Saturday, May 31, 2008

കണ്ണൂര്‍ - സുപ്രധാനമായൊരു കോടതിവിധി

കണ്ണൂരില്‍ അടുപ്പിച്ചടുപ്പിച്ച്‌ രണ്ടുകലാപങ്ങള്‍ സൃഷ്ടിച്ചിട്ടും മതിവരാതെ സി.പി.എം ഒരു മൂന്നാമങ്കത്തിനു കോപ്പുകൂട്ടുകയാണോ എന്നു സംശയിപ്പിക്കുന്ന ചില വാര്‍ത്തകളേക്കുറിച്ചായിരുന്നു കഴിഞ്ഞ പോസ്റ്റ്‌. അതിന്റെ രണ്ടാം ഭാഗമാണിത്‌. നീതിപീഠങ്ങളും മാര്‍ക്സിസ്റ്റുകളുമൊക്കെയായി ബന്ധപ്പെട്ട ചിലത്‌.

മാദ്ധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചുകൊണ്ട്‌ സംഘത്തെ ഉപദ്രവിക്കുന്നതിനേക്കുറിച്ചാണ്‌ അടുത്തതും അവസാനത്തേതുമായ ഭാഗം.

*-*-*-*-*-*-*-*-*-*-*-*

കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത ഇങ്ങനെ. തലശ്ശേരി മേഖലയില്‍ നടന്ന സകല അക്രമങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ കേരളസര്‍ക്കാര്‍(!) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുന്നു.
നല്ല വാര്‍ത്ത.

ഇതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടായാല്‍ നന്നായിരുന്നു. കലാപങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ്‌ പോലീസ്‌ സേനയെ ചുവപ്പണിയിച്ചു തയ്യാറാക്കി നിര്‍ത്തുക എന്നതായിരുന്നു മാര്‍ക്സിസ്റ്റുകള്‍ ആദ്യം ചെയ്തത്‌. അതിന്റെയൊക്കെ വിശദാംശങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞതുമാണ്‌. ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ - അതും കൊടിയേരി ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുമ്പോള്‍ - സംഘപ്രവര്‍ത്തകര്‍ക്കു പോലീസില്‍ നിന്നു നീതിലഭിക്കുമെന്ന്‌ ഒരിക്കലും കരുതാനാവില്ല. നീതിപീഠങ്ങള്‍ മാത്രമാണു ശരണം.

രാഷ്ട്രീയമേലാളന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പോലീസ്‌ യഥാര്‍ത്ഥപ്രതികളെയല്ല അറസ്റ്റുചെയ്യുന്നതെന്ന കോടതിയുടെ നിരീക്ഷണം വളരെ കൃത്യമാണ്‌. കണ്ണൂരില്‍ നിന്നും കഴിഞ്ഞ കുറേ മാസങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന എല്ലാവര്‍ക്കുമറിയാം അത്‌.

ഉടന്‍ തന്നെ ആ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നു!

ആ നിലപാടു രാഷ്ട്രീയപരമായി ശരിയായിരിക്കാം. എന്തായാലും കോടതി പറഞ്ഞതു തന്നെയാണ്‌ ജനങ്ങളുടെ മനസ്സിലുമുള്ളത്‌. ഒരു അപ്പീല്‍ മുഖേനയും അതു നീക്കിക്കിട്ടുകയില്ല. തലശ്ശേരിയിലെ അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ തകിടം മറിക്കാനാണോ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും അതിന്റെ ഉത്തരവും മനസ്സിലുള്ളവരാണ്‌ ജനങ്ങളിലധികവും. തങ്ങളുടെ പക്ഷചിന്തകള്‍ക്കനുസരിച്ച്‌ ചിലര്‍ തുറന്നുപ്രകടിപ്പിക്കുന്നു - മറ്റു ചിലര്‍ മിണ്ടാതിരിക്കുന്നു - എന്നേയുള്ളൂ.

കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു ഭയമാണെങ്കില്‍ - അതിനെതിരെ അപ്പീലിനു പോകാന്‍ തുനിയുന്നെങ്കില്‍ - അതിനര്‍ത്ഥമെന്താണ്‌? യാതൊരു സംശയവും വേണ്ട - മാര്‍ക്സിസ്റ്റുകളുടെ ഭരണകൂടഭീകരതയുടെ സകല വിവരങ്ങളും പുറത്തുവരും എന്നതുതന്നെ കാരണം.

ഇനിയിപ്പോള്‍ രക്ഷയില്ല എന്നു വന്നിരിക്കുന്നു. ഇത്തവണ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ തൊട്ടതെല്ലാം പിഴച്ചിരിക്കുന്നു.

ഇതിനു തൊട്ടുമുമ്പ്‌ അവര്‍ കോടതിയില്‍ പോയത്‌ കലാപത്തിന്റെ സമയത്തുതന്നെയായിരുന്നു. വേണ്ടിവന്നാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കോടതി നിര്‍ദ്ദേശം വന്നപ്പോള്‍ ഉടന്‍ അതിനെതിരെ അപ്പീലിനു പോയി!

കേന്ദ്രസേന വരുന്നതിനെ ഇത്രയ്ക്കു ഭയന്നതെന്തിനായിരുന്നു? യാതൊരു സംശയവും വേണ്ട - സേന വന്നു വെടിവച്ചാല്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കൊള്ളുമെന്നതു തന്നെ കാരണം!

സേന വന്നേക്കും എന്ന സ്ഥിതിയെത്തിയപ്പോള്‍ - 'വന്നാലും ബാരക്കിലിരിക്കുകയേയുള്ളൂ ' എന്നായി അടുത്ത ഭീഷണി!

സി.പി.എം. അങ്ങനെയാണ്‌.എന്തുവിലകൊടുത്തും അവര്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസാനശ്രമം വരെ നടത്തും. നിയമം കയ്യിലെടുത്തുകൊണ്ട്‌ ഒരുവശത്തും, കോടതിയെയും മറ്റും സമീപിച്ചുകൊണ്ട്‌ മറുവശത്തും - അവസാന നിമിഷം വരെ അവര്‍ തങ്ങളുടെ കുത്സിതതന്ത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കും.

തങ്ങള്‍ക്കെതിരായ കോടതിപരാമര്‍ശമുണ്ടായാല്‍ അവര്‍ 'കോടതി അതിരുവിടുന്നു' എന്ന്‌ ആക്രോശിക്കും. അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ കോടതിക്കെതിരെ പ്രകടനങ്ങള്‍ നടത്തും. തങ്ങള്‍ക്കു താത്പര്യമില്ലാത്ത ന്യായാധിപന്മാരെ 'ജനകീയവിചാരണ' നടത്തി 'നാടുകടത്തും'.

എന്നുവച്ച്‌ കോടതിയെ അനുകൂലിക്കാതെയുമില്ല. ജയകൃഷ്ണന്‍മാസ്റ്റര്‍വധക്കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞപ്പോള്‍ കോടതിക്കു പ്രശംസ ലഭിച്ചു. വിട്ടയക്കപ്പെട്ട കൊലയാളികള്‍ക്കു വീരോചിതസ്വികരണം ലഭിച്ചു. മന്ത്രിമാര്‍ വരെ നേരിട്ടുചെന്നു 'രക്തഹാര'മണിയിച്ചു.

