Saturday, June 16, 2007

വീണ്ടും ചില സത്യാന്വേഷണ പരീക്ഷണങ്ങള്‍

തൂലിക കൊണ്ടു മാത്രമല്ല, ക്യാമറ കൊണ്ടും കവിത രചിക്കാം എന്ന്‌ കുറച്ചു കാലം മുമ്പ്‌ ദേശാഭിമാനിയുടെ അണിയറപ്രവര്‍ത്തകര്‍ തെളിയിച്ച ഒരു കഥയാണ്‌ ഇത്തവണ പറയാനുള്ളത്‌. "നായിക വെള്ളത്തിലേക്കു ചാടുകയാണല്ലോ - ക്യാമറയും കൂടെച്ചാടട്ടെ" എന്ന്‌ 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ശ്രീനിവാസന്‍ പറഞ്ഞതു പോലെ, 'എഴുതുന്നതു പച്ചക്കള്ളമാണല്ലോ - ക്യാമറയും കൂടെ കള്ളത്തരം കാണിക്കട്ടെ' എന്നു തീരുമാനിച്ചതു പോലെ തോന്നി.

* * * * * * * * * * * * * * *

തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിനേപ്പറ്റിയുള്ള ഒരു ഫീച്ചര്‍ ആയിരുന്നു അത്‌. ആ കോളേജിനെ പലതും പറഞ്ഞ്‌ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം പോലെയാണ്‌ ആദ്യം മുതലേ ആ ഫീച്ചര്‍ അനുഭവപ്പെട്ടിരുന്നത്‌. എന്തിനാണ്‌ ഒരു കോളേജിനെ ആക്രമിക്കുന്നത്‌ എന്നത്‌ വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായിരുന്നില്ല.

മദ്ധ്യ തിരുവിതാംകൂര്‍കാരനും, കോണ്‍ഗ്രസുകാരനും, പഞ്ചായത്തു മെംബറും നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ എന്തൊക്കെയോ പ്രാദേശിക ചുമതലകള്‍ വഹിച്ചിരുന്നയാളുമൊക്കെയായ ഒരു മാന്യദേഹത്തില്‍ നിന്നാണ്‌ അതിനു മുമ്പ്‌ തിരുവനന്തപുരം എം. ജി. കോളേജിനേക്കുറിച്ച്‌ കേട്ടിരുന്നത്‌. ആ കോളേജ്‌ എന്‍. എസ്‌. എസിന്റെ കീഴിലുള്ളതാണ്‌. പണ്ടൊക്കെ അവിടെ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകള്‍ അങ്ങോട്ടുമിങ്ങോട്ടും മുദ്രാവാക്യം വിളിച്ചു നടന്നിരുന്നതല്ലാതെ കാര്യമായ പഠനമൊന്നും നടന്നിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി അവിടെ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടെന്നും ഇപ്പോള്‍ പഠനാന്തരീക്ഷം സംശുദ്ധമായിക്കിട്ടിയെന്നുമൊക്കെയാണ്‌ ആശ്വാസസ്വരത്തില്‍ അന്നദ്ദേഹം പറഞ്ഞത്‌. അടിയുറച്ച കോണ്‍ഗ്രസുകാരനായ അദ്ദേഹത്തിന്റെ ആ അഭിപ്രായത്തില്‍ പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും കണ്ടില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം രക്ഷപെട്ടു കാണണമെന്നാഗ്രഹിച്ച ഒരു എന്‍. എസ്‌.എസ്‌. കാരന്റെ വാക്കുകളായിട്ടാണ്‌ അവ കൂടുതലും അനുഭവപ്പെട്ടത്‌.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മ വന്നപ്പോഴാണ്‌ ദേശാഭിമാനി ഫീച്ചറിലൂടെയുള്ള ആക്രമണത്തിന്റെ പിന്നിലെ ചേതോവികാരം പിടികിട്ടിയത്‌. എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഒരു തരം ഏകാധിപത്യ മനോഭാവത്തോടെ പലയിടത്തും അഴിഞ്ഞാടാറുള്ളത്‌ ആ കോളേജില്‍ വിലപ്പോവാത്തതിലുള്ള അമര്‍ഷമാവണം.

ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന പ്രധാന കാര്യങ്ങളില്‍ (ആരോപണങ്ങളില്‍) ഒന്ന്‌ ഇനിപ്പറയുന്നതായിരുന്നു. എം. ജി. കോളേജില്‍ ഇപ്പോള്‍ ഒരിക്കലും ദേശീയ പതാക ഉപയോഗിക്കാറില്ലത്രേ! പകരമെന്നോണം അവിടെ ഒരു "ആര്‍. എസ്‌. എസ്‌. ധ്വജം" സ്ഥിരമായി ഉയര്‍ത്തി നിര്‍ത്തിയിട്ടുണ്ടത്രേ! എന്നു മാത്രമല്ല, അതില്‍ എ.ബി.വി.പി.യുടെ കൊടിയടയാളവും പതിച്ചിട്ടുണ്ടത്രേ! ആ ധ്വജം സ്ഥാപിച്ചിരിക്കുന്നതാകട്ടെ അവിടെയുള്ള ഒരു ഗാന്ധിപ്രതിമയെ അവഹേളിക്കുന്ന തരത്തില്‍, അതിന്റെ മുമ്പിലും!

ഇതാ ആ ഗാന്ധിനിന്ദയുടെ സാക്ഷിപത്രം - എന്ന മട്ടില്‍, തെളിവിനായി കൊടുത്തിരുന്ന ചിത്രം താഴെ.
ശരിയാണ്‌. പ്രതിമയ്ക്കു തൊട്ടു ചേര്‍ന്ന്‌ ഏന്തോ ഒന്നു നാട്ടിയിട്ടുണ്ട്‌. പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ നിന്നു തന്നെ! നിശ്ചയമായും അത്‌ മേല്‍പ്പറഞ്ഞ "ധ്വജം" ആയിരിക്കണം. വലിയൊരു കോണ്‍ക്രീറ്റു തറയുടെ ആദ്യം രണ്ടു ചെറിയ പടവുകള്‍. അടുത്ത പടവ്‌ അല്‍പം കൂടി നീണ്ടത്‌. ആ തലത്തില്‍ നിന്ന്‌ കൊടിമരം ആരംഭിക്കുന്നു. അതിനു ശേഷം വീണ്ടും രണ്ടു ചെറിയ പടവുകള്‍ക്കു മുകളിലുള്ള പ്രതലത്തിലാണ്‌ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌. എന്തായാലും അത്തരത്തിലുള്ള ഒരു നിര്‍മ്മിതി തന്നെ മോശമായിപ്പോയി. അപ്പോള്‍പ്പിന്നെ അതില്‍, അതും നേര്‍മുമ്പില്‍, കൊടിമരം കൂടി സ്ഥാപിച്ചത്‌ ആരു ചെയ്തതായാലും ശരി - അപലപനീയവും ശിക്ഷാര്‍ഹം തന്നെയുമാണെന്ന്‌ ഏതൊരാളും ചിന്തിച്ചു പോകും.

പക്ഷേ, സംഘത്തെക്കുറിച്ച്‌ കുറച്ചെങ്കിലും അറിവുള്ളവര്‍ക്ക്‌ അത്‌ തികച്ചും അവിശ്വസനീയമായിരുന്നു.

ഒന്നാമതായി, ആര്‍. എസ്‌. എസ്‌. ധ്വജം എന്നൊരു ധ്വജമില്ല. സംഘത്തെ രാഷ്ട്രീയ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചവര്‍ക്കു പിണയുന്നൊരു അബദ്ധം പോലെ തോന്നി അത്‌. 'പാര്‍ട്ടി പതാക' എന്നൊക്കെ പറയുന്ന മട്ടിലുള്ള ഒരു ഏര്‍പ്പാട്‌ സംഘത്തിനില്ല. ധ്വജമുണ്ട്‌. അത്‌ ഭഗവദ്ധ്വജമാണ്‌. ഓരോ സ്വയംസേവകനും ഗുരു സ്ഥാനത്തു കാണുന്നത്‌ ആ ധ്വജത്തെയാണ്‌ ('ഗുരുജി' എന്നൊരാളുണ്ടെന്നും അദ്ദേഹമാണ്‌ സംഘം സ്ഥാപിച്ചത്‌ എന്നും മറ്റും പരമാബദ്ധങ്ങള്‍ എഴുതി വിടുന്ന ദേശാഭിമാനി ലേഖകന്മാര്‍ക്ക്‌ ഇത്തരം കാര്യങ്ങളേക്കുറിച്ചൊന്നും ഒരു പക്ഷേ കേട്ടു കേള്‍വി പോലും കാണില്ല).

