Friday, May 16, 2008

ബംഗാളിയുടെ ബോംബേറും മലയാളിയുടെ പത്രവായനയും

മരണങ്ങളെ തമാശപോലെ കൈകാര്യം ചെയ്യുന്നതില്‍ മത്സരിക്കുകയാണോ പത്രങ്ങള്‍ എന്നു തോന്നിപ്പോകും ചിലപ്പോള്‍. ഒന്നില്‍ക്കൂടുതല്‍ പത്രങ്ങള്‍ വായിക്കുന്ന ശീലം ഒഴിവാക്കാനാവാത്തതും വലിയ കഷ്ടം തന്നെ.

*_*_*_*_*_*_*_*

മാര്‍ക്സിസ്റ്റുകാര്‍ കേരളത്തില്‍ ആരെയെങ്കിലും വെട്ടിക്കൊല്ലുകയോ ബംഗാളില്‍ ആരെയെങ്കിലും വെടിവച്ചുകൊല്ലുകയോ ഒക്കെച്ചെയ്താല്‍ അതൊരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ടിപ്പോള്‍. പത്രങ്ങള്‍ക്ക്‌ അപ്രധാന പുറങ്ങളിലെ രണ്ടോ മൂന്നോ വരിയില്‍ക്കൂടുതലൊന്നും മാറ്റിവയ്ക്കാനുണ്ടാവില്ല - അതിനായി.

ഇന്നലെ ബംഗാളില്‍ മൂന്ന്‌ ആര്‍.എസ്‌.പി.ക്കാരെ സി.പി.എമ്മുകാര്‍ വലിച്ചിഴച്ചുകൊണ്ടുപോയി വെടിവച്ചുകൊന്ന കാര്യം വായിച്ചപ്പോളും ഒരുതരം നിര്‍വികാരത തന്നെയാണു തോന്നിയത്‌. എങ്കിലും, ഇത്തവണ ദേശാഭിമാനി അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടാവുമോ എന്നറിയാന്‍ ആകാംക്ഷ തോന്നി.

മുന്നണിയ്ക്കുള്ളിലെ സഹയാത്രികരെയാണ്‌ ഇക്കുറി കൊലപ്പെടുത്തിയിരിക്കുന്നത്‌. എന്തു ന്യായീകരണമായിരിക്കും അവതരിപ്പിച്ചിട്ടുണ്ടാവുക? 'ജനകീയപ്രതിരോധ'ത്തിന്റെ ബംഗാളിപദമായിരിക്കുമോ ഉപയോഗിച്ചിരിക്കുക? അതോ മൗനം പാലിച്ചിരിക്കുമോ?

നോക്കിയപ്പോള്‍, വാര്‍ത്ത കൊടുത്തിട്ടുണ്ട്‌. 'സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു ' എന്നാണു പറഞ്ഞിരിക്കുന്നത്‌. ഏകപക്ഷീയമായ ആക്രമണത്തിനിടെ വീട്ടില്‍ നിന്ന്‌ അടിച്ചിറക്കി വലിച്ചിഴച്ചുകൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന്‌ ഇംഗ്ലീഷ്‌ പത്രങ്ങള്‍ പറഞ്ഞതു തെറ്റാവണം.

വാര്‍ത്തയ്ക്കിടയിലെ മറ്റൊരു ഭാഗം വായിച്ചപ്പോള്‍, അത്തരം വിശദാംശങ്ങള്‍ക്കൊന്നും യാതൊരു പ്രാധാന്യവുമില്ലെന്നു തോന്നിപ്പോയി.

"കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞു. ഒരു പിഞ്ചുകുഞ്ഞു കൊല്ലപ്പെട്ടു!"

എന്തൊരു കഷ്ടമാണിത്‌! നിസ്സാരം ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പാണിതെന്നോര്‍ക്കണം! എന്തിനാണിതെല്ലാം?

കുഞ്ഞിനെ ബോംബെറിഞ്ഞു കൊന്ന കോണ്‍ഗ്രസുകാര്‍!

കയ്യിലിരുന്ന ബോംബു പൊട്ടിത്തെറിച്ച്‌ വേറേ രണ്ടു കോണ്‍ഗ്രസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌ ആണോ എന്തോ?

മാതൃഭൂമിയാകട്ടെ ബോംബേറില്‍ മരിച്ച കുട്ടിയേപ്പറ്റി കുറ്റകരമായ മൗനം പാലിച്ചു! പക്ഷേ, സൂര്യാഘാതമേറ്റു മരിച്ച മറ്റൊരു കുട്ടിയേപ്പറ്റി പറയാനുള്ള മര്യാദ കാട്ടുകയും ചെയ്തു.
ബോംബേറിനേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ്‌ കുട്ടി മരിച്ചതെന്ന ഒരു വാദം കൂടി ഉയര്‍ന്നു വന്നിട്ടുണ്ട്‌. അപ്പോള്‍ മൊത്തം എത്ര കുട്ടികള്‍ മരിച്ചു? രണ്ടോ അതോ മൂന്നോ?

അജ്ഞാതമായ കാരണങ്ങളാല്‍ മരിച്ച നാലാമതൊരു കുട്ടിയേപ്പറ്റി "Express India" പറയുന്നുണ്ട്‌.
Medical Superintendent Dr Debashish Mondal said no external injuries were found on the child's body. According to the doctor, the actual cause of death can be ascertained only after the postmortem report is released by staff at the Uluberia district hospital.
കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞുകൊന്നുവെന്നു ദേശാഭിമാനി പറഞ്ഞ കുട്ടി തന്നെയാണോ ആവോ ഇത്‌?. പരുക്കില്ലാതെ ആളെ കൊല്ലുന്ന ബോംബോ!

സൂര്യാഘാതമേറ്റതാവാം കാരണം എന്നൊരാള്‍ സംശയം പ്രകടിപ്പിച്ചതായും പറയുന്നുണ്ട്‌.
Howrah District Magistrate Khalil Ahmed said the child could have died due to 'sunstroke'.

മാതൃഭൂമി, ’സൂര്യാഘാതം‘ എന്ന്‌ സംശയത്തിനിടയില്ലാതെ ഉറപ്പിച്ചു പറഞ്ഞത്‌ ഇതേകുട്ടി തന്നെയാവുമോ?

ഒരു വയസ്സുള്ള കുട്ടി - ആറു വയസ്സുള്ള കുട്ടി - ഇംഗ്ലീഷ്‌ പത്രങ്ങള്‍ ഓരോന്നും ഓരോ കുട്ടികളെ വീതം കൊന്നുകൊണ്ടിരുന്നു. ശിശുഹത്യ ഭയാനകമായി വര്‍ദ്ധിക്കുന്നതായിക്കണ്ടതോടെ വായന നിര്‍ത്തി.

