Friday, February 22, 2008

‘മനോരമ‘യുടെ കമ്മ്യൂണിസ്റ്റുബോധം!

വാര്‍ത്തകളുടെ തലക്കെട്ടും ചിത്രങ്ങളുടെ അടിക്കുറിപ്പും വളരെ പ്രധാനപ്പെട്ടവയാണ്. ഇവ രണ്ടും നല്‍കുന്നതില്‍ മനോരമ പണ്ടു മുതല്‍ക്കേ മികവു പുലര്‍ത്തിക്കാണാറുണ്ട്‌. സി.പി.എം-ന്റെ മലപ്പുറം സമ്മേളനസമയത്ത്‌ മനോരമയുടെ “മിന്നല്‍ പിണറായി വിജയന്‍” എന്ന പ്രയോഗമൊക്കെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. മനോരമയില്‍ത്തന്നെ. കോട്ടയം സമ്മേളനത്തിന്റെ സമാപനസമയത്ത്‌ സംഭവിച്ചതേപ്പറ്റി പിണറായി വിജയന്‍ വിശദീകരണം നല്‍കുകയാണെന്ന്‌ തലക്കെട്ടില്‍ നിന്നു വ്യക്തമാണ്. പക്ഷേ, ചിലര്‍ക്കെങ്കിലും അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്ന തലക്കെട്ടായിരുന്നു ഇത്തവണ.

കോട്ടയത്തു പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധമെന്നു പിണറായി” എന്നായിരുന്നു അത്‌.

കോട്ടയത്തെ പ്രകടനത്തേപ്പറ്റി പറയുമ്പോള്‍ ആളുകള്‍ക്ക്‌ എന്താണു മനസ്സില്‍ വരുന്നതെന്നു ലേഖകന്‍ ചിന്തിക്കണമായിരുന്നു. കള്ളുകുടിച്ചുകൂത്താടുകയും തമ്മില്‍ത്തല്ലില്‍ കലാശിക്കുകയുമൊക്കെ ചെയ്ത സംഭവങ്ങളാണ് മിക്കപേര്‍ക്കും ആദ്യം മനസ്സില്‍ വരിക. എന്തായാലും “കമ്മ്യൂണിസ്റ്റുബോധം“ എന്നത്‌ അതാണെന്നു പിണറായി ഉദ്ദേശിച്ചിരിക്കാന്‍ തരമില്ല. അദ്ദേഹം അപ്പോള്‍ ശാസിക്കുകയല്ലേ ചെയ്തത്‌? അപ്പോള്‍, “കോട്ടയത്തു പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധമോ? - പിണറായി“ എന്നല്ലേ വേണ്ടിയിരുന്നത്‌?

തലക്കെട്ടിനു താഴെയുള്ള വാര്‍ത്തയുടെ ആദ്യവരി വായിക്കുമ്പോള്‍ത്തന്നെ കാര്യം വ്യക്തമാകുന്നുണ്ട്‌. പ്രശ്നസമയത്ത്‌ താന്‍ ഇടപെട്ടതിനേക്കുറിച്ചാണ് പിണറായി പറഞ്ഞിരിക്കുന്നത്‌. വി.എസിനേപ്പോലെ പാരമ്പര്യമുള്ള സഖാവിന്റെ പ്രസംഗസമയത്തു നടക്കുന്ന “ചെയ്തികള്‍“ കണ്ടിരിക്കാനോ പൊറുക്കാനോ കഴിയില്ലെന്ന കമ്മ്യൂണിസ്റ്റുബോധമാണ് തന്റെ ഇടപെടലിനു കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്‌. അവിടെ കാര്യങ്ങള്‍ വ്യക്തമാണ്.

വാര്‍ത്ത വായിച്ചതിനു ശേഷം തലക്കെട്ടുവായിക്കുമ്പോള്‍‍ ഒരു കുഴപ്പവുമില്ലെന്നു തോന്നും. പക്ഷേ, തലക്കെട്ടു മാത്രം വായിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം ശരിയല്ല.