ഇനിയിപ്പോള്‍, "ആ ധ്വജം തന്നെയാണു ഹേ ഉദ്ദേശിച്ചത്‌ - ഞങ്ങള്‍ അതിനെത്തന്നെയാണ്‌ 'ആര്‍. എസ്‌.എസ്‌. ധ്വജം' എന്നു വിളിച്ചത്‌" എന്നൊരു വാദമാണെങ്കില്‍പ്പോലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. ഭഗവദ്ധ്വജം അങ്ങനെ എവിടെയെങ്കിലുമൊരിടത്ത്‌ ഉയര്‍ത്തിയിട്ട്‌ പോകുക എന്നത്‌ അവിശ്വസനീയമാണ്‌. എല്ലാ സംഘശാഖകള്‍ക്കു പോലും ധ്വജം നല്‍കാറില്ലെന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്‌. പുതിയ ശാഖകളിലും ചെറിയ ശാഖകളിലും ധ്വജമില്ല. അത്‌ ഉയര്‍ത്തുന്നതോ കയ്യിലെടുക്കുന്നതോ പോകട്ടെ, അതിനെ സമീപിക്കുന്നതോ എന്തിന്‌ അതിന്റെ നേരെ വീക്ഷിക്കുന്നതോ പോലും തികഞ്ഞ ആദരവോടെയാണെന്നാണു വയ്പ്‌. സംഘശാഖയിലെ ഒരു മണിക്കൂര്‍ കാര്യപരിപാടികള്‍ക്കു ശേഷം ധ്വജം അതീവ ഭദ്രമായിത്തന്നെ, ആദരപൂര്‍വ്വം സൂക്ഷിക്കപ്പെടും. അങ്ങനെയൊക്കെയുള്ള ആ ധ്വജം ഒരു കോളേജില്‍ കുത്തി നാട്ടിയിരിക്കുന്നു എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതു വിശ്വസിക്കണമെങ്കില്‍, സംഘത്തേക്കുറിച്ചു കേട്ടതും കണ്ടതുമെല്ലാം ഓര്‍മ്മയില്‍ നിന്നു മറയും വിധം വല്ല മസ്തിഷ്കാഘാതമോ മറ്റോ സംഭവിക്കേണ്ടി വരും.

അല്ലെങ്കില്‍ത്തന്നെ ധ്വജത്തില്‍ എന്തെങ്കിലും വരച്ചിടുക എന്നു പറഞ്ഞാല്‍? അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്‌ എന്നത്‌ ഒരു പരിവാര്‍ പ്രസ്ഥാനമാണ്‌. അവര്‍ക്ക്‌ അവരുടേതായ ചിഹ്നവും പതാകയുമെല്ലാമുണ്ട്‌. അവരുടേതെന്നല്ല ആരുടെയും ചിഹ്നമോ പേരോ ഒന്നും ധ്വജത്തിന്റെ ഏഴയലത്തു പോലും ആലേഖനം ചെയ്യപ്പെടാന്‍ പോകുന്നില്ല.

ദേശാഭിമാനിയുടെ ഈ വാര്‍ത്ത ശരിയാണെങ്കില്‍, സംഘത്തേക്കുറിച്ചു മനസ്സിലാക്കിയിട്ടുള്ളതു പലതും തിരുത്തേണ്ടി വരും. ആരു പറയുന്നതു വിശ്വസിക്കണം? സംഘത്തേക്കുറിച്ച്‌ അവര്‍ തന്നെ പറയുന്നതു മുഖവിലക്കെടുക്കണോ അതോ ദേശാഭിമാനിയെ വിശ്വസിക്കണോ?

* * * * * * * * * * * * * * *

സംഘത്തേക്കുറിച്ച്‌ ഒന്നുമറിയില്ലെങ്കില്‍ക്കൂടി, സാമാന്യ യുക്തിബോധമുള്ളവര്‍ക്കും ചില സംശയങ്ങളുണ്ടാകാതിരുന്നില്ല. എന്തൊരു വലിയ കൊടിമരമാണത്‌! രാജാവിനേക്കാള്‍ വലിയ രാജഭക്തിയോ എന്നു ചോദിക്കുന്നതു പോലെ, കോളേജിനേക്കാള്‍ വലിയ കൊടിമരമോ? സാമാന്യം ദൂരെ നിന്നെടുത്തിരിക്കുന്ന ചിത്രം. ഗാന്ധി പ്രതിമ ചെറുതാണ്‌. അതിനു മുന്നില്‍ നാട്ടിയിരിക്കുന്ന "ധ്വജ"മാകട്ടെ വളര്‍ന്നങ്ങു പൊങ്ങിയിരിക്കുകയാണ്‌! കെട്ടിടത്തിന്റെയും മുകളിലേയ്ക്കു നീളുന്ന അതിന്റെ ഏറ്റവും മുകളിലെന്താണെന്നു കാണാന്‍ കൂടി കഴിയുന്നില്ല!