ദേശാഭിമാനിയും മനോരമയും കൈകോര്‍ത്തുപിടിച്ച്‌ ഒരേ കുട്ടിയെത്തന്നെ കൊലപ്പെടുത്തിയതു പ്രത്യേകം ശ്രദ്ധിക്കാതിരുന്നില്ല. ബോംബേറാണു പ്രശ്നമുണ്ടാക്കിയതെന്ന്‌ ഇരുവരും പറയുന്നു. 'കോണ്‍ഗ്രസുകാര്‍ എറിഞ്ഞപ്പോള്‍ ' എന്നു ദേശാഭിമാനിയും, ചുമ്മാ 'ബോംബു പൊട്ടിയപ്പോള്‍ ' എന്നു മനോരമയും എന്നതാണൊരു വ്യത്യാസം.

അവര്‍ പറയുന്നതു തമ്മില്‍ ഏറ്റവും വലിയ വ്യത്യാസമുള്ളത്‌ ബോംബ്‌ 'കയ്യിലിരുന്നു' പൊട്ടിയവരുടെ കാര്യത്തിലാണ്‌.

'കയ്യിലിരുന്നു പൊട്ടിയവര്‍' കോണ്‍ഗ്രസുകാരാണെന്നു ദേശാഭിമാനി തറപ്പിച്ചു പറഞ്ഞിരിക്കുന്നു. മറിച്ച്‌ അതു മാര്‍ക്സിസ്റ്റുകളാണെന്ന ആരോപണത്തേപ്പറ്റി മനോരമയും പറഞ്ഞിരിക്കുന്നു.
സത്യത്തില്‍ ഈ 'കയ്യിലിരുന്നു പൊട്ടല്‍" എന്നതു തന്നെ ഉണ്ടായ സംഭവമാണോ അതോ പത്രക്കാര്‍ ഇതെല്ലാം 'കയ്യില്‍നിന്നിട്ട്‌ ' “പൊട്ടിക്കുന്ന“താണോ എന്നുപോലും യാതൊരു ഉറപ്പുമില്ല!

*_*_*_*_*_*_*_*

പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ ആരൊക്കെയോ അക്രമമുണ്ടാക്കിയ ഒരു ബൂത്തില്‍, അജ്ഞാതമായ കാരണത്താല്‍ ഒരു കുട്ടി മരിച്ചു എന്നതു മാത്രം ശരിയാണെന്നു തോന്നുന്നു! മരിച്ചത്‌ എങ്ങനെയായാലെന്ത്‌ - ആ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൊത്തം 6 അല്ലെങ്കില്‍ 8 മരണം!

കേവലമൊരു പഞ്ചായത്തു തെരഞ്ഞെടുപ്പാണെന്നോര്‍ക്കണം!

ഇത്രയ്ക്കു ജീവന്‍കളഞ്ഞു നേടാന്‍ മാത്രമുള്ള എന്തിനുവേണ്ടിയാണിവര്‍ മത്സരിക്കുന്നതെന്നു തോന്നിപ്പോകും. ഒന്നോ രണ്ടോ പഞ്ചായത്തു വാര്‍ഡുകളുടെ ഭരണത്തേക്കാള്‍ വലുതല്ല മനുഷ്യജീവനുകള്‍ എന്നു വരുമോ!

കേരളത്തിലും പലപ്പോഴും പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ അമിതമായി രാഷ്ട്രീയം കലരുന്നതായിക്കണ്ടിട്ടുണ്ട്‌. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍, ഇറാന്റെ ആണവപരീക്ഷണവും തങ്ങള്‍ ഇറാന്‌ അനുകൂലമായി എടുക്കുന്ന നിലപാടുകളും ഒക്കെ ചൂണ്ടിക്കാട്ടി ഇടതുപക്ഷം വോട്ടു തേടിയതായി വാര്‍ത്തകളുണ്ടായിരുന്നു!

പലപ്പോഴും അയല്‍പക്കക്കാരും ഒരേ കുടുംബക്കാരും ഒക്കെ മത്സരിക്കുന്ന - ഒരു ചെറിയ സമൂഹത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരു പരിധി വിട്ട്‌ വാശിയുണ്ടാവാനും അതുമൂലം സ്പര്‍ദ്ധവളരാനും ഒന്നും പാടില്ല. അത്‌ നാടിന്റെ ഐക്യത്തെ തകര്‍ക്കും. പ്രത്യേകിച്ചും അന്താരാഷ്ട്രവര്‍ഗ്ഗീയതയൊക്കെ എടുത്തുപയോഗിക്കുന്നതു പ്രത്യേകിച്ചും ഒഴിവാക്കണം. സദ്ദാം ഹുസൈന്റെയും ജോര്‍ജുബുഷിന്റേയുമൊക്കെ മതം ചൂണ്ടിക്കാണിച്ച്‌ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ കാണിച്ച വര്‍ഗ്ഗീയരാഷ്ട്രീയക്കളിയും അപകടം തന്നെയാണ്‌. പക്ഷേ അത്‌ ഒന്നുമല്ലെങ്കിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പാണെന്നെങ്കിലും വിചാരിക്കാം. പഞ്ചായത്തിലും വേണോ അത്തരം പ്രയോഗങ്ങള്‍? പ്രത്യേകിച്ചും ബംഗാളിലേപ്പോലെ ചോരക്കളികള്‍?

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചമാണെന്നു കേട്ടിട്ടുണ്ട്‌. അവിടെ ഗ്രാമപഞ്ചായത്തുകളില്‍ ആളുകള്‍ രാഷ്ട്രീയകക്ഷികളുടെ ലേബലുകള്‍ ഒക്കെ ഉപേക്ഷിച്ച്‌ - സാധാരണ മനുഷ്യര്‍ മാത്രമായി മാറി - പ്രാദേശികപ്രശ്നങ്ങള്‍ ഉന്നയിച്ച്‌ - കക്ഷിരാഷ്ട്രീയത്തിനതീതമായ പരിഗണനകളുടെ പേരില്‍ - തെരഞ്ഞെടുപ്പു നടത്താറാണത്രേ പതിവ്‌. കക്ഷികളുടെ ഔദ്യോഗികചിഹ്നങ്ങളായ താമരയും കൈയും ആനയുമൊന്നും ബാലറ്റു പേപ്പറില്‍ വരികയുമില്ല.