കോട്ടയത്തു താന്‍ പ്രകടിപ്പിച്ചതു കമ്മ്യൂണിസ്റ്റുബോധം - പിണറായി” എന്നായിരുന്നുവെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. മറ്റു പലര്‍ക്കും, ‘താന്‍’ എന്ന്‌ എടുത്തു പറയേണ്ട ആവശ്യമില്ല. പക്ഷേ പിണറായിയേപ്പോലെയുള്ള ഒരാള്‍ - പാര്‍ട്ടിയെ മൊത്തം പ്രതിനിധീകരിച്ചു സംസാരിക്കാവുന്ന ഉന്നതസ്ഥാനത്തിരിക്കുന്ന - സംസാരിക്കാറുള്ള - ഒരാളാകുമ്പോള്‍, ‘തന്റെ’ പ്രകടനമാണ് എന്നത്‌ എടുത്തു സൂചിപ്പിക്കേണ്ടി വരുന്നു. അല്ലെങ്കില്‍, പാര്‍ട്ടിയുടേത്‌ (പ്രവര്‍ത്തകരുടേത്‌) എന്നു തെറ്റിദ്ധരിക്കപ്പെടും.

മനോരമ മനപ്പൂര്‍വ്വമാവുമോ അതു ചെയ്തത്‌? അറിയില്ല. വെറുതെയൊരു ആരോപണം ഉന്നയിക്കുന്നതു ശരിയുമല്ല.


* * * * * * * * * *
മുമ്പൊരിക്കല്‍ ദീപികയിലും ഇത്തരമൊരു തലക്കെട്ടു ശ്രദ്ധിച്ചിരുന്നു.


കൈരളി ചാനല്‍ - വാര്‍ത്ത തെറ്റെന്നു മമ്മൂട്ടി” എന്നായിരുന്നു അത്‌. അതുകൊള്ളാം. ചാനല്‍ വാര്‍ത്ത തെറ്റെന്ന്‌ അതിന്റെ തലപ്പത്തിരിക്കുന്നയാള്‍ തന്നെ കുറ്റസമ്മതം നടത്തുന്ന മട്ടുണ്ട്‌!

തലക്കെട്ടിനു താഴെയുള്ള വാര്‍ത്ത വിശദമായി വായിച്ചാല്‍ മാത്രമേ കാര്യം വ്യക്തമാകുന്നുള്ളൂ. കൈരളി ചാനലുമായി ബന്ധപ്പെട്ട്‌ മനോരമയില്‍ വന്ന ഒരു വാര്‍ത്ത തെറ്റാണെന്നു മമ്മൂട്ടി പറഞ്ഞതാണു കാര്യം.

ഇവിടെയൊന്നും - വാര്‍ത്ത മുഴുവന്‍ തലക്കെട്ടായി ഇടാന്‍ പറ്റില്ല. താഴെയുള്ളതു വായിക്കാന്‍ പ്രേരിപ്പിക്കും വിധം ഒരു സംക്ഷിപ്തരൂപം തന്നെയാണു വേണ്ടത്‌. പക്ഷേ, അര്‍ത്ഥവ്യതിയാനത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കുന്ന മട്ടില്‍ ചുരുക്കിക്കളയരുത്‌ എന്നതാണു കാര്യം. (ഇതിനു തൊട്ടു മുമ്പത്തെ പോസ്റ്റിലും ഇതു തന്നെയാണു സൂചിപ്പിച്ചത്‌.)

അരികുംഭകോണം - വാര്‍ത്ത തെറ്റെന്നു മന്ത്രി” എന്നു പറഞ്ഞാല്‍, “കുംഭകോണത്തേപ്പറ്റിയുള്ള വാര്‍ത്ത” എന്ന്‌ ആര്‍ക്കും മനസ്സിലാകും. പക്ഷേ, “ചാനല്‍ - വാര്‍ത്ത” എന്നീ രണ്ടു വാക്കുകള്‍ കേള്‍ക്കുമ്പോള്‍, “ചാനലിനേപ്പറ്റിയുള്ള വാര്‍ത്ത” എന്നു മാത്രമല്ല - “ചാനലിലുള്ള വാര്‍ത്ത” എന്നു കൂടി പെട്ടെന്നു ചിന്തിച്ചുപോകും ചിലരെങ്കിലും. ഇവിടെയൊക്കെ, വായനക്കാരന്റെ പക്ഷത്തു നിന്നു ചിന്തിച്ചു നോക്കിയിട്ടുവേണം തലക്കെട്ടിടാന്‍.