കേരളരാഷ്ട്രീയചരിത്രത്തിലെ തന്നെ തീരാക്കളങ്കമായ ആ സംഭവത്തിലെ പ്രതികളെപ്പോലും രക്ഷപെടുത്താന്‍ സി.പി.എമ്മിനു കഴിഞ്ഞുവെങ്കില്‍ - അവര്‍ക്കു പോലും വീരപരിവേഷമാണെങ്കില്‍ - കൂടുതല്‍ ആവേശത്തോടെ അണികള്‍ ആയുധം മൂര്‍ച്ചകൂട്ടുമെന്നതില്‍ സംശയമെന്താണുള്ളത്‌?

പരുമലയില്‍ വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ മുക്കിക്കൊന്നതിന്റെ അന്തിമവിധിയിലുമതെ - മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതാണ്‌. പോലീസിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചതിനേക്കുറിച്ചുള്ള നിശിതവിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തു ഫലമുണ്ടായി?

ഒന്നുമുണ്ടായില്ല.

അതൊന്നും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവയ്പ്പിക്കാന്‍ പര്യാപ്തമായില്ല.

നിയമവ്യവസ്ഥയ്ക്കു വഴങ്ങിനിന്നുകൊണ്ടെങ്കില്‍ അങ്ങനെ - എതിര്‍ത്തുകൊണ്ടെങ്കില്‍ അങ്ങനെ - തെളിവു നശിപ്പിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - വ്യാജതെളിവുകള്‍ നിര്‍മ്മിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - സി.പി.എമ്മുകാര്‍ പരമാവധി ഉപദ്രവിക്കും. അതവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുപോലുണ്ട്‌.

ചങ്ങനാശ്ശേരിയിലുണ്ടായ സംഭവങ്ങളില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ പരമാവധി സംരക്ഷിച്ചു. ഔദ്യോഗികരേഖകള്‍ തിരുത്തുന്നതുവരെയെത്തി കാര്യങ്ങള്‍. അതുമാത്രവുമല്ല ആ സംഭവത്തിന്റെ പേരില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ പരമാവധി ഉപദ്രവിക്കുകയും ചെയ്തു. കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീണിട്ടും സി.പി.എം. പൊരുതിനില്‍ക്കുകയാണ്‌ ഇപ്പോളും. യജമാനന്‍മാരുടെ ഉത്തരവു പ്രകാരം 'പ്രതികളെ(?)' തല്ലിച്ചതച്ച പോലീസുകാരെ അവര്‍ പരമാവധി സംരക്ഷിക്കുകയാണ്‌.

മനുഷ്യാവകാശക്കമ്മീഷന്‍ വരെ ഇടപെട്ട പ്രശ്നമാണ്‌ - കുറ്റക്കാരായ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടേക്കും - എന്നൊക്കെ വിചാരിച്ചവരുണ്ടാവാം. തോന്നലാണ്‌. വെറും തോന്നലാണ്‌.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒക്കെ വെറും തോന്നലാണ്‌. ശിക്ഷിക്കണമെങ്കില്‍ ആദ്യം കുറ്റക്കാരെ തിരിച്ചറിയണമല്ലോ. തിരിച്ചറിയല്‍ പരേഡിനു വന്ന ഗതി ഇങ്ങനെ.

ഇതിനി പതുക്കെപ്പതുക്കെ - തേഞ്ഞുമാഞ്ഞ്‌ - ഇല്ലാതായിപ്പോകാനാണു സാദ്ധ്യത. അതങ്ങനെയാണ്‌. അവസാനനിമിഷം വരെ സി.പി.എം. പൊരുതിനില്‍ക്കും. തങ്ങള്‍ക്കു വേണ്ടി നുണ പറയുന്നവരെ - തങ്ങള്‍ക്കു വേണ്ടി അക്രമങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്നവരെ - അവര്‍ അവസാന നിമിഷം വരെ സംരക്ഷിക്കും. അവസാന നിമിഷം വരെ സംഘപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ചെയ്യും.

പോലീസില്‍ നിന്നു നീതി ലഭിക്കുന്നില്ല. കോടതിവിധികളിലൂടെ സി.പി.എമ്മിനു മനംമാറ്റമുണ്ടാക്കാനും സാധിക്കുന്നില്ല. അവര്‍ ഉപദ്രവിക്കും. സംഘപ്രവര്‍ത്തകരെ കണ്ടാല്‍ മതി - അവര്‍ ഉപദ്രവിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. ഈയൊരവസ്ഥയ്ക്കു മാറ്റമുണ്ടാകാതെ കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകാനും പോകുന്നില്ല.

ഇതിലൊക്കെ സാധാരണക്കാര്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്നാണ്‌...!

പലതും ചെയ്യാന്‍ കഴിയും.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും തുറന്നംഗീകരിക്കാനും ശ്രമിക്കുക എന്നതാണ്‌ ആദ്യം ചെയ്യാവുന്നത്‌. കണ്ണുകള്‍ തുറന്നുപിടിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും കാണാവുന്നതേയുള്ളൂ - ഓരോ തവണയും പ്രശ്നമാരംഭിക്കുന്നതു സി.പി.എമ്മാണെന്നത്‌. യാതൊരു തര്‍ക്കത്തിനും പഴുതില്ലാത്തമട്ടില്‍ സുവ്യക്തമായ കാര്യമാണത്‌. ആ യാഥാര്‍ത്ഥ്യം അവസരമുണ്ടാകുമ്പോഴെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കാം. ജനം ഇതെല്ലാം മനസ്സിലാക്കുന്നു എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കാം.

മാര്‍ക്സിസ്റ്റുകള്‍ കൊണ്ടുവരുന്ന കള്ളന്യായീകരണങ്ങള്‍ ഒന്നടങ്കം തെറ്റാണെന്നതു തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കാം. 'ജനകീയം' എന്ന പേരുകൂടി ഇട്ട്‌ തങ്ങളേക്കൂടി പ്രതികൂട്ടിലാക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞ്‌ ജനങ്ങള്‍ക്കു ചെറുത്തു നില്‍ക്കാം.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ നേതൃത്വത്തെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന അണികള്‍ക്ക്‌ ക്ഷമയോടെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തുകൊണ്ടേയിരിക്കാം. എന്നെങ്കിലും അവര്‍ക്കു തിരിച്ചറിവുണ്ടാകുമെന്നും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകുമെന്നും കരുതി കാത്തിരിക്കാം.

അങ്ങനെ, ജനങ്ങളെ പഴയതുപോലെ പറ്റിക്കാന്‍ കഴിയുന്നില്ലെന്ന തോന്നലുണ്ടായാല്‍ .....

അണികള്‍ക്കു തന്നെ ഈ അനീതിയില്‍ മനം മടുക്കുന്നു എന്ന പ്രതീതിയുണ്ടായാല്‍ .....

ആയുധപ്രയോഗത്തിലൂടെ അവസാനിപ്പിക്കാവുന്ന നിലയില്‍ നിന്ന്‌ സംഘം വളരെയധികം വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ .....

