കണ്ണൂരിലെ സംഭവങ്ങളുടെ യഥാര്‍ത്ഥ പശ്ചാത്തലം വ്യക്തമാക്കുന്ന - ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എന്തുകൊണ്ടെല്ലാം പൊള്ളയാണ് എന്ന് തെളിവുകളടക്കം വിശദീകരിക്കുന്ന - വിശദമായ ഒരു റിപ്പോര്‍ട്ടായി ഇതിനെ കണക്കാക്കാം. നന്ദിഗ്രാമിനു ശേഷം ഭരണകൂടഭീകരതയുടെ അടുത്ത ഉദാഹരണമായി മാറി ദേശീയശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഈ കാര്യത്തില്‍, സത്യമെന്തെന്നറിഞ്ഞിരിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നു തന്നെ പറയാം. ഇതില്‍ അനുബന്ധമായിച്ചേര്‍ത്തിരിക്കുന്ന വാര്‍ത്തകളിലേതടക്കം ഓരോ വരിയും പ്രാധാന്യമുള്ളതാണെന്നു തോന്നിപ്പോകുന്നു.
* * * * *
കണ്ണൂരില്‍ അഞ്ചു ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അനേകം പേര് മൃതപ്രായരാകുകയും ചെയ്ത് അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനെ മാര്‍ക്സിസ്റ്റു നേതൃത്വം അനുകൂലിക്കുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. എന്നാല്‍,
അവയ്ക്കുള്ള ന്യായീകരണമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സത്യത്തിനു കടകവിരുദ്ധമാണ്. അവരുടെ വാദങ്ങള്‍ തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ ആവോളം തെളിവുകളുണ്ട്. അവയില്‍ ചിലതെങ്കിലും തുറന്നു വച്ച്
ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കാനിടയുണ്ട്.
അടുത്തതവണ ആരായിരിക്കും ഇരകള്‍ എന്നു പറയാനാവില്ല. 'ഈ കൊലപാതകങ്ങള്‍ക്കു ജനപിന്തുണയുണ്ട്'(!!!!!) എന്നു ധ്വനിപ്പിച്ചുകൊണ്ടുപോലും എഴുതാന്‍ പാര്‍ട്ടി പത്രം ധൈര്യം കാണിക്കുമ്പോള്‍ പ്രത്യേകിച്ചും.
(
ഓരോ കുറ്റവാളിയേയും പക്ഷഭേദമില്ലാതെ എടുത്തു പറഞ്ഞ് എതിര്‍ത്തുകൊണ്ടും സകല അക്രമങ്ങളെയും അപലപിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങള്‍ അനവധി വന്നു കഴിഞ്ഞു. എല്ലാവരേയും “ഒരുപോലെ”എതിര്‍ക്കാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നതിനിടയില്‍ മറഞ്ഞുപോകരുതാത്ത ചില സത്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്. ഇവിടെ ഏതെങ്കിലുമൊരു അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനുള്ള ശ്രമമില്ല - നേരേ മറിച്ച് - ന്യായീകരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ്. തുടങ്ങിവയ്ക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത കൂട്ടര് മാത്രമാണ് - ‘അക്രമങ്ങള്‍ക്കു ജനപിന്തുണ‘യുണ്ടെന്നു വാദിച്ചത്. അവര്‍ മാത്രമാണ് ന്യായീകരണങ്ങള്‍ ഉന്നയിച്ചതും. സ്വാഭാവികമായും ആ ന്യായീകരണങ്ങള്‍ മാത്രമാണ് ഇവിടെ തെളിവുകളുപയോഗിച്ചു തകര്‍ക്കപ്പെടുന്നതും. )
* * * * *
സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശി, ആഭ്യന്തരമന്ത്രി ശ്രി. കൊടിയേരി ബാലകൃഷ്ണന്, ദേശീയതലത്തിലുള്ള നേതാവ് പ്രകാശ് കാരാട്ട്, ദേശാഭിമാനി പത്രം - എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നതിതൊക്കെയാണ്.
പാലക്കാട്ട് രണ്ടും കണ്ണൂരില്‍ നാലും സി.പി.എമ്മുകാരെ "ബി.ജെ.പി." കൊന്നു (!?) അപ്പോളൊക്കെ "ഞങ്ങള്‍ "പരമാവധി സംയമനം പാലിച്ചു..
ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്.എസ്.എസ് ".കാര്ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് ഇപ്പോള്‍ കാണുന്നത്.
ഈ വാചകങ്ങളില്‍ ഒന്നില്‍പ്പോലും സത്യത്തിന്റെ കണികപോലുമില്ല.ആ ന്യായീകരണങ്ങളൊക്കെ വായിക്കുന്നവര്‍ക്കു തോന്നുക ഇതാണ്. ബി.ജെ.പി. തുടരെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വീണ്ടും അത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ സി.പി.എമ്മുകാര്‍ "ചെറുത്തു നിന്നു". അതിനിടെ മറുവശത്തു നിന്നും ചിലര്‍ കൊല്ലപ്പെട്ടുപോയതാണ്!
നൂറുശതമാനം തെറ്റാണിത്. സംഭവങ്ങളെല്ലാം എല്ലാവരുമൊന്നും ക്രമത്തില്‍ ഓര്‍ത്തിരുന്നെന്നു വരില്ല എന്നു കരുതി, എന്തു നുണയും പറഞ്ഞു രക്ഷപെടാമെന്നു കരുതിക്കൂടാ.
രാഷ്ട്രീയകൊലപാതകം നടന്നാല്‍പ്പോലും പ്രതികളെ നിയമം കൊണ്ടു നേരിടുകയല്ലേ വേണ്ടത് എന്ന ചോദ്യം ഉപേക്ഷിക്കാം.
തിരിച്ചടിയുടെ രൂപത്തില്‍ "ചെറുത്തുനില്‍പ്പ്" ആകാം എന്നു സമ്മതിച്ചുകൊടുത്തേക്കാം. എന്നാല്‍പ്പോലും ഇവിടെ സി.പി.എമ്മിന്റെ പക്ഷത്തു യാതൊരു ന്യായവും കാണാന്‍ കഴിയില്ല.സി.പി.എമ്മുകാര്‍ക്ക് ബി.ജെ.പി,ക്കാരെ വ്യാപകമായി കൊന്നൊടുക്കി "പ്രതികാരം വീട്ടാന്‍" പ്രേരണ തോന്നേണ്ട ഒന്നും ഇവിടെ സംഭവിച്ചിരുന്നില്ല.
ഇപ്പോളത്തെ സംഭവങ്ങളുടെ പിന്നില്‍ മറ്റു ചിലതാണ്. അത് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
സംഘത്തിന്റെ ഒരു ഉന്നതനേതാവിനെ വെട്ടി വീഴ്ത്തിക്കൊണ്ട് സി.പി.എം. തന്നെ തുടങ്ങിവച്ച് അവര്‍ തന്നെ അതിവേഗം പടര്‍ത്തി മുന്നേറിയ ഈ കൊലപാതകപരമ്പര തീര്‍ച്ചയായും ഒരു "ചെറുത്തുനി"ല്‍പ്പൊന്നുമല്ല.
ഇതൊരു കലാപമാണ്. ഞെട്ടിപ്പിക്കുന്ന കലാപം.രാഷ്ട്രീയ എതിരാളികളില്‍ കുറേപ്പേരെ പരമാവധി ഉന്മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം വച്ച് - സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് സി.പി.എം. ആസൂത്രിതമായി നടത്തുന്ന കലാപം.
ഇതിനിരയായ ബി.ജെ.പി,ക്കാര് ഇതു മുന്‍കൂട്ടി കണ്ടിരുന്നു. ഇത് അപ്രതീക്ഷിതമല്ല - ധാരാളം തെളിവുകളുണ്ട്.
ഇത് കേവലം ഒരു രാഷ്ട്രീയ ആരോപണമല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണിതു പറയുന്നത്. പലതും പിന്നാലെ കൊടുത്തിട്ടുണ്ട്.പെരുന്ന കോളേജില്‍ എ.എസ്.ഐ. അടിയേറ്റു മരിക്കാനിടയായ സംഭവം മുതലാണ് ദേശാഭിമാനി ഒരു തരം "കണക്കെടുപ്പ്" ആരംഭിച്ചത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ യാതൊരു ന്യായവുമില്ലാത്ത പല സംഭവങ്ങളും അവര്‍ ആ അക്കൗണ്ടിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടിരുന്നു. അന്നു മുതല്‍ അവര്‍ "ദാ - സംഘപരിവാര്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നു" എന്ന മട്ടില്‍ അപ്ഡേറ്റുകള് അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒന്നൊഴിയാതെ അവയോരോന്നും അണികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. എല്ലാത്തിന്റെയും യഥാര്‍ത്ഥചിത്രം പിന്നാലെ കൊടുത്തിട്ടുണ്ട്.
