Monday, April 9, 2007

എന്തുകൊണ്ട്‌ മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌?

പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌ ഇങ്ങനെയൊരു ബ്ലോഗ്‌ ആകാമെന്നു വച്ചത്‌.

----
(1)
----
'ഒന്നിലധികം പത്രങ്ങളില്‍ ഒരേപോലെ വാര്‍ത്തകള്‍ വരുന്നു' എന്നതാണത്രേ കേരളത്തില്‍ മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ ഉണ്ട്‌ എന്നതിന്റെ തെളിവ്‌! അപ്പോള്‍ വാര്‍ത്തകള്‍ വ്യത്യസ്തങ്ങളായേ തീരൂ - അതാണ്‌ സ്വാഭാവിക പത്രപ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നത്‌ എന്നാണല്ലോ.

എല്ലാവരും യഥാതഥമായ റിപ്പോര്‍ട്ടിംഗ്‌ നടത്തിയാല്‍ എല്ലാ പത്രങ്ങളിലും എല്ലാ വാര്‍ത്തകളും മിക്കവാറും ഒരേപോലെയല്ലേ വരേണ്ടത്‌ - വിശദാംശങ്ങളുടെ അളവിലല്ലേ വ്യത്യാസമുണ്ടാകാവൂ - എന്നത്‌ ന്യായമായൊരു സംശയം. ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ക്കിണങ്ങിയ വിധം "രൂപപ്പെടുത്തിയാണ്‌" വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ യാഥാര്‍ത്ഥ്യം. ഈ രൂപപ്പെടലുകള്‍ നിരീക്ഷിക്കുന്നത്‌ പണ്ടുതോട്ടേയുള്ളൊരു വിനോദമായിരുന്നു. വളരെ കൗതുകകരമാണത്‌. ചില നിരീക്ഷണങ്ങള്‍ കുറിച്ചിടാന്‍ ഒരു ബ്ലോഗുണ്ടാകുന്നത്‌ നല്ലതാണെന്ന്‌ തോന്നുന്നു.

----
(2)
----
ഈയിടെയായി പണത്തിന്‌ കുറച്ച്‌ ആവശ്യം നേരിടുന്നുണ്ട്‌.

ദൈവാനുഗ്രഹത്താല്‍, ഉള്ള ജോലി കൊണ്ട്‌ കുടുംബം പുലര്‍ത്താനൊക്കെ കഴിയുന്നുണ്ട്‌. അല്ലറ ചില്ലറ സാമൂഹ്യപ്രവര്‍ത്തനമൊക്കെയുള്ളതു മാത്രമാണ്‌ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട്‌ ഞെരുങ്ങിപ്പോകാറുള്ളത്‌.

നേരിട്ട്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കിലും, വല്ലപ്പോഴും സാമ്പത്തിക സഹായമെത്തിക്കാനെങ്കിലും ശ്രമിക്കാറുള്ള ചെറിയൊരു പ്രസ്ഥാനമുണ്ട്‌. മദ്ധ്യകേരളത്തില്‍ത്തന്നെയുള്ള - അനാഥരായ ആദിവാസി (വനവാസി?) കുട്ടികളെ സംരക്ഷിക്കുന്ന - അവര്‍ക്കു വിദ്യാഭ്യാസമൊക്കെ കൊടുക്കാനുദ്ദേശിച്ചുള്ള എളിയൊരു സംരംഭം. വലിയ തെറ്റില്ലാത്ത നിലയില്‍ പോകുകയായിരുന്നു ഇതു വരെ. അടുത്തയിടെ അവര്‍ക്കു വലിയ തിരിച്ചടി നേരിട്ടു - തങ്ങളുടെ പ്രധാന സ്പോണ്‍സര്‍ പിന്‍വാങ്ങിയതിലൂടെ .
ഇതു വരെ പണം പറ്റി പഠിച്ചു കൊണ്ടിരുന്ന പതിനഞ്ചോളം കുട്ടികള്‍ ഇനിയെങ്കിലും മതം മാറണമെന്നാണ്‌ സ്പോണ്‍സറുടെ പുതിയ വ്യവസ്ഥ. 'ഇതൊരു ചതിയായിപ്പോയല്ലോ' എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തിയത്രേ. 'ഞങ്ങള്‍ക്കു പണം അമേരിക്കയില്‍ നിന്നാണു വരുന്നത്‌. അവര്‍ തന്നില്ലെങ്കില്‍ ഞങ്ങളുടെ കയ്യിലില്ല. ഇനിയെങ്കിലും മതം മാറിയതിന്റെ തെളിവു കാണിച്ചു കൊടുത്തില്ലെങ്കില്‍ ഇനി പണം കിട്ടില്ലെന്നു മാത്രമല്ല - ഇതു വരെ തന്നതിന്റെ കണക്കു കാണിച്ചു ഞങ്ങള്‍ ബുദ്ധിമുട്ടിപ്പോകും' എന്നൊക്കെപ്പറഞ്ഞ്‌ അദ്ദേഹം ഒഴിവായി. "ഞങ്ങള്‍" എന്നു പറഞ്ഞതില്‍ നിന്ന്‌, കൂടെയാരൊക്കെയോ ഉണ്ടെന്നു മനസ്സിലായി. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം - പണത്തിന്‌ പണം തന്നെ വേണമല്ലോ. ആദി വാസി ക്ഷേമവകുപ്പില്‍ നിന്നും മറ്റും സംഘടിപ്പിക്കാവുന്ന സഹായങ്ങള്‍ക്കും പരിധിയുണ്ട്‌.