എന്നെങ്കിലും... എന്നെങ്കിലും... സി.പി.എമ്മുകാര്‍ ഇതിന്‌ ഒരു അന്ത്യം കുറിക്കുമെന്നു പ്രത്യാശിക്കാം.

***

മാദ്ധ്യമങ്ങളിലൂടെ സി.പി.എം. നടത്തുന്ന പ്രതിരോധത്തേക്കുറിച്ചാണ്‌ അടുത്ത പോസ്റ്റ്‌. കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട്‌ - സി.പി.എമ്മിനെ പ്രതിനിധീകരിച്ച്‌ - 'ഐ.വി.ദാസ്‌. എന്നൊരാള്‍ 'മാതൃഭൂമി'യില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതു നിറയെ പച്ചക്കള്ളമാണ്‌. കല്ലുവച്ച - തലയ്ക്കടിച്ച - നുണകള്‍! എന്തൊക്കെയാണു നുണകളെന്നും എന്തുകൊണ്ടാണവ നുണകളാകുന്നതെന്നും ആ പോസ്റ്റില്‍ വിശദീകരിക്കാം. എല്ലാ നുണകളും പൊളിഞ്ഞുകഴിയുമ്പോള്‍ - ഇനി പറയാന്‍ കാരണങ്ങളില്ലാതെ വരുമ്പോള്‍ - അപ്പോളെങ്കിലും സി.പി.എം. ആയുധം താഴെ വച്ചാലോ?

Thursday, May 22, 2008

കണ്ണൂര്‍ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും!

കുറച്ചുനാളുകള്‍ക്കു മുമ്പ്‌ - 'കണ്ണൂരിലെ സമാധാന'ത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടവിടെയായി കേട്ടിരുന്നു. അതിനിടയ്ക്കൊക്കെ, ‘സമാധാനം‘ എന്നതിനു പകരം ‘"ശാശ്വത"സമാധാനം‘ എന്ന പ്രയോഗം എപ്പോളൊക്കെ കടന്നുവന്നുവോ അപ്പോളൊക്കെ അറിവുള്ളവര്‍ പലരും നെടുവീര്‍പ്പിടുകയോ ചിരിയ്ക്കുകയോ ചെയ്തിരുന്നതു ശ്രദ്ധിച്ചിരുന്നു. 'തങ്ങള്‍ ഇനി പ്രശ്നമുണ്ടാക്കില്ല' എന്നൊക്കെയുള്ള സി.പി.എമ്മിന്റെ വാക്കുകള്‍ എക്കാലവും പൊള്ളയായിരുന്നുവെന്നും - ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും - അവരെ വിശ്വസിച്ചുകൂടാ എന്നുമൊക്കെയാണ്‌ പലരും അഭിപ്രായപ്പെട്ടു കണ്ടത്‌.

എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. കണ്ണൂരിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ട്‌ അധികകാലമായില്ല എന്നതുകൊണ്ടാവണം.

ഇക്കുറി ഒരു കലാപം തന്നെ സംഘടിപ്പിച്ചത്‌ തങ്ങളുടെ കൈവിട്ടുപോയി എന്ന സത്യം സി.പി.എം. തിരിച്ചറിഞ്ഞിട്ടുണ്ടാവണം എന്നു തന്നെ കരുതി. സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമെന്നൊക്കെ കണ്ണൂര്‍ലോബിയിലെ നേതാക്കന്മാര്‍ മാത്രമല്ല - മുഖ്യമന്ത്രിയുടെ കൂടി ഉറപ്പുകിട്ടിയതാണ്‌. ദേശീയതലത്തില്‍ പ്രശ്നമെത്തിയതോടെ ഇനി മര്യാദപാലിക്കണമെന്ന്‌ പോളിറ്റ്ബ്യൂറോ തന്നെ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഇനി സി.പി.എം. ഒരു ആക്രമണത്തിനു മുതിരില്ല എന്നു വിശ്വസിച്ചു പോയി.

മുഖ്യമന്ത്രിയുടെ ഉറപ്പിനുശേഷവും ഏഴുപേര്‍ ആക്രമിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്‌ പ്രതീക്ഷയോടെ കാത്തിരുന്നു.

വി.ആര്‍.കൃഷ്ണയ്യരുടെയും മറ്റും നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി നായനാരുടെ സാന്നിദ്ധ്യത്തില്‍ സമാധാനക്കരാര്‍ ഒപ്പുവച്ചതിനു രണ്ടുദിവസങ്ങള്‍ക്കു ശേഷമാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമുണ്ടായത്‌ എന്നതും മനപ്പൂര്‍വ്വം മറന്നു കളഞ്ഞു.

ഇത്തവണയെങ്കിലും കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകും എന്നു പ്രതീക്ഷിച്ചുപോയി.

പക്ഷേ ......ഇല്ല!

മൂത്തവര്‍ പറയുന്നതു തെറ്റാറില്ല.

കണ്ണൂരാണ്‌ - സി.പി.എമ്മാണ്‌. അവരെ വിശ്വസിച്ചുകൂടാ.

*-*-*-*-*-*-*-*-*
1 - നാട്ടിലെ "പ്രതിരോധം"

രണ്ടാഴ്ചകള്‍ക്കു മുമ്പ്‌ - മെയ്‌മാസം പത്താം തീയതി, സി.പി.എമ്മുകാര്‍ ചേര്‍ന്ന്‌ സംഘശാഖ ആക്രമിച്ചിരിക്കുന്നു!!! രണ്ട്‌ സ്വയംസേവകര്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നു. ആരും ശ്രദ്ധിക്കാത്ത അപ്രധാനകോണില്‍ കിടന്ന ആ വാര്‍ത്ത താഴെ.

പ്രകോപനമില്ല - പ്രതിരോധമല്ല - ഒന്നുമില്ല. കണ്ണൂരാണ്‌. സി.പി.എമ്മാണ്‌. അവര്‍ തല്ലും. പറ്റിയാല്‍ കൊല്ലും. അതേപ്പറ്റി സംസാരിക്കുന്നതു വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
കുറച്ചുദിവസങ്ങളേ ആയിരുന്നുള്ളൂ - ചിറ്റൂരിലെ ഒരു സംഘപ്രവര്‍ത്തകന്‍ - സുരേഷിനെ മാര്‍ക്സിസ്റ്റുകള്‍ കൊന്നിട്ട്‌. അതിനുമുമ്പ്‌ ഉത്സവത്തിനിടയിലോ മറ്റോ എന്തോ നിസാരതര്‍ക്കമുണ്ടായിരുന്നുവത്രേ.

എന്തെങ്കിലും ഒരു കാരണം എങ്ങിനെയെങ്കിലും കണ്ടുപിടിച്ച്‌ എവിടെനിന്നെങ്കിലും ഒരു സംഘപ്രവര്‍ത്തകനെ തെരഞ്ഞുപിടിച്ചു കൊല്ലുകയാണ്‌.

