Sunday, February 8, 2009

മുസ്ലീങ്ങളോടു മിണ്ടിപ്പോകരുത്! (ഇമ്മാതിരി നുണകൾ)

മാർക്സിസ്റ്റുകാർ പറയുന്നതിൽ പലതിലേയും പൊള്ളത്തരം മനസ്സിലാക്കാൻ വളരെ ലളിതമായ യുക്തിചിന്തമതി എന്നതാണവസ്ഥ. സംഘപരിവാറിനേക്കുറിച്ചാണു പറയുന്നതെങ്കിൽ പ്രത്യേകിച്ചും - ഒന്നൊഴിയാതെ ഓരോന്നും പച്ചനുണമാത്രമാണെന്നു തിരിച്ചറിയാൻ സാമാന്യബോധം ഒന്നു മാത്രം മതി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം സംഭവിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ.

മംഗലാപുരത്ത് “സംഘപരിവാർ” സി.പി.എം. എം.എൽ.എ.യുടെ മകളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നൊക്കെയാണ് ആദ്യം കേട്ടത്. അവൾ ഒരു മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതാണത്രേ കുറ്റം!!!!!!

കേട്ടയുടനെ പൊട്ടിച്ചിരിക്കാനാണു തോന്നിയത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ആളുകളുടെ ഭാവന എത്രത്തോളമാണു വളരുന്നത്! എന്നാലും – എത്രവന്നാലും ഇങ്ങനെയൊക്കെ പറഞ്ഞുകളയാമോ!

മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചതിന്റെ പേരിൽ സംഘപരിവാർ ഒരു പെൺകുട്ടിയെ മർദ്ദിച്ചുവെന്നൊക്കെപ്പറഞ്ഞാൽ!! അസംഭവ്യമാണത്! ഒറ്റനോട്ടത്തിൽത്തന്നെ നുണയാണെന്നു പറയാൻ സാധിക്കുമല്ലോ എന്നു തോന്നി.

മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച് – അവളെ മതം മാറ്റുന്നതേക്കുറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ - അന്തസായി പോറ്റുന്ന സ്വയംസേവകരുണ്ട്. എന്തിന്, മുസ്ല്ലീങ്ങൾ തന്നെയായ സ്വയംസേവകർ അനവധി. ഇതിപ്പോൾ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്?

ഇനിയിപ്പോൾ വല്ല ശ്രീരാമസേനയുമാവുമോ? ഹിന്ദുവെന്നു കേട്ടാലേ സംഘപരിവാറെന്നു തിരുത്തുന്ന സി.പി.എമ്മുകാരന്റെ പതിവു വേലയായിരിക്കുമോ?

നോക്കിയപ്പോൾ - ശരിയാണ്. ശ്രീരാമസേനക്കാർ ആക്രമിച്ചുവെന്നാണ് സി.പി.എം. എം.എൽ.എ. കുഞ്ഞമ്പു പരാതി കൊടുത്തിരിക്കുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറുമാണത്രേ അതിന് ഒത്താശചെയ്തത്.

ശ്രീരാമസേന ഏതുവകുപ്പിൽ - എന്നു മുതലാണു കുഞ്ഞമ്പുവേ സംഘപരിവാറിലെത്തിയത് എന്ന ചോദ്യം ആദ്യം തന്നെ ഉപേക്ഷിച്ചു. സംഘമെന്താണെന്നു പോലുമറിയാത്തവരോട് സംഘപരിവാറിനേപ്പറ്റി ചോദിക്കാൻ ചെല്ലുന്നവരാണു വിഡ്ഢികൾ.

