Saturday, May 19, 2007

നേരറിയാന്‍ സി(ഡി)ബിഐ!

ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയാണ്‌ ഇത്തവണ. ക്രൂരമായൊരു കൊലപാതകത്തിന്റെ കുറ്റം ചില പത്രങ്ങള്‍ ചേര്‍ന്ന്‌ തെളിയിച്ച കഥ!

* * * * * *

സി.ബി.ഐ.യ്ക്ക്‌ പൊതുവെ ഇപ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്‌. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും.

മാറാട്‌ കൂട്ടക്കൊലക്കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യമില്ലെന്നു പ്രസ്താവിച്ചതിനു പിന്നില്‍ എന്തായിരിക്കും സംഗതിയെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ അഭയ കേസില്‍ കോടതിയുടെ വക രൂക്ഷ വിമര്‍ശനവും. സി.ബി.ഐ. ലേബലുമായി വിശ്വാസ്യത നഷ്ടപ്പെടാതെ കേരളത്തിലിപ്പോഴും പിടിച്ചു നില്‍ക്കുന്നത്‌ സേതുരാമയ്യര്‍ മാത്രമാവണം!

എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ്‌ സേതുരാമയ്യര്‍ ഓരോ കേസും തെളിയിക്കുന്നത്‌. കേസിലുള്‍പ്പെട്ടവരെന്ന്‌ സംശയിക്കാവുന്ന സകലരേക്കൊണ്ടും അവരവരുടെ നിലപാടുകള്‍ അവതരിപ്പിക്കും. ഓരോരുത്തര്‍ പറയുന്നതു കേള്‍ക്കുമ്പോഴും നാം വിചാരിക്കും അവര്‍ പറയുന്നതാണ്‌ ശരിയെന്ന്‌. ഒടുവില്‍, എല്ലാവരേയും ഒരിക്കല്‍ക്കൂടി വിളിച്ചു വരുത്തി അയ്യര്‍ ഒരൊറ്റ പ്രഖ്യാപനമാണ്‌ - ദാ നില്‍ക്കുന്നു യഥാര്‍ത്ഥ പ്രതി!

ഒരേസമയം ഒന്നിലധികം പത്രങ്ങള്‍ വായിക്കുന്ന ശീലമുള്ളവര്‍ക്കും പലപ്പോഴും ഒരു സേതുരാമയ്യര്‍ സിനിമ കാണുന്ന അനുഭവമാണ്‌ ഉണ്ടാകാറുള്ളത്‌. പ്രത്യേകിച്ചും കുറ്റാന്വേഷണവാര്‍ത്തകള്‍ വായിക്കുമ്പോള്‍. പലരും പലതും പറഞ്ഞ്‌, ഒടുവില്‍ സത്യം പുറത്തു വരും.

* * * * * *

അധികം മുമ്പല്ല - കണ്ണൂരിലൊരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത്‌ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍. കൊലനടത്തിയത്‌ സി.പി.എം.കാരാണെന്ന്‌ ബി.ജെ.പി.ആരോപിച്ചെങ്കിലും സി.പി.എം. അതു നിഷേധിച്ചു. മാതൃഭൂമി സ്വന്തം ഊഹാപോഹങ്ങളൊന്നും അവതരിപ്പിക്കാന്‍ നില്‍ക്കാതെ സമദൂരം പാലിച്ച്‌ ഇങ്ങനെയൊരു വാര്‍ത്ത നല്‍കി.


‘കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു‘ എന്നു പറഞ്ഞപ്പോള്‍ത്തന്നെ അതിലെ സസ്പെന്‍സ്‌ നഷ്ടപ്പെട്ടു എന്ന്‌ വായനക്കാര്‍ കരുതി. എന്നാലും, 'അറിയാവുന്നവര്‍' എന്നല്ലാതെ 'ആര്‌?' എന്ന്‌ കൃത്യമായൊരുത്തരം കിട്ടാതിരുന്നതുകൊണ്ട്‌ ആകാംക്ഷ പൂര്‍ണ്ണമായും നശിച്ചില്ല.

അപ്പോളുണ്ട്‌ 'ജന്മഭൂമി'യില്‍ ഒരു വാര്‍ത്ത വരുന്നു. കൊലയാളികള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കളഞ്ഞു അവര്‍!