ഗ്രാമങ്ങളിലെ പരസ്പരസഹകരണമനോഭാവവും സമരസതയും വളര്‍ത്തുക എന്ന ലക്ഷ്യവുമായി 'സംരസ്‌ ഗ്രാം യോജന' എന്നൊരു പദ്ധതി ഗുജറാത്തില്‍ അവതരിപ്പിക്കപ്പെടുകയും വിജയം കാണുകയും ചെയ്തിരുന്നതും ഇവിടെ അനുസ്മരണീയമാണ്‌. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തിക്കൊണ്ടു തന്നെ ഗ്രാമമുഖ്യന്മാരെ ഏകകണ്ഠമായി തെരഞ്ഞെടുക്കുവാന്‍ ഗ്രാമങ്ങള്‍ക്ക്‌ സാധിക്കുന്നെങ്കില്‍ അവര്‍ക്ക്‌ ഒരു അംഗീകാരവും പ്രോത്സാഹനവുമെന്ന നിലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അധികതുക അനുവദിക്കുന്നു എന്നതായിരുന്നു അതിന്റെ മുഖ്യ ആകര്‍ഷണം.

സൗരാഷ്ട്ര-കച്ച്‌-മേഖലയില്‍ മാത്രം 1477 പഞ്ചായത്തുകള്‍ ആ പദ്ധതിപ്രകാരം അധികതുകയ്ക്ക്‌ അര്‍ഹരായി. ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടവരിലെ വനിതാപ്രാതിനിദ്ധ്യം 41 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. പദ്ധതി അവതരിപ്പിക്കപ്പെട്ട ആദ്യതവണ തന്നെ 27% പഞ്ചായത്തുകളും 45% വില്ലേജ്‌ വാര്‍ഡുകളും പദ്ധതി സ്വീകരിച്ചു. പിന്നീടും അനേകം ഗ്രാമങ്ങള്‍ സമരസഗ്രാമങ്ങളായി.

മഹാശ്വേതാദേവിയേപ്പോലുള്ളവരടക്കം അത്ഭുതം പ്രകടിപ്പിച്ചുപോകുന്ന മട്ടില്‍,ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അടിസ്ഥാനസൗകര്യവികസനം താഴേത്തട്ടുകളിലേക്കു വരെ എത്തിക്കാന്‍ കഴിഞ്ഞ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ സത്യത്തില്‍ ഇത്തരം ചില പദ്ധതികളായിരുന്നു. ബംഗാളിലേയും ഗുജറാത്തിലേയും അടിസ്ഥാനജനജീവിതം താരതമ്യം ചെയ്തുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ള 'ജ്യോതിഗ്രാം/നന്ദിഗ്രാം' താരതമ്യങ്ങളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്തൊരു വിഷയമാണിത്‌.

*_*_*_*_*_*_*_*
രാഷ്ട്രീയമാവാം. പക്ഷേ അതിന്റെ പേരില്‍ അന്ധമായ വിരോധവും പകയും നന്നല്ല. കേവലം ഒരു പഞ്ചായത്തില്‍ - അല്‍പം കൂടി താഴേയ്ക്കു വന്ന്‌ ഒരു ഗ്രാമത്തില്‍ത്തന്നെ - എന്തിന്‌ ഒരേ കുടുംബത്തില്‍ത്തന്നെ അച്ഛനും മക്കളും പോലും വ്യത്യസ്തപാര്‍ട്ടികളില്‍പ്പെടുന്നുവെന്ന പേരില്‍ തര്‍ക്കവും കൊലപാതകങ്ങളും - ഇതൊന്നും ഒട്ടും നന്നല്ല - അതു കണ്ണൂരിലായാലും ശരി - ബംഗാളിലായാലും ശരി. ഇക്കാര്യത്തില്‍ പലപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്നതു മാര്‍കിസ്റ്റുപാര്‍ട്ടിയാണെന്നു കരുതി മിണ്ടാതിരിക്കുന്നതും നന്നല്ല. അത്‌ ലേബലുള്ളവരായാലും ശരി - ഇല്ലാത്തവരായാലും ശരി.

8 comments:

Unknown said...

ബംഗാളിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങള്‍ ദേശാഭിമാനി കണ്ടത്‌ ഇങ്ങനെ. മനോരമ കണ്ടതോ - ഇങ്ങനെയും!

Inji Pennu said...

‘അതു കണ്ണൂരിലായാലും ശരി - ബംഗാളിലായാലും ശരി.’

ഗുജറാത്തായാലും ശരി എന്നു കൂടി ചേര്‍ക്കണ്ടേ നകുലന്‍? മോഡിയുടെ റൂറല്‍ ബേസ് ബിള്‍ഡിങ്ങിനെക്കുറിച്ച് പറഞ്ഞിട്ട് ഗുജറാ‍ത്തിലെ സ്റ്റേറ്റ റണ്‍ ഫാസിസത്തെക്കുറിച്ച് പറയണ്ടേ? എന്നാലേ എല്ലാം ശരിയാവുള്ളൂ.
ഇവിടെ മോഡിയെ കൊണ്ട് വന്നതുകൊണ്ടാണ് പറയുന്നത്. കണ്ണൂരിനേയോ ബംഗാളിനെയോ വിമര്‍ശിക്കാന്‍ ഗുജറാത്തിലെ ‘നല്ല’ കാര്യങ്ങള്‍ കാണിക്കുമ്പോള്‍ അസ്കിത.

Unknown said...

>>[ഇഞ്ചിപ്പെണ്ണ്‌]"അതു കണ്ണൂരിലായാലും ശരി - ബംഗാളിലായാലും ശരി.’ -
ഗുജറാത്തായാലും ശരി എന്നു കൂടി ചേര്‍ക്കണ്ടേ നകുലന്‍?
"

ആവാം. അതിപ്പോള്‍ ഗുജറാത്തെന്നല്ല - എവിടെയായാലും ശരിതന്നെയാണ്‌. പക്ഷേ, എല്ലാ സ്ഥലങ്ങളുടെയും പേരു പറയാനാവാത്ത സ്ഥിതിയ്ക്ക്‌ ചില ഉദാഹരണങ്ങള്‍ തെരഞ്ഞെടുത്തേ പറ്റൂ. ആ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്തായിരിക്കണം? അവിടെ "അത്‌" എന്നു പറഞ്ഞിരിക്കുന്നതെന്താണോ അത്‌ നടന്നുകണ്ടിട്ടുള്ള ചില സ്ഥലങ്ങള്‍ പറയുക എന്നതല്ലേ സ്വാഭാവികരീതി?

അവസാന പാരഗ്രാഫ്‌ ഇങ്ങനെ തിരുത്താമെന്നു തോന്നുന്നു.