അതേപ്പറ്റിയൊന്നും ആരോടും പരാതിപ്പെട്ടിട്ടു കാര്യമില്ല. സി.പി.എമ്മാണ്‌. അവര്‍ക്കു സംഘപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള അധികാരവും അവകാശവുമുണ്ട്‌. അതു സമര്‍ത്ഥിക്കുന്ന മട്ടിലുള്ള നുണപ്രചാരണങ്ങള്‍ നടത്താനുള്ള പ്രചാരണസംവിധാനങ്ങള്‍ അവര്‍ ഇതിനകം ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ, യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ, നേതൃത്വം പറയുന്നതു മാത്രം ഏറ്റുപറയാന്‍ തയ്യാറുള്ള മട്ടില്‍ അന്ധമായ വിധേയത്വം പുലര്‍ത്തുന്ന അനേകമാളുകളെ അവര്‍ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്‌. അവരുടെയിടയിലെല്ലാം സംഘത്തേക്കുറിച്ചു തികഞ്ഞ തെറ്റിദ്ധാരണകള്‍ പരത്തി വിദ്വേഷം ആവോളം ഉജ്ജ്വലിപ്പിച്ചുവച്ചിട്ടുമുണ്ട്‌ (അവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ അടുത്തപോസ്റ്റില്‍).

മാര്‍ക്സിസ്റ്റുകാരാണ്‌ ഓരോതവണയും പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന വസ്തുതകള്‍ നിരത്തിവച്ചുകൊണ്ട്‌ - യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട്‌ - ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട്‌ - എത്രവേദിയില്‍ സംസാരിച്ചിട്ടും കാര്യമില്ല. മാര്‍ക്സിസ്റ്റുകള്‍ ആ ചെയ്തികളെയൊക്കെ ‘മാനവികത‘ എന്നു വിളിച്ചുവെന്നു വരും. ‘ജനങ്ങ‘ളാണ്‌ ഇതെല്ലാം ചെയ്യുന്നതെന്നു വാദിച്ചെന്നു വരും.

ഇതിനൊന്നും ഒരു തിരിച്ചടിയും ഉണ്ടാകുന്നില്ലല്ലോ - വഴിനടന്നുപോയൊരാള്‍ നിന്നനില്‍പ്പില്‍ കൊലചെയ്യപ്പെട്ടിട്ടും കേവലമൊരു ഹര്‍ത്താലില്‍ പ്രതിഷേധം ഒതുങ്ങുകയല്ലേ ചെയ്തത്‌ - അതുപോലെയുള്ള അനവധി ഉദാഹരണങ്ങള്‍ ചുണ്ടിക്കാണിക്കാനാവുമല്ലോ - എന്നൊന്നും ചോദിക്കരുത്‌. "ആര്‍.എസ്‌.എസ്‌.കൊലക്കത്തി താഴെവയ്ക്കണം" എന്നവര്‍ ആക്രോശിച്ചുകളയും. ചിന്തിക്കാനൊരുക്കമല്ലാത്ത പലരും അത്‌ അതേപടി ആവര്‍ത്തിക്കുകയും ചെയ്യും.

വ്യര്‍ത്ഥമാണ്‌. സംസാരിക്കുന്ന ഓരോ നിമിഷവും - എഴുതുന്ന ഓരോ വരിയും വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
ചിറ്റൂരിലെ കൊലപാതകത്തിനു ശേഷവും - കണ്ണൂരില്‍ ശാഖ ആക്രമിക്കപ്പെട്ടപ്പോളും - പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ്‌ ഇതാ വീണ്ടും!

കണ്ണൂര്‍ മാത്രമെടുത്താല്‍ - ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാമത്തെ ആക്രമണവാര്‍ത്ത.

മെയ്‌ 20-ന്‌ അഴീക്കോട്‌ അഴീക്കല്‍ ശാഖ ആക്രമിച്ചിരിക്കുന്നു!!! അവിടെ സംഘടനാപ്രവര്‍ത്തനം അനുവദിക്കില്ലെന്നും അനുസരിക്കാനുദ്ദേശമില്ലെങ്കില്‍ അനുഭവിക്കുമെന്നുമാണു ഭീഷണി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണെങ്കില്‍, മഴപെയ്തേക്കും എന്നു കരുതുന്നതു തന്നെയാണു ബുദ്ധി. ആശങ്കപ്പെടാതെ തരമില്ല.

‘സമാധാനം വേണം‘ എന്നു പറഞ്ഞുനടക്കുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവരിലെല്ലാം അങ്ങേയറ്റത്തെ ആകുലത ജനിപ്പിക്കണം ഈ സാഹചര്യം. സി.പി.എം. ഒരു മൂന്നാമങ്കത്തിനുള്ള പുറപ്പാടാകുമോ? വാക്കുപാലിക്കാനുള്ള ആത്മാര്‍ത്ഥതയില്ലെങ്കില്‍പ്പിന്നെ അവര്‍ ജനങ്ങള്‍ക്കു മുമ്പാകെ ഉറപ്പുകള്‍ വയ്ക്കുന്നതെന്തിനാണ് ?

സംഘശാഖ നടക്കുന്ന സ്ഥലം എന്നത്‌ സംഘപ്രവര്‍ത്തകര്‍ പവിത്രമായിക്കരുതുന്ന ഒരു സ്ഥലമാണ്. അവിടം തുടര്‍ച്ചയായി ആക്രമിക്കപ്പെടുക എന്നത്‌ അവര്‍ എത്രകാലം കണ്ടു നില്‍ക്കുമെന്നു പറഞ്ഞുകൂടാ. മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക എന്ന പതിവു സി.പി.എം. തന്ത്രം തന്നെ ഇത്തവണയും ആവര്‍ത്തിക്കാനുള്ള ശ്രമമാണെങ്കില്‍, സമാധാനമാഗ്രഹിക്കുന്ന ഏതൊരാളും അവരെ വിലക്കേണ്ടതാവശ്യമാണ്.

“സി.പി.എം. അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല“ എന്നു വാദിക്കുന്നവര്‍, ‘രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് “ എന്നു പറഞ്ഞ്‌ ഒഴിയുന്നവര്‍ - ഇവരിലാര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ - അവര്‍ ഇപ്പോള്‍ പ്രഖ്യാപിക്കട്ടെ. ‘ഇത്‌ അനീതിയാണ് - ജനാധിപത്യവിരുദ്ധമാണ് - പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ ജനം കണ്ടുകൊണ്ടിരിക്കുകയാണ് ‘ എന്ന്‌.

*-*-*-*-*-*-*-*-*
സമാധാനസമ്മേളനങ്ങള്‍ എന്ന പ്രഹസനത്തിന്റെ പരമ്പരയില്‍ അവസാനത്തേതില്‍ എടുത്ത തീരുമാനങ്ങളേപ്പറ്റി ദേശാഭിമാനി പണ്ട്‌ എഴുതിയത്‌ ഇങ്ങനെയൊക്കെ.
എത്രയോ ആളുകള്‍ അന്നു മെനക്കെട്ടു എന്നോര്‍ക്കണം! എല്ലാവരും പറയുന്നതു "ശാശ്വതസമാധാനം" കൈവരുത്തുമെന്നാണ്‌.

എന്നിട്ടിപ്പോള്‍ എന്തായി, ശ്രീ. അച്യുതാനന്ദന്‍? ഇവിടുത്തെ ഭരണകൂടത്തിന്റെ പ്രതികരണം താങ്കളില്‍ നിന്നു തന്നെയല്ല ജനം പ്രതീക്ഷിക്കേണ്ടത്‌ എന്നുണ്ടോ?