കൊല്ലപ്പെട്ടയാളുടെ ഭാര്യ കൊലയാളികളെ തിരിച്ചറിഞ്ഞതു തന്നെയാവണം അങ്ങനെയൊരു വാര്‍ത്തയെഴുതാന്‍ അവര്‍ക്കു ധൈര്യം നല്‍കിയത്‌ എന്ന്‌ വായനക്കാരന്‍ കരുതുന്നു. എന്നാലും അങ്ങനെയങ്ങു തീര്‍പ്പു കല്‍പിച്ചു കളഞ്ഞതു നന്നായോ എന്നൊരു പരിഭവവും.

വായനക്കാരന്റെ നിലപാടിനെ നൂറുശതമാനം ശരിവച്ചുകൊണ്ട്‌ അപ്പോളതാ വരുന്നു ഉശിരനൊരു ദേശാഭിമാനി വാര്‍ത്ത. അതില്‍ അത്യുഗ്രമായൊരു 'ട്വിസ്റ്റും'! കൊലനടത്തിയത്‌ ബി.ജെ.പി.ക്കാര്‍ തന്നെയാണത്രേ!

കൊള്ളാം. കൊലപാതകികള്‍ മാര്‍ക്സിസ്റ്റുകാരാണെങ്കില്‍, അന്വേഷണത്തെയും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ക്ക്‌ ഇനി പ്രാധാന്യം നഷ്ടപ്പെട്ടേക്കും എന്നു ഭയന്നിരുന്ന വായനക്കാരന്‌ പ്രത്യാശയുണര്‍ത്തുന്ന വാര്‍ത്തയായിരുന്നു അത്‌. പ്രതികള്‍ ആര്‍. എസ്‌. എസ്‌. കാരാണെങ്കില്‍, ഇനിയിപ്പോള്‍ അന്വേഷണം ചൂടുപിടിക്കുകയും വാര്‍ത്തകള്‍ തുരുതുരാ പുറത്തു വരികയും ചെയ്യുമല്ലോ.

അതെ. സംശയമുണ്ടോ? അതാ വരുന്നു അടുത്ത ദേശാഭിമാനി വാര്‍ത്ത. അന്വേഷണം ഊര്‍ജ്ജിതം!

ഇത്തവണ പറഞ്ഞത്‌ പോലീസ്‌ നായ 'ആര്‍. എസ്‌. എസ്‌ ശാഖ നടക്കുന്ന പറമ്പിനടുത്തേക്ക്‌' ഓടി എന്നാണ്‌. മുന്‍വാര്‍ത്തയില്‍ പറഞ്ഞിരുന്നത്‌ നായ ആര്‍.എസ്‌.എസ്‌ ശാഖയിലേക്കു പോയി എന്നാണ്‌! അത്‌ സംഘത്തേക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ളവര്‍ക്ക്‌ അത്ഭുതകരമായിത്തോന്നിയിരുന്നു. കൃത്യം ശാഖ നടക്കുന്ന സമയത്തു തന്നെയാണോ അന്വേഷണത്തിനായി പോലീസ്‌ എത്തിയത്‌? ആവോ? ശാഖയും മറ്റും നടക്കുന്ന വെളിമ്പറമ്പുകളേയും തുറസ്സായ സ്ഥലങ്ങളേയുമൊക്കെ ആരുടെയെങ്കിലും ഒളിയിടമായോ മറ്റോ എങ്ങനെ കണക്കാക്കാനാവും എന്ന്‌ വായനക്കാരന്‍ അത്ഭുതം കൂറുമ്പോള്‍, അതേ സംശയങ്ങള്‍ പങ്കു വച്ചു കൊണ്ടും, മരണപ്പെട്ടയാള്‍ക്കെതിരെ അപഖ്യാതി പരത്തുന്നതില്‍ പ്രതിഷേധിച്ചും ജന്മഭൂമിയുടെ വാര്‍ത്തയെത്തുന്നു. പോലീസ്‌ നായ ഓടിയത്‌ എവിടേക്കാണെന്നതിന്റെ തങ്ങളുടെ വിശദീകരണവും അവരവിടെ അവതരിപ്പിക്കുന്നു

