Thursday, February 25, 2010

ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ

‘കൊല്ലം ആശ്രാമം മൈതാനം’ എന്നു മുമ്പേ കേട്ടിട്ടുണ്ടെങ്കിലും ഇതിനു മുമ്പൊരിക്കലും കാണാൻ അവസരമുണ്ടായിരുന്നിട്ടില്ല.

ആദ്യകാഴ്ചയിൽത്തന്നെ ശങ്കിച്ചത് അതിനെ ഒരു “മൈതാനം“ എന്നു വിളിക്കാൻ പറ്റുമോ എന്നാണ്. പുതിയൊരു പേരു കണ്ടെത്തുന്നതാവും ഒരുപക്ഷേ നല്ലത്.

അറുപതോളം ഏക്കർ വിസ്തൃതിയിൽ - കണ്ണെത്തിക്കാനാവാത്ത അതിരുകൾക്കുള്ളിൽ - പരന്നു കിടക്കുന്ന ഒരു പ്രദേശം. അതിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്തണമെങ്കിൽ വണ്ടിപിടിച്ചുപോകണമെന്ന അവസ്ഥ.

അവിടമാകെ വെട്ടി വെളുപ്പിച്ചു വെടിപ്പാക്കിയിരിക്കുന്നു. അവിടെ അടുക്കോടും ചിട്ടയോടും കൂടി നിരന്നിരിക്കുന്ന സ്വയംസേവകർ.

അവിടെക്കണ്ട ദൃശ്യങ്ങൾ അതേപടി – പൂർണ്ണമികവോടെ - പകർത്താൻ വിവിധ ചാനലുകളുടെ അത്യന്താധുനിക ക്യാമറകൾക്കു തന്നെ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അപ്പോൾപ്പിന്നെ ഒരു സാധാരണ ഡിജിറ്റൽ ക്യാമറയുടെ എളിയ പരിശ്രമത്തേപ്പറ്റി പറയേണ്ടതു തന്നെയില്ല.

പ്രസ്ഗ്യാലറിയിൽ നിന്നുകൊണ്ടു പകർത്തിയ പരിമിതമായ ചില ദൃശ്യങ്ങൾ ചുവടെ.
“വ്യായാം യോ”ഗിന്റെ സമയത്തുള്ളത്.



സമയക്രമത്തിൽ‌പ്പോലും കടുകിടവ്യത്യാസമോ പരാതികൾക്ക് അവസരമോ ഇല്ലാതെ പരിപാടികളവസാനിച്ചപ്പോൾ മനസ്സിലുറപ്പിച്ചത് സംഘത്തിന്റെ സംഘാടകമികവിനുള്ള അംഗീകാരമെന്നതിലുപരി മറ്റൊരുകാര്യമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളുടെയോ സമ്മർദ്ദങ്ങളുടെയോ പശ്ചാ‍ത്തലമില്ലാതെ - സ്വപ്രേരണയാൽ ഇത്രയധികം പേർ ഒരുമിച്ചുവരാനിടയാക്കുന്നതും ഒരേ ആദർശത്താൽ പ്രചോദിതരായ അവരെ ഒരേ താളത്തിൽ ചലിപ്പിക്കുവാൻ കെല്പുള്ളതുമായ ഒരു പ്രസ്ഥാനം ഈ ലോകത്തു തന്നെ ആകെ ഒന്നു മാത്രമേയുള്ളൂ. അത് രാഷ്ട്രീയ സ്വയം സേവക സംഘമാണ്. എന്റെ ചില സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം അതൊരു അപ്രിയസത്യമായേക്കാമെങ്കിലും.