ആര്‍.എസ്‌.എസിന്റെ പ്രതികരണം കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ആ വാര്‍ത്ത താഴെ.
ഇല്ല. ഈ വാര്‍ത്തകളൊന്നും ആരും ശ്രദ്ധിക്കുവാന്‍ പോകുന്നില്ല.

കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകളുടെ അസഹിഷ്ണുത തുടരും. അവര്‍ മറ്റുള്ളവര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം അനുവദിക്കാന്‍ പോകുന്നില്ല. അവര്‍ ഇനിയും അക്രമമഴിച്ചുവിട്ടുവെന്നു വരും. ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകനെ വെട്ടുകയും കുത്തുകയും ചെയ്ത്‌ സംസാരശേഷി നഷ്ടപ്പെടുത്തിയെന്നു വരും. കണ്ണുകുത്തിപ്പൊട്ടിച്ചുവെന്നു വരും. ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ അതാണ്.

അപ്പോഴൊന്നും ആരും കണ്ണുതുറക്കാന്‍ പോകുന്നില്ല. പ്രതികരിക്കാനും പോകുന്നില്ല.

യാതൊരു പ്രകോപനവുമില്ലാതെ അവര്‍ ആക്രമിച്ചെന്നുവരും. എന്തെങ്കിലുമൊരു നിസാരപ്രശ്നമുണ്ടയാല്‍ അതൊരു മറയാക്കി തകര്‍ത്താടിയെന്നു വരും. മാര്‍ക്സിസ്റ്റു പാര്‍ട്ടിഗ്രാമത്തിലെ ഇടവഴിയില്‍ക്കൂടി ഒരു സംഘപ്രവര്‍ത്തകന്‍ സൈക്കിളോടിക്കുമ്പോള്‍ പിറകില്‍ നിന്നു മണിയടികേട്ടയുടന്‍തന്നെ ഇറങ്ങിനിന്നു വണങ്ങി വഴിമാറിക്കൊടുത്തില്ല എന്നോ മറ്റോ ഒക്കെയുള്ള "പ്രകോപന"ത്തേത്തുടര്‍ന്ന്‌ മറ്റേതെങ്കിലുമൊരു പ്രവര്‍ത്തകനെയോ അനുഭാവിയേപ്പോലുമോ വെട്ടിക്കൊന്നുവെന്നു വരും.

മിണ്ടരുത്‌!

മിണ്ടാതെ - പ്രതികരിക്കാതെ - കാത്തിരിക്കണം.

ഒടുവില്‍, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സഹികെട്ട്‌ എന്നെങ്കിലുമൊരിക്കല്‍ ഏതെങ്കിലും ചില സംഘപ്രവര്‍ത്തകര്‍ തിരിച്ചൊരു അടി കൊടുക്കാതിരിക്കില്ല.

അപ്പോള്‍ ചാടിയിറങ്ങി പ്രതികരിക്കണം. അതൊരു കടമയാണ്‌. ബാദ്ധ്യതയാണ്‌.

പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും പ്രകടനങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിക്കാം.

കഴിഞ്ഞതവണത്തെ പരീക്ഷണങ്ങളെല്ലാം വീണ്ടുമാവര്‍ത്തിക്കാം.

'പ്രതിരോധ'മെന്ന പേരു പറഞ്ഞ്‌ രോഗികളേയും വൃദ്ധന്മാരേയും വെട്ടിക്കൊല്ലാം.

സുഹൃത്തുക്കളെ വീട്ടില്‍നിന്നു വിളിച്ചുവരുത്തി ചതിയിലൂടെ തലയറുക്കാം.

എന്നിട്ട്‌ - സത്യത്തെ എടുത്ത്‌ നേരെ തലതിരിച്ചിടാം. “ഞങ്ങള്‍ സംയമനം പാലിച്ചു - ഒടുവില്‍ ജനം പ്രതികരിച്ചു " എന്ന ലജ്ജാകരമായ വാദം - പച്ചക്കള്ളം - നട്ടാല്‍ കിളിര്‍ക്കാത്ത നുണ - തലയ്ക്കടിച്ച നുണ - അവതരിപ്പിച്ച്‌ ആളുകളെ വീണ്ടും കബളിപ്പിക്കാം.

അതിനൊക്കെയുള്ള സമയം ഒത്തുവരുന്നതുവരെ, സംഘപ്രവര്‍ത്തകര്‍ ആയുധമെടുത്തു പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുന്ന ആദ്യത്തെ സംഭവം ഉണ്ടാകുന്നതു വരെ മിണ്ടാതിരിക്കാം. അടുത്ത ‘ജനകീയപ്രതിരോധ‘ത്തിനായി ഊര്‍ജ്ജം സംഭരിച്ച്‌ - കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കാം.

കണ്ണൂരേ...നിനക്ക്‌ ഉടന്‍ രക്ഷയുണ്ടെന്നു തോന്നുന്നില്ല. നിന്റെ മേല്‍ ഒരു ശാപം വീണു കഴിഞ്ഞിരിക്കുന്നു. കണ്ണു തുറന്നു യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും മാര്‍ക്സിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തിന്റെ - മുഷ്ക്കിന്റെ - മാടമ്പിത്തരത്തിന്റെ - കയ്യില്‍ കടന്നു പിടിക്കാനും നിനക്ക്‌ എന്നു കഴിയുന്നോ അന്നു വരെ നിന്റെ പേര്‍ "കണ്ണീര്‍" എന്നു തന്നെ തിരുത്തി വായിക്കേണ്ടി വരും.

*-*-*-*-*-*-*-*-*-*-*-*-*
പിന്നീടു കൂട്ടിച്ചേര്‍ക്കുന്നത്‌:-

ഈ പോസ്റ്റിട്ടതിനുശേഷം വന്ന രണ്ടു പത്രവാര്‍ത്തകള്‍ കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

ശാഖകളേപ്പറ്റി സി.പി.എം. പറയുന്നതു പച്ചക്കള്ളമാണെന്നു പോലീസ്‌ തന്നെ തുറന്നു സമ്മതിക്കുന്നതാണ് ഒരു വാര്‍ത്ത. അവിടെ ഒരു ആയുധപരിശീലനവും നടക്കുന്നില്ല.

ഇങ്ങനെ കള്ളം പറഞ്ഞുകൊണ്ടാണെങ്കില്‍പ്പോലും സി.പി.എമ്മിന്റെ ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും എന്നതാണു മറ്റൊരു ചോദ്യം. നിയമവിരുദ്ധമായത്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പോലീസിനേയും മറ്റു നിയമസംവിധാനങ്ങളേയും ഉപയോഗിച്ചുകൊണ്ട്‌ അതിനെ നേരിടാമല്ലോ. സി.പി.എം. സ്വന്തനിലയില്‍ അതിനെ സായുധമായി നേരിടുന്നത്‌ നിയമം കയ്യിലെടുക്കലല്ലേ? അവരാണോ ഇവിടുത്തെ പോലീസ്‌? കുറ്റവാളികളാണെന്നു മുദ്രകുത്തി - പച്ചക്കള്ളം പറഞ്ഞ്‌ - ഒരുകൂട്ടം ആളുകളെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം.! കള്ളക്കേസുണ്ടാക്കുന്നവര്‍ - പോലീസ്‌ - കോടതി - ആരാച്ചാര്‍ - എല്ലാം സി.പി.എം. തന്നെ!