ഇത്രയും വായിച്ചു കഴിയുമ്പോഴേക്കും - 'ആകാംക്ഷ വളരുന്നതിനും ഒരു പരിധിയൊക്കെയില്ലേ - ഇനി മതി' - എന്നൊരു മാനസികാവസ്ഥയിലേക്ക്‌ വായനക്കാരന്‍ എത്തിച്ചേരുന്നു. അല്ലാ - പ്രതികളെ കണ്ടാലറിയാമെന്നല്ലേ പറഞ്ഞത്‌? എന്നിട്ടവര്‍ സി.പി.എമ്മുകാരാണോ അതോ ആര്‍.എസ്‌.എസ്‌.കാരാണോ എന്നു പറയാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ നാമൊക്കെ ഏതു ലോകത്താണു ജീവിക്കുന്നത്‌?

ഏതെങ്കിലുമൊരു പത്രം പച്ചക്കള്ളം പറയാന്‍ ധൈര്യപ്പെടുമോ എന്ന സന്ദേഹവും എന്നാല്‍പ്പിന്നെ പരസ്പര വിരുദ്ധമായ വാര്‍ത്തകളെങ്ങനെയുണ്ടാകുന്നു എന്ന സംശയവുമായി - വായനാലോകത്ത്‌ അധികം പരിചയമില്ലാത്തൊരാള്‍ ഒരു 'സമദൂര'പത്രം തേടിപ്പോകുന്നു. സമ്പൂര്‍ണ്ണമായ സമദൂരനയം അവകാശപ്പെടാനാവില്ലെങ്കിലും, ഇക്കാര്യത്തില്‍ അതു പാലിച്ച മാതൃഭൂമിയുടെ ഒരു വാര്‍ത്ത അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. സി.പി.എം. പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്‌ പോലീസ്‌ റിപ്പോര്‍ട്ട്‌!

എന്നാലും അതൊരു റിപ്പോര്‍ട്ടു മാത്രമല്ലേ - അറസ്റ്റുണ്ടായില്ലല്ലോ - ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാറായിട്ടില്ല - ദേശാഭിമാനി അത്ര ധൈര്യത്തിന്‌ എഴുതിയ സ്ഥിതിക്ക്‌ ഇനിയും ചില 'ട്വിസ്റ്റു'കള്‍ക്കു വകയുണ്ട്‌ എന്ന പ്രതീക്ഷയുമായി കാത്തിരുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ട്‌ അടുത്ത മാതൃഭൂമി വാര്‍ത്ത - സി.പി.എമ്മുകാര്‍ അറസ്റ്റില്‍. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു!

കഴിഞ്ഞു!

സകല സസ്പെന്‍സും അവസാനിച്ചിരിക്കുന്നു!

ഇനിയിപ്പോള്‍ ആകെ അവശേഷിക്കുന്നത്‌ സേതുരാമയ്യരുടെ ചില ഡയലോഗുകള്‍ മാത്രമാണ്‌. പ്രതികളുടെ, മുമ്പു നമ്മള്‍ ശ്രദ്ധിക്കാതിരുന്ന ചില കുറ്റകൃത്യങ്ങള്‍ കൂടി തെളിഞ്ഞു വരികയും ചെയ്യും. ആ ഡയലോഗുകള്‍ ജന്മഭൂമി അവതരിപ്പിച്ചത്‌ ഇങ്ങനെ.