കുറച്ചൊരു ഘട്ടം എത്തിയപ്പോളേക്കും, ഇത് ഭാവിയില്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപത്തിന്റെ സമയത്ത് ന്യായീകരണം തീര്‍ക്കാനാവും എന്നു സംശയിക്കപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ അതിപ്പോള്‍ സത്യമായി. "മാര്‍ക്സിസ്റ്റുകള്‍ പരമാവധി സംയമനം പാലിച്ചു - പക്ഷേ ഒടുവില്‍ "ചെറുത്തു നില്ക്കാന് നിര്‍ബന്ധിതരായി" എന്ന ഒരു ന്യായീകരണംകൊണ്ടു വന്നിട്ട് രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വെട്ടിവീഴ്ത്തി. ഇതെല്ലാം കണ്ണുമടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരായതിന്റെ പേരില്‍, പാര്‍ട്ടി അണികള്‍ പതിവുപോലെ വഞ്ചിതരാവുകയും ചെയ്തു,
* * * * * * * *
ചെറുത്തുനില്‍പ്പിനേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശരിയാണോ എന്നു നോക്കാം. ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഈ കലാപം ആരംഭിച്ചതു വരെയുള്ള കാലഘട്ടമെടുത്തു പരിശോധിക്കാം ആദ്യം.
കലാപത്തിനു മുമ്പുള്ള കാലഘട്ടം. (2006 മെയ് മുതല്‍ 2008 മാര്‍ച്ച് ആദ്യവാരം വരെ)ആ കാലയളവില്‍, സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പതിനൊന്നു പ്രവര്‍ത്തകരുടെ ജീവനാണു നഷ്ടപ്പെട്ടത്!
ഇതില്‍ ഏഴു കൊലപാതകങ്ങളും നടത്തിയത് മാര്‍ക്സിസ്റ്റുകാരായിരുന്നു! മറ്റു ചിലതില്‍ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പരോക്ഷബന്ധം ആരോപിക്കപ്പെടുന്നുമുണ്ട്.
അതില്‍ ചിലത് അപ്രതീക്ഷിതമായ കൊലകളായിരുന്നു. മറ്റുള്ളവയുടെ കാര്യത്തിലും - ഒരിക്കല്‍പ്പോലും സായുധമായ ഒരു ആക്രമണം തുടങ്ങിവച്ചത് സംഘമായിരുന്നില്ല താനും. നിസാരതര്‍ക്കങ്ങളും ഉരസലുകളും മറ്റും, ഒടുവില്‍ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന് ആദ്യം കാണുന്ന ആര്.എസ്.എസുകാരനെ വെട്ടിക്കൊല്ലുന്നതില്‍ച്ചെന്ന് അവസാനിക്കുകയായിരുന്നു.
പരോക്ഷമായ രണ്ടു കൊലകള്‍ കൂടി നടന്നിരുന്നു. തന്റെ മകനെ വെട്ടുന്നതു കണ്ട് ഹൃദയം പൊട്ടി മരിച്ച വൃദ്ധയുടെ വാര്‍ത്ത ചുവടെ (ചിത്രത്തില്‍ ക്ലിക്കു ചെയ്യുക). ഇതില്‍, പോലീസിനെ ഉപയോഗിച്ചു കൊണ്ട്, കുറ്റം മറ്റു ചിലരില്‍ ചാര്‍ത്താന്‍ ശ്രമം നടന്നിരുന്നു. പിന്നീടാണ് മാര്‍ക്സിസ്റ്റുബന്ധം തെളിഞ്ഞത്.
മാര്‍ക്സിസ്റ്റുകള്‍ നടത്തിയ മറ്റൊരു കൊലപാതകത്തിനുശേഷം നീറി നീറി മരിച്ച വൃദ്ധയുടെ വാര്‍ത്ത ഇവിടെ.
സി.പി.എമ്മിനു "ചെറുത്തുനില്‍ക്കാ"നാണ് അത്രയും പേരെ കൊന്നു തള്ളിയത് എന്നത് ജനം വിശ്വസിക്കണമെന്നാണോ? സി.പി.എമ്മുകാരെ ആര്.എസ്.എസ്. എന്തുചെയ്തുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്? മേല്‍പ്പറഞ്ഞ ഈ കൊലപാതകങ്ങള്‍ നടന്നത് സംഘം നടത്തിയ ഒരു ആക്രമണത്തിനിടയിലാണോ? വയസ്സായ സ്ത്രീകള്‍ ഹൃദയം പൊട്ടിമരിക്കുന്നത് ആരുടെ ആക്രമണം കണ്ടിട്ടാണ്? ജനങ്ങളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കാമോ?
സി.പി.എമ്മുകാര്‍ 'പരമാവധി സംയമനം പാലിച്ചു' എന്നാണു പറയുന്നത്. ഇതാണു സംയമനത്തിന്റെ ശൈലിയെങ്കില്‍, അവര്‍ക്കു സംയമനം നഷ്ടപ്പെട്ടാല്‍ എങ്ങനെയായിരിക്കും പെരുമാറുക?
ശരി - ഇനിയിപ്പോള്‍ ഇതൊക്കെത്തന്നെയാണ് ഈപ്പറയുന്ന "സംയമന"മെങ്കില്‍, തങ്ങള്‍ക്കൊപ്പം നിന്നുവെന്നതിന്റെ മാത്രം പേരില്‍ പ്രവര്‍ത്തകരും അവരുടെ അമ്മമാരുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ സംഘപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച വികാരം എന്തായിരിക്കണം? അതിനെയും നമുക്കു സംയമനമെന്നു വിളിക്കാമോ? അവരേയും നമുക്കൊന്ന് അഭിനന്ദിക്കാമോ? ഇത്തരമൊരു ശിക്ഷയര്‍ഹിക്കുവാന്‍, മാര്‍ക്സിസ്റ്റുകളാല്‍ എതിര്‍ക്കപ്പെടുന്നുവെന്നതിനപ്പുറം എന്തു തെറ്റാണ് അവര്‍ ചെയ്തിട്ടുള്ളത്? ആ ഒരു തെറ്റു തന്നെ ധാരാളമാണ് എന്നാണെങ്കില്‍ - ഇവിടെന്താ നിയമവും കോടതിയുമൊന്നുമില്ലേ? മാര്‍ക്സിസ്റ്റു നേതാക്കള്‍ എന്നത് കുറ്റവും ശിക്ഷയും പ്രഖ്യാപിക്കുന്ന കോടതിയും, അണികള്‍ എന്നത് ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍മാരുമാണ് എന്നു വരുമോ?
ഈ സംഭവങ്ങളിലെല്ലാം - സംഘപ്രവര്‍ത്തകര്‍ നൂറ്റുക്കു നൂറു ശതമാനവും സംയമനം പാലിക്കുകയായിരുന്നോ എന്നു ചോദിച്ചാല്‍ - അല്ല. നിയമനടപടികള്‍ക്കും പ്രതിഷേധസമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും റോഡ് ഉപരോധത്തിനുമെല്ലാം പുറമേ - രണ്ടു മൂന്നു സംഭവങ്ങളില്‍ പ്രത്യാക്രമണമുണ്ടായിട്ടുണ്ട്. അതും ന്യായീകരിക്കാവുന്നതല്ല. നമുക്ക് അതിനെയും അപലപിക്കാം. ശക്തമായി അപലപിക്കാം. പക്ഷേ - അവ ഒരിക്കലും മാര്‍ക്സിസ്റ്റ് അതിക്രമങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാവുന്നവയല്ല എന്നതു നാം മറച്ചു പിടിക്കേണ്ടതില്ല. പകല്‍ പോലെ വ്യക്തമാണത്. സംഘമല്ല ആക്രമണത്തിനു തുടക്കമിടുന്നത് എന്നതും മറച്ചുപിടിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ് ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭൂരിഭാഗവും ഏകപക്ഷീയവും ബാക്കിയുള്ളവ തികച്ചും 'out of proportion'-ഉം ആയിരുന്നു. out of proportion by all means!.
* * * * * * * *
അതെല്ലാം മറക്കാം.
ഇനി, പെരുന്നയിലെ സംഭവം മുതലുള്ള കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം.