ഇതേപ്പറ്റിയൊക്കെ സംസാരിക്കുന്നതു വ്യര്‍ത്ഥമാണെന്നതാണു സത്യം. സംഘപ്രവര്‍ത്തനം വ്യാപിക്കുന്നതു കാണാനുള്ള കരുത്തോ സഹിഷ്ണുതയോ ഇല്ല സി.പി.എമ്മിന്. അവര്‍ പച്ചക്കള്ളങ്ങളാവര്‍ത്തിച്ചുകൊണ്ട്‌ സംഘത്തെ ആക്രമിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. മറ്റുള്ളവര്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാന്‍ സി.പി.എം തീരുമാനിക്കുകയോ അല്ലെങ്കില്‍ അവര്‍ അതിന് നിര്‍ബന്ധിതരാകുകയോ ചെയ്യാത്തിടത്തോളം കാലം കണ്ണൂരിലെ പ്രശ്നങ്ങള്‍ തീരില്ല.
അടുത്ത വാര്‍ത്ത പറയുന്നതും സി.പി.എമ്മിന്റെ ആക്രമണങ്ങളേക്കുറിച്ചു തന്നെ. അരയിലിരുന്ന ബോംബു പൊട്ടി സി.പി.എമ്മുകാരന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതും അതേപ്പറ്റി അവര്‍ പറയുന്ന കള്ളത്തരങ്ങളും എല്ലാം അതിലുണ്ട്‌. കയ്യോടെ പിടിക്കപ്പെട്ടില്ലെങ്കില്‍ അതും സംഘത്തിന്റെ തലയില്‍ വയ്ക്കുമായിരുന്നു അവര്‍.

*-*-*-*-*-*-*-*-*-*-*-*-*
I--------------------------------->
ജൂലൈ എട്ടാം തീയതി വീണ്ടും കൂട്ടിച്ചേർക്കുന്നത്‌.

ഇന്നിതാ രണ്ടു ബി.ജെ.പി.ക്കാരെ വെട്ടിയിരിക്കുന്നു. ഒരാളുടെ നില ഗുരുതരമാണ്. സി.പി.എമ്മുകാർ തന്നെയാണു വെട്ടിയതെന്ന്‌ അവിടെ നിന്നുള്ളവർ പറയുന്നു.


സി.പി.എം. ആയുധം താഴെവയ്ക്കുമെന്നു കരുതി കാത്തിരിക്കുന്നർ - അവരിൽ നിന്നു മര്യാദ പ്രതീക്ഷിക്കുന്നവർ - അവരെ വിളിക്കാൻ ‘വിഡ്ഡികൾ’എന്നതിലും നല്ല പദം വേറേ കണ്ടെത്തേണ്ടിവരും. മാർക്സിസ്റ്റുകാർ വിപ്ലവകാരികളാണ്. അവർക്കു വിരോധമുള്ളവരെ അവർ ഇഷ്ടം പോലെ വെട്ടും - കൊല്ലും.

മാർക്സിസ്റ്റുകളുടെ വാൾത്തലയ്ക്കു മുന്നിൽ നിരന്തരം കഴിയുമ്പോളും മനസ്സിൽ സംഘാദർശം കാത്തുസൂക്ഷിക്കുന്ന - മാർക്സിസ്റ്റു മുഷ്കിനു മുന്നിൽ പിടിച്ചുനിൽക്കുന്ന - മാതൃഭൂമിയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച - ധീരരായ സംഘപ്രവർത്തകസഹോദരങ്ങൾക്ക് എന്റെ അഭിവാദ്യങ്ങളും ഐക്യദാർഢ്യവും.
<---------------------------------I
*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-
കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!


*-*-*-*-*-*-*-*-*-*-*-*-*
കുറിപ്പ്‌:-

സമീപകാലത്തെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിത്തന്നെയുള്ള അടുത്ത രണ്ടു ഭാഗങ്ങള്‍ - ആരും അധികം ശ്രദ്ധിച്ചിരിക്കില്ലാത്ത - എന്നാല്‍ അറിഞ്ഞിരിക്കേണ്ട - കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവ - വെവ്വേറെ പോസ്റ്റുകളായി ഇടാമെന്നു കരുതുന്നു.

2 - കോടതിയിലെ 'പ്രതിരോധം'
3- മാദ്ധ്യമങ്ങളിലെ 'പ്രതിരോധം'

Friday, May 16, 2008

ബംഗാളിയുടെ ബോംബേറും മലയാളിയുടെ പത്രവായനയും

മരണങ്ങളെ തമാശപോലെ കൈകാര്യം ചെയ്യുന്നതില്‍ മത്സരിക്കുകയാണോ പത്രങ്ങള്‍ എന്നു തോന്നിപ്പോകും ചിലപ്പോള്‍. ഒന്നില്‍ക്കൂടുതല്‍ പത്രങ്ങള്‍ വായിക്കുന്ന ശീലം ഒഴിവാക്കാനാവാത്തതും വലിയ കഷ്ടം തന്നെ.

*_*_*_*_*_*_*_*

മാര്‍ക്സിസ്റ്റുകാര്‍ കേരളത്തില്‍ ആരെയെങ്കിലും വെട്ടിക്കൊല്ലുകയോ ബംഗാളില്‍ ആരെയെങ്കിലും വെടിവച്ചുകൊല്ലുകയോ ഒക്കെച്ചെയ്താല്‍ അതൊരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ടിപ്പോള്‍. പത്രങ്ങള്‍ക്ക്‌ അപ്രധാന പുറങ്ങളിലെ രണ്ടോ മൂന്നോ വരിയില്‍ക്കൂടുതലൊന്നും മാറ്റിവയ്ക്കാനുണ്ടാവില്ല - അതിനായി.

ഇന്നലെ ബംഗാളില്‍ മൂന്ന്‌ ആര്‍.എസ്‌.പി.ക്കാരെ സി.പി.എമ്മുകാര്‍ വലിച്ചിഴച്ചുകൊണ്ടുപോയി വെടിവച്ചുകൊന്ന കാര്യം വായിച്ചപ്പോളും ഒരുതരം നിര്‍വികാരത തന്നെയാണു തോന്നിയത്‌. എങ്കിലും, ഇത്തവണ ദേശാഭിമാനി അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടാവുമോ എന്നറിയാന്‍ ആകാംക്ഷ തോന്നി.

മുന്നണിയ്ക്കുള്ളിലെ സഹയാത്രികരെയാണ്‌ ഇക്കുറി കൊലപ്പെടുത്തിയിരിക്കുന്നത്‌. എന്തു ന്യായീകരണമായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാവുക? 'ജനകീയപ്രതിരോധ'ത്തിന്റെ ബംഗാളിപദമായിരിക്കുമോ ഉപയോഗിച്ചിരിക്കുക? അതോ മൗനം പാലിച്ചിരിക്കുമോ?

