Thursday, December 27, 2007

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ - മാദ്ധ്യമങ്ങളിലെ 'ഹൈപ്പും' 'കൈപ്പും'

ഇക്കഴിഞ്ഞ (2007) ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തുവന്ന ചില മാദ്ധ്യമറിപ്പോര്‍ട്ടുകളുടെ ഒരു അവലോകനമാണ് ഇക്കുറി. വോട്ടെടുപ്പിനു മുമ്പു പറഞ്ഞതൊക്കെ ചിലര്‍ ഫലപ്രഖ്യാപനത്തിനുശേഷം എങ്ങനെ വിഴുങ്ങിക്കളയുന്നു എന്നും, എങ്ങനെ ‘യു-ടേണ്‍‘ എടുക്കുന്നു എന്നുമൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്‌‌.

*---*---*---*---*---*---*

ഒന്നാം ഘട്ട വോട്ടെടുപ്പിനും മുമ്പുള്ള ഒരു ദിവസം. ഒരു പ്രമുഖ 'ദേശീയ'പത്രത്തിന്റെ (ഇംഗ്ലീഷ്‌) വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ സര്‍വ്വേ നടക്കുന്നു. കൗതുകപൂര്‍വ്വം ചെന്നു നോക്കി.

ആദ്യത്തെ ചോദ്യം:-
മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക്‌ ഏറ്റവുമധികം സാദ്ധ്യത കല്‍പിക്കപ്പെടുന്നതാര്‍ക്ക്‌?

നരേന്ദ്രമോദിയുടെ പേര്‌ ആദ്യംതന്നെ കിടക്കുന്നതു കണ്ടതുകൊണ്ട്‌ പ്രത്യേകിച്ചു സംശയമൊന്നും തോന്നിയില്ല.

രണ്ടാമത്തെ ചോദ്യം:-
മുഖ്യതെരഞ്ഞെടുപ്പു വിഷയം എന്താണ്‌ ?
Leadership, Development hype അങ്ങനെ പലതുമാണ്‌ ഉത്തരത്തിനുള്ള ഓപ്‌‌ഷനുകള്‍.

രണ്ടാമത്തെ ഓപ്‌‌ഷനില്‍ കണ്ണുടക്കി. വികസനത്തേക്കുറിച്ചുള്ള ഹൈപ്പോ? എന്താണവര്‍ ഉദ്ദേശിക്കുന്നത്‌?

"നിലവിലുള്ള ഗവണ്മെന്റിന്റെ ഭരണനേട്ടങ്ങളേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ഊതിപ്പെരുപ്പിച്ചവയാണെന്നും നിങ്ങള്‍ കരുതുന്നുവോ?" എന്നൊരു ചോദ്യവും, YES/NO ഉത്തരങ്ങളുമായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇതിപ്പോള്‍ സംഗതി വേറെ ലൈന്‍ ആണ്‌. വികസനം എന്നത്‌ ഒരു "ഹൈപ്പ്‌" മാത്രമാണെന്ന ബോധം അവര്‍ തന്ത്രപൂര്‍വ്വം ഒരു ഉത്തരത്തിലൂടെ അടിച്ചേല്‍പിക്കുകയാണ്‌. ഇതിനൊക്കെയുള്ള കൂലി ഡോളറിലോ അതോ ദിനാറിലോ എന്നൊരു ദു:ഖചിന്ത വന്നത്‌ പെട്ടെന്ന്‌ അടിച്ചിരുത്തി. മാദ്ധ്യമനിരീക്ഷണം തുടങ്ങിയിട്ട്‌ നാളുകുറച്ചായതുകൊണ്ട്‌ ഇതിലൊന്നും ഇപ്പോള്‍ വലിയ പുതുമയില്ലാതായിരിക്കുന്നു.