"രാഷ്ട്രീയമാവാം. പക്ഷേ അതിന്റെ പേരില്‍ അന്ധമായ വിരോധവും പകയും നന്നല്ല (ഒരു ഉദാഹരണമെടുത്താല്‍, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ 'ശതൃക്കള്‍ ' എന്നു പരസ്യമായി വിശേഷിപ്പിച്ചത്‌ ഇന്ത്യയില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി മാത്രമാണ്‌. മറ്റൊരു വിഭാഗത്തെ "ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ ഏതറ്റം വരെ പോകാനും മടിക്കില്ല" എന്നു പ്രഖ്യാപിച്ചതും മാര്‍ക്സിസ്റ്റുപാര്‍ട്ടി മാത്രമാണ്‌. ഇത്തരം രാഷ്ട്രീയനിലപാടുകളൊന്നും യഥാര്‍ത്ഥത്തിലുള്ള പുരോഗമന-ജനാധിപത്യ-ചിന്തകള്‍ക്കിടമുള്ള ഒരു പരിഷ്കൃതസമൂഹത്തിനു തീരെ യോജിച്ചതല്ല). കേവലം ഒരു പഞ്ചായത്തില്‍ - അല്‍പം കൂടി താഴേയ്ക്കു വന്ന്‌ ഒരു ഗ്രാമത്തില്‍ത്തന്നെ - എന്തിന്‌ ഒരേ കുടുംബത്തില്‍ത്തന്നെ അച്ഛനും മക്കളും പോലും വ്യത്യസ്തപാര്‍ട്ടികളില്‍പ്പെടുന്നുവെന്ന പേരില്‍ തര്‍ക്കവും കൊലപാതകങ്ങളും - ഇതൊന്നും ഒട്ടും നന്നല്ല - ഇങ്ങനെയൊക്കെ നടക്കുന്നതായി കണ്ടുവരുന്ന കണ്ണൂരിലും ബംഗാളിലുമൊക്കെ ആയാലും ശരി - മറ്റു സ്ഥലങ്ങളായ ഗുജറാത്ത്‌ മുതലായവയില്‍ ആയാലും ശരി - ഒട്ടും നന്നല്ല. ഇക്കാര്യത്തില്‍ പലപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്നതു മാര്‍ക്സിസ്റ്റുപാര്‍ട്ടിയാണെന്നു കരുതി മിണ്ടാതിരിക്കുന്നതും നന്നല്ല. അത്‌ ലേബലുള്ളവരായാലും ശരി - ഇല്ലാത്തവരായാലും ശരി.

>>[ഇഞ്ചിപ്പെണ്ണ്‌]"മോഡിയുടെ റൂറല്‍ ബേസ് ബിള്‍ഡിങ്ങിനെക്കുറിച്ച് പറഞ്ഞിട്ട് ഗുജറാ‍ത്തിലെ സ്റ്റേറ്റ റണ്‍ ഫാസിസത്തെക്കുറിച്ച് പറയണ്ടേ? എന്നാലേ എല്ലാം ശരിയാവുള്ളൂ."

മോദിയേക്കുറിച്ചോ അല്ലെങ്കില്‍ ഗുജറാത്തിനേക്കുറിച്ചോ പറയുന്ന ഒരു വേദിയല്ലല്ലോ ഇത്‌. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെയും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെയും കാര്യം പറയുമ്പോള്‍ അതിന്റെ കൂടെ ചേര്‍ത്തുവച്ചുപറയാവുന്നത്‌ റൂറല്‍ ബേസ്‌ ബില്‍ഡിങ്ങിന്റേയും സഹകരണമനോഭാവത്തിന്റെയുമൊക്കെ കാര്യം തന്നെയാണെന്നു തോന്നുന്നു.

>>[ഇഞ്ചിപ്പെണ്ണ്‌]"ഇവിടെ മോഡിയെ കൊണ്ട് വന്നതുകൊണ്ടാണ് പറയുന്നത്."

ഇവിടെ മോദിയെ കൊണ്ടുവന്നതു ഞാനല്ലല്ലോ. ഇഞ്ചിയല്ലേ? ഒരിക്കല്‍ക്കൂടി ആഭാഗമൊന്നു ശ്രദ്ധിച്ചുവായിച്ചുനോക്കുമോ?

ഗ്രാമ സമരസത വര്‍ദ്ധിപ്പിക്കുക - നിസാരമായ പഞ്ചായത്തു തെരഞ്ഞെടുപ്പിന്റേയും മറ്റും പേരില്‍ ആളുകള്‍ തമ്മില്‍ത്തല്ലുന്നതൊഴിവാക്കി ആ സമയം കൂടി തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വല്ല പ്രവൃത്തിയും ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുക - ഇതൊക്കെ ഏതു സര്‍ക്കാരിനും തോന്നാവുന്ന കാര്യമാണ്‌. പക്ഷേ അതിനായി ഒരു പദ്ധതി ആസൂത്രണം ചെയ്തതും നടപ്പാക്കി വിജയിപ്പിച്ചുകാണിച്ചു തന്നതും ഗുജറാത്ത്‌ സര്‍ക്കാര്‍ മാത്രമാണ്‌. അതുകൊണ്ടല്ലേ ആ സംസ്ഥാനത്തെ ഇവിടെ കൊണ്ടുവരേണ്ടിവന്നത്‌? പിന്നെ, പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ അമിതമായ രാഷ്ട്രീയം കലര്‍ത്താതിരിക്കുക എന്നതെങ്കിലും ചെയ്യുന്ന മറ്റു സഥലങ്ങളുമുണ്ട്‌. അവരുടെ കാര്യമല്ലേ ആദ്യം തന്നെ പറഞ്ഞിരിക്കുന്നത്‌ എന്നതും ശ്രദ്ധിക്കുക.

പിന്നെ, അവസരം വന്നതുകൊണ്ടു മാത്രം ഒരു കാര്യം കൂടി പറയുകയാണ്‌ - ഗുജറാത്തിലെ നേട്ടങ്ങളേക്കുറിച്ചു പറയുമ്പോള്‍ ഉടന്‍തന്നെ ഒരു 'മോദികേന്ദ്രീകൃതമായ' ചിന്തവരുന്നതിനോട്‌ എനിക്കു തീരെ യോജിപ്പില്ല. സര്‍ക്കാറിന്റെ മൊത്തം വിജയമായി മാത്രവും ഞാനതിനെ കണക്കാക്കുന്നില്ല. അവിടുത്തെ ഓരോ പദ്ധതിയുടെയും വിജയത്തിനു പിന്നില്‍ പതിനായിരക്കണക്കിനു വരുന്ന സാധാരണജനങ്ങളുടെ കഠിനാദ്ധ്വാനവും പ്രയത്നവുമുണ്ട്‌. ആദ്യം അവരെ അഭിനന്ദിക്കാനാണ്‌ എനിക്കിഷ്ടം. പട്ടം നിര്‍മ്മിക്കുന്നവരേയും പെണ്‍കുട്ടികളുള്ളവരേയുമൊക്കെ ലക്‌‌ഷ്യമിട്ട്‌ ആവിഷ്ക്കരിച്ച ചില പദ്ധതികള്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത്‌ മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണ്‌. അവസരത്തിനൊത്തുയരാനും അതില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്ത്‌ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കു ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്ത്‌ അതു വിജയിപ്പിക്കാനും തയ്യാറായ അവര്‍ ഓരോരുത്തരും അഭിനന്ദനമര്‍ഹിക്കുന്നു.