ആലോചിക്കുന്തോറും സംശയങ്ങൾ കൂടിക്കൂടി വന്നു. എന്നാലും, മറ്റൊരു മതവിഭാഗക്കാരനോടു സംസാരിച്ചതിന്റെ പേരിൽ ഇങ്ങനെയൊക്കെ വരികയെന്നു വച്ചാൽ ... അപ്പോൾ… ഉപദ്രവിച്ചത് ആരായാലും ശരി അവർക്ക് ആൺകുട്ടിയുടെയും പെൺകുട്ടിയുടേയും മതം തിരിച്ചറിയാൻ പറ്റിയിരുന്നിരിക്കണമല്ലോ…. അപ്പോൾ ആ കുട്ടിയെന്താ വല്ല ചന്ദനമോ കുറിയോ മറ്റോ തൊട്ടിട്ടുണ്ടായിരുന്നിരിക്കുമോ? ദൈവമേ – സി.പി.എം. എം.എൽ.യുടെ മകൾക്ക് ഫാസിസ്റ്റ് പക്ഷവ്യതിയാനമോ! അതുപോലെ ആ ചെറുപ്പക്കാരനെ കണ്ടിട്ട് എങ്ങനെയായിരിക്കും മുസ്ലീമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാ‍വുക? തൊപ്പി? താടി? എന്തായിരുന്നിരിക്കണം ഇരുകൂട്ടരുടേയും മതചിഹ്നങ്ങൾ? ശ്ശെ. ആകെക്കൂടെ ഒരു എത്തും പിടിയും കിട്ടിയില്ല.

അതല്ലെങ്കിൽ‌പ്പിന്നെ കുട്ടികളെ നേരത്തെ പരിചയമുള്ളവരായിരിക്കണം. അങ്ങനെയാണെങ്കിൽ, കുഞ്ഞമ്പുവിന്റെ മകളെയും മറ്റൊരു ചെറുപ്പക്കാരനേയും ഒരുമിച്ചുകണ്ടാൽ ഇടപെടാൻ തോന്നുന്നവരുണ്ടെങ്കിൽ അതു മാർക്സിസ്റ്റുകാരാവാനല്ലേ വഴിയുള്ളൂ? സംഘപരിവാറിന് എന്തിന്റെ കേടാണ് സി.പി.എം. എം.എൽ.എ.യുടെ മകൾ എവിടെയെല്ലാം പോകുന്നു എന്നു കണ്ടുപിടിച്ചു പിന്നാലെ ചെല്ലാൻ?

അതിനേക്കാളും വലിയ സംശയം പ്രതികളേക്കുറിച്ചായിരുന്നു. കുഞ്ഞമ്പു നിസ്സംശയം പറഞ്ഞിരിക്കുകയാണ് രാമസേനയും ബജ്‌റംഗ്‌ദളുമൊക്കെയാണു ചെയ്തതെന്ന്. എങ്ങനെ അറിഞ്ഞോ എന്തോ! പരാതി കൊടുത്തിരിക്കുന്നതു തന്നെ അങ്ങനെയാണത്രെ. അദ്ദേഹമെന്താ പ്രതികളെ കണ്ടോ? അവർ ഏതെങ്കിലും സംഘടനയിൽ‌പ്പെട്ടവരാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാം? അദ്ദേഹം അവരെ നേരിട്ടറിയുമോ? ആവോ!

ഒരു സാങ്കല്പിക ചിത്രം മനസ്സിലേക്കു വന്നു. ഹിന്ദു എന്നൊരു പേര് നെറ്റിയിലൊട്ടിച്ച ഒരു പെൺകുട്ടി. അവൾ മുസ്ലിം എന്നു നെറ്റിയിലൊട്ടിച്ച ഒരാളുമായി സംസാരിക്കുന്നു. ഉടൻ തന്നെ സംഘപരിവാർ എന്നു നെറ്റിയിലൊട്ടിച്ച കുറച്ചുപേർ വന്ന് അവരെ ബസിൽ നിന്ന് ഇറക്കിവിടുന്നു. ചെറുക്കനെ അടിക്കുന്നു. അയ്യേ!!!! ഇതെന്താണ് മിമിക്രിയോ?

