Tuesday, May 8, 2007

ഇത്‌ യുക്തിവാദമോ തീവ്രവാദമോ?

വര്‍ഗ്ഗീയപ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ തെല്ലെങ്കിലും ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടുന്ന ഒരു കാര്യം, സത്യം മാത്രമേ പറയൂ, സത്യം മാത്രമേ പ്രചരിപ്പിക്കൂ എന്നൊരു ഉറച്ച തീരുമാനം എടുക്കുക എന്നതാണ്‌.

കേരളയുക്തിവാദി സംഘത്തിന്റെ മുഖപത്രമായ 'യുക്തിരേഖ' മാസികയുടെ 2007 മാര്‍ച്ച്‌ ലക്കത്തിലെ മുഖപ്രസംഗം. അതില്‍ താഴെപ്പറയുന്ന മട്ടൊരു പരാമര്‍ശമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. മാറാട്‌ കലാപബാധിതര്‍ക്ക്‌ ദുരിതാശ്വാസം വിതരണം ചെയ്തതിനെപ്പറ്റിയാണ്‌ പരാമര്‍ശം. മാസികയുടെ പ്രതി അന്വേഷിച്ചിട്ട്‌ കണ്ടെത്താനായില്ല. ഈ വരികള്‍ അതേപടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, 'മാദ്ധ്യമ സിന്‍ ഇന്‍ഡിക്കേറ്റ്‌ ' അടുത്തിടെ ശ്രദ്ധിക്കാനിടയായ മാദ്ധ്യമ പാപങ്ങളില്‍ ഏറ്റവും കൊടിയ പാപമാണിത്‌.

"ആദ്യകലാപത്തില്‍ മരിച്ച മുസ്ലീങ്ങള്‍ക്ക്‌ കാക്കാശ്‌ നല്‍കിയില്ല. രണ്ടാം കലാപത്തില്‍ മരിച്ച ഹിന്ദുക്കള്‍ക്ക്‌ 10 ലക്ഷം രൂപയാണ്‌ ആര്‍. എസ്‌. എസ്‌. പ്രീണനം മൂലം നഷ്ടപരിഹാരം നല്‍കിയത്‌. ഈ നഷ്ടപരിഹാര വിതരണത്തിലെ മൃഗീയപക്ഷപാതം ഭരണകൂടത്തിന്റെ വര്‍ഗ്ഗീയ ക്യാന്‍സര്‍ ബാധയുടെ ഭാഗമല്ലേ?"

'മരിച്ചവര്‍ക്കെങ്ങനെ പണം കൊടുക്കാന്‍ പറ്റും?' എന്ന - എഴുത്തിലെ പിഴവു ചൂണ്ടികാട്ടി തമാശ പറയാവുന്ന സാഹചര്യമല്ലിത്‌. അപകടകരമായ ഒരു (അ)യുക്തിയാണ്‌ മുകളില്‍ വായിച്ചത്‌. അതു വായിച്ചാല്‍ തോന്നുക രണ്ടു സംഭവങ്ങളിലേയും ഹിന്ദുക്കള്‍ക്കു ദുരിതാശ്വാസം ലഭിച്ചു, രണ്ടിലേയും മുസ്ലീങ്ങള്‍ തഴയപ്പെട്ടു എന്നാണ്‌. തെറ്റാണ്‌ ആ പ്രചാരണം. അതല്ലെങ്കില്‍, അതുമായി ബന്ധപ്പെട്ട്‌ പുറത്തു വന്ന മറ്റു റിപ്പോര്‍ട്ടുകള്‍ മൊത്തം തെറ്റായിരിക്കണം!

മാറാട്‌ ഒന്നാമതുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരില്‍ രണ്ടു പേര്‍ ഹിന്ദുക്കളാണ്‌. സഹായം ലഭിക്കാതെ പോയത്‌ അവരുടെ ബന്ധുക്കളുള്‍പ്പെടെ മതപരിഗണനകളില്ലാതെ എല്ലാവര്‍ക്കുമാണ്‌. രണ്ടാമതു നടന്നത്‌ ആസൂത്രിത കൂട്ടക്കൊലയാണ്‌. കൊല്ലപ്പെട്ടത്‌ എട്ടു ഹിന്ദുക്കളും ഒരു മുസ്ലീമും. അസ്‌കര്‍ എന്നയാള്‍ കൊലയാളിസംഘത്തില്‍പ്പെട്ടയാളായിരുന്നുവെന്നും അബദ്ധത്തില്‍ കൊല്ലപ്പെട്ടതാണെന്നും വ്യക്തമായിട്ടു കൂടി അയാളുടെ ബന്ധുക്കളുള്‍പ്പെടെ എല്ലാവര്‍ക്കും ദുരിതാശ്വാസധനം ലഭിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന്‌ കൊല്ലപ്പെട്ട ഹിന്ദുക്കളില്‍ സംഘവുമായി യാതൊരു ബന്ധവുമില്ലാത്തവരും പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌.

അപ്പോള്‍, യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്‌ :- ഒന്നാമതു നടന്ന കലാപത്തിനിരയായവര്‍ക്ക്‌ മതപരിഗണനകളില്ലാതെ ആര്‍ക്കും കാര്യമായ ധനസഹായം ലഭിച്ചിട്ടില്ല. രണ്ടാമതു നടന്ന കൂട്ടക്കൊലയില്‍പ്പെട്ടവര്‍ക്ക്‌ മതപരിഗണനകളില്ലാതെ - വാദി - പ്രതി പരിഗണനകള്‍ പോലുമില്ലാതെ എല്ലാവര്‍ക്കും ലഭിച്ചു. അപ്പോള്‍, കിട്ടിയില്ല - കിട്ടി എന്നൊരു വേര്‍തിരിവുള്ളത്‌ ഒന്നാമത്തെ കലാപബാധിതര്‍ - രണ്ടാമത്തെ കൂട്ടക്കൊലയില്‍പെട്ടവര്‍ എന്നിങ്ങനെയാണ്‌. അല്ലാതെ മുസ്ലീങ്ങള്‍- ഹിന്ദുക്കള്‍ എന്നല്ല. ഇതൊക്കെ വളരെ ഉത്തരവാദിത്തപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടുന്ന വിഷയങ്ങളാണ്‌ എന്നത്‌ ഏതൊരു മാദ്ധ്യമപ്രവര്‍ത്തകനും അറിയാതിരിക്കേണ്ടതല്ല.

യുക്തിവാദികളുടെ പൊതുവേയുള്ള രാഷ്ട്രീയ ചായ്‌വ്‌ എല്ലാവര്‍ക്കുമറിയാം.

ദൈവത്തെ നിഷേധിക്കുന്നവര്‍ അതു ചെയ്യട്ടെ. പക്ഷേ സത്യത്തെയെല്ലാം അപ്പാടെ നിഷേധിക്കണമെന്ന വാശിയെന്തിനാണ്‌? കലാപബാധിതര്‍ക്കെല്ലാം, യാതൊരു വിവേചനവുമില്ലാതെ സഹായം ലഭിക്കണമെന്ന സദുദ്ദേശമായിരുന്നു രചനയ്ക്കു പിന്നിലെങ്കില്‍, അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും സത്യം സത്യമായിട്ടു തന്നെ എഴുതുകയും ചെയ്യാമായിരുന്നു.

'മുസ്ലീങ്ങള്‍ക്കു നീതി ലഭിച്ചില്ല - ഹിന്ദുക്കള്‍ക്കു മാത്രം ലഭിച്ചു' എന്നൊക്കെ എഴുതിവിടുന്നത്‌ പ്രതിഷേധാര്‍ഹമെന്നു മാത്രമല്ല കുറ്റകരവും കൂടിയാണ്‌. ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മുസ്ലീങ്ങളെ ഇത്തരം വാക്കുകളിലൂടെ പ്രീണിപ്പിക്കാമെന്നു കരുതുന്നത്‌ മൗഢ്യമാണ്‌. ഇതൊക്കെ തീവ്രവാദികളെ മാത്രമേ പ്രീണിപ്പിക്കുകയുള്ളൂ.

ചിലര്‍ 'മലപ്പുറം ചുവപ്പിച്ചേ അടങ്ങൂ' എന്ന വാശിയിലാണെന്നറിയാം. ചോര വീഴ്‌ത്തിത്തന്നെ ചുവപ്പിക്കണം എന്നും കൂടി ഉണ്ടോ ആവോ? ഉദയസൂര്യനും ചിലപ്പോള്‍ ചുവന്നാണു കാണാറ്‌. പുത്തന്‍ ചിന്തകളുടെയും ആശയധാരകളുടെയും ഉദയത്തിനും വ്യാപനത്തിനുമായി ശ്രമിക്കുക. അതാണു വേണ്ടത്‌. പൊതുവേ മതമൂല്യങ്ങളെ ബഹുമാനിച്ച്‌ അവയ്ക്ക്‌ പ്രാധാന്യം കൊടുത്തു ജീവിക്കുന്ന മുസ്ലിം ജനതയ്ക്കിടയില്‍ അത്തരത്തിലൊരു സ്വാധീനമുറപ്പിക്കല്‍ ബുദ്ധിമുട്ടാണെന്നു തിരിച്ചറിയുമ്പോള്‍ കുറുക്കുവഴികള്‍ തേടാന്‍ നില്‍ക്കരുത്‌. തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും പുറമേയ്ക്ക്‌ മതേതരമേനി നടിക്കുകയും ചെയ്യുന്ന കൂസിസ്റ്റ്‌ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നതാണ്‌ ഉണ്ടായിരുന്ന ചുവപ്പുകൂടി പതുക്കെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുന്നതു നന്നായിരിക്കും.

1 comment:

Unknown said...

'മാദ്ധ്യമ സിന്‍ ഇന്‍ഡിക്കേറ്റ്‌ ' അടുത്തിടെ ശ്രദ്ധിക്കാനിടയായ മാദ്ധ്യമ പാപങ്ങളില്‍ ഏറ്റവും കൊടിയ പാപമാണിത്‌.