അന്നു മുതല്ക്കാണ് ദേശാഭിമാനി തുടര്‍ച്ചയായി സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നത്. 'ഇതാ ആര്.എസ്.എസ്.കാര്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നിരിക്കുന്നു' എന്നൊരു കണക്കവതരിപ്പിച്ച് അതിന് പൊലിമ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ - ഇനി ഒരു ആക്രമണപരമ്പരയ്ക്കു സമയമായി എന്നൊരു തോന്നല്‍ അണികളുടെ മനസ്സില്‍ ഉറയ്ക്കുന്നതുപോലെ അങ്ങേയറ്റം പ്രകോപനപരമായ വാര്‍ത്തകളും വന്നിരുന്നു.
ആദ്യത്തെ സംഭവം എടുക്കാം.
പെരുന്ന കോളേജില്‍ പോലീസുകാരനെ ആര്.എസ്.എസ്. ആസൂത്രിതമായി(?) കൊലപ്പെടുത്തി എന്നാണ് ആഭ്യന്തരമന്ത്രി കൊടിയേരി പറഞ്ഞത് (പിന്നീടു തിരുത്താന്‍ നിര്‍ബന്ധിതനായി).
ദേശാഭിമാനി മാത്രമാണ് അവിടെ എ.ബി.വി.പി.യുടെ മേല്‍ കണ്ണുമടച്ചു കുറ്റം ചാര്‍ത്തിയത്. മറ്റു പത്രങ്ങളെല്ലാം പറഞ്ഞതു നേരെ മറിച്ചാണ് (അതൊക്കെ ഒരു ഗൂഢാലോചനയാണെന്നുപോലും ദേശാഭിമാനി വാദിച്ചു!). അതേക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ സ്ഥിതിക്ക് ആവര്‍ത്തിക്കേണ്ടതില്ല. വാര്‍ത്തകളില്‍ നിന്ന് ഒരേയൊരണ്ണം മാത്രം വായിക്കാമെന്നുണ്ടെങ്കില്‍ ഒന്ന് ഇവിടെ.
ആരുകൊന്നു എന്നൊരു തര്‍ക്കം വേണ്ട. അതു കേവലം സാങ്കേതികതയാണ്. വിദ്യാര്‍ത്ഥിസംഘര്‍ഷത്തിനിടയിലാണ് മരണമടഞ്ഞത് എന്നതുകൊണ്ട് - ആ അക്രമത്തില്‍ പങ്കെടുത്തവരെന്ന നിലയ്ക്ക് - എസ്-എഫ്.ഐ.യ്ക്ക് അതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. ആരു തുടങ്ങിവച്ചു എന്നു കണ്ടെത്തി നമുക്ക് ഒരാളില്‍ ഒതുക്കേണ്ട. കൂട്ടുത്തരവാദിത്തമായിക്കൊള്ളട്ടെ.
എന്തായാലും ശരി - എ.ബി.വി.പി.യെ മാത്രമേ പ്രതിക്കൂട്ടിലാക്കാവൂ എന്നു നിര്‍ബന്ധമാണെങ്കില്‍ത്തന്നെ, നിയമനടപടികള്‍ മാത്രമേ ആകാവൂ - ശരിയല്ലേ? ഉപദ്രവിക്കാനാണെങ്കില്‍ത്തന്നെ, പ്രതികളെന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ അനുഭവിച്ച പീഢനങ്ങള്‍ തന്നെ ധാരാളമാണ് - ശരിയല്ലേ? എന്തായാലും - ആ സംഭവത്തിന്റെ പേരില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് അവരുടെ അയല്പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?
അതുകൊണ്ട് - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന് നമുക്ക് ആദ്യസംഭവം ഒഴിവാക്കാം.
* * * * * * * *
രണ്ടാമത്തെ സംഭവം.
മലമ്പുഴയില്‍ രണ്ടു പേര് കൊലചെയ്യപ്പെട്ടതാണ് അടുത്തത്. ഇതാ ആര്.എസ്.എസ്. കൊലപാതപരമ്പര(?) തുടരുന്നു എന്ന് ആക്രോശിച്ചു ദേശാഭിമാനി.
ആ വാര്‍ത്ത അങ്ങേയറ്റം അവിശ്വസനീയമായിരുന്നു. സംഘത്തിനു സാന്നിദ്ധ്യമുണ്ടെങ്കിലും, മാര്‍ക്സിസ്റ്റു കോട്ടകളിലൊന്നാണു മലമ്പുഴ. മുഖ്യമന്ത്രിയുടെ മണ്ഡലം. അവിടെ യാതൊരു പ്രകോപനവുമില്ലാതെ സംഘമോ ബി.ജെ.പി.യോ ഒരു രാഷ്ട്രീയകൊലപാതകം നടത്തുക എന്നത് അത്ഭുതകരമായിത്തോന്നി.
ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യങ്ങള്‍ വെളിപ്പെട്ടു. അതൊരു രാഷ്ട്രീയ കൊലപാതകമേയായിരുന്നില്ല. കൃഷിത്തര്‍ക്കവും കുടുംബവഴക്കുകളുമൊക്കെയായിരുന്നു അതിനു പിന്നില്‍. പ്രതികളില്‍ കുറച്ചു പേര്‍ക്കു മാത്രമേ സംഘപരിവാറുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുള്ളൂ താനും. കൊല്ലപ്പെട്ടത് മാര്‍ക്സിസ്റ്റുകളായതും പ്രതികളില്‍ ചിലര്‍ക്കു സംഘബന്ധമുള്ളതും കേവലം സാങ്കേതികത മാത്രമായിരുന്നു. ഭൂരിഭാഗം പേരും മാര്‍ക്സിസ്റ്റുകളായൊരു സ്ഥലത്തു നടന്ന കൊലപാതകത്തില്‍ മരണമടഞ്ഞത് അവരില്‍പ്പെട്ടൊരാളാണ് എന്നൊരു സ്വാഭാവികതയല്ലാതെ - ഇതില്‍ യാതൊരു രാഷ്ട്രീയവും അടങ്ങിയിരുന്നില്ല. അതിന്റെ പേരില്‍, ബി.ജെ.പി. നേതൃത്വമോ അല്ലെങ്കില്‍, കണ്ണൂരിലുള്ള അവരുടെ പ്രവര്‍ത്തകരോ മരണാര്‍ഹരാകുന്നില്ല. മനസാക്ഷിയുള്ളവരെ സംബന്ധിച്ചിടത്തോളം.
വാര്‍ത്തകളിലൊന്ന് താഴെ.
എന്നാല്‍, ഇവിടുത്തെ മാര്‍സ്ക്സിസ്റ്റു ഭരണകൂടം പോലീസ് രേഖകളില്‍ മനപ്പൂര്‍വ്വം അതിനെയൊരു രാഷ്ട്രീയകൊലപാതകമാക്കി എഴുതിച്ചേര്‍ത്തു. സംഘബന്ധമുള്ള ആളുകളെ മാത്രം അറസ്റ്റു ചെയ്തിട്ട് അതിനു വലിയ വാര്‍ത്താപ്രാധാന്യം കൊടുത്തു. ഇതിനു മുമ്പ് ഒരു പെറ്റിക്കേസില്‍പ്പോലും പെട്ടിട്ടില്ലാതിരുന്ന അവരെ പിന്നീടു ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തു! ജാമ്യം ലഭിക്കാതിരിക്കാനുള്ള കുറുക്കുവഴിയായിരുന്നു അത്.
ഏതൊരാള്‍ക്കും മനസ്സിലാകും - ഇതു വ്യക്തമായ രാഷ്ട്രീയപകപോക്കലാണെന്ന് - ഇതൊക്കെയാണ് "ചെറുത്തുനില്‍പ്പ്" എന്നു വരുമോ?
എന്തായാലും, പാലക്കാടുണ്ടായ ഒരു കൃഷിത്തര്‍ക്കത്തിന്റെ പേരില്‍, കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് അവരുടെ അയല്പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?
അതുകൊണ്ട് - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(?) കാരണങ്ങളില്‍ നിന്ന് നമുക്ക് ആ സംഭവവും ഒഴിവാക്കാം.
* * * * * * * *
മൂന്നാമത്തെ സംഭവം
ഇനിയുള്ളതെല്ലാം നടന്നതു കണ്ണൂരാണ്.
നവംബറില്‍, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ആദ്യകലാപം ആഴ്ചകള്‍ നീണ്ടു നിന്നിരുന്നു. അതിനിടെ, മാര്‍ക്സിസ്റ്റ് അനുഭാവികളായിരുന്ന സുധീര്‍കുമാര്‍, പവിത്രന് എന്നിവര്‍ കൊല്ലപ്പെട്ടു. ഇത് ‘രാഷ്ട്രീയകൊലപാതകം‘ എന്നു തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. അപലപനീയവുമാണ്.
