Saturday, June 4, 2011

മാതൃഭൂമിയിലെ “ഹിന്ദു അജണ്ട”!

ഇവിടെപ്പറയുന്ന കാര്യങ്ങൾക്ക്‌ ബാബാ രാംദേവിന്റെ സമരവുമായി യാതൊരു ബന്ധവുമില്ല. മാതൃഭൂമി ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലെ പ്രകടമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണു ലക്ഷ്യം.

ക്ഷ്യം യു.പി.; ഹിന്ദു അജണ്ടയുമായി ബി.ജെ.പി. വീണ്ടും” എന്ന തലക്കെട്ടോടെ മെയ്‌ 28 ശനിയാഴ്ച ‘ഡി.ശ്രീജിത്ത്‌’ എന്ന ലേഖകന്റേതായി വന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ തികച്ചും വാസ്തവവിരുദ്ധമാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി പരിഗണിക്കാൻ വൈകുന്നതു സംബന്ധിച്ചും വർഗ്ഗീയസംഘർഷനിരോധനബില്ലിന്റെ കരടിൽ കാണപ്പെട്ട ചില വ്യവസ്ഥകൾക്കെതിരെയും ബി.ജെ.പി. ഈയിടെ ശക്തമായി പ്രതികരിച്ചിരുന്നു. അത്‌ ഉത്തർപ്രദേശിലെ ഹൈന്ദവവോട്ടുകൾ കേന്ദ്രീകരിക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ് ലേഖകൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്‌. ഇത്‌ നൂറുശതമാനവും തെറ്റാണ്‌. ഉത്തർ‌പ്രദേശ്‌ തെരഞ്ഞെടുപ്പല്ല ബി.ജെ.പി.യുടെ പ്രതികരണങ്ങൾക്കു പിന്നിൽ.

(1) സുപ്രീം കോടതി അഫ്സലിന്റെ ദയാഹർജി 2005-ലും റിവ്യൂഹർജി 2008-ലും തള്ളിയിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ മുമ്പിലെത്തിയ ദയാഹർജി പരിഗണിക്കുന്നത്‌ അനന്തമായി നീണ്ടുപോകുകയാണ്‌. ഇതു ബോധപൂർവ്വമാണെന്നും ഇതിനുപിന്നിലൊരു രാഷ്ട്രീയമുണ്ടെന്നും ബി.ജെ.പി. വളരെക്കാലമായി ചൂണ്ടിക്കാട്ടാറുള്ളതുമാണ്‌. ഏതെങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതുകൊണ്ടോ മറ്റേതെങ്കിലും സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടോ അല്ല അഫ്സൽ ഗുരുവിന്റെ കാര്യം ഇപ്പോൾ വീണ്ടും ചർച്ചയ്ക്കു വന്നത്‌. കോൺഗ്രസ്‌ ഓഫീസ്‌ ആക്രമണക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ദേവീന്ദർസിംഗിന്റെ ദയാഹർജി ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. അപ്പോൾ സ്വാഭാവികമായും അഫ്സലിന്റെ കാര്യവും ദയാഹർജി പരിഗണിക്കുന്നതിലെ രാഷ്ട്രീയവും ചർച്ചയ്ക്കു വന്നുവെന്നേയുള്ളൂ.

(2) വർഗ്ഗീയസംഘർഷനിരോധനബില്ലിലെ അപാകങ്ങളേക്കുറിച്ചുള്ള ചർച്ചകൾക്കുമതെ - “യു.പി.”യുമായിട്ടല്ല - “യു.പി.എ.”യുമായി മാത്രമേ ബന്ധമുള്ളൂ. മത-ഭാഷാ-ന്യൂനപക്ഷങ്ങളോ പട്ടികജാതി-വർഗ്ഗങ്ങളോ ഒക്കെ മാത്രമാണ്‌ ‘വർഗ്ഗീയകലാപങ്ങൾ’ക്ക്‌ ഇരയാകുക(!) എന്ന മട്ടിൽ അതിശയകരമായ മുൻവിധികളടങ്ങിയ ഒരു ബില്ലിന്റെ കരടുരൂപം പുറത്തുവന്നാൽ അത്‌ ഏതുദിവസമാണെന്നതിനു യാതൊരു പ്രാധാന്യവുമില്ലാതെ ആദ്യമണിക്കൂറിൽത്തന്നെ എതിർക്കപ്പെടും. തെരഞ്ഞെടുപ്പു വരുന്നുണ്ടോ എന്നു നോക്കിയതിനു ശേഷമാണ്‌ ബി.ജെ.പി.യുടെ എതിർപ്പു വരുന്നത്‌ എന്ന വാദം തികച്ചും ബാലിശമാണ്‌.

(ഇനി അഥവാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണ്‌ ബില്ലിന്റെ കരടുരൂപം പുറത്തുവിട്ടതെങ്കിൽ, എതിർപ്പും അതേസമയം തന്നെ ഉണ്ടായി എന്ന സ്വാഭാവികത മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. ഗോധ്രാസംഭവം കേവലം അപകടം മാത്രമായിരുന്നുവെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ബാനർജി കമ്മീഷൻ റിപ്പോർട്ട്‌ കരടുരൂപത്തിൽ 2005-ലെ ബീഹാർ ഇലക്ഷനു തൊട്ടുമുമ്പ്‌ അന്നത്തെ യു.പി.എ. സർക്കാർ ധൃതിപിടിച്ച്‌ പുറത്തുവിട്ടത്‌ ഈയവസരത്തിൽ ഓർക്കാവുന്നതാണ്‌.)

രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയേക്കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിനു ശ്രമിച്ചു എന്നതു മാത്രമല്ല മേൽസൂചിപ്പിച്ച മാതൃഭൂമിറിപ്പോർട്ടിലെ അപാകം. ദേശീയപ്രാധാന്യമുള്ള രണ്ടുസുപ്രധാനവിഷയങ്ങളെ അപകടകരമാംവിധം വർഗ്ഗീയവൽക്കരിച്ചു എന്നതുകൂടിയാണ്‌. അഫ്സൽഗുരുവിന്റെ ദയാഹർജി മാത്രമെന്തേ പരിഗണിക്കപ്പെടുന്നില്ല എന്നും, അതിനു പിന്നിൽ എന്തെങ്കിലും വർ‌ഗ്ഗീയതാല്പര്യങ്ങൾ പ്രവർ‌ത്തിച്ചിരിക്കാൻ സാദ്ധ്യതയുണ്ടോ എന്നും ചിന്തിക്കുവാൻ ‘ഹിന്ദുക്കൾ’ക്കു മാത്രമേ അവകാശമുള്ളൂ എന്നാണോ ലേഖകൻ പറഞ്ഞുവയ്ക്കുന്നത്‌? അപ്പോൾ, മറ്റു മതസ്ഥരുടേയും മതേതരവാദികളുടേയുമൊക്കെ നിലപാടെന്താവണം? ഇതിൽ, ഏതുനിലപാടാണു ശരിയും?

മത-ഭാഷാ-ന്യൂനപക്ഷങ്ങളെ മാത്രം ‘ഇരക’ളാക്കുന്ന ബില്ലിനേക്കുറിച്ചുമതെ - ഹിന്ദുക്കളല്ലാതെ മറ്റാരും എതിർക്കരുതെന്നാണോ? ബി.ജെ.പി.യിതരപ്രസ്ഥാനങ്ങൾ ഒന്നടങ്കം നിശ്ശബ്ദരായിരിക്കണമെന്നാണോ? ഇതൊക്കെ ലേഖകന്റെ മാത്രം നിലപാടാണോ അതോ പത്രത്തിന്റെ നിലപാടാണോ എന്ന്‌ ചിന്തിച്ചുപോകുന്നു!

3 comments:

Unknown said...

ഇതൊക്കെ എങ്ങനെയാണ് ഒരു ‘ഹിന്ദു അജണ്ട’യുടെ ഭാഗമാകുന്നത്‌? അപ്പോൾ, ഇക്കാര്യങ്ങളിൽ മറ്റു മതസ്ഥരുടേയും മതേതരവാദികളുടേയുമൊക്കെ നിലപാടെന്താവണം? ഇതിൽ, ഏതുനിലപാടാണു ശരിയും?

Anonymous said...

വളരെ നാളുകള്‍ക്കു ശേഷം തങ്കള്‍ഊടേ ഒരു ലേഖനം കണ്ടതില്‍ സന്തോഷം.

“മാതൃഭൂമി“ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രവും വാരിക അതിന്റെ ‘ചിന്ത’ യുമായ കാര്യം എല്ലാവര്‍ക്കും അറിയാവുന്ന്തല്ലേ...

Unknown said...

അതെ. എന്നിരുന്നാലും, വായനക്കാർ സ്വന്തമായി ‘ചിന്ത’ ഇല്ലാത്തവരല്ല എന്ന്‌ അവരെയൊന്ന്‌ ഓർമ്മിപ്പിക്കാൻ ഇത്തരം ചെറുകുറിപ്പുകൾ സഹായിച്ചെങ്കിലോ?