>>[ഇഞ്ചിപ്പെണ്ണ്‌]"കണ്ണൂരിനേയോ ബംഗാളിനെയോ വിമര്‍ശിക്കാന്‍ ഗുജറാത്തിലെ ‘നല്ല’ കാര്യങ്ങള്‍ കാണിക്കുമ്പോള്‍ അസ്കിത"

'കണ്ണൂ'രിനേയും 'ബംഗാ'ളിനെയുമല്ല നാം വിമര്‍ശിക്കേണ്ടത്‌. സ്ഥലങ്ങളെ 'ബ്രാന്‍ഡു'ചെയ്യുന്നതും തെറ്റാണ്‌. പക്ഷേ അവിടെ നടക്കുന്ന തെറ്റുകള്‍ വിമര്‍ശിക്കപ്പെടണം. മറ്റിടങ്ങളിലെ നല്ല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടണമെന്നു നിര്‍ബന്ധമില്ല. പക്ഷേ വിമര്‍ശിക്കപ്പെടേണ്ടതു വിമര്‍ശിക്കപ്പെടുക തന്നെ വേണം. തെറ്റുകള്‍ തിരുത്തപ്പെട്ടുവെന്നും ഇനിയുണ്ടാവില്ലെന്നും ഉറപ്പു കിട്ടുന്നതുവരെ വിമര്‍ശിക്കണം. രാഷ്ട്രീയപരിഗണനകള്‍ മൂലം ചിലര്‍ക്കു നിശ്ശബ്ദതപാലിക്കേണ്ടിവരുമ്പോള്‍ മറ്റുള്ളവര്‍ ആ ചുമതല ഏറ്റെടുത്തു മുന്നോട്ടുവരണം. എന്നാലേ നമുക്കിതിനെ ഒരു 'ബഹുസ്വര'സമൂഹമായി നിലനിര്‍ത്താന്‍ പറ്റൂ.

പിന്നെ, ഗുജറാത്തിലെ നല്ല കാര്യങ്ങള്‍ കാണിക്കുന്നതു കാണുമ്പോളുള്ള അസ്കിത'യൊഴിവാക്കാന്‍ മാര്‍ഗ്ഗമുണ്ട്‌. അത്തരം കാണിക്കലിന്‌ എന്തെങ്കിലും നല്ലവശമുണ്ടാവുമോ എന്ന്‌ ആലോചിച്ചുകണ്ടെത്തി ആശ്വസിക്കുക എന്നതാണാ മാര്‍ഗ്ഗം. ജാതി-മതപരിഗണനകള്‍, ഗ്രാമീണനെന്നും നഗരവാസിയെന്നും സമ്പന്നനെന്നും ദരിദ്രനെന്നും മറ്റുമുള്ള ഭേദങ്ങള്‍ - ഇവയൊക്കെ അപ്രസക്തമാക്കിക്കൊണ്ട്‌ ലക്ഷക്കണക്കിനാളുകള്‍ ഒരു ഭരണകൂടത്തെ പിന്തുണയ്ക്കുന്നുവെങ്കില്‍, അത്‌ അവര്‍ ഒന്നടങ്കം 'ഫാസിസ്റ്റു(?)"കളായിപ്പോയതുകൊണ്ടൊന്നുമല്ല - മറിച്ച്‌ ചില വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ എന്ന തിരിച്ചറിവുണ്ടാകുന്നത്‌ ഒരു നല്ല കാര്യമല്ലെന്നുണ്ടോ?

'ഫാസിസ്റ്റു വിരുദ്ധത'യുടെ പേരു പറഞ്ഞ്‌ നുണപ്രചാരണം നടത്തുകയും ആളുകളുടെ തലയറുത്തു മാറ്റിവയ്ക്കുകയും അതിന്റെ പേരില്‍ വോട്ടുതേടുകയുമൊക്കെച്ചെയ്യുന്നവരുടെ നാടായി അധപതിച്ചിരിക്കുന്നു നമ്മുടേത്‌. അതിനിടയ്ക്ക്‌, 'യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌ ' എന്നു വിളിച്ചു പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നില്ലെങ്കില്‍ - എത്ര ഭീകരമായൊരു അവസ്ഥയായിരിക്കുമതെന്ന്‌ ആലോചിച്ചു നോക്കൂ.

Unknown said...

Your posts are good tribute to then propaganda minister in Nazi Germany...Goebbels

Unknown said...

സജേഷ്‌,

താങ്കളുടെ കമന്റ്‌ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നില്ലേ എന്നൊരു സംശയം. "tribute" എന്ന വാക്ക്‌ ശരിയായ അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്നു തോന്നുന്നില്ല.

ഞാന്‍ ഊഹിക്കുന്നതുപോലെ, നിഷേധാര്‍ത്ഥത്തില്‍ത്തന്നെയാണോ ആ വാക്കു പ്രയോഗിച്ചിരിക്കുന്നത്‌? മാര്‍ക്സിസ്റ്റുകളുടെ ഗീബത്സിയന്‍ നുണപ്രചാരണങ്ങള്‍ തുറന്നു കാട്ടുന്ന ചില പോസ്റ്റുകള്‍ ഇവിടെ വന്നിട്ടുണ്ടെന്നതു സത്യം തന്നെ. അഭിനന്ദനമാണുദ്ദേശിച്ചതെങ്കില്‍ നന്ദി. പക്ഷേ, സാമൂഹ്യപ്രതിബദ്ധതയുള്ള ഏതൊരാളും ചെയ്യേണ്ട കാര്യം മാത്രമാണിതെന്നാണു തോന്നുന്നത്‌. മാര്‍ക്സിസ്റ്റുകളുടെ നുണകള്‍ പൊളിക്കുവാന്‍ ഒരല്‍പം ശ്രദ്ധയും വായനയും ലളിതമായ യുക്തിചിന്തകളും മാത്രം മതി എന്നതുകൊണ്ട്‌, ഇതൊന്നും അത്ര അഭിനന്ദനാര്‍ഹമായിക്കരുതേണ്ട യാതൊരു കാര്യവുമില്ല.