വാല്‍ക്കഷണം:- പാര്‍ട്ടിപ്രവര്‍ത്തകര്‍ നടത്തുന്ന അരുംകൊലകള്‍ എങ്ങനെ റിപ്പോര്‍ട്ടുചെയ്യണമെന്നത്‌ ദേശാഭിമാനി ലേഖകന്മാര്‍ക്ക്‌ ഒരു വെല്ലുവിളി തന്നെ എന്നത്‌ സമ്മതിക്കാം. രക്ഷപെടാനാവില്ലെന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍, പരുക്ക്‌ ഏറ്റവും കുറവ്‌ ഏതു പാതയിലൂടെപ്പോയാലാണ്‌ എന്നു നോക്കി ആ മാര്‍ഗ്ഗം സ്വീകരിക്കുകയാണു വേണ്ടത്‌. ഈ കൊലപാതകക്കേസില്‍ത്തന്നെ, ചില സാങ്കേതിക വിവരങ്ങള്‍ മാത്രം നല്‍കിയിട്ട്‌, "കൊലപാതകികളേക്കുറിച്ച്‌ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നിരിക്കേ, രാഷ്ട്രീയ ലക്ഷ്യം വച്ച്‌ ആരോപണങ്ങളുന്നയിച്ച്‌ അന്വേഷണം വഴി തെറ്റിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചു കാണുന്നുണ്ട്‌" എന്നോ മറ്റോ എഴുതി - കൂടുതലൊന്നും പറയാതെ തടിയൂരുന്നതായിരുന്നു ബുദ്ധി. എന്നാല്‍ അതിനു പകരം, കൊല്ലപ്പെട്ടയാളെ വീണ്ടും "തേജോവധം" ചെയ്യാന്‍ ശ്രമിച്ചത്‌ - കുറ്റവാളികള്‍ മറ്റുള്ളവരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്‌ - മാത്രവുമല്ല ഇതൊക്കെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന മട്ടില്‍ പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ തങ്ങള്‍ 'നേര്‌ നേരത്തേ അറിയിക്കുക'യാണെന്നും മറ്റും തുടര്‍ന്നും അവകാശപ്പെടുന്നത്‌ - ഇതെല്ലാം ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ അപഹാസ്യമാണ്‌. അങ്ങേയറ്റം അപഹാസ്യം. ഇതൊന്നും സത്യത്തില്‍ മാദ്ധ്യമ 'പാപ'മല്ല. 'പാവ'മാണ്‌. 'മാദ്ധ്യമ പാവം'!

10 comments:

Unknown said...

“നേരറിയാന്‍ ഡിബിഐ!” - ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയാണ്‌ ഇത്തവണ മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റില്‍. ക്രൂരമായൊരു കൊലപാതകത്തിന്റെ കുറ്റം ചില പത്രങ്ങള്‍ ചേര്‍ന്ന്‌ തെളിയിച്ച കഥ!

Mr. K# said...

ദേശാഭിമാനി ഇങ്ങനെയേ റിപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയുന്നത് കൊണ്ട് ഒരു ഞെട്ടലോ അല്‍ഭുതമോ ഒന്നും ഇല്ല. എന്നാലും മരിച്ചു കഴിഞ്ഞാലും ആളെ വെറുതേ വിടില്ല എന്നതാണ് കഷ്ടം.

സജിത്ത്|Sajith VK said...

ദേശാഭിമാനി സിപിഎമ്മിനെ ന്യായീകരിച്ചേ എഴുതൂ. അതില്‍ അത്ഭുതമില്ല...

ഇടതുപക്ഷം ഭരിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകര്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നത് ഒരു നല്ല അവസ്ഥയാണ്. അതും കൂടി പറയേണ്ടി ഇരിക്കുന്നു...

നന്ദു said...

പ്രിയ സുഹൃത്തെ,
ഓരോ പത്രത്തിനും അവരുടേതായ രാഷ്ട്രീയ-വര്‍ഗ്ഗീയ ചായ്‌വുകളുണ്ട്. അതു കൊണ്ടാണ്‍ ഒരേ വാര്‍ത്ത മനോരമ-ദീപിക-മംഗളം, മാതൃഭൂമി-ജന്മഭൂമി-ചന്ദ്രിക, ദേശാഭിമാനി-കേരളകൌമുദി, തുടങ്ങി വിവിധ പത്രങ്ങളില്‍ വിവിധ രീതിയില്‍ വരുന്നതു. സ്വന്തം താല്‍പ്പര്യങ്ങള്‍ ഓരൊന്നിലും നിഴലിച്ചു കാണും . പരിഭവിച്ചിട്ട് കാര്യമില്ല, സമൂഹം അങ്ങിനെയായിപ്പോയി. മാധ്യമങ്ങള്‍ മാത്രമല്ല എല്ലാതലത്തിലും ഇതു കാണാം. ഇവിടെതന്നെ ശ്രീ നകുലനു താല്‍പര്യം തോന്നിയതു തന്നെ മരിച്ചത് ആര്‍.എസ്.എസ്. കാരനും കൊന്നതു മാര്‍ക്സിസ്റ്റു കാരനുമായതിനാലാണ്.അതായത് ഓരൊ മനുഷ്യന്റെയുള്ളിലും താന്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയമുണ്ടായിരിക്കും. അപ്പോള്‍ പിന്നെ ഭൂരിഭാഗം കാര്യങ്ങളും അതിനനുസരിച്ചേ വളയൂ.

