Tuesday, March 29, 2011

തെരഞ്ഞെടുപ്പും പുതിയൊരു തുള്ളൽക്കലാരൂപവും

Download this as PDF file

ഇതുവരെയുള്ളതും ഇന്നത്തേതുമായ കേരളരാഷ്ട്രീയം വിലയിരുത്തിയിട്ടുള്ളവർക്കും, ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി അവതരിപ്പിക്കുന്ന കൗതുകകരമായ ഒരു പരീക്ഷണമാണ്‌ ഇത്‌. പുതിയൊരു കലാരൂപത്തിന്റെ സഹായത്തോടെയുള്ള ഒരു പരീക്ഷണം.


താഴെക്കൊടുത്തിരിക്കുന്നത്‌ ഒരു ചെറിയ തുള്ളൽപ്പാട്ടാണ്‌ - തുള്ളൽവൃത്തം അതേപടി സ്വീകരിച്ചിട്ടില്ലെങ്കിലും.

പക്ഷേ, ഇതിനെ തുള്ളലെന്നു വിളിച്ചും കൂടാ. ‘തുള്ളലുണർത്തൽ’ എന്നോ ‘മറുതുള്ളൽ’ എന്നോ മറ്റോ വേണം വിളിക്കാൻ. ഒരു പേരും പൂർണ്ണമായി സ്വീകാര്യമായിത്തോന്നാത്തതിനാൽ ഇതുവരെ പേരിട്ടിട്ടില്ല.

‘റിവേഴ്സ്‌ തുള്ളൽ’ എന്ന പേരും പരിഗണനയ്ക്കു വന്നിരുന്നു. കൈരളി ചാനലിലെ പ്രസിദ്ധമായ പരിപാടിയായിരുന്ന ‘അശ്വമേധ’ത്തിനെ ‘റിവേഴ്സ്‌ ക്വിസ്‌’ എന്നു വിശേഷിപ്പിച്ചിരുന്നതുപോലെ ഒരു അവസ്ഥയാണിത്‌. അവതാരകൻ ചോദ്യം ചോദിക്കുകയും കേൾവിക്കാരൻ ഉത്തരം പറയുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം, ഉത്തരം ആദ്യം തന്നെ മനസ്സിലോർത്തു വച്ചിട്ട്‌ അതിലേക്കു ചികഞ്ഞെത്തുന്നതാണ്‌ റിവേഴ്സ്‌ ക്വിസ്‌. ഇവിടെ, ഈ തുള്ളലും - പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമാണ്‌. ഇതിൽ അവതാരകൻ തുള്ളുന്നില്ല എന്നതു തന്നെയാണ്‌ ഏറ്റവും വലിയ വ്യത്യാസം. മറിച്ച്‌ കേൾവിക്കാരാണ്‌ തുള്ളുന്നത്‌! എല്ലാവരുമല്ല. അക്കൂട്ടത്തിൽ ചിലർ. അവതരണം ഏതാണ്ടു പകുതിയാകുന്നതോടെ തുള്ളിത്തുടങ്ങുന്ന അവർ അവതരണത്തിന്റെ അവസാനഘട്ടങ്ങളിലേക്കെത്തുമ്പോൾ ഉറഞ്ഞുതുള്ളിയേക്കാനുമിടയുണ്ട്‌.

കഥ തന്നിൽ തുള്ളലുളവാക്കുന്നോ ഇല്ലയോ എന്നത്‌ കൗതുകകരമായ ഒരു പരീക്ഷണം തന്നെയാണ്‌. തുടർച്ച നഷ്ടപ്പെടാതെ വായിച്ചുനോക്കിക്കൊണ്ട്‌ ഏവർക്കും ഒന്നു പരിശോധിച്ചു നോക്കാവുന്നതാണ്‌. തുള്ളലിന്റെ പിന്നിലുള്ള രഹസ്യവും പിന്നീടു വിശദീകരിച്ചിട്ടുണ്ട്‌.

----------------

ഇന്നീക്കേരളനിയമസ്സഭയതു
പിന്നിട്ടാണ്ടുകളോർത്തെന്നാൽ

ഇവിടധികാരത്തിന്റെ ചരിത്ര-
ച്ചിമിഴുകളൊന്നു തുറന്നെന്നാൽ

കാണാം ജനതതി വഞ്ചിതരാകുക-
യാണെന്നുള്ളൊരു യാഥാർത്ഥ്യം!

