Thursday, April 17, 2008

കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!

കണ്ണൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ആളുകള്‍ക്കെന്തൊക്കെയാണു പറയാനുള്ളതെന്ന്‌ കുറച്ചുനാളുകളായി നിരീക്ഷിച്ചുവരികയായിരുന്നു. പലതും കേട്ടതിനുശേഷം തോന്നുന്നത്‌ അവിടെ ഒരു പ്രശ്നപരിഹാരം അസാദ്ധ്യമൊന്നുമല്ല എന്നും അതിന്‌ അത്രവലിയ വിട്ടുവീഴ്ചയ്ക്കൊന്നും ആരും തയ്യാറാകേണ്ടതില്ല എന്നുമാണ്‌.

കേട്ട ചില അഭിപ്രായങ്ങളേക്കുറിച്ചും പ്രശ്നങ്ങളേക്കുറിച്ചും പരിഹാരങ്ങളേക്കുറിച്ചുമൊക്കെയുള്ള ചിന്തകളാണ്‌ ഇക്കുറി.


1 - 'ഭൂരിപക്ഷം' തങ്ങളെത്തന്നെ ബുദ്ധിമുട്ടിക്കുമോ?
2 - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ കൊലപാതകരാഷ്ട്രീയത്തെ വെറുക്കുന്നുവോ?
3 - 'ന്യൂനപക്ഷ'ങ്ങള്‍ വലിച്ചിഴയ്ക്കപ്പെടുന്നു!
4 - പ്രശ്നമുണ്ടാക്കിയാല്‍ നേട്ടമുണ്ടാക്കാമോ?
5 - യഥാര്‍ത്ഥ പ്രശ്നം ഇതാണ്‌ !
6 - പരിഹാരം എത്ര ലളിതം!

*-*-*-*-*-*-*-*-*-*-*-*-*
1 - 'ഭൂരിപക്ഷം' തങ്ങളെത്തന്നെ ബുദ്ധിമുട്ടിക്കുമോ?

ഒരു ബ്ലോഗര്‍ ചോദിച്ചത്‌ ഏതാണ്ട്‌ ഈ മട്ടിലാണ്‌.

'കണ്ണൂരില്‍ ഭൂരിപക്ഷം മാര്‍ക്സിസ്റ്റുകളല്ലേ - അപ്പോള്‍ അവര്‍ തന്നെ അവിടെ അശാന്തി പടര്‍ത്തിയാല്‍ അവര്‍ക്കു തന്നെയല്ലേ അതിന്റെ ദോഷം?'

അദേഹത്തിന്റെ ചോദ്യത്തിന്റെ ധ്വനി ഇതാണ്‌ -'അപ്പോള്‍പ്പിന്നെ അവരാണു പ്രശ്നങ്ങളുണ്ടാക്കുന്നത്‌ എന്നു പറയാനാവുമോ?'

ആ നിരീക്ഷണം ശരിയായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. കാരണം - പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ക്ക്‌ പകുതിജോലി കുറഞ്ഞുകിട്ടിയേനെ. ഇനി ഒരുകൂട്ടരേക്കുറിച്ചു മാത്രം ആലോചിച്ചാല്‍ മതിയല്ലോ. പക്ഷേ യാഥാര്‍ത്ഥ്യം അതല്ല എന്നതാണു സങ്കടകരം.

എസ്‌.എസ്‌.എല്‍.സി. പരീക്ഷ നടക്കുന്ന സമയത്താണ്‌ മുകളില്‍പ്പറഞ്ഞ ചോദ്യമുയരുന്നത്‌. നമ്മുടെ കുട്ടികളെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ളതായ ആ പരീക്ഷ ചരിത്രത്തിലാദ്യമായി അലങ്കോലപ്പെട്ട സംഭവം - എട്ടുവര്‍ഷം മുമ്പ്‌ കുറേ കുട്ടികള്‍ക്കുമാത്രമായി എഴുതാന്‍ കഴിയാതെ വരികയും വീണ്ടും നടത്തേണ്ടിവരികയുമൊക്കെച്ചെയ്തത്‌ - ഇവിടെ ഓര്‍ത്തെടുക്കാം. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഉത്തരേന്ത്യ കടന്ന്‌ ബംഗ്ലാദേശിലേക്കുപോയ ഒരു ദിവസം 'സാമ്രാജ്യത്വവിരുദ്ധത'യുടെ പേരില്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന്‌ അന്നത്തെ ഇടതുസര്‍ക്കാര്‍ പരോക്ഷപിന്തുണ നല്‍കുകയും പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു "വിജയി"പ്പിക്കുക(?)യും ചെയ്തതായിരുന്നു പ്രശ്നങ്ങള്‍ക്കു കാരണം!!!

ധാക്കയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ക്ലിന്റണ്‍ അറിഞ്ഞിട്ടുപോലുമുണ്ടാകില്ലാത്ത ആ സംഭവത്തില്‍ സഹനമുഖത്തുനിന്നതു മുഴുവന്‍ മലയാളികള്‍ മാത്രമാണ്‌. മാനസികപീഢനമനുഭവിച്ച മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയുമൊക്കെ കൂട്ടത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാരെ ഓര്‍ത്തെങ്കിലും, തികച്ചും "അസമയത്തുള്ള" ആ സമരം ഒഴിവാക്കാമായിരുന്നുവല്ലോ.

ചെയ്തില്ല.

അമേരിക്ക എന്ന പേരുകണ്ടാല്‍ എന്തുവിലകൊടുത്തും എതിര്‍ത്തിരിക്കണം എന്ന പ്രത്യയശാസ്ത്രപരമായ അനുഷ്ഠാനം, ബുദ്ധിമുട്ടുകളുടെ പേരില്‍ അന്നവിടെ മുടങ്ങിക്കണ്ടില്ല.

ഏതാനും പാര്‍ട്ടിക്കാര്‍ മാത്രമല്ല - മുഴുവന്‍ ദേശവാസികളും ബുദ്ധിമുട്ടനുഭവിച്ചൊരു സംഭവമായിരുന്നു ചൈനയുടെ ഇന്ത്യ ആക്രമണം. അന്ന്‌ അവര്‍ക്കുവേണ്ടി കയ്യടിച്ചപ്പോളും, നമ്മുടെ ജവാന്മാര്‍ക്കുള്ള ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചപ്പോളും, ആക്രമണം ശക്തിപ്പെടുത്താനുള്ള ചൈനീസ്‌ ഭടന്മാരുടെ ബുദ്ധിമുട്ടുകള്‍ മാത്രമാണ്‌ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടുകണ്ടത്‌. ചൈനയാണെങ്കില്‍ അനുകൂലിച്ചിരിക്കണം എന്ന പ്രത്യയശാസ്ത്രപരമായ അനുഷ്ഠാനവും, ജനങ്ങളുടെ ബുദ്ധിമുട്ടുകളുടെ പേരില്‍ അവിടെ മാറ്റിവയ്ക്കപ്പെട്ടു കണ്ടില്ല.

സംഘപ്രസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഒരു വ്യക്തിക്ക്‌ പട്ടാളത്തില്‍ ജോലി ലഭിക്കുമെന്ന ഘട്ടമായപ്പോള്‍, അതു കളയുവാനുള്ള അവസാനശ്രമമെന്ന നിലയില്‍, തന്റെ പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വം പറഞ്ഞതനുസരിച്ച്‌ സ്വന്തം ദേഹത്ത്‌ 'ആര്‍.എസ്‌.എസ്‌.' എന്നു പോറാനും അയല്‍വാസിയായ യുവാവില്‍ കുറ്റമാരോപിക്കാനും മടിക്കാതിരുന്നൊരു യുവതിയെ ഓര്‍ക്കുന്നവരുണ്ടാവും. കണ്ണൂരിന്റെ പുത്രി തന്നെയായിരുന്നു അത്‌. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ വില്ലേജ്‌ സെക്രട്ടറിയായിരുന്ന ബിന്ദു. ആരെങ്കിലും ചെയ്യുന്നൊരു പണിയാണോ ഇതെന്നും, നിസ്സാരമായി കള്ളിവെളിച്ചത്താകുന്നൊരു തന്ത്രമല്ലേ ഇതെന്നുമൊക്കെപ്പോലും ചിന്തിക്കാന്‍ അവര്‍ക്കു സാധിച്ചില്ലെന്നതാണു ശ്രദ്ധേയം. സംഘപ്രവര്‍ത്തകരേക്കുറിച്ച്‌ പരമാവധി കള്ളപ്രചാരണങ്ങള്‍ നടത്തുകയും അവരെ മാനസികമായും ശാരീരികമായും പരമാവധി ഉപദ്രവിക്കുകയും വേണമെന്നുള്ള അനുഷ്ഠാനവുമതെ - ഭാവിജീവിതത്തെത്തന്നെ ബാധിക്കുന്ന മട്ടില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പേരിലെങ്കിലും മാറ്റിവയ്ക്കാം എന്നു തോന്നിയില്ലല്ലോ.

ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ അനവധിയാണ്‌.

മാര്‍ക്സിസ്റ്റുകളുടെ പ്രത്യയശാസ്ത്രശാഠ്യം കുപ്രസിദ്ധമാണ്‌. മറ്റുള്ളവര്‍ക്കു പലപ്പോഴും മനസ്സിലാക്കാന്‍ പറ്റാത്ത - ഭ്രാന്തവും ആത്മഹത്യാപരവും എന്നു മറ്റുള്ളവര്‍ കരുതിപ്പോകുന്ന - പല സമരമുഖങ്ങളും പരീക്ഷിക്കുക എന്നത്‌ അവരുടെ ഒരു ബാദ്ധ്യത പോലെയാണ്‌ അനുഭവപ്പെടാറ്‌. സ്വന്തം വ്യക്തിതാല്‍പര്യങ്ങളോ കുടുംബതാല്‍പര്യങ്ങളോ രാഷ്ട്രതാല്‍പര്യങ്ങളോ ബലികഴിച്ചുകൊണ്ടായാലും ശരി - അവരതൊക്കെ ചെയ്തിരിക്കും - അതൊരുതരം പ്രതിബദ്ധതയാണ്‌ - ശാഠ്യമാണ്‌.

അത്തരം മാനസികാടിമത്തമുള്ളവര്‍ക്ക്‌ - പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക്‌ - ഭൂരിപക്ഷമുള്ള പ്രദേശമാണു കണ്ണൂരെങ്കില്‍, പ്രശ്നമുണ്ടായാല്‍ അവര്‍ക്കു തന്നെയല്ലേ അതിന്റെ ബുദ്ധിമുട്ട്‌ എന്നും - അതുകൊണ്ട്‌ അവര്‍ പ്രശ്നമുണ്ടാക്കുന്നതില്‍ നിന്നു വിട്ടുനിന്നുകൊള്ളില്ലേ എന്നും - ചോദിക്കുന്നതില്‍ തികഞ്ഞ യുക്തിരാഹിത്യമുണ്ട്‌. പാര്‍ട്ടിയാണു ചെയ്യുന്നതെങ്കില്‍ - അത്‌ എത്ര വലിയ തെറ്റാണെന്നുണ്ടെങ്കില്‍ത്തന്നെയും - അവര്‍ക്കതൊന്നും വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ വഴിയില്ല എന്നതു തന്നെ കാരണം.

*-*-*-*-*-*-*-*-*-*-*-*-*
2 - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ കൊലപാതകരാഷ്ട്രീയത്തെ വെറുക്കുന്നുവോ?

ആദ്യം സൂചിപ്പിച്ച അതേ ബ്ലോഗറുടെ മറ്റൊരു വാചകം ഏതാണ്ടിങ്ങനെ. "കണ്ണൂരില്‍ 60% ഉള്ള മാര്‍ക്സിസ്റ്റുകളില്‍ 55 ശതമാനവും കൊലപാതകരാഷ്ട്രീയം വെറുക്കുന്നു എന്നുറപ്പാണ്‌. അത്ര മനസ്സു മുരടിച്ചവരല്ല മലയാളികള്‍."

ഓര്‍ക്കൂട്ടിലെ ഒരു ചര്‍ച്ചയ്ക്കിടെ ഒരു മുന്‍പാര്‍ട്ടിയംഗം പറഞ്ഞതിങ്ങനെ:- "അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ല എന്ന്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്കു പറയാന്‍ പറ്റും".

ഈപ്പറഞ്ഞതൊക്കെ ശരിയായിരുന്നെങ്കിലും, സമാധാനം കാംക്ഷിക്കുന്നവര്‍ക്ക്‌ പകുതി ജോലി ഒഴിവായേനെ. പക്ഷേ വളരെ ലളിതമായ ചില യുക്തിചിന്തകള്‍ കൊണ്ടു തന്നെ തെറ്റാണെന്നു തെളിയുന്നൊരു വാദമാണത്‌ എന്നതാണു സങ്കടകരം.

കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌- സംഘപരിവാര്‍ സംഘട്ടനങ്ങളില്‍ ഒരാള്‍ ആദ്യമായി കൊലചെയ്യപ്പെടുന്നത്‌ 1969 ഡിസംബര്‍ മാസത്തിലാണ്‌. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന സംഘപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കടയില്‍ നിന്നു വിളിച്ചിറക്കി ഒരുകൂട്ടം മാര്‍ക്സിസ്റ്റുകള്‍ കൊലപ്പെടുത്തി. കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികളും അക്രമത്തെ എതിര്‍ക്കുന്നവരുമായിരുന്നെങ്കില്‍, ആ ചെറുപ്പക്കാരെ അന്നേ ശാസിക്കാമായിരുന്നു. അക്കൂട്ടതില്‍ മുന്‍നിരയിലുണ്ടായിരുന്ന - പിണറായിയില്‍ നിന്നുള്ള - വിജയന്‍ എന്ന ചെറുപ്പക്കാരനെ 'പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തന'ത്തിന്റെ പേരില്‍ അന്നു തന്നെ പുറത്താക്കാമായിരുന്നു. അതിനുപകരം അവര്‍ എന്താണു ചെയ്തതെന്നറിയാന്‍, അദ്ദേഹമിപ്പോള്‍ പാര്‍ട്ടിയില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നു പരിശോധിച്ചുനോക്കാവുന്നതാണ്‌.

കൊലപാതകങ്ങള്‍ തുടരുന്നതിനിടെ പിന്നീടൊരിക്കല്‍ കരിമ്പില്‍ സതീശന്‍ എന്നൊരു സംഘപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രതികളെ മുഴുവന്‍ - കൊടിയേരിയില്‍ നിന്നുള്ള ബാലകൃഷ്ണന്‍ എന്ന സഖാവിനെയടക്കം - അക്രമത്തിന്റെ പേരില്‍ പാര്‍ട്ടിക്കു പുറത്താക്കാമായിരുന്നു. അതിനുപകരം എന്താണു ചെയ്തതെന്നറിയാന്‍, അദ്ദേഹവുമിപ്പോള്‍ പാര്‍ട്ടിയില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നു പരിശോധിച്ചുനോക്കാവുന്നതാണ്‌.