* * * * * * * * * * * * * * *

ഫീച്ചറില്‍ വന്ന കാര്യങ്ങള്‍, പ്രത്യേകിച്ചു ദേശീയ പതാകയേക്കുറിച്ചു പറഞ്ഞതൊക്കെ, മുകളില്‍പ്പറഞ്ഞ പഞ്ചായത്തു മെംബറോടു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയാണുണ്ടായത്‌. ദേശീയദിനങ്ങളില്‍ കോളേജിലെ ക്ലോക്ക്‌ ടവറിനു മുകളില്‍ ദേശീയപതാക പാറിക്കളിക്കുന്ന ചിത്രമോ മറ്റോ - അങ്ങനെയെന്തെങ്കിലും - ഏതെങ്കിലും എന്‍. എസ്‌. എസ്‌. ഭാരവാഹികള്‍ മുഖേനയോ മറ്റോ കോളേജധികൃതര്‍ക്കെഴുതി സംഘടിപ്പിച്ചു തരണോ എന്നദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എ.ബി.വി.പി.ക്കാരാകുമ്പോള്‍ സ്വാഭാവികമായും ഇതൊക്കെ കൈകാര്യം ചെയ്യേണ്ടുന്നതും അവരൊക്കെത്തെന്നെയല്ലാതെ വരില്ല എന്ന്‌ എനിക്കും ഉറപ്പായിരുന്നു. 'ഇത്തരം ബാലിശമായ ആരോപണങ്ങളുമായി വരുന്ന അഞ്ചാം കിട റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പോകുന്നതില്‍ ലജ്ജയില്ലേ?' എന്ന അദ്ദേഹത്തിന്റെ ചോദ്യം കേട്ട്‌ നാണം കെടേണ്ടി വന്നതു മിച്ചം.

* * * * * * * * * * * * * * *

സത്യത്തില്‍, ദേശീയപതാകയുടെ കാര്യം ശുദ്ധ കളവാണെന്ന്‌ നേരത്തെ തന്നെ ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ഫോട്ടോ സഹിതം പറഞ്ഞിരുന്ന "ധ്വജ"ത്തിന്റെ കാര്യം ഒരു സമസ്യയായി പിന്നെയും അവശേഷിച്ചു.

പിന്നീട്‌, അധികം താമസിയാതെ തന്നെ 'ജന്മഭൂമി'യില്‍ വന്ന ഒരു കുറിപ്പു കണ്ടപ്പോളാണ്‌ സത്യാവസ്ഥ പിടികിട്ടിയത്‌.

എത്രയോ കലാലയങ്ങളില്‍ എത്രയോ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ സ്വന്തമായി കൊടിമരമുണ്ട്‌? എം. ജി. കോളേജില്‍ എ.ബി.വി.പി.ക്കും ഒരു കൊടിമരമുണ്ട്‌. അത്രേയുള്ളൂ സംഗതി! ഏതൊരു സ്ഥാപനത്തിന്റെ കാര്യത്തിലായാലും, പ്രവേശനകവാടത്തിനടുത്താണ്‌ എല്ലാവരും കൊടിമരം സ്ഥാപിക്കുക. എം. ജി. കോളേജില്‍, കെട്ടിടത്തോടു ചേര്‍ന്നാണ്‌ ഗാന്ധിപ്രതിമ. അതിനു മുമ്പില്‍, സാമാന്യം വിസ്‌തൃതിയില്‍ ഒരു താമരക്കുളമുണ്ട്‌. അതില്‍ നിന്നു വീണ്ടും മീറ്ററുകളോളം വിട്ടു മാറിയാണ്‌ പ്രവേശനകവാടം. അതിനടുത്താണ്‌ എ.ബി.വി.പി. പ്രവര്‍ത്തകര്‍ അവരുടെ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്‌. അതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല.

കൊടിമരവും പ്രതിമയും തമ്മിലുള്ള അകലം വ്യക്തമാകുന്ന ഒരു ചിത്രം ജന്മഭൂമിയില്‍ത്തന്നെ വന്നത്‌ താഴെ.


കൊടിയെവിടെ നില്‍ക്കുന്നു - പ്രതിമയെവിടെ നില്‍ക്കുന്നു!

ദേശാഭിമാനി പ്രസിദ്ധികരിച്ച ചിത്രം ഒന്നു കൂടി തപ്പിയെടുത്തു നോക്കിപ്പോയി. ഫോട്ടോഗ്രാഫറുടെ (കു)ബുദ്ധി സമ്മതിക്കാതെ വയ്യ. അദ്ദേഹം കൊടിമരത്തിന്റെ അടുത്തു പോയി നിന്ന്‌ പ്രതിമയിലേക്കു നോക്കി ചിത്രമെടുത്തിരിക്കുകയാണ്‌! ചിത്രമെടുക്കാനായി അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം - ക്യാമറയുടെ ഉയരം - അതിന്റെ ആംഗിള്‍ - ഇതെല്ലാം അപാരം തന്നെ! കൊടിമരത്തിന്റെ ചുവടും, താമരക്കുളത്തിന്റെ കെട്ടുകളും പ്രതിമ സ്ഥാപിച്ചിരിക്കുന്ന സിമന്റ്‌ കെട്ടും - ഇതെല്ലാം ദൂരെ മാറി വെവ്വേറെ ഇരിക്കുന്ന മൂന്നു സാധനങ്ങളാണ്‌. എന്നാല്‍, അവയെല്ലാം കൂടിച്ചേര്‍ന്ന്‌ ഒരൊറ്റ "സ്ട്രക്ചര്‍" ആണെന്നു പോലും തോന്നിപ്പോകുന്ന തരത്തില്‍, പടികളുടെ ഉയരം തുല്യമാകത്തക്ക വിധത്തില്‍ മുമ്പില്‍ നിന്ന്‌ ക്യാമറയുടെ ഉയരം ക്രമീകരിച്ച്‌ ഫോട്ടോ എടുത്ത്‌, കൊടിമരം പ്രതിമയ്ക്കു തൊട്ടു മുമ്പിലാണെന്ന പ്രതീതി ജനിപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു നോക്കിയാല്‍പ്പോലും, അവ മൂന്നും ചേര്‍ന്ന്‌ അടുത്തടുത്ത പടവുകള്‍ - ഒരേ പൊക്കമുള്ള പടവുകള്‍ - സൃഷ്ടിച്ചിരിക്കുന്നതുപോലെയേ തോന്നു. ഒരു ത്രിമാന രൂപത്തെ ദ്വിമാനം ആക്കുമ്പോള്‍ വരുത്താവുന്ന ആശയച്ചോര്‍ച്ച പരമാവധി മുതലെടുത്ത്‌ തികച്ചും വഞ്ചനാപരമായ ഒരു വിവരം നല്‍കിയിരിക്കുന്നു!

ചെയ്ത കുറ്റമിതാണ്‌. ഒരു കലാലയത്തിന്റെ പ്രവേശനകവാടത്തിനടുത്ത്‌ എസ്‌. എഫ്‌. ഐ. അല്ലാത്ത ഒരു വിദ്യാര്‍ത്ഥി സംഘടന കൊടിമരം നാട്ടി!

എത്രയെത്ര പാവങ്ങള്‍ ഇതൊക്കെ വായിച്ച്‌ വെറുതെ രക്തസമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ടാവും? ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ മാത്രം അവര്‍ ചെയ്ത കുറ്റമെന്താണാവോ? ആ വായനക്കാര്‍?

കൂടുതലെന്തു പറയാനാണ്‌? ഒരു ഇടതുപക്ഷക്കാരന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, "ഇതൊക്കെക്കണ്ട്‌ നാം കുതൂഹലം കൊണ്ടു എന്നേ പറയേണ്ടൂ.." വെറും കുതൂഹലമല്ല. കുക്കൂതൂഹലം!

* * * * * * * * * * * * * * *

വാല്‍ക്കഷണം:-ഏതൊരു കഥയ്ക്കും അവസാനം ഒരു 'ഗുണപാഠ'മുണ്ടാവുന്നതാണ്‌ പഴയ രീതി.