അഞ്ചഞ്ചാണ്ടുകൾ കൂടുമ്പോളൊരു
വഞ്ചിയിടത്തു വലത്തേയ്ക്കും.

ഒരുകുറിയൊരു കര പറ്റുന്നെങ്കിൽ
മറുകുറി മറ്റേക്കര പറ്റും.

അഞ്ചായില്ലെ പതിറ്റാണ്ടെന്നി-
ട്ടെന്തായിന്നാടിന്റെ ഗതി?

ഇടതും വലതും തമ്മിൽ ഇപ്പോൾ
പറയാനുണ്ടോ വ്യത്യാസം?

പറയുക നെഞ്ചിൽ കൈചേർ-ത്തുണ്ടോ
പറയാൻ തെല്ലും വ്യത്യാസം?

ഇരുവരുമെങ്ങും പാടി നടക്കു -
ന്നപരർ ചെയ്തോരഴിമതികൾ.

അവയിലൊരല്പം പിന്നിൽ നിൽക്കു
ന്നവരേ നമ്മൾ ജയിപ്പിക്കും.

അതിലൊരു വാശി പെരുത്തിട്ടുടനെ
അവരുടെയഴിമതി മൂർച്ഛിയ്ക്കും.

അതിനാലുടനെയടുത്തൊരു തവണ
ഭരണം വീണ്ടും കൈമാറും.

ഇതു നാം തുടരുകയാണിന്നിങ്ങനെ
യിതിനൊരു മാറ്റവുമില്ലാതെ.

ഇതിനൊരു പരിഹാരത്തിനു സമയം
പറയൂ നമ്മൾ കാണേണ്ടേ?

മുന്നണിയൊന്നേ വിജയിക്കാവൂ
എന്നൊരു മുൻവിധി ധാർഷ്ട്യത്തിൽ

നിന്നൊരു വിടുതി കൊടുക്കുക-യെന്നാ-
ലന്നേ നാടിതു നന്നാകൂ.

ഞങ്ങളിലൊന്നു ഭരിക്കും - ഇവിടെ
ഞങ്ങളിലൊന്നേ പ്രതിപക്ഷം!

ഞങ്ങളു മാറി മറിഞ്ഞു ഭരിക്കും
നിങ്ങളിലാരാ ചോദിക്കാൻ?

എന്നൊരു ധാർഷ്ട്യത്തിന്നൊരു മറുപടി-
യന്നേ നാടിതു നന്നാകൂ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റയ്ക്കിന്നൊരു ജനവിധി തേടാൻ
പറ്റാത്തവരാം പാർട്ടി ചിലർ

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

എന്തിന്നായവർ ഒരുമിയ്ക്കുന്നൂ
എന്താണതിനൊരു പൊതുതത്വം?

എന്താണവരുടെ പൊതുതാല്പര്യം?
എന്താണൊരുപൊതുവാദർശം?

ഇത്തരമനവധി ചോദ്യങ്ങൾക്കി-
ന്നുത്തരമില്ലയൊരുത്തർക്കും.

കഴിയുന്നോളം ഭരണം പേറാൻ
വഴിയാണിന്നു കുറുക്കുവഴി.

അതിനാലാണിവരൊരുമിക്കുന്നതു-
മതു താൻ ഒറ്റയൊരാദർശം!

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

വലതും ഇടതും തമ്മിലുമില്ലാ
വലുതായിട്ടൊരു വ്യത്യാസം.

അധികം നാളായില്ലവർ ഡൽഹിയിൽ
അധികാരത്തിനു കൈകോർത്തു.

എന്നിട്ടിപ്പോൾ കേരളബോർഡർ
പിന്നിട്ടപ്പോൾ കലഹിപ്പൂ!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മുന്നണിയത്രേ മുന്നണി-യതിനൊരു
മുന്നണിയെന്നാലെന്താണ്‌?

ഒറ്റപ്പാർട്ടിപ്പോരാട്ടത്തിനു
പറ്റില്ലെന്നു ഭയക്കുന്നോർ

പറ്റിക്കൂടുകയാണൊരു ദിക്കിൽ
പറ്റുന്നൊരു പങ്കവിടുന്ന്‌.

ഭരണം മാറാം ഉടനേ - തങ്ങടെ
വരവു നിലയ്ക്കും എന്നാകിൽ

ഇൻഡിക്കേറ്ററിടുന്നൂ വേഗം
വണ്ടിതിരിക്കാൻ നോക്കുന്നു!

ഇന്നലെ വരെയും ചൊന്നതു മാറ്റി
മുന്നണി വിടുവാൻ നോക്കുന്നു.

വിലപേശുന്നൂ - ഞങ്ങൾ പോകും!
വലവീശുന്നൂ മറ്റുള്ളോർ.

കണ്ടുമടുത്തൂവെങ്കിലുമൊന്നും
മിണ്ടാതങ്ങനെ നാം നിൽക്കെ,

പലകുറിപക്ഷം മാറിമറിഞ്ഞ്‌
പലരും നാടകമാടുന്നു.

ചിലരാണെങ്കിൽ മറന്നും പോണു
‘പറയൂ ഇക്കുറിയെവിടേ നാം?’

ഇപ്പോളിടതോ വലതോ - ‘നീരാ-
ളിപ്പോൾ’ പോലും പറയില്ല!

ഒത്തിരി നാൾ നാം കണ്ടുമടുത്തൂ
ഇത്തരമനവധി നാട്യങ്ങൾ.

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

കിട്ടും തുകയുടെ പങ്കിലുടക്കി
പൊട്ടിപ്പിളരും പാർട്ടി ചിലർ

കഷ്ടപ്പെട്ടു ജയിപ്പിച്ചവരെ-
പ്പറ്റിച്ചോടുന്നിരുദിക്കിൽ!

‘ഇപ്പുറമാണധികാരം - അതിനാൽ
ഇപ്പുറമാണു സുഖം’ - ഒരുവർ

അപ്പുറമോടുന്നപരർ - അറിയാം
അപ്പുറമെത്തും വൈകാതെ.

പറ്റം ചേർന്നു വരുന്നൂ നന്നായ്‌
പറ്റിക്കുന്നു ജനത്തെയവർ.

മുന്നണിയെന്നാൽ പ്രഹസനമാണെ-
ന്നിന്നറിയാത്തവരുണ്ടാമോ?

മണ്ടന്മാരല്ലല്ല ജനങ്ങൾ
കണ്ടാലറിയാത്തവരല്ല

പറ്റിയ്ക്കുന്നു നിരന്തര-മെന്നാൽ
പറ്റുന്നില്ല തിരുത്താനും!

ഒന്നിച്ചൊന്നു ശ്രമിയ്ക്കാമിക്കുറി
ഒന്നിച്ചൊന്നായണി ചേരാം.

ഇക്കുറിയൊന്നുതിരുത്താം നൽകാം
ഇക്കുറി നല്ലൊരു താക്കീത്‌.

വന്നണി ചേരുക ദയവായ്‌ പ്രിയരേ
ഇന്നീയുജ്വലരണഭൂവിൽ.

ഒന്നായൊന്നു ശ്രമിക്കാം നമ്മൾ-
ക്കൊന്നായൊന്നു തകർത്തീടാം

കുത്തകമുന്നണി രാഷ്ട്രീയക്കാർ
ഒത്തുകളിക്കും ധാർഷ്ട്യത്തെ.

കേൾക്കുന്നീലേ മാറ്റൊലി - യിവിടൊരു
മാറ്റത്തിന്റെ പ്രതിധ്വനികൾ?

വഞ്ചിതരായ ജനങ്ങൾ ഇക്കുറി
നെഞ്ചേറ്റുന്നോരടയാളം

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

അഞ്ചംഗുലികളമർത്തിത്തങ്ങടെ
നെഞ്ചിൽച്ചേർത്തവർ പറയുന്നു

താമര താമര താമരയിക്കുറി
താമര തന്നേയടയാളം.

ആളുകളായിരമായിരമൊന്നി-
ച്ചാളിക്കത്തും ജനരോഷം

അതിലടിപതറിച്ചെന്നെത്തട്ടെ
അറബിക്കടലിൽ മുന്നണികൾ!

ഇല്ലാ ഞങ്ങൾ ചോദിക്കുന്നീ-
ലെല്ലാ സീറ്റും വിജയിക്കാൻ

പക്ഷേ പ്രിയരേ ചോദിപ്പൂ - പ്രതി-
പക്ഷത്തുള്ളൊരു സാന്നിദ്ധ്യം.

മുന്നണിരണ്ടും ജനമറിയാതെ
പിന്നിൽ പലതും ചെയ്യുമ്പോൾ

വേണ്ടാചെയ്യരുതെന്നു വിലക്കാൻ
വേണ്ടേ നല്ലൊരു പ്രതിപക്ഷം?

മുന്നണി രണ്ടും ചേർന്നു ജനങ്ങടെ
കണ്ണിൽപ്പൊടിയിട്ടീടുമ്പോൾ

വേണ്ടാ - കാണുന്നുണ്ടെന്നോതാൻ
വേണ്ടി - ജനങ്ങൾ തൻ പക്ഷം?

ചോദിക്കാൻ - പറയാനും കുത്തക
ഭേദിക്കാനും ചിലരുണ്ടേൽ

പേടിയ്ക്കാതേ തരമുണ്ടോ ജന-
മോടിയ്ക്കും വഴി പോകുമവർ.

ചോദിക്കുന്നൂ പ്രിയരേ ഞങ്ങൾ
ചോദിക്കുന്നൊരു സാന്നിദ്ധ്യം.

പുത്തൻ വികസനസംസ്കാരത്തിൻ
ഒത്തിരിയൊത്തിരി സാദ്ധ്യതകൾ

ഒത്തൊരുമിച്ചതുറപ്പാക്കാനായ്‌-
കുത്തുക പ്രിയരേ താമരയിൽ.

മുന്നണിഭരണം മൂലം നാടിതു
പിന്നോട്ടോടിയ വർഷങ്ങൾ

നമ്മളെ വിഡ്ഢികളാക്കിക്കൊണ്ടിവർ
തമ്മളിലാടിയ നാടകവും

നമ്മളു ചേർന്നു തിരുത്തും നമ്മുടെ
സമ്മതിദാനം വിജയിക്കും!

കുത്തകമുന്നണിരാഷ്ട്രീയത്തിൻ
ശുദ്ധീകരണവുമുണ്ടാകും.

താമര താമര താമര തന്നെ
താമര നമ്മുടെയടയാളം.

താമര താമര താമരയിക്കുറി
താമര തന്നേയടയാളം!

--------

പ്രിയപ്പെട്ട വായനക്കാരേ - കേൾവിക്കാരേ - ചില ആളുകളിൽ ഈ വരികൾ തുള്ളലുണർത്താതിരിക്കില്ല എന്നു പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടുണ്ടാവുമെന്നു തന്നെ കരുതുന്നു. കാലാകാലങ്ങളായി നമ്മെ പറ്റിച്ചുവരുന്നവരുടെ കൂട്ടത്തിൽ, വിമർശനങ്ങളോട്‌ അസഹിഷ്ണുതയുള്ളവരേത്തന്നെയാണുദ്ദേശിച്ചത്‌. വാസ്തവത്തിൽ, ആ തുള്ളൽ ഒട്ടും അത്ഭുതകരമല്ല. ‘ഉള്ളതു പറഞ്ഞാൽ തുള്ളലു വരും’ എന്നു പഴമക്കാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ളതാണല്ലോ.

സ്നേഹപൂർവ്വം,
കാണാപ്പുറം നകുലൻ

Download this as PDF file

3 comments:

Unknown said...

ഈ തെരഞ്ഞെടുപ്പുകാലത്ത്‌ ചൂടുള്ള രാഷ്ട്രീയചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു വേണ്ടി അവതരിപ്പിക്കുന്ന കൗതുകകരമായ ഒരു പരീക്ഷണമാണ്‌ ഇത്‌. പുതിയൊരു കലാരൂപത്തിന്റെ സഹായത്തോടെയുള്ള ഒരു പരീക്ഷണം.

Sudeesh Rajashekharan said...

നകുലേട്ടാ, വളരെ നന്നായിട്ടുണ്ട്...

e-Pandithan said...

Everybody knows thamara is also not different compared to UDF and LDF.That we have seen in central, Karnataka and many other states.This means all political parties are almost same if they are in power.