വി.ആര്‍.കൃഷ്ണയ്യരുടെയും മറ്റും മദ്ധ്യസ്ഥതയില്‍ നടന്ന സമാധാനചര്‍ച്ചയില്‍ ഒപ്പുവച്ച ഉടമ്പടിയിലെ മഷിയുണങ്ങും മുമ്പേയാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്‌മുറിയിലിട്ടു വെട്ടിക്കൊന്നത്‌. കൊലയാളികളെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെയും, ഇതു പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരാണെന്നു പ്രഖ്യാപിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍, അന്നേ ദിവസം തന്നെ മറ്റൊരു ബി.ജെ.പി.പ്രവര്‍ത്തകനെകൂടി കൊല്ലാന്‍ ധൈര്യം ലഭിക്കുമായിരുന്നില്ല. "അവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല" എന്ന - കേരളരാഷ്ട്രീയചരിത്രത്തിലേ തന്നെ ഏറ്റവും കുപ്രസിദ്ധമായ പ്രസ്താവനകളിലൊന്ന്‌ ഉണ്ടാകുമായിരുന്നില്ല. ചുരുങ്ങിയപക്ഷം, കൊലയാളികളെ മാലയിട്ടാനയിച്ചതും മന്ത്രിമാര്‍ വന്ന്‌ ആലിംഗനം ചെയ്തതുമെങ്കിലും തടയാമായിരുന്നു - കണ്ണൂരിലെ സമാധാനപ്രേമികളായ മാര്‍ക്സിസ്റ്റുകള്‍ക്ക്‌.

ഇന്നത്തേതുപോലെ, ജനകീയപ്രതിരോധമെന്നും മറ്റും ഓമനപ്പേരിടാനോ പച്ചക്കള്ളങ്ങളെ അടിസ്ഥാനമാക്കി ന്യായീകരണങ്ങള്‍ ചമയ്ക്കാനോ പോലും മെനക്കെടാതെ - 'സംഘപ്രവര്‍ത്തകനാണെങ്കില്‍ നമുക്കു കൊല്ലാനവകാശമുണ്ട്‌ ' എന്ന ധാര്‍ഷ്ട്യത്തോടെ - തികച്ചും ഏകപക്ഷീയമായി നടപ്പാക്കിയ - തിരിച്ചടികളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത എത്രയെത്ര കൊലപാതകങ്ങള്‍ - അംഗഭംഗം വരുത്തലുകള്‍ - എല്ലാം മറക്കാം. ബസോടിച്ചുകൊണ്ടിരിക്കെ തടഞ്ഞുനിര്‍ത്തി അതിനുള്ളിലിട്ടു തന്നെ വെട്ടിയരിയപ്പെട്ട ഉത്തമന്‍ എന്ന സംഘപ്രവര്‍ത്തകന്റെ കാര്യമടക്കം എല്ലാം മറക്കാം. അതൊന്നും അക്രമരാഷ്ട്രീയത്തെ വെറുക്കുന്നവരും മനസ്സു മുരടിക്കാത്തവരുമായ മാര്‍ക്സിസ്റ്റുകള്‍ അറിഞ്ഞിരുന്നില്ല എന്നോ മറ്റോ കരുതി സമാധാനിക്കാം.

എന്നാല്‍, ഉത്തമന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ ബോംബെറിഞ്ഞ്‌ ഡ്രൈവറായിരുന്ന ശിഹാബ്‌ എന്ന മുസ്ലിം യുവാവിനെ കൊന്നത്‌ എന്തിനായിരുന്നുവെന്നു മനസ്സിലാകുന്നില്ല. ആദ്യത്തെ ബോംബേറില്‍ പരുക്കേറ്റ്‌ പുറത്തേയ്ക്കു തെറിച്ചുവീണ അമ്മുവമ്മയെന്ന എഴുപതുകാരി വിറച്ചുകൊണ്ട്‌ എണീറ്റു നിന്നു കൈകൂപ്പിയപ്പോള്‍ ഉന്നം വച്ച്‌ അവരുടെ വയറ്റത്തേയ്ക്കു തന്നെ രണ്ടാമത്തെ ബോംബുമെറിഞ്ഞ്‌ അവരെ കൊലപ്പെടുത്തിയത്‌ എന്തിനെ "പ്രതിരോധിക്കാ"നായിരുന്നുവെന്നും. ആ കൊലയാളികളൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇന്നും നിസ്സങ്കോചം അക്രമങ്ങള്‍ തുടരുന്നുണ്ടല്ലോ. അവരെയൊക്കെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും, അവരുടെയൊക്കെ നേരെ ഒന്നു കയര്‍ക്കാനെങ്കിലും കഴിയാത്തതെന്താണ്‌ അവിടുത്തെ സമാധാനപ്രിയരായ അണികള്‍ക്ക്‌?

സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന പുഞ്ചയില്‍ നാണുവിന്റെ മരുമക്കളായിരുന്ന സുജേഷ്‌ - സുനില്‍ എന്നിവര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച്‌ സംഘത്തില്‍ ആകൃഷ്ടരായി എന്നതിന്റെ പേരില്‍ മാത്രമാണു കൊല്ലപ്പെട്ടത്‌. വധഭീഷണിയുണ്ടായതിനേത്തുടര്‍ന്ന്‌ ധര്‍മ്മടത്ത്‌ ഒരിടത്ത്‌ ഒളിച്ചുകഴിയേണ്ടിവന്ന അവരെ, ഉറങ്ങിക്കിടക്കുമ്പോളാണ്‌ ചെന്ന്‌ വെട്ടിക്കൊന്നത്‌. ആളുകള്‍ക്ക്‌ പാര്‍ട്ടിയുടെ കാപട്യങ്ങളിലും ഏകാധിപത്യമനോഭാവത്തിലും മനം മടുക്കുകയും സംഘത്തിന്റെ ആദര്‍ശങ്ങളില്‍ അവര്‍ ആകൃഷ്ടരാകുകയും ചെയ്യുന്ന പ്രവണതയെ മാത്രമാണ്‌ അന്നവിടെ 'ജനകീയമായി പ്രതിരോധിക്കാന്‍' ശ്രമിച്ചത്‌. പാര്‍ട്ടി വിട്ടു സംഘത്തിലേക്കു പോയി എന്ന ഒരേയൊരു കുറ്റം മാത്രമായിരുന്നു കൊല്ലപ്പെട്ടവര്‍ക്കു പാര്‍ട്ടി നല്‍കിയ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്‌. ക്രൂരതയ്ക്കൊപ്പം ഭീരുത്വവും കൂടി നിഴലിച്ച ആ ഇരട്ടക്കൊലപാതകത്തിനുശേഷമെങ്കിലും ഇതിനെല്ലാമൊരവസാനമുണ്ടാക്കാമായിരുന്നു.

ചെയ്തില്ല.

എത്രയോ ഉദാഹരണങ്ങള്‍!

എഴുപതോളം സംഘപ്രവര്‍ത്തകര്‍ കണ്ണൂരില്‍ മാത്രം കൊല്ലപ്പെട്ടതില്‍ത്തന്നെ വിരലിലെണ്ണാവുന്നവരുടെ കാര്യം മാത്രമാണു പറഞ്ഞത്‌. ആയുസ്സിന്റെ ബലം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടി ജീവച്ഛവമായിക്കഴിയുന്നവര്‍ അതിലുമൊക്കെ എത്രയോ അധികം!

ഇത്തരം സംഭവങ്ങളാവര്‍ത്തിച്ചു കഴിയുമ്പോള്‍ ഒരു തിരിച്ചടിയുണ്ടായാല്‍ - ഉടനെ അതു പൊക്കിപ്പിടിച്ചു പ്രചാരണം നടത്തുകയും - അതുവരെ നടന്നതൊക്കെ മറച്ചുപിടിച്ചുകൊണ്ട്‌ മറുഭാഗമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിവയ്ക്കുന്നത്‌ എന്ന അവിശ്വസനീയവാദം ആവര്‍ത്തിക്കുകയും ചെയ്ത്‌ - സത്യത്തെ നേരേ തലതിരിച്ചിടുമ്പോളെങ്കിലും, 'ഇതു നമുക്കു നാണക്കേടുണ്ടാക്കുന്നുവല്ലോ' എന്നു ചിന്തിക്കാമായിരുന്നു കണ്ണൂരിലെ അണികള്‍ക്ക്‌.

ഏറ്റവുമൊടുവില്‍, ഇരുപതുവര്‍ഷത്തോളമായി ഒരു സംഘശാഖസന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ലാത്ത - രണ്ടു വൃക്കകളും തകര്‍ന്ന്‌ മരുന്നും മറ്റുമായി കഴിഞ്ഞിരുന്നതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ കൂടി നിവൃത്തിയില്ലാതിരുന്ന - സുരേന്ദ്രന്‍ എന്ന വൃദ്ധനെ വെട്ടിക്കൊന്നിട്ട്‌ 'ഞങ്ങളവരെ തോല്‍പിച്ചു ' എന്നും 'ഇത്‌ ബലവാന്റെ പാര്‍ട്ടിയാണ്‌ ' എന്നുമൊക്കെ അഹങ്കരിച്ചപ്പോളെങ്കിലും - അക്രമരാഷ്ട്രീയം വെറുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പറയാമായിരുന്നു - ഇതു പാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാക്കുകയാണു ചെയ്യുന്നതെന്ന്‌.

ആരും ചെയ്തുകണ്ടില്ല.

തങ്ങള്‍ 'പ്രതിരോധി'ക്കുകയാണെന്നും മറ്റും കള്ളന്യായീകരണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതു പച്ചക്കള്ളമാണെന്നും, കലാപത്തിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാവരും കണ്ടതാണെന്നും, ന്യായീകരണങ്ങളിലെ പൊള്ളത്തരങ്ങളും യഥാര്‍ത്ഥപ്രേരണയെന്താണെന്നതുമൊക്കെ പകല്‍ പോലെ വ്യക്തമാണെന്നും വിളിച്ചു പറയാന്‍ പാര്‍ട്ടിക്കാര്‍ക്കു കഴിഞ്ഞില്ല.

ഒടുവില്‍, സമാധാനക്കരാറുണ്ടാകുകയും മുഖ്യമന്ത്രിയുടെ തന്നെ ഉറപ്പുകൊടുക്കുകയും ചെയ്തിട്ടുപോലും വ്യത്യസ്തസംഭവങ്ങളിലായി ഏഴുപേരേക്കൂടി ആക്രമിച്ചു പരിക്കേല്‍പിച്ചു. കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടിക്കാരന്‌ അതൊന്നും തടയാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ - ഒരു കാര്യം പകല്‍ പോലെ വ്യക്തമാണിവിടെ. കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികളായിരിക്കാം. ആണെങ്കില്‍ അതുതന്നെയാണ്‌ ഏറ്റവും അപകടകരം. തങ്ങളുടെ ശതൃക്കളായിക്കണ്ടുകൊണ്ട്‌ പാര്‍ട്ടി ആളുകളെ കൊലപ്പെടുത്തുകയും ന്യായീകരണങ്ങള്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ - "ഹാവൂ - സമാധാനം" എന്നായിരിക്കണം അവര്‍ പറയുന്നത്‌!

അത്തരമൊരു സമാധാനപ്രേമം നാടിനു നന്നല്ല. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍, മനസ്സമാധാനം നശിച്ച്‌ - കടുത്ത കുറ്റബോധവും അസ്വസ്ഥതയും ഉള്ളില്‍ത്തോന്നി - പാര്‍ട്ടിയുടെ ചീത്തപ്പേരു വര്‍ദ്ധിപ്പിക്കാതിരിക്കൂ എന്നു പറഞ്ഞ്‌ കൊലയാളികളുടെ കയ്യില്‍ കടന്നു പിടിക്കാന്‍ ധൈര്യമുള്ള മാര്‍ക്സിസ്റ്റുകളാരെങ്കിലുമുണ്ടെങ്കില്‍ - അത്തരക്കാര്‍ക്കു ഭൂരിപക്ഷമുണ്ടായാലേ പ്രയോജനമുള്ളൂ. അല്ലാതെ, ഭയമോ ഗത്യന്തരമില്ലായ്മയോ ആലോചനാശേഷിയില്ലായ്മയോ ഒക്കെ മൂലം - പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാതിരിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കപടന്യായീകരണങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയോ ചെയ്യുന്ന മാര്‍ക്സിസ്റ്റുകള്‍ക്കാണു കണ്ണൂരില്‍ ഭൂരിപക്ഷമെങ്കില്‍, അക്രമമവസാനിപ്പിക്കാന്‍ അവരെ ആശ്രയിച്ചിട്ടു യാതൊരു പ്രയോജനവുമില്ല.

*-*-*-*-*-*-*-*-*-*-*-*-*
3 - 'ന്യൂനപക്ഷ'ങ്ങള്‍ വലിച്ചിഴയ്ക്കപ്പെടുന്നു!

മാര്‍ക്സിസ്റ്റുകളുടെ കള്ളപ്രചാരണങ്ങളുടെ ഒരു വലിയ പ്രത്യേകത എന്നത്‌ - നിസ്സാരമായ ചില യുക്തിചിന്തകളും സ്വയം ഓര്‍മ്മപ്പെടുത്തലുകളുമൊക്കെക്കൊണ്ട്‌ അവ പലതിന്റെയും പൊള്ളത്തരം വെളിച്ചതുകൊണ്ടുവരാം - എന്നതാണ്‌. ആലോചിക്കാനും കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാനുമുള്ള ആളുകളുടെ മടിയെ ആശ്രയിച്ചുമാത്രമാണ്‌ പല കള്ളങ്ങളും രൂപപ്പെടുന്നത്‌. അപ്പോള്‍, ന്യായീകരണങ്ങളില്‍ എളുപ്പം കുടുങ്ങുന്ന ജനങ്ങളില്‍ നിന്ന്‌ ഒരു പ്രശ്നപരിഹാരം പ്രതീക്ഷിക്കുന്നതിലും നല്ലത്‌ പാര്‍ട്ടി നേതൃത്വത്തിലേക്കു നോക്കുന്നതാണ്‌. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്‌ ഇതില്‍ എന്താണു പറയാനുള്ളത്‌?

അവര്‍ പറയുന്നത്‌ സംഘമാണു പ്രശ്നമുണ്ടാക്കുന്നത്‌ എന്നാണ്‌.

അവിടെ പക്ഷേ അനേകം ചോദ്യങ്ങളുയരുന്നുണ്ട്‌. എന്തിനാണു സംഘം പ്രശ്നമുണ്ടാക്കുന്നത്‌ - അതിനുള്ള പ്രേരണയെന്താണ്‌ എന്നതാണ്‌ മുഖ്യമായ ചോദ്യം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകള്‍ക്കാണു ഭൂരിപക്ഷം - ഭരണം കയ്യിലുള്ളപ്പോള്‍ അവര്‍ക്കു നിയമസംവിധാനങ്ങളെടുത്തുപയോഗിച്ച്‌ രക്ഷപെടാനുള്ള അവസരങ്ങളുമുണ്ട്‌. ഇതുരണ്ടുമില്ലാത്ത സംഘം എന്തിനാണ്‌ പ്രശ്നങ്ങളുണ്ടാക്കുന്നത്‌ ? അത്‌ ഒരുതരം ആത്മഹത്യാപരമായ നിലപാടായിരിക്കില്ലേ? പ്രശ്നങ്ങള്‍ തുടങ്ങിവച്ച്‌ വിലപ്പെട്ട പ്രവര്‍ത്തകരെ പലരീതിയില്‍ നഷ്ടപ്പെടുത്തിയിട്ട്‌ അവര്‍ക്കെന്തുകിട്ടാനാണ്‌?