ഇനി, അതല്ല - താങ്കളൊരു മാര്‍ക്സിസ്റ്റ്‌ അനുഭാവിയാണെന്നു വരുമോ? അപ്രിയസത്യങ്ങള്‍ ആരെങ്കിലും തുറന്നു പറയുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന അസഹിഷ്ണുതയുടെ പ്രകടനം മാത്രമായിരുന്നുവോ ആ വാചകം? എന്തെങ്കിലും പറഞ്ഞ്‌ ഒരു ആക്ഷേപമെറിഞ്ഞിട്ടു പോകുക എന്നതേ ഉദ്ദേശിച്ചിട്ടുള്ളോ? തുറന്നു പറഞ്ഞിരുന്നെങ്കില്‍, താങ്കള്‍ക്കായി കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ചു സമയം കളയുന്നതൊഴിവാക്കാമായിരുന്നു.

തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരില്‍ ആരോപിച്ച്‌ പ്രചണ്ഡപ്രചാരണം നടത്തുക എന്നത്‌ മാര്‍ക്സിസ്റ്റുകളുടെ ഒരു സ്ഥിരം തന്ത്രമായിക്കാണാറുണ്ട്‌. ഈ പോസ്റ്റില്‍ എന്തെങ്കിലും നുണയുള്ളതായി താങ്കള്‍ കരുതുന്നുണ്ടെങ്കില്‍, അതു തുറന്നു പറയാനും എന്തുകൊണ്ടങ്ങനെ തോന്നുന്നു എന്നു സമര്‍ത്ഥിക്കാനും ശ്രമിക്കുന്നതായിരുന്നില്ലേ ഭംഗി?

മാര്‍ക്സിസ്റ്റുകള്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ ആര്‍.എസ്‌.പി.ക്കാരെ കൊന്നൊടുക്കിയ വാര്‍ത്ത നുണയായിരുന്നുവോ?

ഈ പോസ്റ്റിട്ടതിനുശേഷവും ആര്‍.എസ്‌.പി.യിലെ ഒരു മന്ത്രിയുടെ ബന്ധുവിനെക്കൂടി വധിച്ചുവെന്നു തോന്നുന്നു. ആ പത്രവാര്‍ത്തകളൊക്കെ തെറ്റാണെന്നഭിപ്രായമുണ്ടോ?

"ബോംബെറിഞ്ഞു - കുട്ടി മരിച്ചു" എന്ന മട്ടിലുള്ള ദേശാഭിമാനി റിപ്പോര്‍ട്ട്‌ വായിച്ചാല്‍ ഒരാളുടെ മനസ്സില്‍ പതിയുന്ന ചിത്രവും മറ്റു പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ചാല്‍ കിട്ടുന്ന ചിത്രവും തമ്മില്‍ വലിയ അന്തരമില്ലേ? വാര്‍ത്താറിപ്പോര്‍ട്ടിങ്ങിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയതില്‍ എന്താണു തെറ്റ്‌?

ആരുടെ കൈയിലിരുന്നാണ്‌ ബോംബ്‌ പൊട്ടിയത്‌ എന്നതേപ്പറ്റി ദേശാഭിമാനിയും മനോരമയും തികച്ചും വ്യത്യസ്തമായ നിലപാടാണെടുത്തത്‌ എന്നതൊരു കേവലയാഥാര്‍ത്ഥ്യം മാത്രമല്ലേ? അതു തികച്ചും സ്വാഭാവികം കൂടിയല്ലേ? ഒരു വാര്‍ത്തയും പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ല എന്നൊരു നിലപാടിലേക്കല്ലേ അത്‌ എത്തിക്കുന്നുള്ളൂ? അല്ലാതെ - "ഞാന്‍ കണ്ടതാണ്‌ - മാര്‍ക്സിസ്റ്റുകാരാണു ബോംബുണ്ടാക്കിയത്‌" എന്നെങ്ങാനും ഇവിടെ വാദിച്ചിട്ടുണ്ടോ?

ഇടതുപക്ഷത്തിനു സാന്നിദ്ധ്യമുള്ള കേരളത്തിലും ബംഗാളിലുമൊക്കെ പഞ്ചായത്തുതെരഞ്ഞെടുപ്പുകളും മറ്റും അമിതമായ രാഷ്ട്രീയം കലരുന്നുണ്ടെന്നും മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമാണെന്നുമുള്ള നിരീക്ഷണം തെറ്റാണെന്നഭിപ്രായമുണ്ടോ? ഇവിടെ രാഷ്ട്രീയാതിപ്രസരമില്ല എന്നോ അല്ലെങ്കില്‍ മറ്റെല്ലായിടങ്ങളിലും ഇതുപോലെ തന്നെ രാഷ്ട്രീയമുണ്ടെന്നോ സമര്‍ത്ഥിക്കാനുതകുന്നതെന്തെങ്കിലും താങ്കള്‍ക്കു പറയാനുണ്ടോ?

ബംഗാളില്‍ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍പ്പോലും രാഷ്ട്രീയം കളിച്ച്‌ ആളുകള്‍ കൊല്ലപ്പെടുന്നു എന്നതു സത്യമല്ലേ? അതേ സമയം തന്നെ ഗുജറാത്തില്‍ ആളുകള്‍ കക്ഷിഭേദമോ ജാതി-മതഭേദങ്ങളോ കൂടാതെയുള്ള പരസ്പരസഹകരണത്തിലൂടെ ഗ്രാമവികസനത്തില്‍ നേരിട്ടു പങ്കാളികളാകുന്നു എന്നൊരു സാഹചര്യമില്ലേ? വാര്‍ത്തകളിലെ വൈരുദ്ധ്യം പോലെ, പ്രകടമായ ഈ വൈരുദ്ധ്യവും ചേര്‍ത്തുവച്ച്‌ നാം ആലോചിച്ചുപോകുന്നെങ്കില്‍ അതിലെന്താണു തെറ്റ്‌?

ഒരു പ്രദേശത്തെ നാം ഒരിക്കലും വിമര്‍ശിച്ചുകൂടാ എന്നാണോ? മറ്റൊരിടത്ത്‌ എന്തെങ്കിലും നല്ല കാര്യം നടക്കുന്നതായിക്കണ്ടാല്‍ അതേപ്പറ്റി മിണ്ടിക്കൂടാ - അതെല്ലാം മറച്ചുപിടിച്ച്‌ അവരെ ഭര്‍ത്സിക്കുവാന്‍ മാത്രമേ പാടുള്ളൂ എന്നാണോ? അതോ ഇനി "സമരസ്‌ ഗ്രാം യോജന" എന്നൊരു പദ്ധതി നിലവിലില്ലേ? എന്താണു താങ്കളിവിടെ നുണ എന്നുദ്ദേശിച്ചത്‌? എന്താണു താങ്കളുടെ യഥാര്‍ത്ഥ പ്രശ്നം? അസഹിഷ്ണുതമൂലമുള്ള അസ്കിത മാത്രമാണെങ്കില്‍, തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചുകൂടേ?