നോക്കിയപ്പോള്‍, വാര്‍ത്ത കൊടുത്തിട്ടുണ്ട്‌. 'സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു ' എന്നാണു പറഞ്ഞിരിക്കുന്നത്‌. ഏകപക്ഷീയമായ ആക്രമണത്തിനിടെ വീട്ടില്‍ നിന്ന്‌ അടിച്ചിറക്കി വലിച്ചിഴച്ചുകൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന്‌ ഇംഗ്ലീഷ്‌ പത്രങ്ങള്‍ പറഞ്ഞതു തെറ്റാവണം.

വാര്‍ത്തയ്ക്കിടയിലെ മറ്റൊരു ഭാഗം വായിച്ചപ്പോള്‍, അത്തരം വിശദാംശങ്ങള്‍ക്കൊന്നും യാതൊരു പ്രാധാന്യവുമില്ലെന്നു തോന്നിപ്പോയി.

"കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞു. ഒരു പിഞ്ചുകുഞ്ഞു കൊല്ലപ്പെട്ടു!"

എന്തൊരു കഷ്ടമാണിത്‌! നിസ്സാരം ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പാണിതെന്നോര്‍ക്കണം! എന്തിനാണിതെല്ലാം?

കുഞ്ഞിനെ ബോംബെറിഞ്ഞു കൊന്ന കോണ്‍ഗ്രസുകാര്‍!

കയ്യിലിരുന്ന ബോംബു പൊട്ടിത്തെറിച്ച്‌ വേറേ രണ്ടു കോണ്‍ഗ്രസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌ ആണോ എന്തോ?

മാതൃഭൂമിയാകട്ടെ ബോംബേറില്‍ മരിച്ച കുട്ടിയേപ്പറ്റി കുറ്റകരമായ മൗനം പാലിച്ചു! പക്ഷേ, സൂര്യാഘാതമേറ്റു മരിച്ച മറ്റൊരു കുട്ടിയേപ്പറ്റി പറയാനുള്ള മര്യാദ കാട്ടുകയും ചെയ്തു.
ബോംബേറിനേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ്‌ കുട്ടി മരിച്ചതെന്ന ഒരു വാദം കൂടി ഉയര്‍ന്നു വന്നിട്ടുണ്ട്‌. അപ്പോള്‍ മൊത്തം എത്ര കുട്ടികള്‍ മരിച്ചു? രണ്ടോ അതോ മൂന്നോ?

അജ്ഞാതമായ കാരണങ്ങളാല്‍ മരിച്ച നാലാമതൊരു കുട്ടിയേപ്പറ്റി "Express India" പറയുന്നുണ്ട്‌.
Medical Superintendent Dr Debashish Mondal said no external injuries were found on the child's body. According to the doctor, the actual cause of death can be ascertained only after the postmortem report is released by staff at the Uluberia district hospital.
കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞുകൊന്നുവെന്നു ദേശാഭിമാനി പറഞ്ഞ കുട്ടി തന്നെയാണോ ആവോ ഇത്‌?. പരുക്കില്ലാതെ ആളെ കൊല്ലുന്ന ബോംബോ!

സൂര്യാഘാതമേറ്റതാവാം കാരണം എന്നൊരാള്‍ സംശയം പ്രകടിപ്പിച്ചതായും പറയുന്നുണ്ട്‌.
Howrah District Magistrate Khalil Ahmed said the child could have died due to 'sunstroke'.

മാതൃഭൂമി, ’സൂര്യാഘാതം‘ എന്ന്‌ സംശയത്തിനിടയില്ലാതെ ഉറപ്പിച്ചു പറഞ്ഞത്‌ ഇതേകുട്ടി തന്നെയാവുമോ?

ഒരു വയസ്സുള്ള കുട്ടി - ആറു വയസ്സുള്ള കുട്ടി - ഇംഗ്ലീഷ്‌ പത്രങ്ങള്‍ ഓരോന്നും ഓരോ കുട്ടികളെ വീതം കൊന്നുകൊണ്ടിരുന്നു. ശിശുഹത്യ ഭയാനകമായി വര്‍ദ്ധിക്കുന്നതായിക്കണ്ടതോടെ വായന നിര്‍ത്തി.

ദേശാഭിമാനിയും മനോരമയും കൈകോര്‍ത്തുപിടിച്ച്‌ ഒരേ കുട്ടിയെത്തന്നെ കൊലപ്പെടുത്തിയതു പ്രത്യേകം ശ്രദ്ധിക്കാതിരുന്നില്ല. ബോംബേറാണു പ്രശ്നമുണ്ടാക്കിയതെന്ന്‌ ഇരുവരും പറയുന്നു. 'കോണ്‍ഗ്രസുകാര്‍ എറിഞ്ഞപ്പോള്‍ ' എന്നു ദേശാഭിമാനിയും, ചുമ്മാ 'ബോംബു പൊട്ടിയപ്പോള്‍ ' എന്നു മനോരമയും എന്നതാണൊരു വ്യത്യാസം.

അവര്‍ പറയുന്നതു തമ്മില്‍ ഏറ്റവും വലിയ വ്യത്യാസമുള്ളത്‌ ബോംബ്‌ 'കയ്യിലിരുന്നു' പൊട്ടിയവരുടെ കാര്യത്തിലാണ്‌.

'കയ്യിലിരുന്നു പൊട്ടിയവര്‍' കോണ്‍ഗ്രസുകാരാണെന്നു ദേശാഭിമാനി തറപ്പിച്ചു പറഞ്ഞിരിക്കുന്നു. മറിച്ച്‌ അതു മാര്‍ക്സിസ്റ്റുകളാണെന്ന ആരോപണത്തേപ്പറ്റി മനോരമയും പറഞ്ഞിരിക്കുന്നു.
സത്യത്തില്‍ ഈ 'കയ്യിലിരുന്നു പൊട്ടല്‍" എന്നതു തന്നെ ഉണ്ടായ സംഭവമാണോ അതോ പത്രക്കാര്‍ ഇതെല്ലാം 'കയ്യില്‍നിന്നിട്ട്‌ ' “പൊട്ടിക്കുന്ന“താണോ എന്നുപോലും യാതൊരു ഉറപ്പുമില്ല!

*_*_*_*_*_*_*_*

പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ ആരൊക്കെയോ അക്രമമുണ്ടാക്കിയ ഒരു ബൂത്തില്‍, അജ്ഞാതമായ കാരണത്താല്‍ ഒരു കുട്ടി മരിച്ചു എന്നതു മാത്രം ശരിയാണെന്നു തോന്നുന്നു! മരിച്ചത്‌ എങ്ങനെയായാലെന്ത്‌ - ആ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൊത്തം 6 അല്ലെങ്കില്‍ 8 മരണം!

കേവലമൊരു പഞ്ചായത്തു തെരഞ്ഞെടുപ്പാണെന്നോര്‍ക്കണം!

ഇത്രയ്ക്കു ജീവന്‍കളഞ്ഞു നേടാന്‍ മാത്രമുള്ള എന്തിനുവേണ്ടിയാണിവര്‍ മത്സരിക്കുന്നതെന്നു തോന്നിപ്പോകും. ഒന്നോ രണ്ടോ പഞ്ചായത്തു വാര്‍ഡുകളുടെ ഭരണത്തേക്കാള്‍ വലുതല്ല മനുഷ്യജീവനുകള്‍ എന്നു വരുമോ!