മാര്‍ക്സിസ്റ്റുനേതാക്കള്‍ ആ ചോദ്യത്തിനു തരുന്ന ഉത്തരം കൗതുകകരമാണ്‌.

'ന്യൂനപക്ഷങ്ങളെ' ഉപദ്രവിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ സംഘത്തെ അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണു സംഘം പ്രശ്നമുണ്ടാക്കുന്നതെന്നുമാണ്‌ ആദ്യത്തെ വിശദീകരണം!

മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാമോ എന്നു വിചാരിക്കേണ്ടതുണ്ട്‌. സ്വന്തം പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയുമൊക്കെ ജീവനും സ്വത്തിനുമെല്ലാം പോലും ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടായിട്ടുപോലും - അത്രയ്ക്കു കടുത്ത സാഹചര്യത്തിലും ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തനം തുടരുന്ന സംഘപ്രവര്‍ത്തകരുടെ ലക്ഷ്യമെന്താണപ്പോള്‍? ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുക! ആ ഒരൊറ്റ ലക്ഷ്യത്തിനായി ശ്വാസം മുട്ടിക്കഴിയുകയാണവര്‍. അതു നടക്കാതെ വരുമ്പോള്‍ - കൊലപാതകങ്ങളും അക്രമവുമൊക്കെ ഉണ്ടാകുന്നു!

ആരെയെങ്കിലും ഉപദ്രവിക്കുക എന്ന മട്ടുള്ള മരമണ്ടന്‍ ലക്ഷ്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ആളുകള്‍ തയ്യാറാവുമോ എന്നെങ്കിലും ചിന്തിക്കേണ്ടതാണ്‌. അങ്ങനെയൊരു ഭ്രാന്തമായ ചിന്ത ഒന്നോ രണ്ടോ പേര്‍ക്ക്‌ ഉണ്ടാകാമെന്ന്‌ വാദത്തിനുവേണ്ടി കരുതിനോക്കിയാല്‍ത്തന്നെയും, ഇത്രയും ജനങ്ങളുടെ പിന്തുണയുള്ള സംഘപ്രസ്ഥാനങ്ങളുടെ "ജീവിതലക്ഷ്യം" ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കലാണെന്നു കരുതുന്നതെങ്ങനെ? മറ്റുള്ളവരെ 'ഉപദ്രവിക്കാന്‍' വേണ്ടി അവര്‍ സ്വന്തം ജീവന്‍ പോലും കളയാന്‍ തയ്യാറാണെന്നുവേണമോ മനസ്സിലാക്കാന്‍? അതു നടക്കാതെ വരുമ്പോള്‍ അവര്‍ ശ്വാസം മുട്ടി - എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കെത്തുമോ?

അത്രയ്ക്കു നേട്ടമുള്ള എന്തോ ആണെന്നു വരുമോ ഈ 'ഉപദ്രവിക്കല്‍'? ആണെന്നുണ്ടെങ്കില്‍, ‘ഉപദ്രവിക്കല്‍ തടയുന്ന‘ മാര്‍ക്സിസ്റ്റുകളെ ആക്രമിക്കുന്നതിന്റെ പത്തിലൊന്നു പ്രയത്നം വേണ്ടല്ലോ - നേരിട്ടങ്ങ്‌ ഉപദ്രവിച്ചു കൂടേ? ഇത്ര വളച്ചുകെട്ടെന്തിനാണ്‌? കേരളത്തില്‍ കഴിഞ്ഞ പത്തറുപതുകൊല്ലമായി പ്രവര്‍ത്തിച്ച്‌ ലക്ഷക്കണക്കിനാളുകളുടെ പിന്തുണയാര്‍ജ്ജിച്ചിട്ടുള്ളവര്‍ ഇത്രയും കാലം കൊണ്ട്‌ ന്യൂനപക്ഷങ്ങളെ ഉപദ്രവിച്ചുകൂട്ടിയതിനു തെളിവായി എന്തൊക്കെയാണു നമുക്കു കാണിക്കാനുള്ളത്‌? ഇവരിനി എന്ന്‌ ഉപദ്രവിക്കാമെന്നു വച്ചിട്ടാണു കാത്തിരിക്കുന്നത്‌? ഉപദ്രവം എന്ന ലക്ഷ്യം തന്നെ ബോറടിപ്പിച്ചില്ലെങ്കിലും, വര്‍ഷങ്ങളുടെ കാത്തിരുപ്പെങ്കിലും ബോറടിപ്പിക്കേണ്ടതല്ലേ?

ആരോടാണിതൊക്കെ ചോദിക്കുന്നത്‌? എല്ലാവര്‍ക്കുമറിയാം - ഇതൊക്കെ കൂസിസ്റ്റുനയങ്ങളുടെ ഫലമായുണ്ടാകുന്ന അസംബന്ധപ്രചാരണങ്ങള്‍ മാത്രമാണെന്ന്‌.

ഇങ്ങനെയൊക്കെച്ചെയ്താല്‍ ന്യൂനപക്ഷങ്ങളെന്നറിയപ്പെടുന്ന മുസ്ലീങ്ങളുടെയും മറ്റും വോട്ടു ലഭിക്കുമെന്നു തെറ്റിദ്ധരിച്ച്‌ എന്തു തരംതാണപ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മടിക്കാത്ത മാര്‍ക്സിസ്റ്റുകളുടെ അധ:പതനത്തിന്റെ ആഴം എന്നു കരുതാമെന്നല്ലാതെ, കണ്ണൂരിലെ പ്രശ്നപരിഹാരത്തേക്കുറിച്ചാലോചിക്കുന്നവര്‍ക്ക്‌ ആ അഭിപ്രായം മുഖവിലയ്ക്കെടുക്കാനാവില്ല.

തങ്ങള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ്‌ സംഘം പ്രശ്നമുണ്ടാക്കുന്ന(!)തെന്നുമുള്ളതിനു തെളിവായി ആകെ ഒരേയൊരു കാര്യം മാത്രമാണ്‌ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. 1972- ജനുവരിയില്‍ തലശ്ശേരിയില്‍ ഒരു കലാപത്തിന്റെ സമയത്ത്‌ ഒരു പള്ളിക്കു കാവല്‍ നിന്നിരുന്ന കുഞ്ഞിരാമന്‍ എന്ന സഖാവിനെ സംഘം കൊലപ്പെടുത്തി എന്നതാണത്‌! എന്നാല്‍, സംഭവം നടന്നുവെന്നു പറയപ്പെടുന്ന പള്ളിയ്ക്ക്‌ രണ്ടരക്കിലോമീറ്റര്‍ ദൂരെ ഒരു കള്ളുഷാപ്പിലുണ്ടായ അടിപിടിയേത്തുടര്‍ന്ന്‌ കുഞ്ഞിരാമന്‍ എന്നു പേരുള്ളൊരാള്‍ കൊല്ലപ്പെട്ടു എന്നതു മാത്രമാണു സംഭവമെന്ന്‌ അന്നുമുതല്‍ക്കേ ജനങ്ങള്‍ക്കറിവുള്ളതാണ്‌. അന്ന്‌ തലശ്ശേരിയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന സമയമായതുകൊണ്ട്‌ അയാളെ ഒരു രക്തസാക്ഷിയായി മാറ്റാനും കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കാനും അന്നൊരു ശ്രമം നടത്തിനോക്കിയതു പാഴാവുകയാണുണ്ടായത്‌. ഈപ്പറയുന്ന പ്രദേശങ്ങളുടെ ഏഴയലത്ത്‌ അന്ന്‌ സംഘപ്രവര്‍ത്തനം ആരംഭിച്ചിരുന്നുപോലുമില്ല! സംഭവങ്ങള്‍ നടന്നിട്ട്‌ കാലമിത്ര കഴിഞ്ഞിരിക്കുകയും തലമുറകള്‍ മാറുകയും ചെയ്ത സ്ഥിതിയ്ക്ക്‌ വിണ്ടുമെടുത്തു പ്രയോഗിച്ചു നോക്കുകയാണ്‌. ആരന്വേഷിക്കുന്നു - ചരിത്രവും സത്യവുമൊക്കെ?

കുഞ്ഞിരാമന്‍ കാവല്‍ നിന്നു എന്നു പറയുന്ന പള്ളി നിലനിന്ന സ്ഥലത്ത്‌ (അയാള്‍ മരിച്ച കള്ളുഷാപ്പില്‍ നിന്നു കിലോമീറ്ററുകള്‍ ദൂരെ) വര്‍ഷങ്ങള്‍ക്കു ശേഷം സംഘപ്രവര്‍ത്തനം ആരംഭിച്ചു. ഇന്നും അവിടെ ശാഖയുണ്ട്‌. ആ ശാഖ മുസ്ലീം സ്വയംസേവകര്‍ നിത്യേന പങ്കെടുക്കുന്ന ശാഖകളിലൊന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയമായൊരു വൈചിത്ര്യം. മാര്‍ക്സിസ്റ്റു പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ അന്നാട്ടുകാര്‍ക്കാണ്‌ ഏറ്റവും എളുപ്പം എന്നതുകൊണ്ടാണത്‌.

സത്യത്തില്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു അന്നവിടെ കലാപം അരങ്ങേറിയിരുന്നത്‌. അവര്‍ പള്ളികള്‍ക്കു കാവല്‍ നില്‍ക്കാനല്ല - പൊളിക്കാനായിരുന്നു അന്നു ശ്രമിച്ചത്‌.അന്വേഷണം വന്നപ്പോള്‍ സി.പി.എം. അതിനോടു സഹകരിച്ചുമില്ലെന്ന്‌ അവര്‍ തന്നെ തുറന്നംഗീകരിക്കുന്നുണ്ട്‌. തങ്ങളുടെ പാര്‍ട്ടിയുടെ കൊടിവച്ച കാറില്‍ അനൗണ്‍സ്‌ ചെയ്ത്‌ ജനങ്ങളെ (സഖാക്കളെ) "ഉപദേശിച്ചിട്ടാണ്‌"(ഉത്തരവു കൊടുത്തിട്ടാണ്‌) അവര്‍ (പാര്‍ട്ടിക്കാര്‍) കലാപം അവസാനിപ്പിക്കാന്‍ തയ്യാറായത്‌ എന്നവര്‍ പലയിടത്തായി അറിയാതെ സമ്മതിച്ചുപോകുന്നുമുണ്ട്‌. ഈയിടെ ദേശാഭിമാനിയിലെ ഒരു ലേഖനത്തില്‍ അതുകണ്ടു. എ.കെ.ജി.യുടെ ആത്മകഥയിലും അതു പരാമര്‍ശിച്ചുപോയിട്ടുണ്ടത്രേ. പാര്‍ട്ടിക്കൊടിവച്ച കാറില്‍ നിന്ന്‌ ഉത്തരവു വന്ന ഉടന്‍ തന്നെ കലാപമവസാനിച്ചു എന്ന അവകാശവാദത്തില്‍നിന്നു തന്നെ വ്യക്തമാണ്‌ അതും ഒരു പാര്‍ട്ടിപരിപാടിയായിരുന്നെന്ന്‌. അതിനിടയ്ക്ക്‌ ദൂരെയൊരിടത്ത്‌ ഒരാള്‍ കള്ളുഷാപ്പില്‍ അടിപിടികൂടി മരിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തെ ദാശാബ്ദങ്ങള്‍ക്കു ശേഷം ഇന്നു പിടിച്ച്‌ 'ന്യൂനപക്ഷസംരക്ഷണത്തിന്റെ രക്തസാക്ഷി'യാക്കി അവതരിപ്പിക്കുന്നതിനേക്കുറിച്ച്‌ എന്തു പറയാനാണ്‌!

എന്നാലും - കള്ളുഷാപ്പിനെ പള്ളിയെന്നു വിളിക്കുന്ന മാര്‍ക്സിസ്റ്റുകളെ സമ്മതിക്കണം! 'വോട്ടിന്‌ ഇത്രയ്ക്കു പഞ്ഞമോ' എന്നു കരുതിപ്പോകുന്നവരെ കുറ്റം പറയാനാവില്ല.

അത്ര പഴയകാലമൊക്കെ ഓര്‍ത്തെടുക്കുന്നതിനേക്കാളും ജനങ്ങള്‍ക്കെളുപ്പം, ഈ ദശാബ്ദത്തില്‍ത്തന്നെ നടന്ന 'ശിഹാബ്‌ ' വധം ഓര്‍ത്തെടുക്കുന്നതാണ്‌. മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയ ഉത്തമന്‍ എന്ന സംഘപ്രവര്‍ത്തകന്റെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ്‌ ശിഹാബ്‌ എന്ന മുസ്ലീം യുവാവിനെ മാര്‍ക്സിസ്റ്റുകള്‍ തന്നെ കൊലപ്പെടുത്തിയത്‌. ശിഹാബിന്റേയും അക്കൂടെ കൊല്ലപ്പെട്ട അമ്മുവമ്മയുടേയും മൃതദേഹം പിറ്റേദിവസം അവിടുത്തെ ഒരു മുസ്ലീം പള്ളിയിലാണു പൊതുദര്‍ശനത്തിനു വച്ചിരുന്നത്‌. ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആയിരക്കണക്കിനാളുകളാണ് വികാരനിര്‍ഭരതയോടെ അന്നവിടെ കയറിയിറങ്ങിയത്‌. 'ഉപദ്രവി'ക്കാനുള്ള സംഘത്തിന്റെ നിരന്തരശ്രമവും മാര്‍ക്സിസ്റ്റുകാരുടെ നിരന്തരസംരക്ഷണവുമൊക്കെ അപാരം തന്നെ എന്നേ പറയേണ്ടൂ!

ഈയിടെ ഒരു സ്ത്രീയടക്കമുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരെ കണ്ണൂരില്‍ ആക്രമിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെ. ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊന്നതിനു ശേഷം സംഘത്തിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചതും മാര്‍ക്സിസ്റ്റുകള്‍! ഉദാഹരണങ്ങള്‍ അനവധിയാണ്‌!

എം.എന്‍.വിജയന്‍ മാഷുണ്ടായിരുന്നപ്പോള്‍ പറഞ്ഞിരുന്നൊരു കാര്യം ഇവിടെ ഓര്‍ത്തുപോകുകയാണ്‌. "ഏതൊരു പ്രസ്ഥാനത്തിനും വരാവുന്ന ഏറ്റവും വലിയ അപചയം എന്നത്‌, തങ്ങള്‍ക്കു പുറത്തുള്ളവരെല്ലാം മണ്ടന്മാരാണ്‌ എന്നു ധരിച്ചുപോകുക എന്നതാണ്‌ "!