മേല്‍പ്പറഞ്ഞ വാര്‍ത്തയ്ക്ക്‌ ദേശാഭിമാനി കൃത്യമായ തലക്കെട്ടു നല്‍കിയിരുന്നു. “കൈരളി ചാനല്‍ - മനോരമവാര്‍ത്ത തെറ്റെന്നു മമ്മൂട്ടി” അങ്ങനെയോ മറ്റോ ആയിരുന്നു അത്‌. അവരങ്ങനെയാണ്. സ്വന്തം കാര്യമാകുമ്പോള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യും.

“മനോരമ“ എന്ന പേര് ഉപയോഗിക്കേണ്ട എന്നു ദീപിക തീരുമാനിച്ചതാവാനും വഴിയില്ല. വാര്‍ത്തയില്‍ പേരു സൂചിപ്പിച്ചിട്ടുണ്ട്‌. “ഒരു പത്രത്തില്‍ (ദീപികയല്ല) വന്ന വാര്‍ത്ത” എന്ന പഴയ ശൈലിയല്ല അവിടെ.

ഇവിടെയും, വാര്‍ത്ത വായിച്ചിട്ടു നോക്കുമ്പോള്‍‍ തലക്കെട്ടു ശരിയാണെന്നു തോന്നും. പക്ഷേ, തലക്കെട്ടില്‍ നിന്നു മാത്രം കിട്ടുന്ന first impression - എല്ലാവര്‍ക്കും ശരിയായി ലഭിക്കണമെന്നില്ല.

പത്ര“മുത്തശ്ശി“മാര്‍ക്ക്‌ ഓര്‍മ്മയും കാഴ്ചയും മങ്ങിത്തുടങ്ങി എന്നു വരുമോ?

4 comments:

Unknown said...

ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെട്ടുകളുടെ പരമ്പരയില്‍ മറ്റു ചിലതു കൂടി.
“കമ്മ്യൂണിസ്റ്റുബോധം” എന്താണെന്നു മനോരമ സൂചിപ്പിക്കുന്നു.

simy nazareth said...

നല്ല പോസ്റ്റ്. സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനോരമ അല്പം കൂടി ശ്രദ്ധ കാണിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മഞ്ഞപ്പത്രം ആവാനുള്ള മത്സരമാണോ എന്തോ.

സൂര്യോദയം said...

മനോരമ എല്ലാവര്‍ക്കും അറിയുന്നപോലെ നല്ലൊരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പത്രം തന്നെയാണ്‌. അപ്പൊള്‍ പിന്നെ, അതിന്നനുസരിച്ചല്ലേ വാര്‍ത്ത കൊടുക്കാന്‍ പറ്റൂ.... മനൊരമയുള്ളപ്പൊള്‍ പിന്നെ കൊണ്‍ഗ്രസ്സുകാര്‍ക്ക്‌ പാര്‍ട്ടി പത്രത്തിന്‌ സ്കൊപ്പില്ല.. അതുകൊണ്ടല്ലേ വീക്ഷണം തളര്‍ന്ന് കിടക്കുന്നത്‌.. മനോരമയാണേല്‍ ഒരു ഗുണമുണ്ട്‌. പാര്‍ട്ടിപത്രത്തിണ്റ്റെ ലേബലില്ലാതെ കൊണ്‍ഗ്രസ്സിണ്റ്റെ പാര്‍ട്ടിപത്രമായി പ്രവര്‍ത്തിയ്ക്കാം എന്നത്‌ തന്നെ. അങ്ങനെ, നിഷ്പക്ഷമായി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമാകാം.

ഭൂലോകം said...

മനോരമ ഉദ്ദേശ്ശിച്ചതും പറഞ്ഞതും ഒന്നു തന്നെ...