ഒന്നുകില്‍ ദേശാഭിമാനിയില്‍ എഴുതുന്ന ചിലര്‍ക്കെങ്കിലും രാഷ്ട്രീയ സ്വയം സേവക സംഘത്തേപ്പറ്റി യാതൊന്നുമറിയില്ല (ഇടതു നേതാവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ചുക്കും' അറിയില്ല). എവിടെ നിന്നോ എന്തൊക്കെയോ കേട്ട്‌ സ്വന്തം മനോധര്‍മ്മമനുസരിച്ച്‌ എഴുതി അവതരിപ്പിക്കുകയാണ്‌. അതല്ല എങ്കില്‍, അവര്‍ക്കും കാര്യങ്ങള്‍ അറിയാം - പക്ഷേ സത്യം തുറന്നെഴുതിയാല്‍ തങ്ങളുടെ പല നിലപാടുകളും ചോദ്യം ചെയ്യപ്പെടുമെന്നതു കൊണ്ടും, എന്നാല്‍ പിന്നെ ഒന്നും മിണ്ടാതിരിക്കുന്നതാണു ബുദ്ധി എന്നതു തിരിച്ചറിയാത്തതു കൊണ്ടും, നുണകളെഴുതാന്‍ നിര്‍ബന്ധിതരാവുകയാണ്‌. എന്തെഴുതിയാലും കണ്ണുമടച്ച്‌ അംഗീകരിക്കാന്‍ തയ്യാറുള്ള വായനക്കാരുടെ നിരയുള്ളപ്പോള്‍ പിന്നെ ഭയക്കേണ്ടതില്ല താനും.

അത്‌ അവരുടെ സ്വന്തം കാര്യം. പണം മുടക്കി പത്രം നടത്തുമ്പോള്‍ അവര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കട്ടെ. അതില്‍ മറ്റുള്ളവര്‍ക്കു പ്രത്യേകിച്ചൊന്നും ചെയാനില്ല. പക്ഷേ അതുപോലെ തന്നെ 'സ്വന്തം കാര്യം' ഇപ്പുറത്തുമുണ്ടല്ലോ. തിമിരം ബാധിക്കാത്ത ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക്‌ ഒരാള്‍ക്ക്‌ 'സ്വന്തം കാര്യ'ത്തില്‍ എന്തു നിലപാടാണെടുക്കാനാവുക?

പകല്‍ സമയത്ത്‌ പാര്‍ട്ടി ഓഫീസിലേക്കു വേണ്ടവണ്ണം വെളിച്ചം കിട്ടിയില്ലെന്നോ മറ്റോ ഉള്ള കാരണത്താല്‍ സൂര്യനോട്‌ വിരോധം തോന്നുകയാണെങ്കില്‍, പിറ്റേ ദിവസം തന്നെ "സൂര്യന്‍ എന്നാല്‍ വലിയൊരു മഞ്ഞുകട്ട മാത്രമാണ്‌ - ചൂടൊക്കെ നമ്മുടെ വെറും തോന്നല്‍ മാത്രമാണ്‌" എന്ന മട്ടില്‍പ്പോലും എഴുതി വിടാന്‍ യാതൊരു മടിയുമില്ലാത്തൊരു പത്രമാണു വായിക്കുന്നത്‌ എന്ന ബോധത്തോടെ മാത്രമേ അതിലെ ഓരോ വരിയും വായിക്കുകയുള്ളൂ എന്നു മനസ്സിലുറപ്പിക്കാം. അത്രയേ ചെയ്യാനുള്ളൂ. അബദ്ധം പറ്റാതിരിക്കാന്‍ ആ ഒരു മുന്‍കരുതല്‍ ധാരാളം മതി.

എന്നാലും ചിലര്‍ക്ക്‌ പിന്നെയും ചില സംശയങ്ങള്‍ മനസ്സില്‍ അവശേഷിക്കും. വാര്‍ത്തകളില്‍ നുണ എഴുതുന്നതു കണ്ണടയ്ക്കാമെന്നു വയ്ക്കാം. പക്ഷേ പരസ്യവാചകങ്ങളിലെ അവകാശവാദങ്ങള്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കും? "നേരിന്റെ മഞ്ഞുതുള്ളി ഓരോ പ്രഭാതത്തിലും", "നേരറിയാന്‍ - നേരത്തെ അറിയാന്‍" തുടങ്ങിയവ? ആ വാചകങ്ങള്‍ തന്നെയല്ലേ ഏറ്റവും വലിയ കള്ളങ്ങള്‍? ഇതൊക്കെ നമ്മുടെ മുമ്പില്‍ പതിച്ചു വച്ചിരിക്കുന്നതു കണ്ടിട്ട്‌ നമുക്കു തന്നെ നാണക്കേടു തോന്നുന്നില്ലേ?