*-*-*-*-*-*-*-*-*-*-*-*-*
4 - പ്രശ്നമുണ്ടാക്കിയാല്‍ നേട്ടമുണ്ടാക്കാമോ?

രണ്ടാമതൊരു കാരണം കൂടി മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടക്കുന്നുണ്ട്‌. അവര്‍ പറയുന്നത്‌ സംഘം "പ്രശ്നങ്ങള്‍ സൃഷ്ടിച്ചു നേട്ടമുണ്ടാക്കാന്‍" ശ്രമിക്കുകയാണെന്നാണ്‌.

വെറുതെ കേട്ടിരുന്ന്‌ ശരിയാണെന്നു കരുതി മടങ്ങാതെ, ആലോചിക്കാന്‍ തയ്യാറുള്ളവര്‍ക്കു മുന്നില്‍ അനവധി ചോദ്യങ്ങളുണ്ട്‌.

ഒരുകാരണവുമില്ലാതെ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷമുണ്ടാക്കിയാല്‍, ഒരു പ്രസ്ഥാനത്തിനെങ്ങനെയാണു നേട്ടമുണ്ടാവുക? അവര്‍ ജനങ്ങളില്‍ നിന്ന്‌ അകലുകയല്ലേയുള്ളൂ?

'അണികളെ കൂടെ നിര്‍ത്താനാണ്‌ ' അങ്ങനെ ചെയ്യുന്നത്‌ എന്നു മാര്‍ക്സിസ്റ്റുകള്‍ പറയുന്നു. അവിടെയും ചോദ്യമുണ്ട്‌. അനാവശ്യമായി പ്രശ്നങ്ങളും അക്രമവുമുണ്ടാക്കുന്ന ഒരു പ്രസ്ഥാനത്തിലെങ്ങനെയാണ്‌ അണികള്‍ നില്‍ക്കുക? അത്തരം നയങ്ങളില്‍ പ്രതിഷേധിച്ച്‌ ആളുകള്‍ വിട്ടുപോകുകയല്ലേ ചെയ്യുക?

സാധാരണ ജനം ചിന്തിക്കുന്നതുപോലെയല്ല മാര്‍ക്സിസ്റ്റുകള്‍ ചിന്തിക്കുന്നത്‌ എന്നതാണതിനുത്തരം. നാടൊട്ടുക്കും അക്രമമഴിച്ചുവിട്ടാലാണ്‌ ആളുകള്‍ ഒരു പ്രസ്ഥാനത്തില്‍ ആകൃഷ്ടരാകുക എന്നാണവര്‍ ധരിച്ചു വച്ചിരിക്കുന്നത്‌! അവര്‍ നിത്യേനയെന്നോണം കാണിച്ചുകൂട്ടുന്ന സകല അക്രമങ്ങളുടെയും പിന്നിലെ മനശ്ശാസ്ത്രം അപ്പോള്‍ ഇതാണെന്നു വേണം മനസ്സിലാക്കാന്‍. ആന്ധ്രയില്‍ തങ്ങള്‍ക്കു ജനപിന്തുണയില്ലെന്നു മനസ്സിലാക്കിയതിന്റെ ഫലമായി, കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി "unleashing militant struggles in a big way" ആണ്‌ വേണ്ടതെന്നാണ്‌ അവരുടെ പാര്‍ട്ടി പ്രസിദ്ധീകരണം പറഞ്ഞുവച്ചത്‌. വിപ്ലവപ്രസ്ഥാനങ്ങളുടെ രീതികള്‍ അതൊക്കെയാവാം. മറ്റുള്ളവര്‍ക്ക്‌ അതേ നയം ആവണമെന്നില്ല.

കൊഴിഞ്ഞുപോക്കു കൂടുതലാണ്‌ എന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കോണ്‍ഗ്രസുകളില്‍ അവതരിപ്പിച്ചു മടുത്തുകഴിയുമ്പോളെങ്കിലും ഇക്കാര്യത്തില്‍ ഒരു നയപുനര്‍വിചാരണയ്ക്കു തയ്യാറാകുമോ എന്നു കണ്ടുതന്നെ അറിയണം.

*-*-*-*-*-*-*-*-*-*-*-*-*
5 - യഥാര്‍ത്ഥ പ്രശ്നം ഇതാണ്‌ !

മാര്‍ക്സിസ്റ്റു നേതൃത്വത്തിന്റെ മറ്റുചില വാക്കുകളും സംഘനേതൃത്വത്തിനു പറയാനുള്ളതും ഒരുമിച്ചു വച്ച്‌ ആലോചിച്ചാല്‍ ഏളുപ്പം മനസ്സിലാകാവുന്നതേയുള്ളൂ - ഭൂരിപക്ഷവര്‍ഗ്ഗീയതയാണ്‌ കണ്ണൂരിലെ പ്രശ്നങ്ങള്‍ക്കുള്ള യഥാര്‍ത്ഥകാരണമെന്ന്‌.

മാര്‍ക്സിസ്റ്റുകള്‍ തന്നെ സൃഷ്ടിച്ചെടുത്തൊരു പദമാണ്‌ 'ഭൂരിപക്ഷവര്‍ഗ്ഗീയത' എന്നത്‌. അസുഖകരമായ എന്തിനോടൊപ്പവും 'മുസ്ലീം' എന്ന വാക്കു ചേര്‍ക്കുവാന്‍ ഭയമാണവര്‍ക്ക്‌. തങ്ങളോടൊപ്പം നില്‍ക്കുന്ന തീവ്രനിലപാടുകാരുടെ ചെയ്തികളേക്കുറിച്ചു പരാമര്‍ശിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വരുന്ന ചിലയവസരങ്ങളില്‍ ഉപയോഗിക്കാനായി 'ന്യൂനപക്ഷവര്‍ഗ്ഗീയത' എന്നൊരു മൃദുലപദം അവര്‍ ആദ്യം സൃഷ്ടിച്ചെടുത്തു. പിന്നീട്‌ അതിനു മറുവശത്തു വയ്ക്കുവാനായി 'ഭൂരിപക്ഷവര്‍ഗ്ഗീയത'യും.

കേരളത്തില്‍, ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമൊക്കെ മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളുണ്ട്‌. അവിടങ്ങളിലൊന്നും, ഭൂരിപക്ഷമല്ലാത്തതിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക്‌ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായോ പീഢിപ്പിക്കപ്പെടുന്നതായോ കേട്ടറിവില്ല. എന്നാല്‍, മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍, എണ്ണം അത്രയ്ക്ക്‌ 'മൃഗീയ'മല്ലാത്ത സ്ഥലങ്ങളില്‍ക്കൂടി - മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നതിന്‌ ആ വിശേഷണം ചേര്‍ന്നു കാണാറുണ്ട്‌. അവര്‍ ഭൂരിപക്ഷമായ സ്ഥലങ്ങളില്‍, മറ്റുള്ളപ്രസ്ഥാനങ്ങള്‍ വളര്‍ന്നു കാണുന്നതില്‍ അവര്‍ക്കുള്ള അസഹിഷ്ണുത കുപ്രസിദ്ധമാണ്‌.

അവര്‍ക്ക്‌ ഭൂരിപക്ഷം വളരെക്കൂടുതലായ സ്ഥലങ്ങളില്‍ സ്വാഭാവികമായും ആ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ അളവും വളരെക്കൂടുതലായിരിക്കും. ഭരണം കൂടി കയ്യിലെത്തുന്ന ഘട്ടങ്ങളില്‍, അതിന്റെ പ്രായോഗികതലങ്ങള്‍ പരീക്ഷിക്കാന്‍ എളുപ്പവുമാണ്‌. മാര്‍ക്സിസ്റ്റുഭരണം വരുമ്പോളെല്ലാം കണ്ണൂരില്‍ ചോരക്കളം തീര്‍ക്കപ്പെടുന്നതിന്റെ കാരണവും ഇതല്ലാതെ മറ്റൊന്നുമല്ല. അല്ലാതെ, പലരും കരുതുന്നതുപോലെ, 'അങ്കച്ചേകവപാരമ്പര്യ'മൊന്നുമല്ല അവിടെ പ്രശ്നം.

ഇത്‌ കേവലമൊരു ആരോപണമായി പറയുന്നതല്ല. മാര്‍ക്സിസ്റ്റുകള്‍ തന്നെ അംഗീകരിച്ചിട്ടുള്ള - ഇപ്പോളും അവര്‍ തന്നെ പറയുന്ന കാര്യവും ഇതു തന്നെയാണ്‌.

ഇവിടെയും ഉദാഹരണങ്ങള്‍ അനവധിയാണ്‌. നാടൊട്ടുക്കും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ പേരില്‍ ബസ്‌ വെയിറ്റിംഗ്‌ ഷെല്‍ട്ടറുകളുള്ള കണ്ണൂരില്‍, ഇടയ്ക്കെങ്ങാനും ഏതെങ്കിലും സംഘപ്രവര്‍ത്തകര്‍ തങ്ങളുടെ വീടിനടുത്ത്‌ ഒരെണ്ണം നിര്‍മ്മിച്ച്‌ അതില്‍ കാവി പെയിന്റടിച്ചാല്‍ മാര്‍ക്സിസ്റ്റുകള്‍ ഉടന്‍വന്ന്‌ അതു കയ്യേറി ചുവന്ന പെയിന്റടിക്കുന്നു. ഇവിടെ ഞങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നും - ഇവിടെ കാവിപെയിന്റില്‍ ഒരു ഷെല്‍ട്ടര്‍ വന്നാല്‍ ഞങ്ങള്‍ക്കതു കണ്ടുനില്‍ക്കാനാവില്ലെന്നും - നിങ്ങള്‍ക്കു ചുവപ്പു പറ്റില്ലെങ്കില്‍ ആരുടേതുമല്ലാത്ത വെള്ളനിറം വേണമെങ്കില്‍ അനുവദിച്ചുതരാം എന്നുമൊക്കെയാണ്‌ തര്‍ക്കപരിഹാരക്കമ്മിറ്റിയില്‍ അവര്‍ തുറന്നടിക്കുന്നത്‌ !

തങ്ങള്‍ ഭൂരിപക്ഷമായിടത്ത്‌ മറ്റുള്ളവരുടേതെന്നു തോന്നിപ്പിക്കുന്ന ഒരു നിറം കണ്ടാല്‍കൂടി തങ്ങള്‍ക്കെന്തോ വലിയ മാനസികപ്രശ്നമുണ്ടെന്ന്‌ അവര്‍ തന്നെ തുറന്നു സമ്മതിക്കുമ്പോള്‍, പ്രശ്നങ്ങളുടെ ഉറവിടം തേടി മറ്റെവിടെയാണു പോകേണ്ടത്‌ ?

മറിച്ച്‌, മുക്കിനും മൂലയിലും ചുവപ്പന്‍ ബോര്‍ഡുകള്‍ കണ്ടു നില്‍ക്കുന്നതിനോ അതിനടിയില്‍ ബസ്‌ കാത്തുനില്‍ക്കുന്നതിനോ സംഘപ്രവര്‍ത്തകര്‍ക്കു യാതൊരു മാനസികബുദ്ധിമുട്ടുമില്ലാത്ത സ്ഥിതിക്ക്‌ 'അവര്‍ പ്രശ്നമുണ്ടാക്കുന്നു' എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്‌?

മാര്‍ക്സിസ്റ്റുകളുടെ ഭാഷയില്‍, “പ്രശ്നമുണ്ടാക്കല്‍“ എന്നു പറഞ്ഞാല്‍, ‘സംഘപ്രവര്‍ത്തനം നടത്തല്‍‘ എന്നാണര്‍ത്ഥം!

സംഘം പ്രവര്‍ത്തിച്ചു കൂടാ - ശാഖകള്‍ നിര്‍ത്തണം - അതൊക്കെയാണു മാര്‍ക്സിസ്റ്റുകളുടെ ആവശ്യം. സമാധാനകമ്മിറ്റിയിലും മറ്റും അവര്‍ നിരന്തരം അവതരിപ്പിക്കുന്നതും ആ ഒരൊറ്റ ആവശ്യം തന്നെയാണ്‌. ഇത്തവണയും അതുതന്നെയാണു പറഞ്ഞത്‌.

ശാഖനിര്‍ത്തണം!

ആ ഭീഷണി അനുസരിച്ചില്ലെങ്കില്‍ വന്നു ബോംബെറിയുന്നു. സംഘപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. വഴങ്ങുന്നില്ലെന്നു കണ്ടാല്‍ വെട്ടിക്കൊല്ലുന്നു. തിരിച്ചടിയുണ്ടായാല്‍ ഉടന്‍ തന്നെ നാടുണര്‍ത്തുന്നു - 'കൊലക്കത്തി താഴെവയ്ക്കണം' എന്നാവശ്യപ്പെട്ട്‌ പ്രകടനങ്ങളും സമ്മേളനങ്ങളും അരങ്ങേറുന്നു. അതിനിടയില്‍ക്കൂടി 'പ്രതിരോധം' തീര്‍ത്ത്‌, മാര്‍ക്സിസ്റ്റുകള്‍ക്കു നടുവില്‍ ഒറ്റപ്പെട്ടുപോയ ചിലരെ, സംഘബന്ധത്തിന്റെ മാത്രം പേരില്‍ കൊന്നു തള്ളിക്കൊണ്ട്‌ വിജയാഹ്ലാദം പ്രകടിപ്പിക്കുകയും - ഫാസിസ്റ്റുവിരുദ്ധത പരസ്യത്തിനുവച്ച്‌ നാണംകെട്ടുവോട്ടിരന്ന്‌ ചില സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു.

ആര്‍ക്കും നോക്കി മനസ്സിലാക്കാവുന്ന വിധം വ്യക്തമാണിവിടെ കാര്യങ്ങള്‍.

മറുവശത്ത്‌ - സംഘടനാപ്രവര്‍ത്തനം സംബന്ധിച്ച സംഘതിന്റെ നിലപാട്‌ എടുത്തുനോക്കാവുന്നതേയുള്ളൂ. തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നത്‌ - രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നെഹൃവും ഇന്ദിരാഗാന്ധിയുമടക്കമുള്ളവര്‍ ശ്രമിച്ചിട്ടു സാധിക്കാത്തൊരു കാര്യം - രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം സാന്നിദ്ധ്യവും അവിടെത്തന്നെ ചില ജില്ലകളില്‍ മാത്രം ഭൂരിപക്ഷവുമുള്ളൊരു പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ പറഞ്ഞാലെങ്ങനെ നടക്കും എന്ന്‌ ആശ്ചര്യപ്പെടുക മാത്രമാണ്‌ - അവര്‍ ചെയ്യുന്നത്‌. തിരിച്ച്‌ - തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മാര്‍ക്സിസ്റ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഒരു ആവശ്യമോ - അതു ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയോ അവര്‍ ഉയര്‍ത്തുന്നില്ല. ഇക്കണ്ട പ്രശ്നമൊക്കെയുണ്ടായപ്പോളും കണ്ണൂരില്‍ സംഘത്തിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഒരു പോറല്‍ പോലുമേറ്റില്ല താനും.