കേരളത്തിലും പലപ്പോഴും പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ അമിതമായി രാഷ്ട്രീയം കലരുന്നതായിക്കണ്ടിട്ടുണ്ട്‌. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍, ഇറാന്റെ ആണവപരീക്ഷണവും തങ്ങള്‍ ഇറാന്‌ അനുകൂലമായി എടുക്കുന്ന നിലപാടുകളും ഒക്കെ ചൂണ്ടിക്കാട്ടി ഇടതുപക്ഷം വോട്ടു തേടിയതായി വാര്‍ത്തകളുണ്ടായിരുന്നു!

പലപ്പോഴും അയല്‍പക്കക്കാരും ഒരേ കുടുംബക്കാരും ഒക്കെ മത്സരിക്കുന്ന - ഒരു ചെറിയ സമൂഹത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു പരിധി വിട്ട്‌ വാശിയുണ്ടാവാനും അതുമൂലം സ്പര്‍ദ്ധവളരാനും ഒന്നും പാടില്ല. അത്‌ നാടിന്റെ ഐക്യത്തെ തകര്‍ക്കും. പ്രത്യേകിച്ചും അന്താരാഷ്ട്രവര്‍ഗ്ഗീയതയൊക്കെ എടുത്തുപയോഗിക്കുന്നതു പ്രത്യേകിച്ചും ഒഴിവാക്കണം. സദ്ദാം ഹുസൈന്റെയും ജോര്‍ജുബുഷിന്റേയുമൊക്കെ മതം ചൂണ്ടിക്കാണിച്ച്‌ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ കാണിച്ച വര്‍ഗ്ഗീയരാഷ്ട്രീയക്കളിയും അപകടം തന്നെയാണ്‌. പക്ഷേ അത്‌ ഒന്നുമല്ലെങ്കിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പാണെന്നെങ്കിലും വിചാരിക്കാം. പഞ്ചായത്തിലും വേണോ അത്തരം പ്രയോഗങ്ങള്‍? പ്രത്യേകിച്ചും ബംഗാളിലേപ്പോലെ ചോരക്കളികള്‍?

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചമാണെന്നു കേട്ടിട്ടുണ്ട്‌. അവിടെ ഗ്രാമപഞ്ചായത്തുകളില്‍ ആളുകള്‍ രാഷ്ട്രീയകക്ഷികളുടെ ലേബലുകള്‍ ഒക്കെ ഉപേക്ഷിച്ച്‌ - സാധാരണ മനുഷ്യര്‍ മാത്രമായി മാറി - പ്രാദേശികപ്രശ്നങ്ങള്‍ ഉന്നയിച്ച്‌ - കക്ഷിരാഷ്ട്രീയത്തിനതീതമായ പരിഗണനകളുടെ പേരില്‍ - തെരഞ്ഞെടുപ്പു നടത്താറാണത്രേ പതിവ്‌. കക്ഷികളുടെ ഔദ്യോഗികചിഹ്നങ്ങളായ താമരയും കൈയും ആനയുമൊന്നും ബാലറ്റു പേപ്പറില്‍ വരികയുമില്ല.

ഗ്രാമങ്ങളിലെ പരസ്പരസഹകരണമനോഭാവവും സമരസതയും വളര്‍ത്തുക എന്ന ലക്ഷ്യവുമായി 'സംരസ്‌ ഗ്രാം യോജന' എന്നൊരു പദ്ധതി ഗുജറാത്തില്‍ അവതരിപ്പിക്കപ്പെടുകയും വിജയം കാണുകയും ചെയ്തിരുന്നതും ഇവിടെ അനുസ്മരണീയമാണ്‌. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ടു തന്നെ ഗ്രാമമുഖ്യന്മാരെ ഏകകണ്ഠമായി തെരഞ്ഞെടുക്കുവാന്‍ ഗ്രാമങ്ങള്‍ക്ക്‌ സാധിക്കുന്നെങ്കില്‍ അവര്‍ക്ക്‌ ഒരു അംഗീകാരവും പ്രോത്സാഹനവുമെന്ന നിലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അധികതുക അനുവദിക്കുന്നു എന്നതായിരുന്നു അതിന്റെ മുഖ്യ ആകര്‍ഷണം.

സൗരാഷ്ട്ര-കച്ച്‌-മേഖലയില്‍ മാത്രം 1477 പഞ്ചായത്തുകള്‍ ആ പദ്ധതിപ്രകാരം അധികതുകയ്ക്ക്‌ അര്‍ഹരായി. ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടവരിലെ വനിതാപ്രാതിനിദ്ധ്യം 41 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. പദ്ധതി അവതരിപ്പിക്കപ്പെട്ട ആദ്യതവണ തന്നെ 27% പഞ്ചായത്തുകളും 45% വില്ലേജ്‌ വാര്‍ഡുകളും പദ്ധതി സ്വീകരിച്ചു. പിന്നീടും അനേകം ഗ്രാമങ്ങള്‍ സമരസഗ്രാമങ്ങളായി.

മഹാശ്വേതാദേവിയേപ്പോലുള്ളവരടക്കം അത്ഭുതം പ്രകടിപ്പിച്ചുപോകുന്ന മട്ടില്‍,ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിസ്ഥാനസൗകര്യവികസനം താഴേത്തട്ടുകളിലേക്കു വരെ എത്തിക്കാന്‍ കഴിഞ്ഞ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ സത്യത്തില്‍ ഇത്തരം ചില പദ്ധതികളായിരുന്നു. ബംഗാളിലേയും ഗുജറാത്തിലേയും അടിസ്ഥാനജനജീവിതം താരതമ്യം ചെയ്തുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ള 'ജ്യോതിഗ്രാം/നന്ദിഗ്രാം' താരതമ്യങ്ങളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്തൊരു വിഷയമാണിത്‌.

*_*_*_*_*_*_*_*
രാഷ്ട്രീയമാവാം. പക്ഷേ അതിന്റെ പേരില്‍ അന്ധമായ വിരോധവും പകയും നന്നല്ല. കേവലം ഒരു പഞ്ചായത്തില്‍ - അല്‍പം കൂടി താഴേയ്ക്കു വന്ന്‌ ഒരു ഗ്രാമത്തില്‍ത്തന്നെ - എന്തിന്‌ ഒരേ കുടുംബത്തില്‍ത്തന്നെ അച്ഛനും മക്കളും പോലും വ്യത്യസ്തപാര്‍ട്ടികളില്‍പ്പെടുന്നുവെന്ന പേരില്‍ തര്‍ക്കവും കൊലപാതകങ്ങളും - ഇതൊന്നും ഒട്ടും നന്നല്ല - അതു കണ്ണൂരിലായാലും ശരി - ബംഗാളിലായാലും ശരി. ഇക്കാര്യത്തില്‍ പലപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്നതു മാര്‍കിസ്റ്റുപാര്‍ട്ടിയാണെന്നു കരുതി മിണ്ടാതിരിക്കുന്നതും നന്നല്ല. അത്‌ ലേബലുള്ളവരായാലും ശരി - ഇല്ലാത്തവരായാലും ശരി.