എന്നാല്‍ - അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് മൂന്നുമാസങ്ങള്‍ക്കുശേഷം “ചെറുത്തു നില്ക്കാം“ - തിരിച്ചടിക്കാം - ബി.ജെ.പി.ക്കാരെ കൊല്ലാം എന്നൊക്കെ ഒരു ന്യായീകരണം കൊണ്ടുവരാമെന്നാണോ? ഒരിക്കലും പറ്റില്ല. കാരണമുണ്ട്.
ഇപ്പോള്‍ നടക്കുന്നതുപോലെ തന്നെ, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടങ്ങിവച്ച മറ്റൊരു വലിയ അക്രമപരമ്പര ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞതിനിടെ നടന്ന സംഭവങ്ങള്‍ മാത്രമായിരുന്നു അവ. ആ അക്രമപരമ്പരയ്ക്കിടെ മാര്‍ക്സിസ്റ്റുകാരുടെ വെട്ടേറ്റ് മൃതപ്രായരായിക്കിടന്ന ബി.ജെ.പി.ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല - ഒമ്പതായിരുന്നു. എല്ലാവരും തന്നെ ഗുരുതരാവസ്ഥയിലുമായിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടു മാത്രമാണു രക്ഷപെട്ടത്. പലരും ഇപ്പോളും ചികിത്സയിലാണ്. അവിടെയും ആദ്യത്തെ തുടര്‍ച്ചയായ നാലു വധശ്രമങ്ങള്‍ നടത്തിയതു മാര്‍ക്സിസ്റ്റുകളാണു താനും!
തലശ്ശേരി മേഖലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഘപ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റുകള്‍ കൊന്ന ഉത്തമന് എന്നയാളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന അമ്മുവമ്മ എന്ന വൃദ്ധയേയും ബോംബെറിഞ്ഞുകൊന്നത് നാടിനെ നടുക്കിയിരുന്നു. ധര്‍മ്മടത്ത് സുജേഷ് - സുനില്‍ എന്നീ രണ്ടു പേരെ - സി.പി.എം. ബന്ധമുപേക്ഷിച്ച് സംഘത്തില്‍ വന്നിരുന്നവരെ - ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്നു. പിന്നീട് പടുവിലായിയില്‍ ഷാജി, മുഴപ്പിലങ്ങാട് സൂരജ് (അദ്ദേഹവും ഡി.വൈ.എഫ്.ഐ.യുടെ ഭാരവാഹിത്വം ഉപേക്ഷിച്ച് സംഘത്തിലേക്കു വന്നയാളായിരുന്നു), മൂഴിക്കരയില്‍ പ്രേമന്, പാനൂരില്‍ വത്സരാജ്, കൂത്തുപറമ്പില്‍ പ്രമോദ്! ലിസ്റ്റു നീളുകയാണ്!
ഇവരിലാരും ഒരു സംഘര്‍ഷത്തേത്തുടര്‍ന്ന് കൊല്ലപ്പെട്ടവരല്ല. സംഘവിരോധം എന്ന ഒറ്റക്കാരണം മൂലം, സി.പി.എം. ഏകപക്ഷീയമായി നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇവയ്ക്കൊന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല താനും.
അതിനെല്ലാം ശേഷം, 2007 നവംബറില്‍, ആദ്യകലാപം സൃഷ്ടിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെയായിരുന്നു. മാഹിക്കടുത്ത്, നവംബര്‍ മൂന്നിന് ഷെറിന് എന്ന സംഘപ്രവര്‍ത്തകനെ അമ്മയുടെ മുമ്പിലിട്ട് വെട്ടി കയ്യും കാലും അരിഞ്ഞു. ഇന്ന് പരസഹായം കൂടാതെ ജീവിക്കാനാവാത്ത നിലയില്‍ കഴിയുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന അമ്മ സി.പി.എം. അംഗം അംഗം മാത്രമല്ല - ജനാധിപത്യമഹിളാ അസ്സോസിയേഷന് പ്രവര്‍ത്തക കൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍! മകന് സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി എന്നതാണവരുടെ കുറ്റം!
തൊട്ടുപിറ്റേ ദിവസം - നവംബര്‍ നാലിന് - കൊടക്കളം എന്ന സ്ഥലത്തു വച്ച് ബൈക്കില്‍പ്പോകുകയായിരുന്ന രണ്ടു സംഘപ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു.
അതിന്റെയും പിറ്റേ ദിവസം - നവംബര്‍ അഞ്ചിന് - കൊളശ്ശേരിയില്‍ ഷാജി എന്ന ഓട്ടോറിക്ഷാഡ്രൈവറെ വെട്ടിക്കൊല്ലാറാക്കി. അദ്ദേഹത്തിന്റെ സംസാരശേഷി ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനു മുമ്പും അദ്ദേഹത്തിന്റെ ഓട്ടോ കത്തിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.
ഇത്രയും സംഭവങ്ങള്‍ - തുടര്‍ച്ചയായ കൊലപാതകങ്ങള്‍ - കൊലപാതകശ്രമങ്ങള്‍- എല്ലാം നടന്നിട്ടും - പ്രതികരിക്കാതിരുന്ന സംഘപ്രവര്‍ത്തകര്‍ ഒടുവില്‍ ആയുധമെടുത്തു. അവര്‍ നടത്തിയ തിരിച്ചടികള്‍ക്കിടയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.
എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. അങ്ങേയറ്റം ദു:ഖകരവുമാണ്. പക്ഷേ ഇതു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ തുടരെത്തുടരെ വാളിനിരയായിക്കൊണ്ടിരുന്നപ്പോളൊന്നും പ്രതികരിക്കാതിരുന്ന രാഷ്ട്രീയനേതൃത്വവും അധികാരികളുമൊക്കെ, അവര്‍ കേവലം ഒരു പ്രത്യാക്രമണം നടത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നെണീറ്റു എന്നതും കൌതുകകരമാണ്.
ഇപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടന്നതെന്താണ്? “സി.പി.എം. പരമാവധി സംയമനം പാലിച്ചു.. ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്.എസ്.എസ് ".കാര്ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് ഇപ്പോള്‍ നടക്കുന്ന‘തെന്ന് !
സൂര്യന് രാത്രിയിലും ചന്ദ്രന് പകലുമാണ് പ്രകാശിക്കുന്നതെന്നു പറയുന്നതുപോലെ, യാഥാര്‍ത്ഥ്യത്തെ നേരെ തലതിരിച്ചിട്ട് പച്ചക്കള്ളമാക്കുന്നവരേക്കുറിച്ച് എന്തു പറയാനാണ് ? കണ്ണുതുറന്നു നോക്കാന്‍ തയ്യാറുള്ളവര്‍ക്കു മുഴുവന്‍ മനസ്സിലാകും - ആരാണ് ഏകപക്ഷീയമായി ആക്രമിച്ചതെന്നും ആരാണു സംയമനം പാലിച്ചതെന്നും.
അക്കാലത്തു വന്ന വാര്‍ത്തകളിലൊന്ന് ചുവടെ.
‘പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സി.പി.എമ്മും. പ്രതിരോധത്തിന്റെ പേരില്‍ ബി.ജെ.പി.യും‘ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ആ വാര്‍ത്തയില്‍ നിന്നു തന്നെ അറിയാം, മാര്‍ക്സിസ്റ്റ് അവകാശവാദങ്ങളുടെ പൊള്ളത്തരം. വഴിയേ നടന്നു പോകുന്ന സംഘപ്രവര്‍ത്തകനെ കൊല്ലേണ്ടത് മാര്‍ക്സിസ്റ്റുകള്‍ക്ക് പ്രത്യയശാസ്ത്രപരമായ ഒരു ബാദ്ധ്യതയായി ചിലര്‍ മാറ്റിയെടുത്തിട്ടുണ്ട്. മറിച്ച് സംഘപ്രവര്‍ത്തകര്‍ക്കാവട്ടെ - ഒരു പ്രതിരോധത്തിനായല്ലാതെ ആയുധമെടുക്കേണ്ട യാതൊരു സാഹചര്യവും അവിടെ നിലവിലില്ല.