പ്രശ്നം വളരെ വ്യക്തമാണിവിടെ. മാര്‍ക്സിസ്റ്റുകളുടെ ഭൂരിപക്ഷവര്‍ഗ്ഗീയതയില്‍നിന്നുടലെടുത്ത ഒരു തീരുമാനം - സംഘശാഖകള്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല എന്നത്‌ - അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ വര്‍ഷങ്ങളായി സംഘപ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുകതന്നെയും ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങളുടെ ആദര്‍ശത്തില്‍ വിശ്വസിച്ചുകൊണ്ട്‌ ജീവിക്കാനനുവാദമില്ലെന്ന ഘട്ടത്തില്‍ - നിയമവ്യവസ്ഥയേയും കൂട്ടുപിടിക്കാന്‍ കഴിവുള്ളവരാണു മറുവശത്തെന്ന വസ്തുതകൂടി നിലനില്‍ക്കുമ്പോള്‍ - തങ്ങള്‍ക്കും പ്രസ്ഥാനത്തിനും പ്രശ്നമാകുമെന്നറിഞ്ഞിട്ടുകൂടി തങ്ങള്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നു തുറന്നംഗീകരിക്കാന്‍ മടിയില്ലാത്തവരാണ്‌ കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍. 'ജനകീയപ്രതിരോധം' മുതലായ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കാനോ നിയമവ്യവസ്ഥയില്‍ നിന്ന്‌ ഒളിച്ചോടാനോ അവര്‍ ശ്രമിക്കുന്നതായും കണ്ടിട്ടില്ല.

തങ്ങളുടെ നേരെ ആയുധമുയരുന്നില്ലെങ്കില്‍ - സംഘടനാപ്രവര്‍ത്തനത്തില്‍നിന്നു തങ്ങളെ തടയുന്നില്ലെങ്കില്‍ - സംഘപ്രവര്‍ത്തകര്‍ക്ക്‌ ആയുധമെടുക്കുന്നതൊഴിവാക്കാം.

സംഘപ്രവര്‍ത്തനം അവസാനിപ്പിക്കാനും മാര്‍ക്സിസ്റ്റുകള്‍ക്കു വഴങ്ങി ജീവിക്കുവാനും എല്ലാവരും തയ്യാറായാല്‍ - മാര്‍ക്സിസ്റ്റുകള്‍ക്കും ആയുധമെടുക്കേണ്ടി വരില്ല.

പ്രശ്നമെന്താണെന്നിവിടെ വളരെ വ്യക്തമാണ്‌. പരിഹാരം വളരെ ലളിതമാണെന്നു പറയാന്‍ കാരണവും അതു തന്നെയാണ്‌.

*-*-*-*-*-*-*-*-*-*-*-*-*
6 - പരിഹാരം എത്ര ലളിതം!

പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജീവഹാനി സംഭവിക്കുകയും നാട്ടില്‍ അശാന്തിപടരുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്നെയാണ്‌ ഇരുപക്ഷത്തിനും ആഗ്രഹമെന്നു വ്യക്തം.

ഒരുവശത്താണെങ്കില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകളുടെ ഭൂരിപക്ഷത്തേക്കുറിച്ച്‌ സംഘത്തിനെന്നല്ല ആര്‍ക്കുംസംശയമുണ്ടാവാനിടയില്ല. ശാരീരികമായി അവരെ നിരന്തരം നേരിട്ടുകൊണ്ടിരിക്കാന്‍ സംഘത്തിനു താത്പര്യമുണ്ടാവാന്‍ വഴിയില്ല. സമാധാനപരമായൊരു അന്തരീക്ഷത്തില്‍ മാത്രമേ സംഘപ്രവര്‍ത്തനം നടക്കുകയുള്ളൂ എന്നത്‌ അവര്‍ക്കു തന്നെ അറിയാവുന്നതാണ്‌. അവര്‍ തന്നെ പറയുന്നതുമാണ്‌.

മറുവശത്ത്‌ - ശാരീരീകമായി നേരിടുന്നതിലൂടെ തങ്ങള്‍ക്കു കീഴടക്കാവുന്ന നിലയില്‍ക്കൂടുതല്‍ ഇതിനകം സംഘം വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവ്‌ മാര്‍ക്സിസ്റ്റുകള്‍ക്കുമുണ്ടായിട്ടുണ്ട്‌. ഇത്തവണ മാസങ്ങള്‍നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ആസൂത്രണം ചെയ്ത രീതിയിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്ന നിരാശയും അവരെ പിടികൂടിയിട്ടുണ്ട്‌. അവസാന നിമിഷം, സംഘവുമായി സജീവബന്ധമില്ലാതെ, തങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയിരുന്ന ചിലരെ തെരഞ്ഞെടുത്ത്‌ വധിച്ചതും - ഒടുവില്‍ രോഗിയായ വൃദ്ധനെ വധിക്കേണ്ടിവന്നതുമൊക്കെ തികഞ്ഞ നാണക്കേടായി അവര്‍ തന്നെ രഹസ്യമായി വിലയിരുത്തുന്നുണ്ട്‌. മാത്രവുമല്ല - അക്രമങ്ങള്‍ ദേശീയതലത്തില്‍ പടരുന്ന ഒരു സാഹചര്യം ഇനിയുണ്ടാകുക കൂടിയാണെങ്കില്‍, ഒരുപക്ഷേ പിന്നീടു നികത്താനാവാത്ത നഷ്ടങ്ങളുണ്ടാകുന്ന സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അത്തരമൊരു സാഹചര്യം ഒഴിവക്കേണ്ടതുണ്ടെന്നും അവര്‍ക്കു നന്നായി അറിയാം. 'ഇതു തീക്കളിയാണ്‌ ' എന്ന ഡി.വൈ.എഫ്‌.ഐ. നേതാവിന്റെ തിരിച്ചറിവ്‌, പാര്‍ട്ടിയുടെ ആശങ്ക തന്നെയാണു പ്രതിഫലിപ്പിക്കുന്നതായിത്തോന്നിയത്‌.

അപ്പോള്‍, അക്രമമൊഴിവാക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. തര്‍ക്കം ഒരേയൊരു കാര്യത്തിലേയുള്ളൂ.

'തങ്ങള്‍ക്കിഷ്ടമുള്ള ആദര്‍ശങ്ങളില്‍ വിശ്വസിച്ചുകൊണ്ടുജീവിക്കുവാനും ഇവിടുത്തെ നിയമവ്യവസ്ഥയും ഭരണഘടനയും അനുവദിക്കുന്ന സംഘടനാപ്രവര്‍ത്തനം നടത്തുവാനുമുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കനുവദിച്ചുകിട്ടണ'മെന്നും - 'തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാവാന്‍ പാടില്ല' എന്നും സംഘം പറയുന്നു. ‘അതു പറ്റില്ല - സംഘശാഖകള്‍ നടത്താന്‍ അനുവദിക്കില്ല - കണ്ണൂരില്‍ സംഘപ്രവര്‍ത്തനം അവസാനിപ്പിക്കും‘ എന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടി പറയുന്നു. അതിനു തയ്യാറായില്ലെങ്കില്‍, പ്രവര്‍ത്തകരെ ആക്രമിക്കുമെന്നു പറയുകയും പ്രവൃത്തിയിലൂടെ കാണിച്ചുതരികയും ചെയ്യുന്നു.

'ശാഖകള്‍ അനുവദിക്കണ'മെന്ന്‌ ഒരു പക്ഷവും - 'മറ്റുള്ളിടത്താവാം പക്ഷേ ഇവിടെ പറ്റില്ല' എന്നു മറുപക്ഷവും!

ഈയൊരു കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ.

ഇതിനൊരു പരിഹാരം കണ്ടെത്താന്‍ എത്രയെളുപ്പമാണ്‌ !

ഇവിടുത്തെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള - ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന - കാര്യക്രമങ്ങളാണ്‌ സംഘപ്രവര്‍ത്തനത്തില്‍ അടങ്ങിയിട്ടുള്ളത്‌. അതങ്ങ്‌ അനുവദിച്ചു കൊടുക്കുക എന്നതും, മറുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധമായ - ഭരണഘടനാവിരുദ്ധമായ ആവശ്യം തള്ളിക്കളയുക എന്നതുമാണ്‌ പ്രശ്നപരിഹാരം.

ശാഖയില്‍ എന്തൊക്കെയോ ഭയങ്കരമായ പരിപാടികള്‍ നടക്കുന്നു എന്നൊക്കെ ചിലപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ തടസ്സവാദമുന്നയിക്കാറുണ്ട്‌. അവിടെ ആളെക്കൊല്ലാന്‍ പഠിപ്പിക്കുമത്രേ! ആകെ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പരിപാടികള്‍ക്കിടെ അനവധി കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാനുള്ളപ്പോള്‍, അതിനിടയ്ക്ക്‌ ഇത്തരമൊരു പുതിയകാര്യത്തിന്‌ എവിടെയാണാവോ സമയം എന്ന സ്വാഭാവിക സംശയം അതിനോടൊപ്പവും വരുന്നു. ഈ സംശയങ്ങളൊക്കെ തീര്‍ക്കാനും എത്രയെളുപ്പമാണ്‌? ആര്‍ക്കും കടന്നുചെല്ലാവുന്ന മൈതാനങ്ങളിലും വെളിമ്പറമ്പുകളിലും മറ്റുമാണ്‌ സംഘശാഖകള്‍ നടക്കുന്നത്‌. ശാഖയിലെ കാര്യക്രമങ്ങള്‍ വീക്ഷിക്കാന്‍ ഏതെങ്കിലും വ്യക്തികള്‍ താത്പര്യം പ്രകടിപ്പിച്ചാല്‍, അവരെ ആദരിച്ചിരുത്തുമെന്നല്ലാതെ സംഘത്തിന്‌ അതില്‍ എതിര്‍പ്പുണ്ടാവാനിടയില്ല. അപ്പോള്‍പിന്നെ, ലളിതമായ പരിഹാരം അവിടെയുമുണ്ട്‌.

നാലോ അഞ്ചോ പേര്‍ ശാഖയിലേക്കെത്തുമ്പോളേക്കും അവരെ തടയാനായി ബോംബും വടിവാളുമായി നാല്‍പതും അമ്പതും പേര്‍ വളയുന്ന നാണക്കേട്‌ ഒഴിവാക്കുക എന്നതാണു ചെയ്യാവുന്നത്‌. അവിടെയെന്താണു നടക്കുന്നതെന്ന്‌ സമാധാനപരമായി ചുറ്റും നിന്ന്‌ കാണട്ടെ. പാര്‍ട്ടി സഖാക്കളോട്‌ എല്ലാവരോടുമായി ഊഴം വച്ച്‌ കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ പറയാവുന്നതാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുകയും സഖാക്കള്‍ക്ക്‌ സംഘാദര്‍ശങ്ങളില്‍ താത്‌പര്യം ജനിക്കുകയും ചെയ്യുമെന്നു ഭീതിയുണ്ടെങ്കില്‍, അതു തടയാന്‍ മുന്‍കൂറായി എന്തെങ്കിലും ചെയ്തിട്ടു മതി അത്തരമൊരു നടപടി എന്നും തീരുമാനിക്കാവുന്നതാണ്‌. ഇതിനകം വെട്ടുകിട്ടിയിട്ടുള്ള സംഘപ്രവര്‍ത്തകരില്‍ അനേകം പേര്‍ മാര്‍ക്സിസ്റ്റുപശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്‌. വെറുതേ അത്തരക്കാരുടെ ലിസ്റ്റിനു നീളം വയ്പ്പിച്ചിട്ടു കാര്യമില്ല.

അതല്ലെങ്കില്‍പ്പിന്നെ ഓരോ ശാഖയിലും നടക്കുന്നതെന്താണെന്ന്‌ ക്യാമറയില്‍ പകര്‍ത്തി കൈരളി ചാനലിലോ മറ്റോ സംപ്രേക്ഷണം ചെയ്യട്ടെ. നിയമവിരുദ്ധമായതെന്തെങ്കിലുമാണെങ്കില്‍, നടപടികളെടുക്കാന്‍ തെളിവുകളും ലഭിക്കുമല്ലോ.

സംഘടനാപ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നല്ലാതെ മറ്റൊരു ആവശ്യവും സംഘം ഉന്നയിക്കുന്നില്ലെന്നിരിക്കേ, അവര്‍ക്കു നേരെ ആയുധമുയരുമ്പോളല്ലാതെ അവര്‍ക്കു പ്രശ്നമുണ്ടാക്കേണ്ട ആവശ്യവുമില്ല എന്നിരിക്കേ - മേല്‍പ്പറഞ്ഞതു മാത്രമാണിനിയൊരു പരിഹാരം. അവരെ സംഘടനാപ്രവര്‍ത്തനത്തിന്‌ അനുവദിക്കുക. എന്തൊക്കെയാണു ചെയ്യുന്നതെന്നു കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുക. എതിര്‍ക്കപ്പെടേണ്ടതായി എന്തെങ്കിലും ദൃഷ്ടിയില്‍പ്പെട്ടാല്‍‌ - അതു തടയാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുക.

സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു കൊടുത്തിട്ടുണ്ട്‌. പതിവുപോലെ ഇത്തവണയും ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്‌. എന്തു വിലകൊടുത്തും തങ്ങളുടെ പ്രവര്‍ത്തനസ്വാന്തന്ത്ര്യം സംരക്ഷിക്കണമെന്നു തീരുമാനിച്ചു സംഘം മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനിച്ചിട്ടുള്ളതെന്നു കേള്‍ക്കുന്നു.

പ്രശ്നങ്ങളവസാനിക്കുമോ? മേല്‍പ്പറഞ്ഞതുപോലെയൊരു ലളിതമായ പരിഹാരം അവിടെ പ്രാവര്‍ത്തികമാകുമോ? കണ്ണൂരാണ്‌. കാത്തിരുന്നു കാണാം.

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍, നിസ്സാരമായ ചില അവകാശസംരക്ഷണങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു തുള്ളി ചോര പോലും ഇനി വീഴാതിരിക്കട്ടെ.

*-*-*-*-*-*-*-*-*-*-*-*-*
(പിന്നീടു കൂട്ടിച്ചേര്‍ക്കുന്നത്‌:- ഈ പ്രതീക്ഷ സഫലമായില്ല. സി.പി.എം. പതിവുപോലെ വീണ്ടും അക്രമം നടത്തി. യാതൊരു കാരണവുമില്ലാതെ സംഘപ്രവര്‍ത്തകരെ ആക്രമിച്ചു. അതേപ്പറ്റിയൊക്കെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ എഴുതിയിട്ടുണ്ട്‌. കണ്ണൂര്‍ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും! )
*-*-*-*-*-*-*-*-*-*-*-*-*
ഈ പോസ്റ്റിട്ടതിനുശേഷം കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ വന്ന ഒരു പത്രവാര്‍ത്ത ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. മുകളില്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം എത്ര ശരിയായിരുന്നു എന്നാണതു വ്യക്തമാ‍ക്കുന്നത്‌.
ശാഖയില്‍ ആയുധപരിശീലനം നടക്കുന്നു എന്നു മാര്‍ക്സിസ്റ്റുകള്‍ പച്ചക്കള്ളം പറയുന്നു. എന്നാല്‍ - പോലീസ്‌ തന്നെ സമ്മതിക്കുന്നു - ആയുധപരിശിലനമൊന്നും നടക്കുന്നില്ല എന്ന്‌.

ശാഖകളില്‍ നിയമവിരുദ്ധമായതെന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതു തടയാന്‍ പോലീസിനെയും മറ്റു നിയമസംവിധാനങ്ങളെയും ഉപയോഗിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നിരിക്കെ - സി.പി.എം. സ്വന്തനിലയില്‍ അതു തടയാന്‍ ശ്രമിക്കുന്നതിന്റെ ന്യായമെന്താണ്? അവരാണോ ഇവിടുത്തെ പോലീസ്‌?

എന്തിനാണ് ഇതേപ്പറ്റിയൊക്കെ അധികം ചര്‍ച്ചചെയ്യുന്നത്‌ - ഇവിടെ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. സംഘപ്രവര്‍ത്തനം വ്യാപിക്കുന്നത്‌ സഹിക്കാനുള്ള പക്വത സി.പി.എമ്മിനില്ല. അവര്‍ എന്തു നുണയും പറഞ്ഞ്‌ എങ്ങനെയും സംഘത്തെ ആക്രമിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. അതുമാത്രം - അതുമാത്രമാണവിടെ നടക്കുന്നത്‌. മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള സഹിഷ്ണുത കൈവരിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞാല്‍ - അവരുടെ ഭൂരിപക്ഷവര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ - അന്നു തീരും കണ്ണൂരിലെ സകല പ്രശ്നങ്ങളും. സി.പി.എം. - അവര്‍ മാത്രം വിചാരിച്ചാലേ കണ്ണൂരില്‍ സമാധാനമുണ്ടാകൂ.
*-*-*-*-*-*-*-*-*-*-*-*-*
വാല്‍ക്കഷണം:-

മാര്‍ക്സിസ്റ്റുകളാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കമിടുന്നത്‌ എന്ന സുവ്യക്തമായ വസ്തുത നിരിക്ഷിച്ച്‌ അംഗീകരിക്കുന്ന ആളുകള്‍ തന്നെയും ചോദിക്കുന്നൊരു കാര്യമുണ്ട്‌. എന്നാലും എത്രയൊക്കെയായാലും കണ്ണൂരില്‍ സംഘവും ആയുധമെടുത്തിട്ടില്ലേ? ഒരു തുള്ളി ചോരയെങ്കിലും വീഴ്ത്തിയിട്ടില്ലേ - വിമര്‍ശിക്കാന്‍ അവര്‍ക്കെന്തവകാശം - എന്നൊക്കെ.

കണ്ണൂര്‍ക്കാരനുമല്ല - സംഘപ്രവര്‍ത്തകനുമല്ലാത്ത ഒരാളോടു ചോദിക്കേണ്ട ചോദ്യമല്ല അത്‌. ഇതുരണ്ടുമായ - കണ്ണൂര്‍ക്കാരനായ ഒരു സംഘപ്രവര്‍ത്തകന്‌ ഇക്കാര്യത്തില്‍ പറയാനുള്ളതെന്താണെന്ന്‌ ഈയിടെ കേള്‍ക്കാനിടയായി. അവിടുത്തെ നടുക്കുന്ന സാഹചര്യങ്ങളേക്കുറിച്ച്‌ മറ്റുള്ള പലര്‍ക്കുമറിയാത്ത പലതും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞമട്ടുള്ള സംശയങ്ങളുള്ളവര്‍ക്ക്‌ അതുവേണമെങ്കില്‍ കേട്ടുനോക്കാവുന്നതാണ്‌.

(ഇതിന്റെ ഓഡിയോ ഫയല്‍ ഇവിടെ റൈറ്റ്‌ ക്ലിക്ക്‌ ചെയ്താല്‍ - Save Target As... എന്ന ഫീല്‍ഡ്‌ ഉപയോഗിച്ചു ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്‌)

*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റുകള്‍:-

(1) കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ് !
(2) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(3) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!

8 comments:

Unknown said...

കണ്ണൂരില്‍ അക്രമമൊഴിവാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. തര്‍ക്കം ഒരേയൊരു കാര്യത്തിലേയുള്ളൂ. ആ കാര്യത്തിനാണെങ്കില്‍ പരിഹാരം കണ്ടെത്താന്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ വളരെയെളുപ്പവുമാണ്.

അനില്‍ ഐക്കര said...

നകുലന്‍,താങ്കള്‍ ആരെന്ന കാര്യം ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. ആരെയാണു താങ്കള്‍ ഭയക്കുന്നത്‌?

ഏതായാലും മന്ദാരത്തില്‍ ഈയുള്ളവനുള്‍പ്പെടെയുള്ളവര്‍ നിര്‍ഭയം അഭിപ്രായങ്ങള്‍ പറയുന്നു. താങ്കളുടെ ഒളിവിലിരുന്നുള്ള ഒരു മികച്ച ലേഖന(?)ത്തിനു മറുപടി ഇവിടെ നല്‍കുന്നു.

എനിക്ക്‌ ഇരുകൂട്ടരെയും ഭയമാണ്‌!കാരണം ഞാന്‍ പറയുന്നത്‌ സത്യമാണ്‌.സത്യം പറയുന്നവര്‍ അധികകാലം ജീവിക്കണ്ട എന്നാണ്‌ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട്‌ എന്ന് മനസ്സിലാക്കുന്നു.

കണ്ണൂരില്‍ തീര്‍ച്ചയായും സിപി എം പ്രവര്‍ത്തകര്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ആര്‍ എസ്‌ എസുകാരാവട്ടെ തികച്ചും സമാധാന പ്രേമവുമായി ഇരുകൈയ്യും കെട്ടി, വലത്തേ കവിളില്‍ അടിക്കുമ്പോള്‍ ഇടത്തെ കവിള്‍ കൂടി കാട്ടി, നിസ്സംഗരായി നില്‍പ്പ്പ്പാണ്‌!

എന്താ കഥ, ഇനിയിപ്പോള്‍ ഇവിടെ സമാധാനപാലനത്തിനു ഒറ്റ മാര്‍ഗം അല്ലേയുള്ളു?സി പി എമ്മുകാര്‍ അക്രമം അവസാനിപ്പിക്കുക!എന്തൊരു നഗ്ന സത്യം?(താങ്കള്‍ പ്രകോപിതനായിട്ടുണ്ടാവും..ആവണമല്ലോ?എന്നെ പ്രകോപിപ്പിക്കുന്നത്‌ അവിടെ ഇന്നും ഉയരുന്ന അനാഥക്കുഞ്ഞുങ്ങളുടെ ദീന രോദനമാണ്‌, വിധവകളുടെ നെടുവീര്‍പ്പുകളാണ്‌,ആശ്രയമായിരുന്ന പുത്രന്മാരെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപങ്ങളാണ്‌)

സുഹൃത്തേ, അവര്‍ ജീവിച്ചത്‌ ആര്‍ എസ്‌ എസു കാരനോ, സി പി എമ്മു കാരനോ ആയിട്ടാവാം. പക്ഷേ താങ്കള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ അന്ധവിശ്വാസികള്‍ ഇവരുടെ മനുഷ്യാവസ്ഥയെപ്പറ്റി ചിന്തിക്കുന്നുണ്ടോ? അവര്‍ കൊണ്ടുവരുന്ന ഓറഞ്ചിന്റെ അല്ലികള്‍ കാത്തിരിക്കുന്ന ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെപ്പറ്റി ഓര്‍ക്കുന്നുണ്ടോ?അവര്‍ ജോലിക്കു പോയിട്ടു വന്നില്ലെങ്കില്‍ പട്ടിണിയാവുന്ന കുടുംബത്തെപ്പറ്റി ചിന്തിക്കുന്നുണ്ടോ?

വിശ്വാസങ്ങള്‍ കൊണ്ടു മാത്രം ജീവിതം തകര്‍ക്കപ്പെടുന്ന ആയിരങ്ങളുടെ കൂട്ടത്തില്‍ താങ്കളുടെ നല്ല മനസ്സ്‌ എന്നെങ്കിലും, 'സുഹൃത്തേ രാഷ്ട്രീയ വിശ്വാസങ്ങള്‍ നല്ലതാണ്‌, ഒരിക്കലും വിശ്വാസങ്ങള്‍ക്കു വേണ്ടി ആയുധം എടുക്കരുത്‌' എന്നു ഉപദേശിച്ചിട്ടുണ്ടോ? വാചകങ്ങള്‍ മൂര്‍ച്ചയേറ്റി പുറത്തു പറയുവാന്‍ നല്ലതാണ്‌, എന്നാല്‍ പ്രവൃത്തിയില്‍ എത്ര പേരെ താങ്കള്‍ യുദ്ധമുഖത്തു നിന്ന് ശാസിച്ച്‌ പറഞ്ഞയച്ചിട്ടുണ്ട്‌?

ചെയ്യുവാന്‍ കഴിയില്ല താങ്കള്‍ക്ക്‌!കാരണം താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പണ്ട്‌ അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയില്‍ പറയുന്നതു പോലെ"നല്ലൊരു പയ്യനായിരുന്നു, എന്തു ചെയ്യാം രാഷ്ടീയം തലക്കു പിടിച്ചു"എന്ന മട്ടില്‍ നുകങ്ങള്‍ പേറി ഉഴവുകാളകളെ പോലെ നടക്കുകയാണ്‌.(ഉഴവുകാളകള്‍ നുകത്തിനടിയില്‍ നിന്നുയരുന്നില്ല, യജമാനന്‍ എന്തു ശബ്ധം പുറപ്പെടുവിച്ചാലും അവ ഉഴുതു കൊണ്ടേയിരിക്കും!)

സി പി എമ്മുകാര്‍ തീര്‍ച്ചയായും തെറ്റ്‌ ചെയ്യുന്നുണ്ട്‌. അതവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരിക്കാം. കാരണം സായുധ വിപ്ലവം മോചനമാര്‍ഗ്ഗമെന്ന് വിശ്വസിച്ചിരുന്നവരാണ്‌ അവര്‍.അവരുടെ നയങ്ങള്‍ ചിലപ്പോള്‍ പല രാഷ്ട്രീയ എതിരാളികളെയും തീര്‍ച്ചയായും പ്രകോപിതരാക്കിയേക്കാം! എന്നാല്‍ ഇത്തരം അക്രമങ്ങള്‍ മാര്‍ഗ്ഗമാക്കിയവരോടെല്ലാം അക്രമങ്ങളിലൂടെ ചെറുത്തു നില്‍ക്കുകയാണോ യഥാര്‍ത്ഥത്തില്‍ സമാധാന പ്രിയരായ(!) ആര്‍ എസ്‌ എസ്‌ ചെയ്യേണ്ടത്‌?അവര്‍ക്ക്‌ വിപുലമായ പ്രചരണ പരിപാടികള്‍ ഇല്ലേ? അണികളെ അക്രമത്തിനിരയാക്കാതെ സംരക്ഷിച്ച്‌ പ്രകോപനമില്ലാത്ത പ്രചരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടതല്ലേ?

ഇതില്‍ നഷ്ടം സംഭവിച്ചേക്കാം. പക്ഷേ നഷ്ടങ്ങള്‍ പിന്നീടൊരു കാലത്തും നികത്താനാവാത്ത നഷ്ടങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പ്രത്യയ ശാസ്ത്രത്തിനു നല്‍കണം. അങ്ങനെ പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളിലേക്ക്‌ തെരുവുയുദ്ധങ്ങളെ ഒതുക്കുവാന്‍, അല്ലെങ്കില്‍ വഴി മാറ്റുവാന്‍ എന്തു കൊണ്ട്‌ സംഘത്തിനു കഴിഞ്ഞില്ല?

ഇന്നും ബഹു ഭൂരിപക്ഷവും എന്തുകൊണ്ട്‌ ഈ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ പിന്തുണയ്ക്കുന്നു?

ഒരു സംഘം പ്രവര്‍ത്തകനെങ്കിലും ഈ വഴിയ്ക്ക്‌ ഇന്നേ വരെ ചിന്തിച്ചിട്ടുണ്ടോ?

പറഞ്ഞു വരുന്നത്‌, ചിന്താഗതികളില്‍ തെറ്റ്‌ കടന്നു കൂടിയിട്ടുണ്ട്‌ എന്നു തന്നെയാണ്‌. ആരും അക്രമം കൊണ്ട്‌ അന്തിമ വിജയം നേടുന്നില്ല, സി പി എമ്മുകാര്‍ അല്ലെങ്കില്‍ ആര്‍ എസ്‌ എസുകാര്‍ അക്രമിക്കുവാന്‍ സാധ്യത ഉണ്ട്‌ അതിനാല്‍ അവരെ കൂടുതല്‍ പ്രകോപിപ്പിക്കാതെ പ്രവര്‍ത്തിക്കാം എന്ന് ഏതെങ്കിലും കിരാത രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇന്നേവരെ ചിന്തിച്ചതായി താങ്കള്‍ക്കറിയാമോ?

സി പി എമ്മുകാര്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക്‌ ഭൂരിപക്ഷത്തിന്റെയും പിന്തുണ കിട്ടുന്നു എങ്കില്‍ എവിടെയാണ്‌ സുഹൃത്തേ തെറ്റു പറ്റുന്നത്‌?അത്‌ താങ്കള്‍ ഉള്‍പ്പെടുന്ന സംഘം പ്രവര്‍ത്തനങ്ങളുടെ രീതിയുടെ പാളിച്ച തന്നെ അല്ലേ?

ശാഖകളില്‍ നിഗൂഡമായതെന്തോ നടക്കുന്നു എന്ന തോന്നല്‍ രാഷ്ട്രീയ അവിശ്വാസമുള്ളവരുടെ മനസ്സില്‍ എന്നു മുണ്ട്‌. അതു നീക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്തു?

ഒരു പക്ഷേ താങ്കളുടെ മറുപടി ശാഖയില്‍ വന്നു നോക്കൂ എന്നാവും. തീര്‍ച്ചയായും അതാവരുത്‌ മറുപടി.ശാഖ എന്നാല്‍ എന്ത്‌ എന്ന് തുറന്ന് പ്രഖ്യാപിക്കണം. അതില്‍ കായികവും മാനസികവും ആയ വ്യായാമങ്ങളും പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണത്തിനുതകുന്ന ശ്ലോകങ്ങളും മാത്രമാണ്‌ പഠിപ്പിക്കുന്നത്‌ എന്ന് താങ്കള്‍ എത്ര പേരെ ബോധ്യപ്പെടുത്താമോ അത്രയും പേരെ ബോധ്യപ്പെടുത്തണം. അല്ലാതെ 'താങ്കള്‍ ശാഖയില്‍ വന്നു നോക്കൂ'എന്ന വെല്ലുവിളി നിറഞ്ഞ ഒരു തരം ധാര്‍ഷ്ട്യപ്രകടനമല്ല വേണ്ടത്‌.