Kaithamullu said...

ഒരേ വാര്‍ത്ത പല പത്രങ്ങള്‍ എങ്ങിനെയൊക്കെ, പത്രമുതലാളിമാരുടേയും പാര്‍ട്ടിയുടേയും താല്പര്യങ്ങല്‍ക്കനുസരിച്ചു വളച്ചൊടിച്ച് റിപ്പോര്‍ട്ടുന്നു എന്ന് ഏറെ നാളായി ശ്രദ്ധിക്കുന്ന ഒരാളാ‍ണു, ഞാന്‍.
അതുകൊണ്ട് ഈയിടെയായി വായനയില്‍ നിന്ന് കഴിയുന്നതും മനോരമ, ചന്ദ്രിക, ദേശാഭിമാനി, ജന്മഭൂമി ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നു. (ഇപ്പോള്‍ ദ്വീപികയും!)

N.J Joju said...

നകുലന്‍, Good work.
സജിത്ത്, good point.
നന്ദു, You are right.
കൈതമുള്ളേ, പിന്നെ താങ്കള്‍ വായിക്കുന്ന പത്രമേതാണന്നറിഞ്ഞാല്‍ കൊള്ളാം. പത്രങ്ങളെ വായനയില്‍ നിന്ന് ഒഴിവാക്കേണ്ട കാര്യമൊന്നുമില്ല. ചിലപ്പോള്‍ ചില റിപ്പോര്‍ട്ടിംഗ് രസകരമായിരിക്കും. ഈ പോസ്റ്റില്‍ പറയുന്നതു പോലെ. ആടിനെ പട്ടിയാക്കുന്നതും പട്ടിയെ ആടാക്കുന്നതുമൊക്കെക്കണ്ട് നമുക്ക് ചിരിച്ചുകൂടെ?

വിപിന്‍‌ദാസ് said...

എല്ലാ പത്രങ്ങള്‍ക്കും അവരുടേതായ ചായ്‌വ് ഉണ്ട്, അത് ചിലപ്പോള്‍, ആ പത്ര ഉടമയുടെ രാഷ്ട്രീയ ചായ്‌വായിരിക്കാം, അല്ലെങ്കില്‍ മുഖ്യപത്രാധിപരുടെ ചായ്‌വും ആവാം. അതുകൊണ്ടു തന്നെ ഈ പ്രത്ര വാര്‍ത്തകളില്‍ കുറേനാളായി വിശ്വാസം വെക്കാറില്ല. എന്തായാലും, ഒരുപാടു തിരക്കുകള്‍ ഉള്ള നേരത്ത് എല്ലാ പത്രങ്ങളും വായിച്ച് ഇതുപോലൊരു റിപ്പോര്‍ട്ട് ശരിയാക്കിയതിനു അഭിനന്ദനങ്ങള്‍!

...sijEEsh... said...

തകര്‍ത്തു നകുലേട്ടാ... കലക്കീ

prasad said...

ഇതെല്ലാം എഴുതുന്ന മാധ്യമങ്ങള്‍ ഒരു കാര്യം തീര്‍ച്ചയായും ഓര്‍ക്കേണ്ടതുണ്ട്‌ അവര്‍ക്ക്‌ നോവുമ്പോള്‍ മാത്രം എടുത്തുപയോഗിക്കേണ്ട ഒരു പോര്‍ചട്ട മത്രമല്ല മാധ്യമധര്‍മം. ഇത്തരം കാര്യങ്ങളിലും അത്‌ അല്‍പം പാലിക്കാവുന്നതാണ്‌ നകുലന്റെ ഈ ലേഖനം വളരെ ശരിയാണ്‌ എന്നെനിക്കും തോന്നുന്നു. ഇതുപോലെ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത കുറച്ചു പേരെങ്കിലും ഇനിയും ഈ സമൂഹത്തില്‍ ഉണ്ടായി വരട്ടെ...

Anonymous said...

ഇന്ന് 16 - 06 - 2022
കേസിൽ വിധി വന്ന ദിനം.... സത്യം ജയിച്ച ദിനം