അന്ന്, മാര്‍ക്സിസ്റ്റുകള്‍ ആരംഭിച്ച വെട്ടുപരമ്പരയില്‍ ഒമ്പതു സംഘപ്രവര്‍ത്തകര്‍ക്കും അഞ്ചു മാര്‍ക്സിസ്റ്റുകള്‍ക്കും വെട്ടേറ്റു. ഒടുവില്‍ - മരണമടഞ്ഞ രണ്ടുപേരും ഒരു പക്ഷത്തായിപ്പോയി എന്നത് ദു:ഖകരമായ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലുള്ള കേവലമൊരു സാങ്കേതികത മാത്രമാണ്. 'നമ്മള് കൂടുതലാളുകളെ വെട്ടിയിട്ടും ആരും മരിച്ചില്ലല്ലോ അവര്‍ വെട്ടിയപ്പോളല്ലേ മരിച്ചത് ' എന്നു ചോദിച്ചുകൊണ്ട് മാസങ്ങള്‍ക്കുശേഷം പ്രതികാരത്തിനൊരുങ്ങുന്നത് എന്തു മാത്രം ക്രൂരതയാണ്? അതാണോ 'ചെറുത്തു നില്‍പ്പ്"? അപ്പോള്‍ അതുവരെ അവര്‍ ചെയ്തതോ? മറുപക്ഷത്തു മൃതപ്രായരായിക്കിടന്ന ഒമ്പതു പേരുടെയും ജീവന് നഷ്ടപ്പെട്ടിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ എന്തു വാദം ഉന്നയിക്കുമായിരുന്നു?
ഈയൊരു കാര്യത്തിലുമതെ - നിരന്തരമായ - അടുപ്പിച്ചടുപ്പിച്ചുള്ള ആക്രമണങ്ങളിലൂടെ എല്ലാം തുടങ്ങിവച്ച മാര്‍ക്സിസ്റ്റുകള്‍ക്ക് - ഇതിന്റെ മാത്രം പേരില്‍ - അന്നത്തെ ഒമ്പതു പേരില്‍ നിങ്ങളുടെ ഭാഗത്തുനിന്ന് ആരും മരിച്ചിരുന്നില്ലല്ലോ എന്ന കാരണം പറഞ്ഞ് - മാസങ്ങള്‍ക്കു ശേഷം ബി.ജെ.പി.ക്കാരെ വീണ്ടും വെട്ടുന്നത് “ചെറുത്തുനി“ല്‍പ്പാണെന്ന് സ്വബോധമുള്ളവരാരും പറയില്ല. ഇവിടെ മാര്‍ക്സിസ്റ്റുകള്‍ക്ക് ആ വാക്കുപയോഗിക്കാന്‍ പോലും യാതൊരു അവകാശവുമില്ല - ശരിയല്ലേ?
അതുകൊണ്ട് - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന് നമുക്ക് ആ സംഭവവും ഒഴിവാക്കിയേ തീരൂ.
* * * * * * * *
നാലാമത്തെ സംഭവം
ധനേഷ് എന്നയാള്‍ കൊല്ലപ്പെട്ടു.
ദേശാഭിമാനി സവര്‍ണ്ണ ചിത്രങ്ങളടക്കം വാര്‍ത്തകളിറക്കി. തങ്ങളുടെ അണികള്‍ക്കിടയില്‍ ബി.ജെ.പി.ക്കാരോടു മൊത്തത്തില്‍ അങ്ങേയറ്റം പകവളര്‍ത്തുന്ന തരത്തില്‍, തീവ്രവാദസ്വഭാവമുള്ള വാര്‍ത്തകളായിരുന്നു വന്നത്. പെരുന്നയിലെ പോലീസുകാരന്റേതടക്കം സകല പേരുകളും സംഘത്തിന്റെ തലയില്‍ വച്ച് - 'ദാ ഇതുകണ്ടോ തുടര്‍ച്ചയായി ഇത്രപേര്' എന്നു വാദിച്ചു.
എന്നാല്‍, സംഘത്തിന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് അവരുടെ നേതൃത്വം വ്യക്തമാക്കി. മീന്‍കുന്ന് എന്ന സ്ഥലത്തു സംഘശാഖ പോലുമില്ലെന്നും അങ്ങനെയൊക്കെ അവകാശപ്പെട്ടുകൊണ്ട് ഈ കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കുന്നതു ഒരു ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഒരു വാര്‍ത്ത താഴെ.
മാര്‍ക്സിസ്റ്റ് ആരോപണങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്നും സംഘം പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അതൊരു രാഷ്ട്രീയകൊലപാതകമേയായിരുന്നില്ല. പ്രതികള്‍ ഒന്നടങ്കം സംഘപ്രവര്‍ത്തകരല്ല താനും. വാര്‍ത്തകളിലൊന്ന് താഴെ.
(ഇത് മാര്‍ക്സിസ്റ്റുകള്‍ക്കൊരു തിരിച്ചടിയായി. പിന്നീട് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിന് ഇതിടയാക്കി)
നമ്മുടെ നാട്ടില്‍, ഓരോ പാര്‍ട്ടിയിലേയും ആളുകള്‍ ഓരോ തുരുത്തുകളിലായൊന്നുമല്ല താമസിക്കുന്നത്. സംഘപ്രവര്‍ത്തകരും മാര്‍ക്സിസ്റ്റുകളുമൊക്കെ ധാരാളം ഇടകലര്‍ന്നു ജീവിക്കുന്നുണ്ട്. അച്ഛന് കമ്മ്യൂണിസ്റ്റും മകന് ബി.ജെ.പി.യുമായ എത്രയോ വീടുകള്‍ പോലുമുണ്ട്. അവര്‍ക്കൊന്നും യാതൊരു പ്രശ്നവുമില്ല. തലശ്ശേരിയിലെയും മറ്റും സാഹചര്യം മറ്റിടങ്ങളിലില്ല. ഒരു നാട്ടില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍, പ്രതികള്‍ ഒരു പാര്‍ട്ടിയിലും മറുപക്ഷം മറ്റൊരു പാര്‍ട്ടിയിലും പെടുന്നവരാകാം. അത് ഒരു കേവലം യാദൃച്ഛികത മാത്രമാണ്. പ്രതികളുടെ പാര്‍ട്ടി നേതൃത്വത്തിനെയോ അവരുടെ മറ്റ് അണികളേയോ അതിനു കുറ്റപ്പെടുത്താനാവില്ല. അതിനു രാഷ്ട്രീയനിറം കൊടുക്കുന്നവര്‍ ഗൂഢോദ്ദേശ്യത്തോടെയല്ലാതെ അങ്ങനെ ചെയ്യില്ല.
ദേശാഭിമാനി അതാണു ചെയ്തത്. അതിനെയവര്‍ ഒരു ബി.ജെ.പി.- മാര്‍ക്സിസ്റ്റു പ്രശ്നമായി ചിത്രീകരിച്ചു. ദാ കണ്ടോ എണ്ണം വീണ്ടും കൂടി - എന്ന മട്ടില്‍ - നമുക്ക് അവരെ കൊല്ലാം എന്നൊരു ന്യായീകരണമനോഭാവം വളരുന്ന മട്ടില്‍ - വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിച്ചു.
അഴീക്കോടു നടന്ന ഈയൊരു സംഭവത്തിന്റെ പേരിലുമതെ - തലശ്ശേരിയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് അവരുടെ അയല്പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നു കൊണ്ടു "പ്രതികാരം"(?) ചെയ്യേണ്ട യാതൊരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?
അതുകൊണ്ട് - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ' കാരണങ്ങളില്‍ നിന്ന് ആ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.
* * * * * * * *
അഞ്ചാമത്തെ സംഭവം
ഇപ്പോള്‍ നടക്കുന്ന കലാപത്തിനിടയാക്കിയ - എറ്റവും ഒടുവിലത്തെ സംഭവമാണിത്. ‘വീരപ്പന്’ എന്നറിയപ്പെട്ടിരുന്ന സി.പി.എം. പ്രവര്ത്തകന് ജിജേഷ് കൊല്ലപ്പെട്ടു.
സംഘമാണ് ഇതിനു പിന്നില്‍ എന്നാരോപിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ ഒട്ടും താമസിച്ചില്ല. എന്നാല്‍, സംഘത്തിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നു മാത്രമല്ല - സംഘബന്ധമുള്ളവരൊന്നും ഇതില്‍ യാതൊരു വിധത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട് അവരുടെ നേതൃത്വം രംഗത്തു വന്നു. തങ്ങള്‍ക്കെതിരായ ഒരു ആരോപണം നിഷേധിക്കാനായി അവര്‍ ഒരു പത്രസമ്മേളനം വിളിക്കുന്നത് ദശകങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഇതു വരെ നടക്കാതിരുന്നൊരു കാര്യമാണ്. അത്തരമൊരു പ്രഖ്യാപനമുണ്ടാകുന്നെങ്കില്‍ - അതു സത്യമാകാനേ വഴിയുള്ളൂവെന്നുവേണം കരുതാന്‍. സകല സാഹചര്യങ്ങളും അവരെ കുറ്റവിമുക്തമാക്കുന്നുണ്ട്. ഒരു വാര്‍ത്ത താഴെ.