ഇങ്ങനെയൊക്കെ ചിന്തിച്ച്‌ വീണ്ടും ആശയക്കുഴപ്പത്തില്‍പ്പെടുന്നവര്‍ക്കു ചെയ്യാവുന്നത്‌ മറ്റു പരസ്യങ്ങള്‍ കൂടി ശ്രദ്ധിക്കുക എന്നതാണ്‌. തൊട്ടടുത്തു തന്നെ ഒരു ഹാസ്യചിത്രത്തിന്റെ പോസ്റ്ററും ചിലപ്പോള്‍ കണ്ടേക്കും. "ചിരി ആരോഗ്യത്തിനു നല്ലതാണ്‌" എന്നു തുടങ്ങുന്നത്‌. ഈ രണ്ടു പരസ്യങ്ങളും ചേര്‍ത്തു വായിച്ച്‌ ആര്‍ത്താര്‍ത്തു ചിരിച്ച്‌ ആയുസ്സു വര്‍ദ്ധിപ്പിക്കുക. ഓര്‍ത്തോര്‍ത്തു ചിരിച്ച്‌ ഓര്‍മ്മശക്തിയും.

* * * * * * * * * * * * * * *
സത്യാന്വേഷണപരീക്ഷണങ്ങള്‍ നമുക്കു സമര്‍പ്പിച്ച മഹാത്മജിയുടെ പാവനസ്മരണയ്ക്കു മുമ്പില്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. സത്യമേവ ജയതേ!

2 comments:

Unknown said...

തൂലിക കൊണ്ടു മാത്രമല്ല, ക്യാമറ കൊണ്ടും കവിത രചിക്കാം എന്ന്‌ കുറച്ചു കാലം മുമ്പ്‌ ദേശാഭിമാനിയുടെ അണിയറപ്രവര്‍ത്തകര്‍ തെളിയിച്ച ഒരു കഥയാണ്‌ ഇത്തവണ 'മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റി'ല്‍ പറയാനുള്ളത്‌. "നായിക വെള്ളത്തിലേക്കു ചാടുകയാണല്ലോ - ക്യാമറയും കൂടെച്ചാടട്ടെ" എന്ന്‌ 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ശ്രീനിവാസന്‍ പറഞ്ഞതു പോലെ, 'എഴുതുന്നതു പച്ചക്കള്ളമാണല്ലോ - ക്യാമറയും കൂടെ കള്ളത്തരം കാണിക്കട്ടെ' എന്നു തീരുമാനിച്ചതു പോലെ തോന്നി.

'പത്രങ്ങള്‍ 'സ്വന്തം' ആളുകളെ ന്യായീകരിക്കുന്നതില്‍ അസ്വാഭാവികതയില്ല' എന്ന മട്ടിലൊക്കെയുള്ള ചില അഭിപ്രായങ്ങള്‍ കണ്ടപ്പോളാണ്‌ ഇതെഴുതണമെന്നു തോന്നിയത്‌. സ്വപക്ഷത്തുള്ളവരെ ന്യായീകരിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍, മറ്റുള്ളവരേക്കുറിച്ച്‌ കല്ലു വച്ച നുണകള്‍ എഴുതിപ്പിടിപ്പിച്ച്‌ തെറ്റിദ്ധാരണ പരത്തുന്നതിനും മടിക്കില്ല എന്നു വന്നാല്‍ - അതിന്‌ ചിത്രങ്ങളുപയോഗിച്ചുപോലും കൃത്രിമം കാണിക്കാം എന്നു വന്നാല്‍ - അതില്‍ അസ്വാഭാവികത മാത്രമല്ല - മറ്റു പലതുമുണ്ട്‌. മറ്റ്‌ ഏതൊരു പത്രവും തയ്യാറാവാത്ത വിധത്തില്‍ അതിരു വിട്ട നുണകളാകുമ്പോള്‍ പ്രത്യേകിച്ചും.

നന്ദു said...