വല്ലവരും പറയുന്നതു കേട്ട്‌ എടുത്തുചാടാതെ കാര്യങ്ങൾ സ്വന്തമായി ചിന്തിച്ചു മനസ്സിലാക്കാൻ തോന്നുന്നത് ഒരു ദുസ്വഭാവമാണു ചിലപ്പോൾ. സാമാന്യബുദ്ധി ഒരു ശാപവുമാണു പലപ്പോഴും. അതില്ലാത്തവർക്ക് കാര്യങ്ങൾ വളരെയെളുപ്പമാണ്. പലരും ആക്രോശങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

സംഘപരിവാറിന്റെ ‘ഫാസിസ’ത്തിനെതിരെ പി.കെ.ശ്രീമതി കത്തയയ്ക്കുന്നു..

സി.പി.എം. സെക്രട്ടറിയറ്റിന്റെ വക പ്രസ്താവന വേറേ വരുന്നു..

സ്വൈര്യജീവിതം അസാദ്ധ്യമാക്കുന്ന തരത്തിലാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന(!!!) സംഘടനകളുടെ പ്രവർത്തനമെന്നും കൊച്ചിനെ തല്ലിയതു പൈശാചികമാണെന്നും കൊടിയേരി.

ഫാസിസ്റ്റ് ശക്തികളെ അമർച്ച ചെയ്യണമെന്നു വി.എസ് യെദ്ദ്യൂരപ്പയോട്..

ബി.ജെ.പി.ക്കു സ്വാധീനമുള്ള സ്ഥലങ്ങളിലെ സംഭവങ്ങൾ ആപത്‌സൂചനയാണെന്നു പിണറായി

“കേരളം മുൻ‌കരുതൽ സ്വീകരിക്കണ”മെന്നു ചെന്നിത്തല!!!!.

ദൈവമേ അതാ ഇവരെയെല്ലാം കടത്തിവെട്ടിക്കൊണ്ട് കേന്ദ്രമന്ത്രി രേണുകചൌധരി!
എം.എൽ.എ.യുടെ മകൾക്കു നേരേ മംഗലാപുരത്തു നടന്ന സംഭവം ദേശസുരക്ഷയ്ക്കു ഭീഷണിയാണ”ത്രേ!!!!!! പബ്ബുകുട്ടികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനായി മദ്യപിച്ചു പ്രതിഷേധിച്ചു തുടങ്ങി എന്നു വരുമോ? സ്വബോധമില്ലാതെ എന്തൊക്കെയാണു പറഞ്ഞുണ്ടാക്കുന്നത്!!

അങ്ങനെ മൊത്തത്തിൽ സംഘപരിവാർ വിരുദ്ധ ഭർത്സന മഹോത്സവവും വർഗ്ഗീയഭാഷണങ്ങളും കൊണ്ടു പിടിച്ചു തുടരുന്നതിനിടെ കല്ലുകടിയായി മാതൃഭൂമി വാർത്തയിലെ രണ്ടു വരികൾ! സംഗതികൾക്കു പിന്നിൽ പ്രവർത്തിച്ചതായിപ്പറയുന്ന കണ്ടക്ടറും ഡ്രൈവറും കമ്മ്യൂണിസ്റ്റുകാരാണത്രേ! ച്ഛെ! ഫാസിസ്റ്റ് പക്ഷവ്യതിയാനം മകൾക്കു മാത്രമല്ല – അണികൾക്കും!


ജന്മഭൂമി പിറ്റേദിവസം കാര്യം പറഞ്ഞു. ബസിൽ പണിപറ്റിച്ചയാളുടെ കാര്യം മാത്രമല്ല – അങ്ങേരുടെ കുടുംബത്തിന്റെ മൊത്തം സി.പി.എം. പാരമ്പര്യം പോലും വലിച്ചു പുറത്തിട്ടുകളഞ്ഞു ഫാസിറ്റ് പത്രം!
മറ്റേതെങ്കിലുമൊരു മലയാളം പത്രത്തിൽ നിന്ന് വിശദാംശങ്ങൾ ലഭിക്കില്ലെന്നു പകൽ പോലെ വ്യക്തമായതു കൊണ്ട് പതിവുപോലെ ഇംഗ്ലീഷ് പത്രങ്ങളിലേക്കു തിരിഞ്ഞു.