രാജീവ്‌ഗാന്ധി സ്റ്റഡി സെന്ററും, ബുദ്ധദേവ്‌ ഭട്ടാചാര്യയും, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരുമൊക്കെയടക്കമുള്ളവര്‍ അംഗീകരിച്ചനേട്ടങ്ങള്‍ മറക്കണമെന്നാണോ പറയുന്നത്‌ - ദേശീയപത്രമേ? നൂറുകണക്കിന്‌ ആര്‍ട്ടിക്കിളുകള്‍ - വീഡിയോകള്‍ - ചിത്രങ്ങള്‍ - അവലോകനറിപ്പോര്‍ട്ടുകള്‍ - എല്ലാം?

ചുരുങ്ങിയ പക്ഷം, മലയാളമാദ്ധ്യമങ്ങള്‍ പറയുന്നതു വിശ്വസിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം. കാരണം, മോദി ഗവണ്മെന്റിനേക്കുറിച്ച്‌ അവര്‍ നല്ലതു പറയുക എന്നാല്‍ അത്യത്ഭുതമാണ്‌.

സൗരാഷ്ട്രയേയും കച്ചിനേയുമൊന്നും തിരിഞ്ഞുനോക്കിയില്ല എന്നാണു പലരുമിപ്പോള്‍ വാദിച്ചത്‌. ദാ ഒരു "ഭഗീരഥപദ്ധതി"യേപ്പറ്റി പണ്ടു വന്ന മലയാള വാര്‍ത്ത.ഇ-ഗവര്‍ണന്‍സ്‌ മേഖലയിലുള്ള നേട്ടങ്ങളേപ്പറ്റി കേട്ടത്‌ (വീഡിയോ കോണ്‍ഫറന്‍സിംഗ്‌ വഴി മോദി പ്രമുഖ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കര്‍ശനമായി നിരന്തരം വിലയിരുത്തുന്നതിനേപ്പറ്റിയൊക്കെയും) നുണയായിരുന്നില്ലെന്നു തെളിയിച്ച മറ്റൊരു പഴയ മലയാള വാര്‍ത്ത.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരേക്കുറിച്ചു വിശദമായ സര്‍വ്വേ നടത്തിയതില്‍, കാര്യക്ഷമതയുടെയും പ്രവര്‍ത്തനപാടവത്തിന്റെയും കാര്യത്തില്‍ മോദി ഒന്നാമതെത്തിയതും മലയാളത്തില്‍ത്തന്നെ വായിക്കാനുള്ള അപൂര്‍വ്വ അവസരം ഞങ്ങള്‍ക്കുണ്ടായി. ഇതൊക്കെ വെറും ഹൈപ്പു മാത്രമായിരുന്നുവെന്നു ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ? സോറി - ദേശീയാ.
*---*---*---*---*---*---*


ഹൈപ്പ്‌ എന്താണെന്നു കാണണമെങ്കില്‍, ഇങ്ങോട്ടു വരിക. ഞങ്ങളുടെ പത്രങ്ങള്‍ വായിക്കുക. തെരഞ്ഞെടുപ്പിനു മുമ്പ്‌, തങ്ങള്‍ക്കനുകൂലമായ ചെറിയ ചലനങ്ങളേപ്പോലും ഊതിപ്പെരുപ്പിച്ച്‌ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതില്‍ മലയാളപത്രങ്ങള്‍ കാട്ടിയിരിക്കുന്ന മിടുക്കു കാണുക. തെരഞ്ഞെടുപ്പിനുശേഷം, ആ ഹൈപ്പ്‌ ഒക്കെ എങ്ങനെ 'കൈപ്പ്‌ ' അഥവാ 'കയ്പ്‌ ' ആയി മാറുന്നുവെന്നും കാണുക.