ആര്‍ എസ്‌ എസ്‌ കാരെ കുറ്റം പറയുകയാണ്‌ എന്ന് സി പി എം സുഹൃത്തുക്കള്‍ ഊറ്റം കൊള്ളേണ്ട.

ആര്‍ എസ്‌ എസിനെതിരെ അര്‍ദ്ധ സത്യങ്ങളും നുണകളും പ്രചരിപ്പിച്ച്‌ ആര്‍ എസ്‌ എസുകാരനെങ്കില്‍ അവന്‍ ജീവിക്കുവാനര്‍ഹനല്ല എന്ന മട്ടില്‍ പ്രചരണം നടത്തുകയും ചെയ്യുന്ന നേതാക്കള്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഈ ശാഖകള്‍ ഒന്ന് സന്ദര്‍ശിച്ച്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച്‌ 'ഇതുകൊണ്ടൊന്നും നമ്മുടെ കോട്ടയ്ക്ക്‌ ഒന്നും വരാനില്ല പ്രജകളേ,' എന്നെങ്കിലും ഒന്ന് ആശ്വസിപ്പിക്കുവാന്‍ തയ്യാറാവുമോ?

കഷ്ടം. ഇതൊന്നും ഇവിടെ നടപ്പില്ല. ആര്‍ എസ്‌ എസ്‌ എന്ന "ക്രൂര രാഷ്ട്രീയ വര്‍ഗീയ ഭിക്ഷാംദേഹികളായ തീവ്രവാദികള്‍","ന്യൂന പക്ഷ സംരക്ഷകരായ" സി പി എമ്മുകാരെ എന്നും കൊല്ലാന്‍ ശ്രമിക്കുകയും അങ്ങനെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യും!

ഈ ഭീതി നിലനിര്‍ത്തിയില്ലെങ്കില്‍ എങ്ങനെ ന്യൂനപക്ഷങ്ങളുടെ വോട്ട്‌ വീഴ്ത്തുവാന്‍ പറ്റും?

എല്ലാവരും കള്ളന്മാരാണ്‌. അവര്‍ ചെയ്യുന്ന ക്രൗര്യത്തിന്‌ അവരുടേതായ ഭാഷ്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്‌. ന്യായീകരണങ്ങള്‍ ഇല്ലാത്തത്‌ തീരാത്ത രോദനങ്ങള്‍ക്കാണ്‌, അനാഥര്‍ക്കാണ്‌, പട്ടിണി കിടക്കേണ്ടി വരുന്ന കൊച്ചു കുഞ്ഞുങ്ങള്‍ക്കാണ്‌,ആരും ആശ്രയമില്ലാത്ത വൃദ്ധമാതാപിതാക്കള്‍ക്കാണ്‌...അവര്‍ എന്തിനിത്തരം ജീവിക്കാനര്‍ഹതയില്ലാത്തവരുടെ ആശ്രിതരായിത്തീര്‍ന്നു?അത്‌ അവരുടെ കുറ്റം തന്നെ!

Mr. K# said...

അന്ന്‌ അവര്‍ക്കുവേണ്ടി കയ്യടിച്ചപ്പോളും, നമ്മുടെ ജവാന്മാര്‍ക്കുള്ള ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചപ്പോളും,

പലയിടത്തും, പലരും ഇതിനെക്കുറിച്ചു പറഞ്ഞു കേള്ക്കുന്നുണ്ട്. സത്യമാണോ ഇത്? ആണെങ്കില് രാജ്യദ്രോഹികള്ക്കെതിരെ നടപടികള് ഒന്നും ഉണ്ടായില്ലേ? ഇന്റര്നെറ്റില് ഒന്നു സേര്ച്ച് ചെയ്തു നോക്കട്ടെ. എന്തെങ്കിലും പറയുന്നതിന് മുമ്പ് സത്യാവസ്ഥ ഉറപ്പിക്കണമല്ലോ.

Unknown said...

അനില്‍,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

താങ്കളുടെ നിര്‍ദ്ദേശം വളരെ വ്യക്തമാണിവിടെ. അക്രമത്തെ അക്രമത്തിലൂടെ ചെറുക്കുന്നതിനു പകരം, അണികളെ അക്രമത്തിനിരയാക്കാതെ സംരക്ഷിച്ച്‌ പ്രകോപനമില്ലാത്ത പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സംഘത്തിനു ശ്രദ്ധകേന്ദ്രീകരിച്ചുകൂടേ എന്നാണു ചോദ്യം. ഒരു അനുഭാവിയെന്ന നിലയില്‍, എനിക്കും അവരോടു ചോദിക്കാവുന്നൊരു ചോദ്യമാണത്‌.

പക്ഷേ - അവിടെയും ചില സംശയങ്ങള്‍ ആദ്യം ദുരീകരിക്കേണ്ടതുണ്ട്‌. അക്രമങ്ങളെ ന്യായീകരിക്കുകയാണെന്നു കരുതാതെ, കേവലം സംശയങ്ങളായിക്കരുതി അവയെ സമീപിച്ചു നോക്കൂ.

പ്രകോപനമൊഴിവാക്കുന്നതെങ്ങനെ - അക്രമത്തില്‍നിന്നു രക്ഷപെടുന്നതെങ്ങനെ - ഇതിനൊന്നും കൃത്യമായ ഉപായങ്ങള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതൊരു പ്രശ്നം തന്നെയല്ലേ? തികച്ചും "ആപേക്ഷിക"മായ നിരീക്ഷണങ്ങളുള്ളിടത്ത്‌ ഒരു പൊതുമാനദണ്ഡം കൊണ്ടുവരാന്‍ ബുദ്ധിമുട്ടു തന്നെയാണ്‌. പ്രകോപനമാവേണ്ടതില്ല എന്ന്‌ ഒരു കൂട്ടര്‍ കരുതുന്നത്‌ മറ്റുള്ളവര്‍ക്ക്‌ കടുത്ത പ്രകോപനമായാല്‍ എന്തു ചെയ്യും?

സുജേഷ്‌ - സുനില്‍ - എന്നിവര്‍ വധിക്കപ്പെട്ട കാര്യം പറഞ്ഞുവല്ലോ. വധഭീഷണിയുണ്ടായപ്പോള്‍, 'അക്രമത്തിനിരയാകരുതല്ലോ' എന്നു കരുതി സ്വജീവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ അവര്‍ ധര്‍മ്മടത്ത്‌ വള്ളത്തിനുള്ളിലോ മറ്റോ ഒളിച്ചുകിടന്നുറങ്ങിയിരുന്നത്‌. അപ്പോളാണ്‌ പതുങ്ങിച്ചെന്ന്‌ അവരെ കൊലപ്പെടുത്തിയത്‌. സി.പി.എമ്മിന്റെ പ്രമുഖനേതാവിന്റെ ബന്ധുക്കളായിരുന്നിട്ടുകൂടി പാര്‍ട്ടി ബന്ധമുപേക്ഷിച്ചു സംഘാദര്‍ശങ്ങളില്‍ വിശ്വസിച്ചുതുടങ്ങി എന്നതു മാത്രമായിരുന്നു "പ്രകോപനം". തന്റെ ബന്ധുവായിരുന്ന യുവാവിന്റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോയി എന്നതായിരിക്കണമല്ലോ അമ്മുവമ്മ നടത്തിയ പ്രകോപനം. ഈ കാര്യങ്ങളിലൊക്കെ, പ്രകോപനമൊഴിവാക്കാന്‍ എന്തായിരുന്നു ഉപായമെന്നാണു താങ്കള്‍ കരുതുന്നത്‌?

സംഘപ്രവര്‍ത്തനം നടത്തുക എന്നതു തന്നെ ഒരു പ്രകോപനമാണെന്നു പരസ്യമായി പ്രഖ്യാപിക്കപ്പെട്ടിരിക്കെ, പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതു മാത്രമല്ലേ രക്ഷപെടാനൊരു വഴിയുള്ളൂ? ഭീഷണിക്കുവഴങ്ങി തങ്ങളുടെ ആദര്‍ശങ്ങള്‍ അടിയറവയ്ക്കാന്‍ അവര്‍ ഒരുക്കവുമല്ല. പിന്നെയെന്താണൊരുപായം?

ഇനി, പ്രകോപനകാരണങ്ങള്‍ ആപേക്ഷികം മാത്രമല്ല - അസ്ഥിരവും കൂടിയാണെങ്കിലോ? അരെയും പ്രകോപിപ്പിക്കണ്ട എന്നു കരുതി കണ്ണൂരിലുള്ള സംഘപ്രവര്‍ത്തകര്‍ മുഴുവന്‍ എല്ലാവിധ സംഘടനാപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നു തീരുമാനമെടുത്താല്‍ത്തന്നെ, "പണ്ട്‌ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ - ഞങ്ങളിപ്പോള്‍ പ്രകോപനത്തിനുള്ള കാരണം മാറ്റി" എന്നു പറഞ്ഞുകൊണ്ട്‌ പിന്നീടാക്രമിക്കില്ലെന്ന്‌ എന്താണുറപ്പ്‌? ഇരുപതുവര്‍ഷമായി ഒരു സംഘശാഖ കാണാത്ത, എന്തിന്‌ - കുറേ നാളായി വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാതിരുന്നയാളാണല്ലോ അവസാനം കൊല്ലപ്പെട്ട സുരേന്ദ്രന്‍. അദ്ദേഹത്തെ 'അക്രമത്തിനിരയാക്കാതെ സംരക്ഷിക്കാന്‍' എന്തായിരുന്നു ഒരുപായം?

നിയമവ്യവസ്ഥയെ ആശ്രയിക്കുക എന്നതാണൊരു മാര്‍ഗ്ഗം.

പോലീസില്‍ നിന്നു നീതി കിട്ടുമോ? പടയൊരുക്കത്തിന്റെ ഭാഗമായി, പാര്‍ട്ടിയ്ക്കു വഴങ്ങാതിരുന്ന പോലിസുദ്യോഗസ്ഥരെ തുടര്‍ച്ചയായി സ്ഥലം മാറ്റിയത്‌ എന്തുദ്ദേശത്തിലായിരുന്നു? കലാപത്തിന്റെ സമയത്ത്‌ കണ്ണൂരില്‍ പോലീസ്‌ നിഷ്പക്ഷമായാണോ പ്രവര്‍ത്തിച്ചത്‌? 'പ്രതിരോധ'ത്തിനുള്ള ന്യായീകരണങ്ങളില്‍ ആദ്യത്തേതായിരുന്ന ചങ്ങനാശ്ശേരി സംഭവത്തില്‍, പാര്‍ട്ടിയും പോലീസും ചേര്‍ന്നു കളിച്ച സകല കളികളും - സംഘപ്രവര്‍ത്തകരെ പരമാവധി പീഢിപ്പിക്കാനായി പച്ചക്കള്ളങ്ങള്‍ പടച്ചുവിടുക എന്ന പതിവു തന്ത്രങ്ങളെല്ലാം - പൊളിഞ്ഞുവീണിരിക്കുന്ന ഒരു സന്ദര്‍ഭത്തിലല്ലേ നാമിപ്പോള്‍ സംസാരിക്കുന്നത്‌?

കോടതിയെ ആശ്രയിച്ചുകൊണ്ട്‌ അക്രമങ്ങളില്‍ നിന്നു രക്ഷപെടാം എന്നൊരു ആത്മവിശ്വാസമുണ്ടാകണമെങ്കില്‍, ആദ്യം ജയകൃഷ്ണന്‍ മാഷിനെ കൊന്നവര്‍ ശിക്ഷിക്കപ്പെടണം. അവര്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കാന്‍ സംഘത്തിനല്ല - ഇവിടുത്തെ പൊതുജനങ്ങള്‍ക്ക്‌ - കഴിഞ്ഞോ?

സംസ്ഥാനപോലീസിനെ മാത്രമല്ലേ രാഷ്ട്രീയവത്ക്കരിക്കാന്‍ സാധിക്കൂ - കേന്ദ്രസേന രംഗത്തുവന്നാല്‍ അക്രമങ്ങള്‍ ശമിക്കും - എന്നൊക്കെക്കരുതി ആശ്വസിക്കാമോ? കേന്ദ്രസേനയേക്കുറിച്ചു പരാമാര്‍ശം വന്നയുടന്‍ തന്നെ അതിനെതിരെ അപ്പീലിനു പോകുകയല്ലേ ഉണ്ടായത്‌? ഇനി അഥവാ സേനവന്നാല്‍ത്തന്നെ ബാരക്കിലിരിക്കുകയേയുള്ളൂ എന്നല്ലേ ആഭ്യന്തരമന്ത്രി പറഞ്ഞത്‌? അല്ല - ഈപ്പറയുന്ന മന്ത്രി തന്നെ പണ്ട്‌ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുനിന്നിട്ടുള്ളയാളല്ലേ?

ഈ ചോദ്യങ്ങള്‍ക്കൊക്കെ നമുക്കെന്താണു മറുപടിയുള്ളത്‌ - അനില്‍? മറുപടികള്‍‍ കയ്യില്‍ കരുതിയതിനു ശേഷം മാത്രം നമുക്ക്‌ 'പ്രകോപനമുണ്ടാക്കാതെ പ്രവര്‍ത്തിച്ചുകൂടേ' എന്നൊരു നിര്‍ദ്ദേശം വയ്ക്കുന്നതാവും നല്ലതെന്നു തോന്നുന്നു.

പോസ്റ്റിന്റെ അവസാനം കൊടുത്തിരുന്ന പ്രസംഗം താങ്കള്‍ കേട്ടിരുന്നില്ലെന്നു തോന്നുന്നു. മന്ദാരത്തിലിരുന്ന്‌ നിര്‍ഭയമായി കമന്റെഴുതുന്നതുപോലെയല്ല - മാര്‍ക്സിസ്റ്റുകാരുടെ വാളുകള്‍ക്കു നടുവില്‍ കഴിഞ്ഞുകൂടുന്നത്‌ - എന്നതു മനസ്സിലാക്കാന്‍ താങ്കളൊരുക്കമാണെങ്കില്‍ - സമയമുള്ളപ്പോള്‍ അതു മുഴുവന്‍ ഒന്നു കേട്ടു നോക്കുക. കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള മുന്‍പോസ്റ്റ്‌ വായിച്ചിരുന്നില്ലെങ്കില്‍, അതുകൂടി വായിക്കുകയുമാവാം.

* * * * * * *

ആദ്യം നഷ്ടങ്ങളുണ്ടാകാമെങ്കിലും, അതു സഹിച്ച്‌ പ്രത്യയശാസ്ത്രപ്രചാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ - ആശയസമരങ്ങളില്‍ മാത്രമൊതുക്കിക്കൂടേ പ്രതികരണങ്ങള്‍ എന്ന ചോദ്യവും നല്ലതു തന്നെ. ആശയസമരം സംഘം തീര്‍ച്ചയായും നടത്തുന്നുണ്ട്‌. അല്ലെങ്കില്‍പ്പിന്നെ കണ്ണൂരില്‍പ്പോലും ഇത്രയുമെങ്കിലും എത്താനവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. പലതും താങ്കള്‍ക്കു കേള്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനു കാരണങ്ങള്‍ പലതാണ്‌. കേരളമാദ്ധ്യമരംഗത്തേക്കുറിച്ചും, സംഘത്തിന്റെ ചില നിലപാടുകളേക്കുറിച്ചുമൊക്കെ പഠിക്കണം. എനിക്കു മനസ്സിലായ കാര്യങ്ങള്‍ പിന്നീടെപ്പോളെങ്കിലും എഴുതാം. കുറച്ചൊക്കെ മുമ്പെപ്പോഴോ എഴുതിയിരുന്നു.