അതാകിടക്കുന്നു സ്വയമ്പനൊരു വാർത്ത.

പ്രതികൾ സി.പി.എമ്മുകാരാണെന്നു വ്യക്തമായത് “ഷോക്കിംഗ് ന്യൂസ്” എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു! എന്തോന്നു ഷോക്കിംഗ് – സാമാന്യബോധമുള്ളവർക്ക് ആദ്യം തന്നെ ഊഹിക്കാവുന്നൊരു കാര്യം എങ്ങനെ ഷോക്കിംഗ് ആകും?

മാർക്സിസ്റ്റു പയ്യന്മാർ എം.എൽ.എ.യുടെ മകളുടെ “മോഡസ്റ്റി” സംരക്ഷിക്കാൻ ശ്രമിച്ചതാണത്രേ!

പാവം നല്ലപടി നടന്നോട്ടെ എന്നു സഖാക്കന്മാർ വിചാരിച്ചെങ്കിൽ തെറ്റുപറയാനാവില്ല. കൂട്ടത്തിൽകണ്ട പയ്യന് എന്തായാലും നല്ല ചികിത്സ കിട്ടി. പെൺകൊച്ചിന്റെ മോഡസ്റ്റിയുടെ അവസ്ഥയെന്തായി എന്നു വാർത്തയിൽ നിന്നു വ്യക്തവുമല്ല.


വാർത്തയുടെ ലിങ്ക് ഇവിടെ. അറസ്റ്റിന്റെ സമയത്തെ ഒരു വീഡീയോയുമുണ്ട്‌.

(DYFI-യെ വിദ്യാർത്ഥി സംഘടനയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ അവിടെ. കേരളം വിട്ടാൽ മാർക്സിസ്റ്റുകളേക്കുറിച്ച്‌ പൊതുജനങ്ങൾക്കുള്ള ധാരണ ഇത്രത്തോളമൊക്കെയേയുള്ളൂ എന്നു വേണം മനസ്സിലാക്കാൻ.)

ഇനിയിപ്പോൾ മാതൃഭുമിയും ടൈംസും ജന്മഭൂമിയും പറഞ്ഞതു തെറ്റാണെന്നു വരുമോ? അറസ്റ്റിലായവർ വെറുതേ പറഞ്ഞതാണെന്നു വരുമോ? കാസർഗോഡുകാരാണല്ലോ – അന്വേഷിക്കാമല്ലോ.

യുവമോർച്ചനേതാവ് സുരേന്ദ്രൻ കാസർഗോഡ് പത്രസമ്മേളനത്തിൽ പറഞ്ഞത് അവർ സി.പി.എമ്മുകാരാണെന്ന്. പ്രതികളുടെ നാട്ടിൽ വച്ച് അങ്ങനെ പ്രഖ്യാപിക്കണമെങ്കിൽ അതു സത്യം തന്നെയാവണം.

തങ്ങളുടെ പാർട്ടിക്കാരാണു പ്രതികൾ എന്നത് സി.പി.എം.കാർ ഇതെഴുതുന്നതു വരെ നിഷേധിച്ചിട്ടുമില്ല. ‘കർണ്ണാടക പോലീസിൽ വിശ്വാസമില്ലെ‘ന്ന കുഞ്ഞമ്പുവിന്റെ പ്രസ്താവന മാത്രം വന്നു. അതു പിന്നെ എങ്ങനെ വിശ്വാസം വരാനാണ്? മാർക്സിസ്റ്റുകാരെ സംരക്ഷിക്കാൻ കൊടിയേരിയുടെ പോലീസല്ലല്ലോ കർണ്ണാടകയിൽ.

സത്യം പറയില്ല എന്നു ശപഥം തന്നെ എടുത്തിട്ടുള്ള പാർട്ടി സെക്രട്ടറി എന്തൊക്കെയോ സംഘവിരുദ്ധത ഇന്നലെയും പുലമ്പുന്നതു കേട്ടു. ബസിൽ കയറി അലമ്പുണ്ടാക്കിയ മാർക്സിസ്റ്റുകാരേക്കുറിച്ച് ഇടെയ്ക്കെന്തെങ്കിലും പറഞ്ഞിരുന്നോ എന്നു വാർത്തകളിൽ നിന്നു വ്യക്തമല്ല.