ദാ ഒരു ഉദാഹരണം - ഭാവ്‌ നഗറില്‍ സി.പി.എം. വിജയം ഉറപ്പിച്ചു എന്ന്‌ ദേശാഭിമാനി. കോണ്‍ഗ്രസും പിന്തുണയ്ക്കുകയല്ലേ - എങ്കില്‍ ഉറപ്പായും ജയിച്ചു എന്നു വിചാരിച്ചുപോയിട്ടുണ്ടാവണം മിക്ക വായനക്കാരും.ഗുജറാത്ത്‌ അസംബ്ലിയില്‍ ഒരു മാര്‍ക്സിസ്റ്റ്‌ എം.എല്‍.എ.യെ സത്യപ്രതിജ്ഞ ചെയ്യിക്കുമെന്ന കോണ്‍ഗ്രസുകാരുടെ ദൃഡനിശ്ചയത്തേപ്പറ്റി മനോരമയും.ഇക്കുറി സി.പി.എം. തീര്‍ച്ചയായും വിജയിക്കുമെന്ന്‌ ഗുജറാത്തില്‍ ജീവിക്കുന്ന ചില മലയാളികള്‍ അഭിപ്രായപ്പെട്ടതും വന്‍ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഒടുവില്‍, ഹൈപ്പ്‌ കൈപ്പായി മാറുന്നത്‌ ആരും റിപ്പോര്‍ട്ടു ചെയ്യാത്തതുകൊണ്ട്‌ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോയി നോക്കേണ്ടി വരും. 25,000-ല്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ സി.പി.എം+കോണ്‍ഗ്രസ്‌ സഖ്യം പരാജയപ്പെട്ടിരിക്കുന്നത്‌. വല്ല കാര്യവുമുണ്ടായിരുന്നോ? 'ഇക്കുറി ജയസാദ്ധ്യത വര്‍ദ്ധിച്ചിട്ടുണ്ട്‌ ' എന്നോ മറ്റോ എഴുതിയിരുന്നെങ്കില്‍ ഈ 'കയ്പ്‌ ' ഒഴിവാക്കാമായിരുന്നു. 'ജയം ഉറപ്പാണ് ‌' എന്നു പറയുന്നത്‌ ഹൈപ്പു തന്നെയാണ്‌.
*---*---*---*---*---*---*


രണ്ടാംഘട്ടവോട്ടിങ്ങിന്റെ അന്ന്‌, ബി.ജെ.പി. 'മാനസികയുദ്ധത്തില്‍ തോറ്റു'കഴിഞ്ഞു എന്നാണ്‌ 'മാധ്യമം' അവകാശപ്പെട്ടത്‌. രാഹുല്‍ഗാന്ധിയെ രംഗത്തിറക്കി കോണ്‍ഗ്രസ്‌ പ്രകടനം ഉജ്ജ്വലമാക്കിയത്രേ. അതുവെറും ഹൈപ്പു മാത്രമായിരുന്നുവെന്നറിയാന്‍, ഫലം വന്നതിനു ശേഷമുള്ള മറ്റൊരു വാര്‍ത്ത അതേ പത്രത്തില്‍ത്തന്നെ വായിക്കുക. 'ഉത്തര്‍പ്രദേശില്‍ തേരാപാര ഓടിത്തളര്‍ന്ന രാഹുല്‍ഗാന്ധി ഗുജറാത്തില്‍ വന്നതും പോയതും ആരുമറിഞ്ഞില്ല' എന്നവര്‍ ക്രൂരമായി ചുവടുമാറ്റിക്കളഞ്ഞു!ദേശാഭിമാനിയാകട്ടെ ഞെട്ടിപ്പിക്കുന്ന ഒരു തലക്കെട്ടോടെയാണു 'കൈപ്പു'വാര്‍ത്ത നല്‍കിയത്‌. "സോണിയയും രാഹുലും പോയിടത്തൊക്കെ കോണ്‍ഗ്രസ്‌ തോറ്റു" എന്നവര്‍ നിര്‍ദ്ദയം എഴുതിക്കളഞ്ഞു. കൂട്ടത്തില്‍ നിന്നതാണല്ലോ എന്ന പരിഗണനപോലുമില്ലാതെ. എല്ലായിടത്തും കോണ്‍ഗ്രസ്‌ പിന്നാക്കം പോകുകയും ബി.ജെ.പി. നിലമെച്ചപ്പെടുത്തുകയും ചെയ്തു എന്നതും നിര്‍ദ്ദയം ചൂണ്ടിക്കാട്ടാന്‍ അവര്‍ മുതിര്‍ന്നു. *---*---*---*---*---*---*


