ചങ്ങനാശ്ശേരി സംഭവത്തില്‍ നുണകളുടെ ഒരു പരമ്പരതന്നെ എഴുതിപ്പിടിപ്പിച്ചുകൊണ്ടാണ് ദേശാഭിമാനി മറ്റു സകലമാദ്ധ്യമങ്ങളോടും പൊതുജനങ്ങളോടും എതിരിട്ടത്. ഇപ്പോള്‍ ദാ ഉഗ്രനൊരു വാര്‍ത്ത വീണ്ടും. “പ്രതി“കളെന്നും പറഞ്ഞ് പീഢിപ്പിക്കപ്പെടുന്നവര്‍ക്കേറ്റ മര്‍ദ്ദനത്തേക്കുറിച്ചാണത് .
ബിജുവിന്റെ മൂക്കിന് ആന്തരികമോ ബാഹ്യമോ ആയ യാതൊരു പരിക്കുമില്ലത്രെ! ചെറിയ ഒരു നീര്‍ക്കെട്ടുമാത്രം! നിസ്സാരം.
ആവൂ. വിശദമായ സ്കാനിംഗ് വഴി സത്യം തെളിഞ്ഞതു നന്നായി. മനുഷ്യാവകാശകമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഇപ്പോളറിഞ്ഞതു നന്നായി. അവര്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു കഴിഞ്ഞിട്ടായിരുന്നെങ്കില്‍ പിന്നെ ഇങ്ങനെയൊന്നും വാദിച്ചിട്ടു കാര്യമുണ്ടാകുമായിരുന്നില്ല.
വനിതാപോലീസുകാരടക്കം മര്‍ദ്ദിച്ചു എന്നു മറ്റുമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതും നുണയാകുമോ? ‘നേര് നേരത്തെ അറി‘യിക്കുവാന്‍ ദേശാഭിമാനി ഉള്ളതുകൊണ്ടുകൊള്ളാം.
പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പത്രത്തില്‍ ദാ ഇങ്ങനെയൊരു വാര്‍ത്ത. അപ്പോള്‍, ക്രൂരമായി പീഢിപ്പിക്കപ്പെട്ടു എന്നതുറപ്പാണ്. അക്കാര്യത്തില്‍ ആര് എത്ര സ്കാന്‍ ചെയ്താലും മനുഷ്യാവകാശക്കമ്മീഷനു തെറ്റു പറ്റിയിട്ടില്ല. മൂക്കിന്റെ പാലം തകര്‍ത്തതും റിപ്പോര്‍ട്ടിലുണ്ടാവാന്‍ തന്നെയാണു സാദ്ധ്യത. ഭംഗപുര പാലമായാലും ശരി മൂക്കിന്റെ പാലമായാലും ശരി - മാര്‍ക്സിസ്റ്റുകാര്‍ക്ക് കൊടിയ ദുഷ്‌പേരുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ഇക്കാര്യത്തില്‍, ആരെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട. മലയാളിക്ക് സത്യം പിടികിട്ടാന്‍, കഴിഞ്ഞ നാളുകളിലെ പത്രങ്ങളില്‍ വന്നതും ചാനല്‍ദൃശ്യങ്ങളില്‍ തെളിഞ്ഞതും ഓര്‍മ്മയില്‍ നിന്നെടുത്ത് ഒന്നു സ്കാന്‍ ചെയ്താല്‍ മാത്രം മതി.
കോടതിയില്‍ ഹാജരാക്കിയ സമയത്ത് ബിജുവിന്റെ മൂക്കില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. കോടതിയടക്കം സകലരും കണ്ടതാണത്. അതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചില പത്രങ്ങളില്‍ ഫോട്ടോയും വന്നിരുന്നു. ചോരയൊലിക്കാനിടയാക്കിയ മുറിവ് പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്ന് ഉണ്ടായതല്ല എന്നു സ്ഥാപിക്കാനായി, മറിഞ്ഞുവീണതിനേത്തുടര്‍ന്നുണ്ടായ പരിക്ക്(!!) എന്ന് ദേശാഭിമാനി എഴുതുകയും ചെയ്തതാണ്.
ഇപ്പോള്‍ ദാ പറയുന്നു - യാതൊരു പരിക്കുമില്ല - ഒരു ചെറിയ നീര്‍ക്കെട്ടു മാത്രമേ ഉള്ളൂ എന്ന് (സ്വാഭാവികമായുണ്ടായ നീര്‍ക്കെട്ടാവണം - അതോ ജലദോഷത്തേത്തുടര്‍ന്നുണ്ടായ കഫക്കെട്ടോ?). അപ്പോള്‍, അന്നു ചോരയൊലിച്ചത് എല്ലാവരും മറക്കണമെന്നാണോ?
ഇങ്ങനെ, പരസ്പരവിരുദ്ധമായ, തെറ്റിദ്ധരിപ്പിക്കുന്ന, നുണകള്‍ കൊണ്ട് സമ്പന്നമായ വാര്‍ത്തകള്‍ തുടരെത്തുടരെ വായിക്കേണ്ടിവരിക എന്നത് ഒരു തരം പീഢനമല്ലേ? സത്യമറിയാനുള്ള അവകാശം ദേശാഭിമാനി വായനക്കാര്‍ക്കുമില്ലേ? ഇതൊരുതരം മനുഷ്യാവകാശ ലംഘനമല്ലേ?
ഒരു പക്ഷേ അവര്‍ക്കിതൊക്കെ ഒരു ശീലമായേക്കാം. നുണയാണെന്നറിഞ്ഞുകൊണ്ടു തന്നെ, പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ നേരിടാനുള്ള വാക്കുകളെന്തൊക്കെയാണ് എന്ന് അറിഞ്ഞുവയ്ക്കാന്‍ മാത്രമാവണം അവര്‍ ഇതൊക്കെ വായിക്കുന്നത്.
പക്ഷേ അങ്ങനെയാണെങ്കില്‍, ദേശാഭിമാനിയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കില്ലേ മനുഷ്യാവകാശം? മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി എഴുതേണ്ടിവരിക എന്നത് ഒരു കൊടിയ പീഢനമല്ലേ? അതോ ഇവര്‍ക്കാര്‍ക്കും മനസ്സാക്ഷി ഇല്ലെന്നുണ്ടോ?
1 comment:
പത്രം വായിക്കുന്നവരും മനുഷ്യരല്ലേ? അവര്‍ക്കുമില്ലേ അവകാശങ്ങള്‍? ദാ ഇതുപോലെ പരസ്പരവിരുദ്ധമായ, തെറ്റിദ്ധരിപ്പിക്കുന്ന, നുണകള്‍ കൊണ്ട് സമ്പന്നമായ വാര്‍ത്തകള്‍ തുടരെത്തുടരെ വായിക്കേണ്ടിവരിക എന്നത് ഒരു തരം പീഢനമല്ലേ? മനുഷ്യാവകാശലംഘനമല്ലേ?
Post a Comment