എന്തുപറയാനാണ്! ലാവ്‌ലിൻ കേസിൽ നാണക്കേടു മറയ്ക്കാൻ നെട്ടോട്ടമോടുന്ന സി.പി.എമ്മുകാർക്ക് ഇതൊക്കെ എവിടെ ഏശാൻ? അവർക്ക്‌ ഇതും ഒരു തണൽ - ഇതിന്റെ പേരിൽ പത്രക്കാരുടെ ശ്രദ്ധ കുറച്ചെങ്കിലും മാറ്റാൻ പറ്റിയല്ലോ അത്ര തന്നെ.

-----------------------------------

പക്ഷേ, ഒരു സാധാരണ പൌരൻ എന്ന നിലയിൽ ഒരു കാര്യം കൂടി പറയാതെ നിർത്തുവാൻ കഴിയുന്നില്ല സി.പി.എമ്മുകാരേ..

പെൺകൊച്ചിനെ ബസിൽ നിന്ന് ഇറക്കി വിടുകയും കൂടെക്കണ്ടവനെ തല്ലുകയും ചെയ്ത പരിപാടി വല്ലവരുടെയും തലയിൽ ചാർത്താൻ നോക്കിയതിനല്ല – അതിന് അപകടകരമായ ഒരു വർഗ്ഗീയനിറം കൊടുത്തതിന്റെ പേരിലാണ് നിങ്ങൾ സർവ്വം തികഞ്ഞ കൂസിസ്റ്റുകളെന്നു വിശേഷിപ്പിക്കപ്പെടേണ്ടത്. ഇതുകൊണ്ട് – ഇതുകൊണ്ടു തന്നെയാണു നിങ്ങൾ കേരളത്തിലെ ഏറ്റവും വലിയ വർഗ്ഗീയപ്പാർട്ടിയായ മുദ്രകുത്തപ്പെടുന്നത്. കേട്ടിടത്തോളം, ആ പയ്യൻ മുസ്ലീമാണ് എന്നതിന് ഈ സംഭവത്തിൽ ഒരു പ്രാധാന്യവുമില്ലായിരുന്നു എന്നതല്ലേ സത്യം? ഹിന്ദുവോ ക്രിസ്ത്യാനിയോ സിക്കുകാരനോ ആയിരുന്നാൽത്തന്നെയും മാർക്സിസ്റ്റു ചട്ടമ്പികൾ എടുത്തിട്ടുമേടുമായിരുന്നു എന്നതല്ലേ സത്യം? എന്തിനായിരുന്നു ഈ വർഗ്ഗീയക്കളി?

മഞ്ചേശ്വരത്ത് ബി.ജെ.പി.ക്കും പിന്നിൽ പതിവായി മൂന്നാ‍മതു പൊയ്ക്കൊണ്ടിരുന്ന ഇടതുസ്ഥാനാർത്ഥി ഇത്തവണ ഒന്നാമതെത്തിയെങ്കിൽ അത് ആരുടെ വോട്ടാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന ആശയമാണെങ്കിൽ - ഒന്നു മനസ്സിലാക്കണം. ഇത്തരം വൃത്തികെട്ട രാഷ്ട്രീയമാണു സത്യത്തിൽ ദേശസുരക്ഷയ്ക്ക് ആപത്ത്. അല്ലാതെ ദേശീയത നെഞ്ചോടു ചേർത്തിരിക്കുന്ന പ്രസ്ഥാനങ്ങളല്ല.

“മുസ്ലീ‍മിനോടു സംസാരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ തല്ലി” എന്ന പച്ചനുണ പരക്കെ കൊണ്ടാടിയപ്പോൾ അതു കേട്ടു വിശ്വസിച്ചവരുടെ കൂട്ടത്തിൽ മുസ്ലീങ്ങളുമുണ്ടാവില്ലേ? അവർക്കൊക്കെ അതുകേട്ടപ്പോൾ തോന്നിയിട്ടുള്ള വികാരമെന്താവണം?

ആ വാർത്ത കേട്ടു വിശ്വസിച്ച അവരെല്ലാവരും ഈ പുതിയ വാർത്തകളും കേട്ടുവെന്നും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും വരുമോ?

അപ്പോൾ, അവരുടെ മനസ്സിലവശേഷിക്കുന്ന വികാരമെന്താവണം?

വിദ്വേഷത്തിന്റെയും പകയുടെയും ഒരു ചെറിയ കണികയെങ്കിലും അവരിൽ ഒരാളുടെയെങ്കിലും ഉള്ളിൽ ഉടലെടുത്തിട്ടുണ്ടാവില്ല എന്നു വരുമോ? അതിപ്പോഴും നിലനിൽക്കുന്നുണ്ടാവില്ല എന്നു വരുമോ?

ഉവ്വെങ്കിൽ, ആ വിദ്വേഷം ആരോടായിരിക്കും? സി.പി.എം, ആഗ്രഹിക്കുന്നതു പോലെ, “സംഘപരിവാർ” എന്ന വാക്കിനോടു മാത്രമോ – അതോ?

പറയണം സി.പി.എമ്മേ – ആരോടായിരിക്കും ആ വിദ്വേഷവും അകൽച്ചയും?


സി.പി.എമ്മേ…. നിങ്ങളുടെ ഈ വർഗ്ഗീയക്കളി തീക്കളിയാണ്. ഈ നാടിന് ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. അതു നിങ്ങളോടു പറഞ്ഞതു കൊണ്ടു കാര്യമില്ലാത്തതുകൊണ്ടു മറ്റൊന്നു കൂടി പറയുകയാണ്. നിങ്ങൾക്കും ഇതുകൊണ്ടു ദോഷമേ ഉണ്ടാകൂ. ചില തീവ്രവാദികൾ ഒപ്പം വന്നേക്കാമെന്നല്ലാതെ ഇതുകൊണ്ടു നിങ്ങൾ പുതിയതായി ആരെയും നിങ്ങളിലേക്കാകർഷിക്കാൻ പോകുന്നില്ല. മാത്രവുമല്ല - തുടർച്ചയായ ഇത്തരം ദുരാരോപണങ്ങളിലെ കാമ്പില്ലായ്മ ജനം തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നത് സംഘപരിവാർ സംഘടനകളെ ഇനിയുമിനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.

തെറ്റാണ് – തെറ്റാണ് നിങ്ങളുടെ ഈ വർഗ്ഗീയനയങ്ങൾ.

നിങ്ങളുടെ ഈ പ്രവൃത്തികൾ കൊണ്ട് ആകെ ഒരു ഫലമേയുള്ളൂ. ദാ കണ്ടില്ലേ മലയാളിച്ചെറുപ്പക്കാർ മുഖംമൂടിയിട്ട് തലയും താഴ്ത്തി നിൽക്കുന്നത്. ഇങ്ങനെ ചില ചിത്രങ്ങൾ സൃഷ്ടിക്കാം എന്നതു മാത്രമാണ് നിങ്ങളുടെയീ വർഗ്ഗീയക്കളികൾ കൊണ്ടുള്ള വിശേഷം. പിന്നെ, കണ്ണൂരിൽ നിന്നു കശ്മീരിലേക്കു വണ്ടികയറി വെടിയേറ്റു വീണവരുടെ ചിത്രങ്ങളില്ലേ – അങ്ങനെ ചില ചിത്രങ്ങളും.

സി.പി.എമ്മു കാരേ – നിങ്ങളുടെ ഈ കൂസിസ്റ്റു ഭീകരതയ്ക്ക് നിങ്ങൾക്ക് ജനകീയമായ – ജനാധിപത്യപരമായ – ശിക്ഷ കിട്ടും. തീർച്ച.