വിജയം സുനിശ്ചിതമായതുകൊണ്ട്‌, സ്വന്തം മണ്ഡലമായ മണിനഗറില്‍ മോദി പ്രചാരണത്തിന്റെ അന്തിമഘട്ടങ്ങളില്‍ ഒന്നു തലകാണിച്ചു മടങ്ങുകയേ ചെയ്തുള്ളൂവെന്നായിരുന്നു ഉത്തരേന്ത്യന്‍ പത്രങ്ങള്‍ പറഞ്ഞത്‌. എന്നാല്‍, അവിടെ അദ്ദേഹം "വിയര്‍ക്കുക"യാണെന്നാണ്‌ ദേശാഭിമാനി അവകാശപ്പെട്ടത്‌. ദേശാഭിമാനിയുടെ ഹൈപ്പ്‌ കൈപ്പായി മാറുന്നത്‌ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍. മോദിനേടിയതിന്റെ പകുതി വോട്ടുകള്‍ പോലും നേടാന്‍ ദിന്‍ഷയ്ക്കു കഴിഞ്ഞില്ല. മോദിയുടെ ഭുരിപക്ഷം 75,000-ല്‍ നിന്ന്‌ 87,000 ആയി ഉയരുകയും ചെയ്തിരിക്കുന്നു. *---*---*---*---*---*---*


മാധ്യമം പറഞ്ഞത്‌ സൗരാഷ്ട്രയില്‍ ബി.ജെ.പി. മൊത്തത്തില്‍ വിയര്‍ക്കുകയാണെന്നാണ്‌. അവിടെ കനത്ത തിരിച്ചടി ഏല്‍ക്കുമത്രേ.


ഫലപ്രഖ്യാപനത്തിന്റെ അന്നുപോലും ദേശാഭിമാനിയും ഹൈപ്പു (ഹോപ്പ്‌?) കൈവിട്ടില്ല. ബി.ജെ.പി.ക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന്‌ "ഉറപ്പാ"ണെന്നാണ്‌ അവര്‍ പറഞ്ഞത്‌. സൗരാഷ്ട്രയില്‍ സീറ്റു കുറയുമത്രേ. ബി.ജെ.പി.ക്ക്‌ ഒന്നും പറ്റാതിരിക്കുക മാത്രമല്ല - നില മെച്ചപ്പെടുത്തുക കൂടി ചെയ്യുന്നിടത്താണ്‌ കൈപ്പിന്റെ കാഠിന്യം അനുഭവപ്പെടുന്നത്‌. *---*---*---*---*---*---*


കോണ്‍ഗ്രസ്‌ അനുകൂല പത്രമായ മനോരമ, ഫലം പുറത്തുവന്നതിനുശേഷമെങ്കിലും കാര്യങ്ങളംഗീകരിക്കാന്‍ തയ്യാറായി എന്നതു ശ്രദ്ധേയമാണ്‌. ഗുജറാത്തിന്റെ വികസനമുഖത്തേപ്പറ്റി സത്യസന്ധമായി എഴുതാന്‍ അവര്‍ തയ്യാറായിരിക്കുന്നു. കേരളത്തിലെ മാദ്ധ്യമപ്രവണതകളറിയാവുന്നവര്‍ ചില്ലിട്ടു വയ്ക്കേണ്ട ഒരു വാര്‍ത്താക്കുറിപ്പാണത്‌.