രണ്ടു വര്‍ഷം മുമ്പ് ഒരു എന്‍.ഡി.എഫ്. പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു ജിജേഷ്. സ്വാഭാവികമായും അതിന്റെ പ്രതികാരമായിരിക്കാം എന്നു സംശയമുണര്‍ന്നു. അവര്‍ അതു നിഷേധിച്ചു. പ്രതികളെ ഇനിയും തിരിച്ചറിയാനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ കഴിഞ്ഞിട്ടില്ല.
മാര്‍ക്സിസ്റ്റുകള്‍ക്ക് ഈ കൊലപാതകം സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കണമെന്നു വലിയ വാശിയുള്ളതായി കാണപ്പെട്ടു. പാര്‍ട്ടി ഓഫിസില്‍ നിന്ന് പ്രതിപ്പട്ടിക തയ്യാറാക്കി പോലീസിനു നല്കപ്പെട്ടു. തലശേരി നഗരസഭാ കൗണ്‍സിലറായ ബി.ജെ.പി. അംഗമുള്‍പ്പെടെ - തങ്ങളുടെ രാഷ്ട്രീയ എതിരാളികളായി മാര്‍ക്സിസ്റ്റുകള്‍ കണക്കാക്കുന്നവരായിരുന്നു പട്ടികയില്‍ മുഴുവന്‍. എസ്. പി. മനോജ് എബ്രഹാം പക്ഷേ ധീരനായിരുന്നു. അദ്ദേഹം ആ മാര്‍ക്സിസ്റ്റു ധാര്‍ഷ്ട്യത്തിനു വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രാഥമികാന്വേഷണത്തില്‍, സംഘത്തിനു കൊലയില്‍ പങ്കില്ല എന്നു വെളിപ്പെട്ടു.
മാര്‍ക്സിസ്റ്റുകള്‍ നല്കിയ “പ്രതിപ്പട്ടിക“യിലുണ്ടായിരുന്നവര്‍ ആ സമയത്ത് ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സജീവമായി ക്ഷേത്രപരിസരത്തുതന്നെ ഉണ്ടായിരുന്നു. നിരവധി പോലീസുകാര്‍ അതെല്ലാം കണ്ടിട്ടുള്ളതുമാണ്. നിരപരാധികളാണെന്നു പകല്‍ പോലെ വ്യക്തമായവരെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ മാത്രം അറസ്റ്റുചെയ്യാനാവില്ലെന്നു പറഞ്ഞുകൊണ്ട് ആ പോലീസുദ്യോഗസ്ഥന് മാര്‍ക്സിസ്റ്റുകള്‍ നല്കിയ പ്രതിപ്പട്ടിക തള്ളിക്കളഞ്ഞു.
ഉടനടി അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു കളഞ്ഞു!
ഒരു വാര്‍ത്ത താഴെ.
ജനങ്ങളാകെ അമ്പരന്നുപോയ ആ സംഭവങ്ങളേക്കുറിച്ചുള്ള മറ്റൊരു വാര്‍ത്താശകലം താഴെ.
ഈയൊരു സംഭവത്തിലുമതെ - യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ആരോപണത്തിന്റെ മാത്രം പേരില്‍ - സംഘമല്ല പ്രതിസ്ഥാനത്ത് എന്നു കണ്ടെത്തിയ പോലീസിനെ ഒഴിവാക്കിക്കൊണ്ട് - മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രം തോന്നുന്ന ചില മൃഗീയന്യായീകരണങ്ങളുടെ പേരില്‍ - അവര്‍ക്ക് കണ്ണില്‍ക്കണ്ട ബി.ജെ.പി.ക്കാരെ മുഴുവന്‍ കൊന്നുകൊണ്ടു "പ്രതികാരം"(?) ചെയ്യാന്‍ ആരും ലൈസന്‍സ് കൊടുത്തിട്ടില്ല - ശരിയല്ലേ? 'ചെറുത്തുനി'ല്‍പ്പിനുള്ള കാരണങ്ങളില്‍ നിന്ന് ഈ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.
കഴിഞ്ഞു!
ബി.ജെ.പി.ക്കാരെ കൊന്നൊടുക്കാനുള്ള കാരണങ്ങളായിപ്പറഞ്ഞിരുന്ന നശിച്ച ന്യായീകരണങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുന്നു!
എവിടെ എന്തുസംഭവിച്ചാലും അതു സംഘപരിവാറിന്റെ തലയില്‍കെട്ടിവയ്ക്കുക എന്ന വൃത്തിഹീനമായ രാഷ്ട്രീയം ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര അജണ്ടകളുടെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍. മുഹമ്മദ് ഫസല്‍ എന്നയാളെക്കൊന്നത് തങ്ങള്‍ തന്നെയാണെന്നറിയാമായിരുന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ അതു സംഘത്തിന്റെ തലയില്‍ വച്ചു. എന്തിന് - ഒരു ബി.ജെ.പി.ക്കാരന് കൊല്ലപ്പെട്ടപ്പോള്‍ പോലും - അതിന്റെ ഉത്തരവാദിത്തം അവര്‍ ബി.ജെ.പി.യുടെ തന്നെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു കളഞ്ഞിരുന്നു!!! മാര്‍ക്സിസ്റ്റുകള്‍ തന്നെയാണതു ചെയ്തത് എന്ന് അറിയാമായിരുന്നിട്ടും! (ആ കഥ ഇവിടെ കാണാം)
മാര്‍ക്സിസ്റ്റുകള്‍ പറയുന്നതിലെ ഒരു വാക്കുപോലും അവര്‍തന്നെയല്ലാതെ മറ്റാരും വിശ്വസിക്കാത്ത ഒരു സാഹചര്യത്തില്‍ - അവരുടെ നേതൃത്വത്തില്‍ അണികള്‍ക്കു തന്നെ അനുദിനം വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ - അത്തരം നുണകളുയര്‍ത്തി കലാപമുണ്ടാക്കി രക്ഷപെടാമെന്നു കരുതുന്നതു മൗഢ്യമാണ്.
ഇവിടെ അവര്‍ ചൂണ്ടിക്കാട്ടിയ ഒരൊറ്റ സംഭവം പോലും - ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ - ഒരൊറ്റ സംഭവം പോലും ഒരു 'ചെറുത്തു നില്‍പ്പിന്റെ' കഥയല്ല പറയുന്നത്. കണ്ണൂരിലേത് ഒരിക്കലും ഒരു ചെറുത്തുനില്‍പ്പല്ല. നിയമം കയ്യിലെടുത്തുകൊണ്ട് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ് കൊലയാളി രാഷ്ട്രീയം - അവരുടെ ധാര്‍ഷ്ട്യം - അതു മാത്രമാണിത്.
* * * * * * * *
കലാപത്തിന്റെ നാള്‍വഴി
ജിജേഷ് വധക്കേസില്‍ സംഘത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല എന്നു വരുന്നത് മാര്‍ക്സിസ്റ്റുകള്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആ ഒരു അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.
മനോജ് എബ്രഹാം മാത്രമല്ല - മറ്റ് ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടു. എന്തുവന്നാലും വേണ്ടില്ല - നിലവില്‍ തങ്ങള്‍ ഉന്നയിച്ച (അടിസ്ഥാനമില്ലാത്ത) ആരോപണങ്ങളുടെ ചുവടു പിടിച്ചു തന്നെ എത്രയും പെട്ടെന്ന് ഒരു കലാപം നടത്താന്‍ സി.പി.എം. ഒരുക്കം കൂട്ടുകയാണെന്ന സൂചനകള്‍ അപ്പോളേക്കും കിട്ടിത്തുടങ്ങിയിരുന്നു.
തങ്ങളുടെ വിശ്വസ്തവിധേയരായുള്ളവരെ പോലീസ് തലപ്പത്തു കൊണ്ടുവന്നത് ഒരുക്കത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല - ജിജേഷ് വധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന് അവര്‍ ഉള്‍വലിയുകയും ചെയ്തു!!!!! വാര്‍ത്തകളിലൊന്ന് ചുവടെ.
ജിജേഷ് വധത്തിലെ യഥാര്ത്ഥപ്രതികള് ഇപ്പോള്‍ പുറത്തു വന്നാല്‍ അത് തങ്ങള്‍ക്കു പ്രശ്നമാകുമെന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതിയിരിക്കണം. അതു സംഘത്തിന്റെ തലയില്‍ വച്ചുകൊണ്ട് - ഒരു "ചെറുത്തുനി"ല്‍പ്പാണെന്ന ന്യായീകരണമുണ്ടാക്കി ഒരു കലാപത്തിലൂടെ പരമാവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.