വല്ല ജോഷ്വാ പ്രോജക്റ്റിലൂടെയോ മറ്റോ ജീവിക്കുന്ന ഏതെങ്കിലും പാവമായിരുന്നിരിക്കണം ആ സ്പോണ്‍സര്‍. ഇവര്‍ ചേര്‍ന്ന്‌ അദ്ദേഹത്തിന്റെ കഞ്ഞികുടി കൂടി മുട്ടിക്കാതിരുന്നാല്‍ മതിയായിരുന്നു.

മതം മാറുന്നതില്‍ ആദ്യമൊക്കെ വിമുഖത കാട്ടിയ (എന്തുകൊണ്ടോ എന്തോ!) കുട്ടികള്‍, പിന്നീട്‌ അധികാരികള്‍ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയതോടെ വഴങ്ങിയെന്നാണ്‌ അറിഞ്ഞത്‌. വിശപ്പിന്റെ വിളി ദൈവവിളിയിലേക്കെത്തുന്നതും എത്തിക്കുന്നതും ലോകചരിത്രത്തില്‍ ഇത്‌ നടാടെയൊന്നുമല്ല.

ഞെട്ടിപ്പിക്കുന്നൊരു ചോദ്യം പക്ഷേ വളരെ വൈകി - ഈയിടെയാണ്‌ - മനസ്സിലുദിച്ചത്‌. ആ സ്പോണ്‍സര്‍ വീണ്ടും പിന്മാറില്ലെന്ന്‌ എന്താണുറപ്പ്‌? മതം മാറുന്നവരുടെ തുടര്‍സംരക്ഷണം ഉറപ്പു വരുത്തുന്ന എന്തെങ്കിലും പദ്ധതി ആ സ്പോണ്‍സറുടെ അമേരിക്കന്‍ വരുമാന സ്രോതസ്സിന്റെ പക്കലുണ്ടാവുമോ? ഇല്ലെങ്കില്‍? ധനസഹായമെന്നത്‌ മതം മാറ്റുന്നതിനുള്ള ഒരു പാരിതോഷികമെന്ന നിലയിലേയുള്ളൂ - സംരക്ഷണം അവരുടെ ബാദ്ധ്യതയല്ല എന്നു പറഞ്ഞ്‌ അവര്‍ കയ്യൊഴിഞ്ഞാല്‍?

ഒന്നും ചെയ്യാനില്ല!

"മാറിക്കഴിഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കൊരു മതമുണ്ട്‌ - അതിനു മുമ്പോ?" എന്നൊരു കീറാമുട്ടി ചോദ്യമോ അല്ലെങ്കില്‍ ഭൗതികവാദ സമസ്യകളേക്കുറിച്ചുള്ള ഒരു അവലോകനമോ ആ പാവം കുട്ടികളുടെ വിശപ്പടക്കാന്‍ പോകുന്നില്ല. അതിന്‌ ചോറോ കപ്പയോ ചേമ്പോ ഒക്കെത്തന്നെ വേണം. കാഞ്ച ഏലയ്യയുടെ പുസ്തകങ്ങള്‍ അവര്‍ക്കു നല്‍കിയിട്ടു കാര്യമില്ല. പള്ളിക്കൂടത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌ പാഠപുസ്തകങ്ങള്‍ തന്നെ വേണം.

പണം തന്നെയാണു പ്രശ്നം!

ജോഷ്വാ പ്രോജക്റ്റുകാരുടെ വകയല്ലാതെ വേറെയും പണം അമേരിക്കയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നുവെന്നാണ്‌ അടുത്തിടെ കേട്ടത്‌. ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്കാണ്‌ അത്‌ ലഭിക്കുന്നതത്രേ. ചില കാര്യങ്ങള്‍ തുറന്നെഴുതുന്നവര്‍ക്കു മാത്രം.

ഒരു ബ്ലോഗ്‌ തുടങ്ങി നോക്കുകയാണ്‌. ഏതെങ്കിലുമൊരു സായിപ്പിന്‌ ഇതിഷ്ടപ്പെടുകയാണെങ്കില്‍ - എന്നെയുമൊരു സിന്‍ഡിക്കേറ്റ്‌ മെംബറാക്കാന്‍ ദയകാണിച്ചാല്‍ - നൂറുശതമാനം ഉറപ്പ്‌ - അതു വഴി ലഭിക്കുന്ന വരുമാനം അഞ്ചു പൈസ കുറവില്ലാതെ ഞാനാ പാവം കുട്ടികള്‍ക്കു നല്‍കും. അമേരിക്കന്‍ പണം കൊണ്ട്‌ പഠനമാരംഭിച്ച ആ കുഞ്ഞുങ്ങള്‍, അമേരിക്കന്‍ പണം കൊണ്ടു തന്നെ അതു പൂര്‍ത്തിയാക്കട്ടെ! മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ ഗുരുവചനം.

വൈത്തോ:-
മാദ്ധ്യമങ്ങളുടെ പക്ഷങ്ങളും അവ വാര്‍ത്തകളെ സ്വാധീനിക്കുന്നതുമൊക്കെയാണല്ലോ വിഷയം. അല്ല സിന്‍-ഇന്‍ഡിക്കേറ്റേ - അപ്പോള്‍ നിനക്കൊരു പക്ഷമില്ലേ?

ഉവ്വല്ലോ. വലത്തും ഇടത്തും മതിയായി. ഇപ്പോള്‍ മദ്ധ്യപക്ഷമാണ്‌. ഇരുവശങ്ങളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും കുത്തുന്നവ ചൂണ്ടിക്കാണിക്കാനാണെങ്കില്‍ ഓരോ ദിവസവും നീണ്ട ഓരോ പോസ്റ്റുകള്‍ വീതം വേണ്ടിവരും. ഇന്ദ്രപ്രസ്ഥത്തിലേ മട്ടില്‍, രണ്ടു വശത്തു നിന്നും സംയുക്തമായി നടുക്കേയ്ക്കു കുത്തുന്ന കുത്തുകള്‍ - അതായത്‌ "ഭാ.ജ.പാ"ക്കാരന്മാര്‍ക്കു ജോലികൊടുക്കാന്‍ (പണി കൊടുക്കാന്‍ എന്നു നാടന്‍ മലയാളം) ഉദ്ദേശിച്ചുള്ള പ്രയോഗങ്ങള്‍ - അവയ്ക്കായിരിക്കും ഇവിടെ മുന്‍ഗണന കിട്ടുക. അതൊക്കെ ചൂണ്ടിക്കാണിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? പഞ്ഞം കിടന്നാലും വേണ്ടില്ല - ദീപസ്തംഭം അത്ര മഹാ ആശ്ചര്യമൊന്നുമല്ല തന്നെ!

3 comments:

Unknown said...

ഒരു ബ്ലോഗ്‌ തുടങ്ങി നോക്കുകയാണ്‌. ഏതെങ്കിലുമൊരു സായിപ്പിന്‌ ഇതിഷ്ടപ്പെടുകയാണെങ്കില്‍ - എന്നെയുമൊരു സിന്‍ഡിക്കേറ്റ്‌ മെംബറാക്കാന്‍ ദയകാണിച്ചാല്‍ - നൂറുശതമാനം ഉറപ്പ്‌ - അതു വഴി ലഭിക്കുന്ന വരുമാനം അഞ്ചു പൈസ കുറവില്ലാതെ ഞാനാ പാവം കുട്ടികള്‍ക്കു നല്‍കും. അമേരിക്കന്‍ പണം കൊണ്ട്‌ പഠനമാരംഭിച്ച ആ കുഞ്ഞുങ്ങള്‍, അമേരിക്കന്‍ പണം കൊണ്ടു തന്നെ അതു പൂര്‍ത്തിയാക്കട്ടെ! മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ ഗുരുവചനം

Mr. K# said...

അപ്പൊ ഇതാണല്ലേ നകുലേട്ടന്റെ ആദ്യത്തെ പോസ്റ്റ്. ഇന്നാണു കാണുന്നത്. :-)

Unknown said...

കുതിരവട്ടന്‍,
ചെറിയൊരു തിരുത്തുവേണം. ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റു മാത്രമാണിത്‌. മറ്റു മൂന്നുബ്ലോഗുകളും അവയിലെ പല പോസ്റ്റുകളും ഇതിനു മുമ്പേതന്നെ ഉള്ളവയാണ്.

2006 ആഗസ്റ്റ്‌ 21-നാണ് ആദ്യപോസ്റ്റ്‌ എഴുതുന്നത്‌. അത്‌ ഇവിടെ -> ഹരിശ്രീ