അഞ്ചുപൈസ കൈക്കൂലി കൊടുക്കാതെ വിദ്യാഭ്യാസവകുപ്പില്‍ നിന്ന്‌ കോളേജ്‌ അനുവദിച്ചു കിട്ടിയ കഥ അവര്‍ വിവരിക്കുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ - പരാതികള്‍ക്കുമേല്‍ 24 മണിക്കൂറിനകം നടപടി - വികസനത്തിന്റെ പുതിയ ആകാശങ്ങള്‍ തേടുന്ന നഗരങ്ങള്‍. എല്ലാം.
കേരളവുമായി ഒരു താരതമ്യവും നടത്തിയിട്ടുണ്ട്‌. ഇത്തരമൊരു താരതമ്യം, ടോള്‍ഗേറ്റിലെ അഴിമതിയുടെ കാര്യത്തില്‍ മുമ്പും അവര്‍ നടത്തിയിരുന്നു.


ബി.ജെ.പി. വിജയിച്ചത്‌ 'വര്‍ഗ്ഗീയത' മൂലമാണെന്ന - പതിവുള്ളതും പരിഹാസ്യവുമായ - വാദം ദുര്‍ബലമായിട്ടാണെങ്കിലും തുടര്‍ന്നും മുഴക്കുവാന്‍ തയ്യാറായത്‌ ദേശാഭിമാനി മാത്രമാണ്‌. 'മാധ്യമ'ത്തിലും ഒരു സൂചന കണ്ടു.

ഹിന്ദുത്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപ്പോള്‍ ഇതൊക്കെയാവണം. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സത്യം പറയുന്ന ബി.ജെ.പി.യുടേത്‌ 'തീവ്രഹിന്ദുത്വം' - ഫലപ്രഖ്യാപനത്തിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യങ്ങളംഗീകരിക്കുന്ന കോണ്‍ഗ്രസ്‌ നിലപാട്‌ 'മൃദുഹിന്ദുത്വം' - ഒരിക്കലും സമ്മതിക്കില്ലെന്നു കടുംപിടുത്തം പിടിക്കുന്നത്‌ 'ഹിന്ദുത്വപ്രതിരോധം' (മതേതരത്വം?).


കലക്കിക്കളഞ്ഞു - കണ്‍സപ്‌‌റ്റ്‌ ‌!
*---*---*---*---*---*---*


മാദ്ധ്യമങ്ങളില്‍, തെരഞ്ഞെടുപ്പിന്റെ ചൂടും സംഘര്‍ഷവും കയ്പ്പും കണ്ണീരുമൊക്കെയവസാനിച്ചപ്പോള്‍, പൊട്ടിച്ചിരിപ്പിക്കുന്ന ചില പ്രയോഗങ്ങളിലൂടെ നല്ലൊരു കൊട്ടിക്കലാശം സമ്മാനിച്ചതിനു നന്ദി പറയേണ്ടത്‌ 'മാധ്യമ'ത്തോടാണ്‌. ഇക്കുറി മോദിക്ക്‌ പ്രതികൂലമായി ഉണ്ടായിരുന്ന അനവധി സാഹചര്യങ്ങള്‍ (അവര്‍ക്കു തോന്നിയവ) വിശദീകരിച്ചശേഷം, എല്ലാത്തിനെയും മറികടന്ന്‌ വിജയിക്കുവാന്‍ സാധിച്ചതിന്റെ പിന്നിലെ രഹസ്യങ്ങളും അവര്‍ കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്‌. ഏറ്റവും പ്രധാനകാരണമായി ആദ്യം പറഞ്ഞിരിക്കുന്നത്‌, പ്രത്യേകസാമ്പത്തികമേഖലകളില്‍ മദ്യനിരോധനം ഇല്ലാതാക്കി എന്നതാണ്‌ !!! :))

നഗരകേന്ദ്രീകൃതമായ പരിപാടികളായിരുന്നു സര്‍വ്വതും എന്നാണ്‌ തുടര്‍ സൂചനകള്‍. ഗ്രാമീണ-ഗിരിവര്‍ഗ്ഗമേഖലയില്‍ നിന്നു നേടിയ 75 സീറ്റുകള്‍ എങ്ങനെ ലഭിച്ചുവോ എന്തോ?

"ഫ്ലാറ്റിലെ ടെലിവിഷന്‍ കാഴ്ചക്കാരുടെ മനശാസ്ത്രത്തിനൊത്ത്‌ തയ്യാറാക്കിയ വേഷവും ഭാഷയും മോദി മനപ്പൂര്‍വ്വം തെരഞ്ഞെടുത്തു" എന്നൊക്കെ വിജയകാരണങ്ങളിലൊന്നായി പിന്നാലെ പറയുന്നുണ്ട്‌. മനപ്പൂര്‍വ്വം കോമഡി ഉദ്ദേശിച്ച്‌ എഴുതിയതാണോ അതോ എഴുതിവന്നപ്പോള്‍ കോമഡി ആയിപ്പോയതാണോ എന്നു വ്യക്തമല്ല. എന്തായാലും നന്നായി. കൊടുകൈ - റശീദുദ്ദീനേ.


*---*---*---*---*---*---*

അനുബന്ധരചനകള്‍:-

(1) ഗുജറാത്തിലെ "വേവ്‌ " അഥവാ 'തരംഗം'

(2) ഗുജറാത്ത്‌ ഫലം - ചില പുരോഗമന-ജനാധിപത്യ-മതേതരചിന്തകള്‍

4 comments:

Unknown said...

നാട്ടില്‍നിന്നും അയല്‍നാട്ടില്‍നിന്നും അശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിന്റെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ അല്പം തമാശയൊക്കെ ആകാമെന്നു തോന്നി. ഇക്കഴിഞ്ഞ ഗുജറാത്ത്‌ തെരഞ്ഞെടുപ്പിന്റെ സമയത്തുവന്ന ചില മാദ്ധ്യമറിപ്പോര്‍ട്ടുകളുടെ ഒരു അവലോകനമാണ് ഇക്കുറി. വോട്ടെടുപ്പിനു മുമ്പു പറഞ്ഞതൊക്കെ ചിലര്‍ ഫലപ്രഖ്യാപനത്തിനുശേഷം എങ്ങനെ വിഴുങ്ങിക്കളയുന്നു എന്നും, എങ്ങനെ ‘യു-ടേണ്‍‘ എടുക്കുന്നു എന്നുമൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്‌‌.

prasad said...

വര്‍ഗ്ഗീയതക്കെതിരെ ഗിരിപ്രഭാഷണങ്ങള്‍ വര്‍ഷിക്കുന്ന കേരളത്തിലെ സാമുദായിക മാധ്യമങ്ങള്‍ക്കേറ്റ ഒരു കനത്ത ഷോക്കായിരുന്നു ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌.. എന്തായാലും കാണാപ്പുറത്തിന്റെ ഈ വിശകലനം കുറഞ്ഞത്‌ കുറച്ചു പേര്‍ക്കെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാന്‍ ഉപകരിക്കും..

കാവലാന്‍ said...

ഹയ്യോ!!! വര്‍ഗ്ഗീയന്‍ നകുലന്‍.ഹിന്ദു സാമ്രാജ്യത്വ ഭീകര വര്‍ഗ്ഗീയ ഫാസിസ്റ്റന്‍!!!
യാരവിടെ ലെവന്റെ തലയെടുക്കടേയ് യ്....യ്.....യ്.

പ്രയത്നങ്ങള്‍ക്കഭിനന്ദങ്ങള്‍.
നവവത്സരാശംസകള്‍.

sajan jcb said...

താങ്കളെ സമ്മതിക്കണം ... വളരെ ഭംഗിയായി തന്നെ എഴുത്തിയിരിക്കുന്നു. അവിടെ മോഡി കാണിക്കുന്നതിന്റെ പകുതി ആത്മാര്‍ത്ഥത ഇവിടുത്തെ രാഷ്ടീയ കാര്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ മോഹിച്ചു പോകുന്നു.