അതിനിടയ്ക്ക് ശിവപുരം മേഖലയില്‍ എന്‍.ഡി.എഫ്. കൂടി ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഓഫീസ് പോലും ആക്രമിക്കപ്പെട്ട് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി അഭ്യൂഹമുണ്ടായിരുന്നു. ആ വാര്‍ത്തകളൊന്നും എന്തുകൊണ്ടോ അധികം പരസ്യമാകാതിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. അപ്പോളൊക്കെ ഏതോ അജ്ഞാതകാരണത്താല്‍ സംയമനം പാലിച്ച മാര്‍ക്സിസ്റ്റുകള്‍ ഏതോ ഗൂഢോദ്ദേശത്താല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും അവരുടെ വസ്തുവകകളെയും മാത്രം ലക്ഷ്യം വയ്ക്കുന്നതായി കാണപ്പെട്ടു. വിദ്യാഭാരതിസ്കൂള്‍ ആക്രമിക്കപ്പെട്ട് ഏതാണ്ട് 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി. ബി.ജെ.പി. പ്രവര്‍ത്തകരായ ഏതാണ് മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ അപ്പോളൊന്നും, ഒരു പ്രത്യാക്രമണം സംഘടിപ്പിക്കപ്പെടുകയോ ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റുകാരന്റെ വീട് ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നില്ല.
വ്യക്തമായ ആസൂത്രണത്തോടെ ശക്തമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ വരാന്‍ പോകുന്നു എന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചു. പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് ഒരു പത്രസമ്മേളനത്തില്‍ അതേപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു. കോട്ടയത്തെ സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, പാര്‍ട്ടിയില്‍ കണ്ണൂര്‍ലോബിയുടെ അപ്രമാദിത്വം ഉറപ്പിച്ചതിനുശേഷം നടന്ന ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ബി.ജെ.പി.ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്
അതിന്റെ പേരില്‍ - സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മറിച്ച് പോലീസ് സേന കൂടുതല്‍ ചുവപ്പണിയിക്കപ്പെടുകയാണുണ്ടായത്. ഒടുവില്‍, എല്ലാം ഭദ്രം - ഇനി തുടങ്ങാം എന്ന സ്ഥിതിയെത്തിയപ്പോള്‍ തലശ്ശേരി സ്റ്റാന്റില്‍ നിന്നു തന്നെ മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ടു. സംഘത്തിന്റെ ഒരു ഉന്നത സ്ഥാനം വഹിക്കുന്ന ശ്രീ. സുമേഷിനെ അവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അതിനുശേഷമുള്ള രണ്ടുമൂന്നുമണിക്കൂറിനുള്ളില്‍ രണ്ടുസംഘപ്രവര്‍ത്തകരേക്കൂടി പേരെകൂടി വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് പലയിടങ്ങളില്‍ നിന്നായി തുടരെത്തുടരെ ആറുപേരേക്കൂടി അവര്‍ വെട്ടി! ആദ്യദിവസം തന്നെ ഒമ്പതു സംഘപ്രവര്‍ത്തകരെയാണവര്‍ വെട്ടിയരിഞ്ഞത്. ഇതിനിടെ, ആദ്യത്തെ സംഭവത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഒരുവശത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതു പേരും മറുവശത്ത് ഒരേയൊരാളും വെട്ടേറ്റു കിടക്കുമ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം ക്രൂരമായ അവകാശവാദം തുടങ്ങി. ഞങ്ങളിതാ "ചെറുത്തു നില്പ്പു തുടങ്ങി!!"
ജനം മൂക്കത്തു വിരല്‍ വച്ചുതുടങ്ങിയത് അവിടം മുതലാണ്.
പിന്നീടുള്ള ദിവസങ്ങളിലും സംഘടിതവും ആസൂത്രിതവുമായ അനേകം ആക്രമണങ്ങളുണ്ടായി. അനവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അതിന്റെയെല്ലാം ഓമനപ്പേര് ചെറുത്തുനില്‍പ്പ് എന്നായിരുന്നു.
ഒടുവിലിപ്പോള്‍, അഞ്ച് സംഘപ്രവര്‍ത്തകരും രണ്ട് മാര്‍ക്സിസ്റ്റുകളും കൊല്ലപ്പെടുകയും ചെയ്ത് അനേകം പേര് മുറിവേറ്റു കിടക്കുന്ന യുദ്ധസമാനസാഹചര്യമാണുള്ളത്. മിണ്ടാപ്രാണികള്‍ പോലും ചെറുത്തുനില്‍പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടില്ല. ഒരു ബി.ജെ.പി. അനുഭാവിയുടെ വീട്ടിലെ പശുക്കുട്ടിയുടെ ജഡം ഇതുവരെ മറവു ചെയ്തിട്ടില്ല. കഴുത്തില്‍ വെട്ടു കൊണ്ട തള്ളപ്പശുവിന്റെയടുത്തേയ്ക്കു സമീപിക്കാന്‍ മൂനു ദിവസമായിട്ടും ഒരു മൃഗഡോക്ടര്‍ക്കു സാധിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് ആരെയൊക്കെയോ ചെറുത്തുനില്‍ക്കുകയാണ്!
" തല്ക്കാലം മനസ്സിനൊരാശ്വാസമായി - ചെറുത്തുനില്‍പ്പ് ഇനി നിര്‍ത്താം" - എന്ന് എപ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം തീരുമാനിക്കുന്നോ അപ്പോള്‍ കലാപമവസാനിക്കും. ബി.ജെ.പി. നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ ഒരു തരത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താനാവാത്ത ചില സംഭവങ്ങളുടെ പേരിലേക്ക് ആ ചെറുത്തുനില്‍പ്പുകളെല്ലാം എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യും.
ആവശ്യത്തിനു പോലീസുണ്ടെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാല്‍, പോലീസുണ്ടായിരുന്നത് ബി.ജെ.പി.ക്കാര് കൂടുതല്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ മാത്രമാണ്. മറ്റുള്ളിടങ്ങളില് അക്രമികള്‍ യഥേഷ്ടം ആയുധങ്ങളുമായി വിഹരിച്ചു. ഇടയ്ക്ക് അബദ്ധവശാല്‍ ആയുധങ്ങളുമായി പിടികൂടപ്പെട്ട മാര്‍ക്സിസ്റ്റുക്രിമിനല്‍ സംഘത്തെ ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവനുസരിച്ചു വിട്ടയച്ചു. ഇനിയെങ്കിലും കേന്ദ്രസേന എത്തിയാല്‍പ്പോലും നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ, ആയുധധാരികളായ മാര്‍ക്സിസ്റ്റുകള്‍ അവരെ തടഞ്ഞുവച്ചുകൂടായ്കയുമില്ല.
ആദ്യദിവസങ്ങളില്‍ 'കരുതല്‍ അറസ്റ്റു' നടത്തിയത് ബി.ജെ.പി. നേതാക്കളെ മാത്രമാണ്. മറുവശത്താണെങ്കില്‍, മുമ്പു തന്നെ കൊലക്കുറ്റത്തിന് തടങ്കലിലായിരുന്ന ചില സി.പി.എം. ക്രിമിനലുകള്‍ക്ക് ആഭ്യന്തരവകുപ്പു നേരിട്ടിടപെട്ട് പെട്ടെന്നു പരോള്‍ നല്‍കിയെന്നും അവരാണ് കൊലപാതകപരമ്പര നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് ചൂണ്ടിക്കാട്ടപ്പെട്ടത്!. ഭരണകൂടഭീകരതയുടെ സമാനതകളില്ലാത്ത ഉദാഹരണങ്ങളായിരുന്നു നാലുചുറ്റും! സി.പി.എം.-ന്റെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാനുള്ള പോലീസ് നീക്കം പലവിധത്തില്‍ തടസ്സപ്പെടുത്തി. റെയ്ഡുചെയ്യാനൊരുങ്ങുമ്പോള്‍ മീറ്റിങ്ങിനാണെന്നു പറഞ്ഞ് വിളിച്ചുവരുത്തി. ഒരു തവണ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ ആ ചുമതലയില്‍ നിന്നു മാറ്റി. അതിനൊക്കെയിടയിലും ചില ധീരനീക്കങ്ങള്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥനായ ഷൗക്കത്തലിയ്ക്കു നേരെ മാര്‍ക്സിസ്റ്റ് അക്രമികള്‍ ബോംബാക്രമണം നടത്തി!
അനേകം വാര്‍ത്തകളില്‍ ഒന്നു മാത്രം താഴെ.