* * * * * * *

ഇനി, നമുക്കൊക്കെ എന്തു ചെയ്യാന്‍ കഴിയുമെന്നതിനേക്കുറിച്ച്‌.

ഇന്നുവരെ ഒരു ശാഖസന്ദര്‍ശിച്ചിട്ടില്ലാത്ത എനിക്ക്‌ "ശാഖയില്‍ "വന്നു" നോക്കൂ" എന്നൊരു 'ധാര്‍ഷ്ട്യപ്രസ്താവന' നടത്തേണ്ടകാര്യവുമില്ല - അവകാശവുമില്ല - ഞാനതു ചെയ്തിട്ടുമില്ല. "ചെന്നു നോക്കൂ" എന്നുമല്ല പറഞ്ഞിട്ടുള്ളത്‌.

കള്ളപ്രചാരണങ്ങളുണ്ടാവുമ്പോള്‍, അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നു വിശദീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌, എനിക്കറിയാവുന്ന കാര്യങ്ങള്‍ പരസ്യമാക്കുക എന്നതുമാത്രമല്ലേ ഞാന്‍ ചെയ്യുന്നുള്ളൂ? ആയുധമെടുക്കുവാന്‍ തുനിയുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യേണ്ട ഒരു സാഹചര്യം എനിക്കില്ല.

രണ്ടുദിവസം മുമ്പ്‌ മാതൃഭൂമിയില്‍ മാര്‍ക്സിസ്റ്റ്‌പക്ഷം പിടിച്ച്‌ "ഐ.വി.ദാസ്‌" എന്നൊരാള്‍ എഴുതിയ ലേഖനം വന്നിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ക്കു കാരണം 'വിചാരധാര' എന്ന ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള ചില "ആഹ്വാന"ങ്ങളാണ്‌ എന്നൊക്കെയാണദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഇതുവരെ കൊണ്ടുവന്നിരുന്ന ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞപ്പോള്‍ പുതിയൊരെണ്ണം പരീക്ഷിക്കുന്നതുപോലെയാണ്‌ അനുഭവപ്പെട്ടത്‌. പച്ചക്കള്ളങ്ങള്‍ കൊണ്ട്‌ സമ്പന്നമായിരുന്നു ആ ലേഖനം. സമയം കിട്ടിയാല്‍, ആ ലേഖനത്തിലെ തെറ്റുകള്‍ എണ്ണമിട്ടുനിരത്തിക്കൊണ്ട്‌ ഞാനൊരു പോസ്റ്റെഴുതും.

ന്യായീകരണങ്ങളിലെ പൊള്ളത്തരങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞാല്‍, അവര്‍ ആയുധം താഴെവച്ചേക്കും എന്ന പ്രതീക്ഷതന്നെയാണിതിനു പിന്നില്‍. താങ്കള്‍ നിര്‍ദ്ദേശിക്കുന്നതുപോലെയൊരു പ്രവര്‍ത്തനം തന്നെയല്ലേ അത്‌?

പക്ഷേ, അങ്ങനെയൊക്കെ ചെയ്യണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന താങ്കള്‍, അത്തരം നിലപാടുകള്‍ക്കു തിരിച്ചു തരുന്നത്‌ പ്രോത്സാഹനമാണോ അതോ ഭര്‍ത്സനമാണോ എന്നുകൂടി പരിശോധിക്കണമെന്നപേക്ഷ. താങ്കളുടെ കമന്റിന്റെ ആദ്യഭാഗത്ത്‌ പരിഹാസസ്വരം വ്യക്തമാണെന്നു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ ഇടത്തേക്കവിള്‍ കൂടി കാട്ടി നിസ്സംഗരായി നില്‍പ്പാണ്‌ എന്നൊക്കെയുള്ള മട്ടില്‍, ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കലര്‍ത്തിയുള്ള അതിവായനയും - അങ്ങനെ പലതുമുണ്ട്‌ ചൂണ്ടിക്കാണിക്കാന്‍.

സാരമില്ല. എനിക്കിതൊക്കെ ശീലമായിക്കഴിഞ്ഞു. കാപട്യങ്ങള്‍ കണ്ടുകൊണ്ട്‌ മിണ്ടാതിരിക്കേണ്ടിവരുന്നതിലുള്ള മാനസികപീഢനവും, പറയുമ്പോള്‍ പരിഹസിക്കപ്പെടുമെന്നുള്ള പ്രശ്നവും തമ്മില്‍ തുലനം ചെയ്താല്‍, രണ്ടാമത്തേത്‌ എത്ര നിസ്സാരമാണ്‌!

വായനയ്ക്കു നന്ദി - ഒരിക്കല്‍ക്കൂടി.

Sunny said...

Very good work Nakulan..Keep it up..

അഹങ്കാരി... said...

കുതിരവട്ടാ, അങ്ങനെ ഇങ്ങനെ ഒന്നും കാനില്ല മാഷേ, പ്രത്യേകിച്ചും ചരിത്രം ഇന്ന് ഇടതിന്റെ കുത്തകയാകുമ്പോള്‍..

അന്ന് ഇങ്ങു കേരളത്തില്‍ ചൈനീസു ഭാഷ പഠിക്കാനും പഠിപ്പിക്ക്കാനും ആയിരുന്നു മഹാന്മാരായ ഇടതുഹ്പക്ഷക്കാ‍ാര്‍ക്ക് തിടുക്കം...


അന്ന് പ്രമുഖ ഇടതുപക്ഷക്കാരെല്ലാം ജയിലിലായിരുന്നപ്പോ സംഘമല്ല, നെഹൃവാണു ഭരിച്ചിരുന്നത്...

ഇ.എം.എസിന്റെ “”അവര്‍ അവരുടേതെന്നും നമ്മള്‍ ...” എന്ന പ്രയ്യോഗവും പിജി സാര്‍ ഇന്നാളു മാതൃഭൂമിയിലെഴുതിയ ഇന്ത്യാ ചൈനാ യുദ്ധം ഇന്ത്യയുടെ അഹംകാരം ആയിരുന്നു എന്നുമുള്ള ലേഖനങ്ങള്‍ വായിച്ചാല്‍ ഒരു സാമാന്യ ബോധമുള്ളാ ഭാരതീയന്നു കാര്യങ്ങള്‍ മനസിലാകും...

പിന്നെ അന്ന് ഭാരതത്തിനെ യുദ്ധത്തില്‍ സ്വന്തം ജീവന്‍ കൊടുത്ഥും സഹായിച്ചഥിനു നെഹ്‌റു 3500 സ്വയം സേവകരെ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സേനയോടൊപ്പം മാര്‍ച്ച് ചെയ്യാന്‍ ക്ഷണിച്ചിരുന്നു...

ഫോട്ടോ ദാ ഇവിടെ... (മറ്റൊരു സംഘടനയ്ക്കും കിട്ടിയിട്ടില്ലാത്ത പദവി)

Anonymous said...

സാധാരണ ആടിനെ പട്ടിയാകുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഒരു പട്ടിയെ ആടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഉം നല്ല ഭാവിയുണ്ട്. ഈ കണ്ടു പിടുതങ്ങലത്രയും വല്ല അവാര്‍ഡിനും കൊടുത്തയചാലോ?

Unknown said...

മുകളിൽ കമന്റിട്ട അനോണീ,

എനിക്കു ശരിയെന്നു തോന്നുന്ന, അനേകം പേർക്ക്‌ ശരിയെന്നു തോന്നുന്ന, വളരെ കൃത്യമായ നിരീക്ഷണങ്ങൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌. താങ്കൾക്ക്‌ ഇഷ്ടപ്പെട്ടില്ലെന്നുണ്ടെങ്കിൽ അസഹിഷ്ണുത പ്രകടിപ്പിച്ചോളൂ. കുഴപ്പമില്ല. പക്ഷേ, അതല്ല, ആത്മാർത്ഥമായാണ് എഴുതിയതെന്നുണ്ടെങ്കിൽ, ഞാൻ താങ്കളെ വെല്ലുവിളിക്കുക തന്നെ ചെയ്യുകയാണ് - ചുണയുണ്ടെങ്കിൽ - താങ്കൾക്കു തന്റേടമുണ്ടെങ്കിൽ വിശദമാക്കൂ - പറഞ്ഞതിൽ എവിടെ എന്താണു തെറ്റുള്ളതെന്ന്‌. ഞാൻ മനസ്സിലാക്കി വച്ച വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അതു തിരിച്ചറിയേണ്ടത്‌ മറ്റാരേക്കാളും എന്റെ ആവശ്യമാണ്.

കണ്ണൂരിൽ എന്താണു സംഭവിക്കുന്നതെന്നതു രഹസ്യമൊന്നുമല്ല സുഹൃത്തേ. മാർക്സിസ്റ്റുകൾക്കു മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെ അവരോട്‌ ഏറ്റുമുട്ടാനും പലരീതിയിലുള്ള നഷ്ടം അതേത്തുടർന്നു സഹിക്കാനും മാത്രം മണ്ടന്മാരല്ല ആരും. അത്തരം വാദങ്ങളൊക്കെ തികച്ചും യുക്തിരഹിതമാണ്. മാർക്സിസ്റ്റുകൾ - അവർക്കു മാത്രമാണ് മറ്റുള്ളവരെ ആക്രമിച്ചു നശീപ്പിക്കേണ്ടത്‌ ഒരു പ്രത്യയശാസ്ത്രപരമായ ബാദ്ധ്യതയായിട്ടുള്ളത്‌. സംഘപ്രവർത്തകർ മാത്രമല്ല - മാർക്സിസ്റ്റുകൾക്ക്‌ എതിരെ നിൽക്കുന്ന ആർക്കും കണ്ണൂരിൽ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്‌. ഇല്ലെന്നു വാശി പിടിക്കണ്ട. അതു സത്യമാണ്. സംഘം തിരിച്ചടിക്കുന്നുണ്ടെന്നതും സത്യമാണ്. ഉടൻ അതിൽ‌പ്പിടിച്ച്‌ അയ്യോ ആടാണ് പട്ടിയാണ് മുതലായ കൊഞ്ഞനം കുത്തലുകളുമായിവന്നിട്ടു കാര്യമില്ല. കണ്ണുതുറന്നു പിടിക്കാൻ തയ്യാറുള്ള ആർക്കും കാണാം കണ്ണൂരിൽ എന്താണു സംഭവിക്കുന്നതെന്ന്‌.

ഒടുങ്ങാത്ത രക്തദാഹവുമായി വരുന്ന മാർക്സിസ്റ്റുകൾ തന്നെ ഭരിക്കുക കൂടി ചെയ്യുന്ന സമയത്ത്‌ അവർക്കിടയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ പോലീസിലോ പട്ടാളത്തിലോ ഭരണകൂടത്തിലോ ഒന്നും വിശ്വാസമർപ്പിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥവരുമ്പോൾ - തിരിച്ചടിയിലൂടെ മാത്രമേ ആക്രമണങ്ങൾക്ക് അറുതിവരുത്താനാകൂ എന്ന ഗതികെട്ട അവസ്ഥ വന്നാൽ - അപ്പോൾ മാത്രമണ് സംഘപ്രവർത്തകർ രണ്ടും കല്പിച്ച് ആയുധമെടുക്കുന്നത്‌. താങ്കൾക്ക്‌ അതിലൊരു തർക്കത്തിനു പോലും സാദ്ധ്യതയില്ല. അത്രയ്ക്കു വ്യക്തമാണത്‌. അനവധിയനവധി ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ച കാര്യമാണത്‌. സംഘം എപ്പോൾ ആയുധമെടുക്കുന്നോ അപ്പോൾ മുതലാണ് താങ്കളേപ്പോലുള്ളവരും മാദ്ധ്യമങ്ങളും ബഹളം തുടങ്ങുന്നത്‌ എന്നുവച്ച്‌ അതിനു മുമ്പു നടന്നതൊന്നും മാഞ്ഞു പോകുന്നില്ലല്ലോ സുഹ്രുത്തേ. ഓരോ സംഭവത്തിലും - ഇപ്പോൾ നടന്നതടക്കം ഒന്നൊഴിയാതെ ഓരോ സംഭവത്തിലും - സംഘപ്രവർത്തകരാണ് ഏകപക്ഷീയമായ ആക്രമണങ്ങളിൽ ആദ്യം വെട്ടേറ്റു വീഴുന്നത്. എന്തെങ്കിലും ചെറിയ തർക്കമോ മറ്റോ ഉണ്ടായാൽ മാർക്സിസ്റ്റുകൾ ആദ്യം കാണുന്ന സംഘപ്രവർത്തകനെ വെട്ടുകയാണ്. രണ്ടാണവർക്കു നേട്ടം. സംഘപ്രവർത്തകരെ കൊന്നൊടുക്കാം. മുസ്ലീം തീവ്രവാദിസംഘടനകളുടെ നല്ലപിള്ളയാകുകയും ചെയ്യാം. ഇതൊക്കെ എത്രയോ നാളായി നടക്കുന്നതാണു സുഹൃത്തേ - മാർക്സിസ്റ്റുകൾക്കു സമ്മതിച്ചു തരാൻ ബുദ്ധിമുട്ടു കാണും. മറ്റുള്ളവർക്ക്‌ ഇതൊക്കെ മനസ്സിലാക്കാൻ നിസാരമായ സാമാന്യബുദ്ധി മതി.

എത്രയായിട്ടും നിർത്താതെ വീണ്ടും തുടരുകയാണ്. ചോരക്കൊതിക്ക്‌ അവസാനമില്ലെന്നുണ്ടോ സി.പി.എമ്മുകാരൻ അനോണീ? ഏതെങ്കിലും ബ്ലഡ്‌ബാങ്ക്‌ കുത്തിത്തുറന്ന്‌ അല്പം മോഷ്ടിച്ചെടുത്തു കുടിച്ചുകൂടേ? രാഷ്ട്രീയമായി മറ്റുചേരികളിലുള്ളവരെ ജീവിക്കാനനുവദിക്കൂ. അവരെ വെറുതെ വിടൂ. നാട്ടിൽ സമാധാനം പുലരാൻ അനുവദിക്കൂ. ആളുകളെ വെട്ടിവീഴ്ത്തിയിട്ട്‌ അവർ കുനിഞ്ഞു നിന്നു തരുന്നില്ല എന്നു വിലപിക്കുന്ന ക്രൂരത മനസ്സിലാക്കാൻ വിവരമുള്ളവരാണ് മറ്റുള്ളവരെന്ന്‌ അറിഞ്ഞുവയ്ക്കുകയെങ്കിലും ചെയ്യൂ..