാനോ എന്തോ?

ഇന്ത്യ ലോകകപ്പില്‍ ബംഗ്ലാദേശിനോടു തോറ്റതിനുശേഷമുള്ള ആരാധകരുടെ പ്രതികരണം അവര്‍ മുന്‍പേജില്‍ത്തന്നെ കൊടുത്തത്‌ ഇങ്ങനെ. സത്യമെവിടെ നില്‍ക്കുന്നു - അവര്‍ മുന്‍പേജില്‍ മലയാളികള്‍ക്കെത്തിച്ചു തന്ന വിവരമെവിടെ നില്‍ക്കുന്നു!

myexperimentsandme said...

കൈയ്യിലെ ചരടുകള്‍ കണ്ടിട്ടാണോ? ചരട്-രാഖി-ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പെട്ടെന്ന് മനസ്സില്‍ വരുന്ന ഒരു കോമ്പിനേഷനാണല്ലോ :)

പല വാര്‍ത്തകള്‍ക്കും നിഗമനങ്ങള്‍ക്കും ഊഹങ്ങള്‍ മാത്രം മതി എന്നുംകൂടിയുള്ളപ്പോള്‍ എന്തും എങ്ങിനെയും ആരുടെയും താത്‌പര്യങ്ങളനുസരിച്ച് വാര്‍ത്തകള്‍ ആവുകയും ആവാതിരിക്കുകയും ചെയ്യുമല്ലോ. ഏതൊരു ബിസിനസ്സും വിശ്വാസ്യത ഓരോദിവസവും കൂട്ടി ബിസിനസ്സ് മെച്ചപ്പെടുത്താന്‍ നോക്കുമ്പോള്‍ പത്രമാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്തത് അമിതമായ ആത്മവിശ്വാസം കൊണ്ടുകൂടിയാവുമോ?

എന്നാലും എന്റെ ഒരു നിരീക്ഷണത്തില്‍ കുറച്ചെങ്കിലും നിഷ്‌പക്ഷമായ വാര്‍ത്തകള്‍ കേരളകാര്യങ്ങളിലെങ്കിലും കാണുന്നത് മംഗളത്തിലാണ്. മറ്റ് പത്രങ്ങള്‍ പറയാത്ത/പറയാന്‍ മടിക്കുന്ന പല കേരളവാര്‍ത്തകളും മംഗളം കൊടുക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. (ആഴത്തിലുള്ള നിരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല).

കുതിരവട്ടന്‍ | kuthiravattan said...

എല്ലാ മലയാള പത്രങ്ങളും കണക്കാ

myexperimentsandme said...

കുതിരവട്ടാ, എല്ലാ മലയാള പത്രങ്ങളും കണക്കാണ് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അത്തരം ഒരു നിലപാട് നമ്മള്‍ എടുക്കുന്നത് അരാഷ്ട്രീയവാദമാകുമെന്നോ മറ്റോ ആണ്. പക്ഷേ ഇത്തരം വാര്‍ത്താപാചകങ്ങള്‍ പത്രങ്ങള്‍ തന്നെ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ വായനക്കാര്‍ പിന്നെ എന്ത് നിലപാട് എടുക്കും എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരവുമില്ല.

ഇതിന്റെ രസം, ബി.ജെ.പിയ്ക്കെതിരെയുള്ള എന്ത് പത്രവാര്‍ത്തയും, ശരിയായാലും തെറ്റായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വളരെ സന്തോഷം തരും. പക്ഷേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയുള്ള എന്തെങ്കിലും വാര്‍ത്ത സത്യമാണെങ്കില്‍ കൂടി അത് പാര്‍ട്ടിക്കെതിരാണെങ്കില്‍ സിന്‍ഡിക്കേറ്റുയര്‍ന്നുവരും. അതുപോലെതന്നെ ബി.ജെ.പിക്കാര്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത വന്നാല്‍ ഇന്ത്യന്‍ പത്രമേഖലയാകപ്പാടെ ജെ.എന്‍.യു/ഇടത് ബുജികള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണെന്നായിരിക്കും ബി.ജെ.പിയുടെ പരാതി. അതേ പത്രത്തില്‍ നന്ദിഗ്രാമിലെ വെടിവെപ്പിനെക്കുറിച്ച് വന്നാല്‍ ബി.ജെ.പി ഹാപ്പി. പക്ഷേ അപ്പോള്‍ ഇടതിടയും, സിന്‍‌ഡിക്കേറ്റാവും. ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള എന്ത് അറിവിനും ഏത് പത്രവാര്‍ത്തയും ആധാരമാക്കിക്കോ എന്ന് പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി, നന്ദിഗ്രാമിനെപ്പറ്റി പറയുമ്പോള്‍ ഞങ്ങളുടെ കാരാട്ട് സാറിന്റെ വിശദീകരണം വിശ്വസിച്ചാല്‍ മതി എന്നും പറയും.

നിഷ്‌പക്ഷത അന്വേഷിക്കാന്‍ പോകാതിരുന്നാല്‍ മതി, തലവേദന കുറച്ചെങ്കിലുമൊക്കെ മാറിക്കൊള്ളും. നമുക്ക് ഏതെങ്കിലും രാഷ്ട്രീയകക്ഷികളോട് ആഭിമുഖ്യം കൂടിയുണ്ടെങ്കില്‍ പിന്നെ ഒരു പ്രശ്‌നവുമില്ല. നമുക്ക് താത്‌പര്യമുള്ള വാര്‍ത്തകള്‍ നമുക്ക് വേണ്ട രീതിയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ കാണും. അത് മാത്രം കാണുക, അതില്‍ വരുന്നത് മാത്രം വായിക്കുക, അത് മാത്രം വിശ്വസിക്കുക. ജീവിതം സമാധാനപൂര്‍ണ്ണമായിരിക്കും. അല്ലെങ്കില്‍ ടെന്‍‌ഷനാവും ഫലം.

ചെയ്യാവുന്നത്, ശരിയായ വാര്‍ത്ത എന്ന് നമുക്ക് വേറേ ഏതെങ്കിലും രീതിയില്‍ (അത് ഏത് രീതിയിലാണെന്നറിയില്ല) അറിയാവുന്ന വാര്‍ത്തകള്‍ പത്രത്തില്‍ വരുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും വാര്‍ത്താപാചകങ്ങള്‍ കാണുമ്പോള്‍ അതെല്ലാം കുത്തിയിരുന്ന് ചൂണ്ടിക്കാണിക്കുകയും അങ്ങിനെ വായനക്കാര്‍ മണ്ടന്മാരല്ല എന്ന് അവരെ ബോധിപ്പിക്കുകയും ഒക്കെക്കൂടിയുള്ള ദുഷ്കരമായ കര്‍മ്മങ്ങള്‍ വായനക്കാര്‍ തന്നെ ചെയ്യുക എന്നതായിരിക്കും. പക്ഷേ എത്രപേര്‍ക്ക് പറ്റും?

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി മംഗളത്തിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കാന്‍ വരട്ടേ. കുറെ വാര്‍ത്തകള്‍ ഊഹാപോഹങ്ങളായി കൊടുക്കുമെന്നല്ലാതെ അതിന്‌ ഉപോല്‍പമായ ഒരു വസ്തുതയും മംഗളം കൊടുക്കാറില്ല. " എന്ന് കരുതപ്പെടുന്നു ", "എന്നു സംശയിക്കുന്നു" , " ചില കേന്ദ്രങ്ങളില്‍ നിന്നറിയുന്നു " , " ആരോപണം ശകതമാണ്‌" തുടങ്ങിയ പരമര്‍ശങ്ങളോടെയാണ്‌ മിക്ക മംഗളം വാര്‍ത്തയും അവസനിക്കുക. മംഗളം വാരികയുടെ വായനക്കാരെയാണ്‌ മംഗളം ലക്ഷ്യം വയ്ക്കുന്നുള്ളൂ. അതിന്‌ വേണ്ടി യാതൊരു വസ്തുതക്കും നിരക്കാത്ത ക്ഷണപ്രഭാ ചഞ്ചലമായ വാര്‍ത്തകളാണ്‌ മംഗളത്തിലുള്ളത്‌.

ഉദാഹരണമായി പാലോളി മുഹമ്മദ്കുട്ടിക്കെതിരെ ആദ്യ കോടതി പരാമര്‍ശം വന്ന അന്ന് മുതല്‍ ( ഏതാണ്ട്‌ 3 മാസം മുന്‍പാണെന്നാണ്‍` എന്റെ ഓര്‍മ്മ) അദ്ദേഹം ഉടന്‍ രാജി വയ്ക്കുമെന്നും പകരം വരുന്ന മന്ത്രിമാരുടെ പേരും മഗളം എഴുതി വിറ്റുന്നുണ്ട്‌. പക്ഷെ ദിനം പ്രതി പുതിയ കോടതി പരാമര്‍ശനങ്ങളല്ലാതെ രാജി മാത്രമില്ല. പാലോളി രാജിക്ക്‌ മുന്നോറ്റിയായി തിരക്കുപിടിച്ച്‌ ഫയലുകള്‍ തീര്‍ക്കുകയാണെന്നും ഇവര്‍ എഴുതിയിരുന്നു. മംഗളത്തെ മറന്നേക്കു നകുലാ. ജീവിക്കനുള്ള ഓരോ തത്രപ്പാടുകളല്ലേ

Unknown said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ആഘോഷിക്കുന്ന മാതൃഭൂമി ജനതാദളില്‍ ഉണ്ടായ ഗുസ്തി റിപ്പോര്‍ട്ട് ചെയ്തത് വായിക്കാന്‍ നല്ല രസമായിരുന്നു.

എല്ലാ പത്രങ്ങള്‍ക്കും അവരവരുടെ താല്പര്യങ്ങള്‍ ഉണ്ട്.നിഷ്പക്ഷത ഒരു മരീചികയായിത്തന്നെ തുടരും.തല്‍ക്കാലം കുത്തകപ്പത്രങ്ങള്‍ കൂടുതല്‍ കൊഴുക്കാന്‍ ഇട നല്‍കാതിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.വൈവിധ്യമെങ്കിലും ഉണ്ടാകുമല്ലൊ.

myexperimentsandme said...

എന്റേത് ആഴത്തിലുള്ള ഒരു നീരീക്ഷണമല്ലായിരുന്നു കിരണ്‍. തമ്മില്‍ ഭേദം എന്നൊരു തോന്നല്‍. ഉദാഹരണങ്ങളായി ദേവസ്വം ബോര്‍ഡ് അഴിമതി, തന്ത്രി പ്രശ്‌നം, ഹാരിസണ്‍ മലയാളം അഴിമതി, ജോജുവിന്റെ പ്രശ്‌നം ഇതിലൊക്കെ മംഗളം വാര്‍ത്തകളായിരുന്നു എനിക്ക് ഒന്നുകൂടി ഇഷ്ടപ്പെട്ടത് (അതിലെ മസാലയും എന്നെ സ്വാധീനിച്ചോ എന്നറിയില്ല). പാലൊളിപ്രശ്‌നം മുതലായ രാഷ്ട്രീയ ഊഹാപോഹ വാര്‍ത്തകള്‍ എല്ലാ പത്രങ്ങളും കൊടുക്കുന്നുണ്ടല്ലോ.

പിന്നെ ഇടയ്ക്കിടയ്ക്ക് മംഗളത്തിലെ ഹരിദാസന്‍ പാലായില്‍ ആണെന്ന് തോന്നുന്നു-മന്ത്രിമാര്‍ അന്ന് പറഞ്ഞതും ഇപ്പോള്‍ ചെയ്യുന്നതും എന്നൊക്കെയുള്ള രീതിയിലുള്ള ചില താരതമ്യങ്ങള്‍ നടത്തുന്നുണ്ട്. അതും നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.

(നകുലാ, ഈ ടെപ്ലേറ്റ് കുഴപ്പക്കാരന്‍ ആണെന്ന് തോന്നുന്നു. എന്റെ കമ്പൂവിന്റെ കുഴപ്പമാണോ എന്നറിയില്ല, ചില വരികളൊക്കെ മിസ്സിംഗാവും. പിന്നെ പേജ് മുകളിലോട്ടും താഴോട്ടും ഒക്കെ ആക്കിയാലേ സംഗതി പിന്നെയും വരൂ).

Unknown said...

ഈ പത്രങ്ങളൊക്കെ പരസ്പരം എങ്ങനെ നോക്കിക്കാണുന്നു എന്നു മാറിനിന്നു നിരീക്ഷിക്കുന്നതാണ്‌ സത്യത്തില്‍ ഏറ്റവും കൗതുകകരം.

മൈക്ക്‌ ടൈസണും ഇന്ദ്രന്‍സും തമ്മില്‍ 'ഏറ്റുമുട്ടിയാല്‍' എങ്ങനെയിരിക്കും? ചോദ്യം എന്റേതല്ല. ദേശാഭിമാനിയുടേതാണ്‌. 'ദേശാഭിമാനിയും കേരളകൗമുദിയും കൊമ്പുകോര്‍ക്കുന്നു' എന്ന്‌ മറ്റേതോ പത്രം എഴുതിയതിനെ പരാമര്‍ശിച്ചുകൊണ്ട്‌ ദേശാഭിമാനിയില്‍ വന്നൊരു ലേഖനത്തില്‍ കണ്ടതാണത്‌.

ഇക്കൂട്ടത്തില്‍ ആരാണു ടൈസണ്‍ എന്നും, ഫയല്‍വാന്‍ മലര്‍ത്തിയടിക്കപ്പെട്ടുപോകുന്ന 'മുത്താരം കുന്നു പി.ഒ.' ആവര്‍ത്തിക്കുമോ എന്നുമൊക്കെയുള്ളത്‌, നമ്മള്‍ ആരെ പിന്തുണയ്ക്കുന്നു എന്നതനുസരിച്ച്‌ ഇഷ്ടം പോലെ സങ്കല്‍പിക്കാം.

പണ്ട്‌ മാതൃഭൂമിയും മനോരമയും തമ്മില്‍ പരസ്യങ്ങള്‍ വഴി ഒരു യുദ്ധം തന്നെ നടന്നിരുന്നു.

മംഗളം കുറച്ചൊക്കെ വേറിട്ട നിലപാടുകള്‍ എടുക്കാറുണ്ടെന്ന്‌ വക്കാരി പറയുന്നതിനോട്‌ ഞാനും യോജിക്കുന്നു. (പണ്ടത്തെ 'തലവെട്ടു നാടകം' മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്തതിനേപറ്റി വക്കാരി എഴുതിയ പോസ്റ്റ്‌ ഓര്‍മ്മ വരുന്നു.)

നരേന്ദ്രമോഡി കേരളത്തില്‍ വന്ന സമയത്തും കെ.എം.റോയിയൊക്കെ ചില വേറിട്ട നിലപാടുകള്‍ എടുത്തിരുന്നു. അതേപറ്റി ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്‌.

ടെംപ്ലേറ്റ്‌ എനിക്കു പ്രശ്നമുണ്ടാക്കുന്നതായിത്തോന്നുന്നില്ലല്ലോ വക്കാരീ? മറ്റുള്ളവര്‍ക്കും ഇതേ പ്രശ്നമുണ്ടോ ആവോ? വക്കാരിയുടെ കമ്പൂവില്‍ അമേരിക്കന്‍ ചിപ്‌ ആവാനാണു സാദ്ധ്യത. ആര്‍ക്കറിയാം അവനൊരു സിന്‍ഡിക്കേറ്റിന്റെ ചാരന്‍ അല്ല എന്ന്‌? വാര്‍ത്തകള്‍ "അന്തസ്സാരശൂന്യ"മാക്കിക്കളയും! :)

padmanabhan namboodiri said...

ചൂടാവണ്ട. മാദ്ധ്യമസിന്‍ഡികേറ്റിന്‍ നല്ല വിലകിട്ടും പിണറായി ചന്തയില്‍