"Your posts" എന്നാണല്ലോ താങ്കള്‍ പറഞ്ഞിരിക്കുന്നത്‌. ഏതു പോസ്റ്റിലെ ഏതു വാചകത്തോടാണു വിയോജിപ്പെന്ന്‌ ആ പോസ്റ്റില്‍ത്തന്നെ പറയുക എന്നതല്ലേ അതിന്റെ ശരി? അതിനു താങ്കള്‍ തയ്യാറാകാത്തതെന്താണ്‌?

ഇവിടെയാണു സുഹൃത്തേ യഥാര്‍ത്ഥത്തില്‍ ഗീബല്‍സ്‌ കടന്നു വരുന്നത്‌. ആടിനെ നോക്കി അതൊരു പട്ടിയാണെന്ന ഒരൊറ്റ പ്രഖ്യാപനം മാത്രം നടത്തുന്നവരിലാണ്‌ ഗീബത്സിയന്‍ സ്വഭാവം ആരോപിക്കപ്പെടുക. "ഏയ്‌ അതെങ്ങനെ - കണ്ടിട്ട്‌ ഒരു ആടിനേപ്പോലെ തന്നെയാണല്ലോ" എന്നു തിരിച്ചു ചോദിച്ചാല്‍ അത്തരക്കാരില്‍ നിന്നു മറുപടി കിട്ടില്ല. അവര്‍ കടന്നു കളയുകയേയുള്ളൂ. കുറച്ചുകഴിഞ്ഞ്‌ മറ്റൊരാള്‍ വന്ന്‌ പട്ടിയാണെന്ന വാദം ആവര്‍ത്തിച്ചിട്ടു കടന്നു കളയും. കുറേത്തവണ കേട്ടു കഴിയുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്കും തോന്നിത്തുടങ്ങും - "ഇതിനി ഒരു പട്ടി തന്നെയാണോ - തനിക്കു തെറ്റു പറ്റിയതാണോ" എന്ന്‌. ഭൂരിപക്ഷം വരുന്നവര്‍ ന്യൂനപക്ഷത്തിന്റെ ചിന്തകളെ അട്ടിമറിക്കുന്നൊരു അവസ്ഥ. മലയാളത്തില്‍ ഒരു രാഷ്ട്രീയചര്‍ച്ചവന്നാല്‍ മാര്‍ക്സിസ്റ്റ്‌ അനുഭാവികള്‍ക്കാണിപ്പോള്‍ ഭൂരിപക്ഷം. അവര്‍ മറ്റുള്ളവരുടെ ചിന്തകളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നു വരും. അത്തരം അട്ടിമറിശ്രമങ്ങള്‍ കുറേയൊക്കെ വിജയം കണ്ട്‌ എല്ലാവരും തെറ്റു വിശ്വസിക്കുന്ന ഒരു അവസ്ഥ വന്നാല്‍ത്തന്നെയും, ആട്‌ ആടായിത്തന്നെ നിലനില്‍ക്കും എന്നതു മറക്കരുത്‌. ആളുകളുടെ വിശ്വാസത്തെ മാത്രമേ മാറ്റിമറിക്കാന്‍ പറ്റൂ. യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി അവശേഷിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ സ്വന്തം കണ്ണുകളെ മാത്രം വിശ്വസിക്കുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാവുന്ന വിധത്തില്‍.

ശരിതെറ്റുകള്‍ ആപേക്ഷികങ്ങളാണ്‌. എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളേ ഞാന്‍ എഴുതാറുള്ളൂ. മനപ്പൂര്‍വ്വം തെറ്റുപറയുന്നതിനെയാണ്‌ നുണയെന്നു പറയുന്നത്‌. ഞാന്‍ പറഞ്ഞതില്‍ എവിടെയെങ്കിലും തെറ്റുണ്ടെങ്കില്‍ അത്‌ തിരിച്ചറിയേണ്ടത്‌ ഏറ്റവും കൂടുതല്‍ എനിക്കാണാവശ്യം. താങ്കള്‍ക്കെന്നെ സഹായിക്കാമെങ്കില്‍ സഹായിക്കുക. തെറ്റാണെന്നു മാത്രം പറഞ്ഞു കൈകെട്ടി നിന്നാല്‍ അവഗണിക്കാതെ തരമില്ലെന്നു വരും. എവിടെയാണു തെറ്റെന്നും എന്തുകൊണ്ടാണതു തെറ്റാവുന്നതെന്നും പറഞ്ഞുതരാന്‍ തയ്യാറുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ ആദരപൂര്‍വ്വം സ്വീകരിക്കപ്പെടും.

Unknown said...

സജേഷിനു മറുപടി കൊടുക്കുന്നതിനിടെ, ബംഗാളിലെ തെരഞ്ഞെടുപ്പ്‌ അക്രമങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നിരിക്കുമോ എന്നറിയാന്‍ അവസാന സാദ്ധ്യതയും പരിഗണിച്ച്‌ ഒരിക്കല്‍ക്കൂടി പരതിനോക്കിയതാണ്. ഇന്നത്തെ പത്രങ്ങളും പറയുന്നത്‌ എട്ടുപേര്‍ കൊല്ലപ്പെട്ടു എന്നാണ്. പഴയ വാര്‍ത്ത വീണ്ടുമിട്ടിരിക്കുന്നുവോ എന്ന്‌ അത്ഭുതം കൂറിപ്പോയി. വായിച്ചപ്പോളാണറിയുന്നത്‌ - ഇത്‌ വീണ്ടും എട്ടുപേര്‍ കൊല്ലപ്പെട്ട കാര്യമാണു പറയുന്നത്‌! മൊത്തം മരണസംഖ്യ ഇപ്പോള്‍ പതിനെട്ടായിരിക്കുന്നു. ആക്രമണങ്ങള്‍ ഏകപക്ഷീയമല്ല. സി.പി.എമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്‌. ഏതാണ്ട്‌ എല്ലാ പാര്‍ട്ടികളുടെ “അക്കൌണ്ടിലു“മുണ്ട്‌ ഇരകള്‍. ആഭ്യന്തരകലാപമോ യുദ്ധമോ ഒന്നുമല്ല അവിടെ. പഞ്ചായത്തു തെരഞ്ഞെടുപ്പാണ്. അത്ര തന്നെ!

എന്തൊരു കഷ്ടമാണിത്‌! ഇതിനൊരവസാനം കുറിക്കാന്‍ ആര്‍ജ്ജവമുള്ള നേതാക്കാന്മാര്‍ അവിടെയില്ലെന്നു വരുമോ? ഇതൊന്നും ആരെയും പൊള്ളിക്കുന്നില്ല എന്നുവരുമോ?

Mr. K# said...

:-|

Unknown said...

(1) വീണ്ടും ഒരു കുട്ടി കൂടി! സി.പി.എമ്മുകാരുടെ ബോംബേറില്‍ നാലുവയസ്സുകാരിയായ മിലി ഖാത്തൂന്‍ എന്ന കുട്ടി മരിച്ച വാര്‍ത്ത മാധ്യമത്തില്‍. മറ്റു മലയാള പത്രങ്ങളിലൊന്നും അതു കാണാതിരുന്നതുകൊണ്ട്‌ ഇംഗ്ളീഷ്‌ പത്രങ്ങള്‍ നോക്കി. രണ്ടു ദിവസം മുമ്പ്‌ 'രണ്ടാം ഘട്ട' അക്രമത്തിനിടെ കൊല്ലപ്പെട്ടതായിരുന്നു ആ കുട്ടിയും. അവളുടെ അച്ഛന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെന്നും എറിഞ്ഞതു സി.പി.എമ്മുകാരാണെന്നും തന്നെ എല്ലാവരും പറയുന്നു.

ഇതിന്റെ “പകരംവീട്ട“(!!!)ലാവണം - ഒരു മാര്‍ക്സിസ്റ്റ് അനുഭാവിയുടെ മക്കള്‍ക്കു നേരെ കോണ്‍ഗ്രസുകാര്‍ ബോംബെറിഞ്ഞ് ആറുവയസ്സുകാരനായ കുട്ടിയുടെ കൈ തകര്‍ത്തിട്ടുണ്ട്. വാര്‍ത്ത ഇവിടെ.
ഇത്തവണത്തെ ഇരയുടെ പേര് സുമന്‍ ഷേയ്ഖ്. നാളത്തെ ‘മാധ്യമ‘ത്തില്‍ വരുമായിരിക്കണം.

(ഇടതുകൈകൊണ്ടെറിയുന്നതോ വലതുകൈകൊണ്ടെറിയുന്നോ എന്ന ഭേദമില്ലാതെ എല്ലാവരുടെയും ബോംബു ചെന്നു വീഴുന്നതു മുസ്ലീങ്ങളുടെ മേലാണെന്നതുകൊണ്ട് ‘മാധ്യമ‘ത്തിനെങ്കിലും ഇതു പൊള്ളലുണ്ടാക്കുന്നു. അവരിലൂടെയെങ്കിലും ഇതൊക്കെ മലയാളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്യുന്നു.

ബംഗാളില്‍ നടക്കുന്ന‍ “ന്യൂനപക്ഷസംരക്ഷണ“ത്തിന്റെ ഭീകരത നേരിട്ടു മനസ്സിലാക്കിയതുകൊണ്ടാവണം ഖുതുബുദ്ദീന്‍ അന്‍സാരി ഗുജറാത്തിലേക്കു രക്ഷപെട്ടോടുകയും ഇപ്പോള്‍ സമാധാനമായി ജീവിക്കുകയും ചെയ്യുന്നത്‌ എന്നൊരു നിരീക്ഷണം ‘മാധ്യമം‘ നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ചില സമയങ്ങളില്‍ അവര്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കാറുണ്ട്‌. സച്ചാര്‍ റിപ്പോര്‍ട്ടിലെ സൂചനകള്‍ പ്രകാരം ഗുജറാത്തിലെ മുസ്ലിം ജനജീവിതം ബംഗാളിലേതിനേക്കാള്‍ എത്രയോ നിലവാരമുള്ളതാണെന്നു തുറന്നടിക്കാന്‍ ചങ്കൂറ്റം കാണിച്ചത് അവര്‍ മാത്രമാണ്.)

ബോംബെറിയുന്നതും കൊള്ളുന്നതുമൊക്കെ ഏതു പാര്‍ട്ടിയായാലെന്താണ്‌ - 'ഇതൊക്കെ എന്തിന്റെ പേരിലാണ്‌' - എന്നൊരു വികാരമുണര്‍ത്തുന്ന ഒരൊറ്റ വരിപോലും എവിടെയും കാണാന്‍ കഴിഞ്ഞില്ല.

(2) 'ദേശാഭിമാനി' നോക്കിയപ്പോള്‍ അവിടെ അവേശമുണര്‍ത്താനുദ്ദേശിച്ചുള്ളൊരു ലീഡ്‌ ന്യൂസാണു കണ്ടത്‌. 'ബംഗാള്‍ തെരഞ്ഞെടുപ്പ്‌ ഇടതുമുന്നണി തൂത്തുവാരുന്നു' എന്ന തലക്കെട്ടില്‍. പക്ഷേ 'മംഗള'ത്തില്‍ കണ്ടത്‌ നന്ദിഗ്രാമും സിംഗൂരുമൊക്കെ മുലം ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി കിട്ടുന്നു എന്നാണ്‌. ആര്‍ക്കറിയാം? ആരു ജയിച്ചാലും ശരി - ബംഗാളിലെ സാധാരണക്കാരന്‍ തോറ്റു. അത്ര തന്നെ.

(3) തെരഞ്ഞെടുപ്പു ഫലങ്ങളേക്കുറിച്ചല്ലാതെ, അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുള്ളതു വായിക്കാനാകുമോ എന്നറിയാന്‍ പരതി നോക്കുമ്പോളാണ്‌ നടുക്കുന്ന ഒരു വാചകം ശ്രദ്ധയില്‍പ്പെട്ടത്‌. അക്രമങ്ങളെ ഒരാള്‍ "pleasant surprise" എന്നു വിശേഷിപ്പിച്ചിരിക്കുന്നു!

"It was a pleasant surprise. These elections have turned out to be far less violent than the last rural elections. We had apprehended a much worse situation", Inspector-general (law and order) Kanojia said today.

Sixty people were killed in three days in 2003.

അവസാനറിപ്പോര്‍ട്ടനുസരിച്ച്‌ ഇത്തവണ മരണപ്പെട്ടവരുടെ എണ്ണം പത്തൊമ്പതും പരിക്കേറ്റു വീണവരുടെ എണ്ണം ഇരുനൂറ്റിമുപ്പത്തിയൊന്നുമാണ്‌. കഴിഞ്ഞ തവണ - 2003 -ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളില്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ അറുപതുപേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന്‌!

സജേഷേ - ക്ഷമിക്കുക - പറയാതെ വയ്യ - ഇവിടെ വന്ന്‌ ഗീബത്സിനേക്കുറിച്ചു കമന്റിട്ട താങ്കള്‍ക്കൊരു (നല്ല?)നമസ്ക്കാരം തരാതിരിക്കുവാനാവുന്നില്ല. എത്ര നോക്കിയിട്ടും ആട്‌ ആടായിട്ടു തന്നെ തോന്നുന്നു!