നകുലന്‍,
ഒരു പാര്‍ട്ടി പത്രമെന്ന നിലയ്ക്ക് അവരുടേതായ രീതിയിലേ വാര്‍ത്തയെഴുതാനും പ്രസിദ്ധീകരിക്കാനും ശ്രമിക്കൂ. ജന്മഭൂമിയും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. ജന്മഭൂമിയില്‍ എഴുതുന്നതുപോലെ കാര്യങ്ങള്‍ ദേശാഭിമാനിയില്‍ വരില്ല എന്നതു എല്ലാര്‍ക്കും അറിവുള്ളതല്ലെ?. ശ്രീ അച്യുതാനന്ദന്‍ ഒരു നല്ല കാര്യം ചെയ്താല്‍ അതു നല്ലതാണെന്നറിയാമെങ്കിലും, ശ്രീ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കുമ്പോള്‍ അത് മോശമാണ്‍ ജനദ്രോഹമാണ്‍ എന്നേ പ്രസംഗിക്കൂ കാരണം അതാണ്‍ പ്രതിപക്ഷത്തിന്റെ സ്വഭാവം (മറിച്ചും) എന്നതു പോലെ പാര്‍ട്ടി ജിഹ്വകളായ പത്രങ്ങള്‍ അവരുടെ പാറ്ട്ടിയെ കുറ്റമറ്റതാക്കാനും മറുപക്ഷത്തുള്ളവരെ താറടിച്ചു കാണിക്കുവാനെ ശ്രമിക്കൂ. പരമാര്‍ത്ഥം ആര്‍ക്കറിയണം!!.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് യൂണിയനെ സംബന്ധിച്ചിടത്തോളം, എസ്. എഫ്. ഐ യെയോ കെ. എസ്. യു വിനെ യോ അടുപ്പിക്കാതെ വളരെക്കാലം എ.ബി.വി.പി. ഭരിച്ചിരുന്നതായി അറിയാം (ഇപ്പൊഴത്തെ സ്ഥിതിയെപ്പറ്റി എനിക്കറിയില്ല.താല്‍പ്പര്യമില്ലാത്തതു കൊണ്ട് അന്വേഷിക്കാറുമില്ല).

ഒരു കാര്യം എന്നെ എപ്പോഴും അതിശയിപ്പിക്കാറുള്ളത് ഇടതു പാര്‍ട്ടികളായാലും, കോണ്‍ഗ്രസായാലും കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കുന്നതിനായി എന്തും സഹിക്കാനും ത്യജിക്കാനും പൊറുക്കാനും തയാറാകുന്നതാണ്‍. അത്രയ്ക്ക് വൃത്തികെട്ട പാറ്ട്ടിയാണോ ബി. ജെ.പി?. ഭരണത്തിലിരുന്നപ്പോള്‍ എന്ത് ദ്രോഹമാണവര്‍ ഭാരത ജനതയ്ക് ചെയ്തതെന്നും മനസ്സിലാകുന്നില്ല!. ഇതെ നയം പറയുന്ന ഇടത്-വലത് പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ തമ്മില്‍ പോരടിയ്ക്കുകയും ഏത് വര്‍ഗ്ഗീയപാറ്ട്ടികളുമായി ഒത്തുപോകുകയും ചെയ്യുന്നതിന്റെ പൊരുളും അറിയില്ല.(അറിയില്ല എന്നല്ല - കേരളത്തില്‍ ബി.ജെ.പി.ഒന്നുമല്ല എന്നതു തന്നെ കാരണം.)
സ:എം. എ. ബേബിയ്ക്ക് ശ്രീ മദനിയുടെ ചിത്രമുള്ള പോസ്റ്റര്‍ വച്ച് വോട്ട് പിടിക്കാം അതില്‍ പാ‍ര്‍ട്ടിയോ, പാര്‍ട്ടി പത്രമോ വര്‍ഗ്ഗീയത കാണുന്നില്ല. അക്ഷരാഭ്യാസമില്ലാത്ത എതൊരു പൊതുജനത്തിനും അറിയാം അത് കേരളത്തിലെ മുസ്ലീങ്ങളുടെ വോട്ട് തട്ടിയെടുക്കാനാണെന്നുള്ളത്. ശ്രീ അച്യുതാനന്ദന്‍
പി.ഡി.പി. നേതാവ് ശ്രീ പൂന്തുറ സിറാജിനോടു പറഞ്ഞു മൂന്നു മാസത്തിനകം മദനിയെ പുറത്തു കൊണ്ടു വരും എന്ന്. “പാലം കടന്നപ്പം കൂരായണ”... ഇത്രയൊക്കെയെയുള്ളു.