വെട്ടേല്‍ക്കുന്നവരേയും കൊണ്ട് ആശുപത്രിയില്‍ പോയാല്‍ മാത്രം മതിയെന്ന്! കലാപം നിയന്ത്രിക്കേണ്ട നിയമപാലകര്‍ക്കു കിട്ടിയ ഉത്തരവിന്റെ കാര്യമാണു പറയുന്നത്. കേരളം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് എവിടെയാണ്?
"ചെറുത്തുനില്‍പ്പ്" ഇപ്പോളും അഭംഗുരം തുടരുകയാണ്. ചെറുക്കുന്നത് ആരായാലും വേണ്ടില്ല - ഇവിടെ ചെറുക്കപ്പെടുന്നത് വ്യക്തികളോ പ്രസ്ഥാനങ്ങളോ അല്ല. ജനാധിപത്യമര്യാദകളാണ്. സത്യം പറയുകയെങ്കിലും ചെയ്യണം എന്ന മട്ടിലുള്ള അടിസ്ഥാന ധാര്‍മ്മികമൂല്യങ്ങളാണ്. ചിന്താശേഷിയോ പ്രതികരണശേഷിയോ ഇല്ലാത്ത ജനത്തിനുള്ള ശിക്ഷയായിക്കരുതേണ്ടി വരും ഇതിനെ. അത്തരത്തിലുള്ള ജനത്തിന് എങ്ങനെ - എന്തിന് - ഒരു ആധിപത്യം? ജനാധിപത്യം എന്നത് ഇമ്മട്ടിലൊക്കെ 'പുരോഗമനപര'മാകുന്നു ഇവിടെ - ദൈവത്തിന്റെ സ്വന്തം നാട്ടില്‍!
* * * * * * *
സത്യത്തില്‍, ഇപ്പോള്‍ നടക്കുന്നതു തങ്ങളുടെ ചെറുത്തുനില്‍പ്പു മാത്രമാണെന്ന മാര്‍ക്സിസ്റ്റു വാദം പൊളിക്കാന്‍ ഇത്രയും നീണ്ട വിശദീകരണത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. നിസാരമായ ചില ചിന്തകള്‍ മാത്രം മതി.
ആര്.എസ്.എസ്.കാര്‍ക്ക് ഏകപക്ഷീയമായി മാര്‍ക്സിസ്റ്റുകളെ ആക്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ?
മാര്‍ക്സിസ്റ്റുകള്‍ക്ക് ഏറ്റവും സ്വാധീനവും സായുധനീക്കങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള കണ്ണൂരില്‍ത്തന്നെ അത്തരമൊരു "ഏകപക്ഷീയമായ" ആക്രമണത്തിന് അവര്‍ മുതിരുമെന്നു കരുതാമോ?
ആഭ്യന്തരവകുപ്പും പോലീസും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കയ്യില്‍ - പ്രത്യേകിച്ചു കണ്ണൂര്‍ ലോബിയുടെ കയ്യില്‍ - എത്തിപ്പെടുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്?
മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമനുവദിക്കാതെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക എന്ന മാര്‍ക്സിസ്റ്റു ശൈലിയുടെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിന്റെ - പ്രത്യേകിച്ചു കണ്ണൂരിന്റെ ചരിത്രത്തില്‍ നിന്ന് എടുക്കാവുന്നതല്ലേ?
ഇവിടെ - സത്യത്തില്‍ എങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ് എന്ന് എല്ലാവര്‍ക്കുമറിയാം. 'ചെറുത്തുനില്‍പ്പാ'ണെന്നു വാദിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കടക്കം അറിയാമത്. ഒരു പക്ഷേ, അണികള്‍ക്കിടയില്‍ ദേശാഭിമാനിയുടെ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതെങ്കിലും ശുദ്ധഹൃദയര് മാത്രമാവും 'ചെറുത്തുനില്‍പ്പുവാദം" വിശ്വസിച്ചുപോയിട്ടുണ്ടാവുക.
ഒന്നുകൂടിയാലോചിച്ചാല്‍, ഇത്തരം ചോദ്യങ്ങളുടെ പോലും ആവശ്യമില്ല. ചെറുത്തുനില്‍പ്പൊന്നുമല്ല തങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം എന്ന് മാര്‍ക്സിസ്റ്റു നേതൃത്വം തന്നെ വളരെ പണ്ടു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍കയറി വെട്ടിക്കൊന്ന അന്നു വൈകിട്ടു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകനേക്കൂടി മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഭ്രാന്തമായ ഈ കൊലപാതകവാസനയേക്കുറിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഒരു മാര്‍ക്സിസ്റ്റു നേതാവു പറഞ്ഞതിങ്ങനെയാണ്.
"ഫാസിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല".
ഇവിടെ 'ഫാസിസ്റ്റുകള്‍' എന്നത് 'ബി.ജെ.പി.ക്കാര്' എന്നു തിരുത്തി വായിക്കുക. അത്തരമൊരു ലേബലിന് എന്തടിസ്ഥാനമാണുള്ളത് എന്നു ചോദിക്കരുത്. എന്തിന്റെ പേരിലായാലും ശരി - കുറേ മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണധികാരം എന്നും ചോദിക്കരുത്. അവരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. ബി.ജെ.പി.ക്കു പകരം മറ്റാരെങ്കിലുമാണ് മാര്‍ക്സിസ്റ്റ് അപ്രമാദിത്വത്തെയും അടിച്ചമര്‍ത്തലുകളെയും ചെറുക്കാന്‍ ശക്തിപ്രാപിച്ചുവരുന്നത് എന്നുണ്ടെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും ലേബല്‍ ഉപയോഗിച്ചേനെ. പൊതുവില്‍പ്പറഞ്ഞാല്‍ - ആ വാചകം ഇങ്ങനെ തിരുത്തിവായിക്കാം.
"ഞങ്ങളുടെ എതിര്‍പക്ഷത്തുവരുന്നവരെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല"!
'മനുഷ്യനെ മയക്കുന്ന കറുപ്പ്' ചിലപ്പോളെങ്കിലും നല്ലതാണെന്നു തോന്നിപ്പോകുന്നു. ഇമ്മാതിരി അടിച്ചമര്‍ത്തലുകള്‍ ഒരു പരിധിവിട്ടുകഴിയുമ്പോള്‍ - കുറ്റബോധത്തിന്റെ ഒരു ചെറിയ തുടിപ്പെങ്കിലും മനസ്സിലുണ്ടാക്കും ആ കറുപ്പ്. ഇതിനേക്കാള്‍ ഭേദമാണ് - എന്തുകൊണ്ടും!
* * * * * * * *
വാല്‍ക്കഷണങ്ങള്‍:-
പണ്ടൊരിക്കല്‍, മാര്‍ക്സിസ്റ്റുവാരികയായ "People's Democracy"-യുടെ ഒരു ലക്കത്തില്‍ കണ്ട ഒരു കാര്യം ഓര്‍ത്തുപോകുകയാണ്. ആന്ധ്രാപ്രദേശിലെ പഞ്ചായത്തെ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനത്തിന്റെ അവസാനഭാഗത്തുകണ്ട ചില വരികള്‍ ഇങ്ങനെയൊക്കെ:-
We lost 13 ZPTC and 64 MPTC seats comparing with the past elections......
....the results revealed our weakness in transforming our popularity into votes due to lack of party machinery in all places.
ലേഖനം അവസാനിപ്പിച്ചുകൊണ്ടുള്ള രണ്ടു വാചകങ്ങള്‍ ഇങ്ങനെയൊക്കെ.
It is clear that out party mass base is still weak. Only with the unleashing of militant struggles in a big way, our base will be strengthened.
പാര്‍ട്ടി നയം തന്നെ ഏതാണ്ട് അങ്ങനെയൊക്കെയാണ്! പാര്‍ട്ടി വളര്‍ത്തുന്ന ശൈലി കൊള്ളാം. ഇഷ്ടം പോലെ വളരട്ടെ.
പക്ഷേ, പാര്‍ട്ടിബേസ് അത്യാവശ്യം സ്ട്രോംഗ് ആയിക്കഴിഞ്ഞിട്ടുള്ള സ്ഥലങ്ങളിലും "militant" രീതികളൊക്കെയാണ് "unleash"ചെയ്യപ്പെടുന്നതെങ്കില്‍, "struggle" ചെയ്യുന്നത് മറ്റുള്ളവരായിരിക്കും എന്നതാണൊരു വ്യത്യാസം.
* * * * *
'ചിന്ത' എന്നത് ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - അത്യാവശ്യഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് എടുത്തുപയോഗിക്കാവുന്ന ഒരു ആയുധം കൂടിയാണ്.
* * * * *
അനുബന്ധപോസ്റ്റുകള്‍:-
(1) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(2) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!
(3) കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത